‘മനുഷ്യന്‍ നിലനില്പിനെക്കുറിച്ചു സ്വപ്നം കാണാന്‍ തുടങ്ങിയ അതി പ്രാചീനകാലം മുതല്‍ അവരുടെ കിനാക്കള്‍ക്കെല്ലാം ഈ ജഗത്തില്‍ ഏക അഭയസ്ഥാനമായതു ഭാരതമായിരുന്നു. മുപ്പതില്‍പരം നൂറ്റാണ്ടുകളായി, ആയിരക്കണക്കിന് ശാഖകളും ദശലക്ഷക്കണക്കിനു ചിനപ്പുകളുമായി, ഈ ദര്‍ശനവൃക്ഷം ഉഷ്ണമേഖല പ്രദേശത്തെ ദൈവങ്ങളുടെ ജ്വലിക്കുന്ന ഈ ഉത്ഭവ സ്ഥാനത്തു നിന്ന് മുളച്ചു പൊന്തിയതാണ്. അത് അക്ഷീണം, നാശത്തിന്റെ ഒരു ലക്ഷണവും പ്രകടമാക്കാതെ, സ്വയം പുനര്‍നവീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.’ ഭാരത സംസ്‌കാരത്തെയും ആധ്യാത്മികതയെയും ആഴത്തില്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകയും അവയുടെ അടിയന്തിര പ്രാധാന്യവും പ്രസക്തിയും തന്റെ കൃതികളിലൂടെ ലോകജനതയെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്ത സുപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരനും സംഗീതജ്ഞനും ചിന്തകനും സമാധാനവാദിയും നോബല്‍ പുരസ്‌കാര ജേതാവുമായ റൊമേ റോളാങ്ങിന്റെ (Romain Rolland) വാക്കുകളാണിവ. ആധുനിക ഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച ശ്രീരാമകൃഷ്ണദേവന്‍, സ്വാമി വിവേകാനന്ദന്‍, ഗാന്ധിജി തുടങ്ങിയവരെ തന്റെ കൃതികളിലൂടെ പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തിയ മഹാനായ വ്യക്തിയാണ് റോമേ റോളാങ്ങ്.
1866 ല്‍ മധ്യ ഫ്രാന്‍സില്‍ ജനിച്ച റൊളാങ് തന്റെ പതിനാലാമത്തെ വയസ്സില്‍ പാരീസില്‍ എത്തുകയും തത്വശാസ്ത്രം, ചരിത്രം, കല, സംഗീതം എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടുകയും ചെയ്തു. കുറച്ചുകാലം സോര്‍ബോണ്‍ സര്‍വകലാശാലയില്‍ അധ്യാപകനും ആയിരുന്നു. പിന്നീട് സാഹിത്യരചനയില്‍ മുഴുകിയ അദ്ദേഹം ഒട്ടനവധി വിശിഷ്ട കൃതികളുടെ കര്‍ത്താവാണ്. നാടകങ്ങളിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിലും ക്രമേണ നോവലുകളിലേക്കും ജീവചരിത്രങ്ങളിലേക്കും തിരിഞ്ഞു. ‘ജീന്‍ ക്രിസ്റ്റഫ്’ (jean Christophe) എന്ന പത്തു വാള്യങ്ങളുള്ള ബൃഹത്തായ നോവലിന് അദ്ദേഹത്തിന് 1915 ല്‍ നോബല്‍ സമ്മാനം ലഭിച്ചു. ജീര്‍ണ്ണിച്ച സമൂഹത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു കലാകാരന്റെ സംഘര്‍ഷഭരിതമായ ജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം. ആദ്യകാല ജീവിതഗ്രന്ഥങ്ങളില്‍ പ്രധാനമായവ അദ്ദേഹത്തെ ഏറെ സ്വാധീനിച്ച ബീഥോവന്‍, മൈക്കലാഞ്ചെലോ, ടോള്‍സ്റ്റോയ് എന്നിവരുടേതാണ്.
തികഞ്ഞ മനുഷ്യ സ്‌നേഹിയും സമാധാനവാദിയുമായ റോളാങ്ങിന് ഒന്നാം ലോക മഹാ യുദ്ധം കടുത്ത നിരാശയും തീവ്രമായ മനോവ്യഥയുമാണ് ഉളവാക്കിയത്. ‘യൂറോപ്പിന്റെ ധാര്‍മിക അവബോധം’ എന്ന് ജീവചരിത്രകാരന്‍ വിശേഷിപ്പിച്ച റൊളാങിന് യുദ്ധത്തിന്റെ കെടുതികളും ദുരിതങ്ങളും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. 1914 ല്‍ സ്വിറ്റ്‌സര്‍ലണ്ടിലേക്കു സ്വമേധയാ താമസം മാറ്റിയ അദ്ദേഹം 1938 വരെ അവിടെ കഴിഞ്ഞു. യുദ്ധത്തെ സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കും സങ്കുചിത ദേശീയതക്കും എതിരെ അദ്ദേഹം തന്റെ ലേഖനങ്ങളിലൂടെ പ്രതികരിച്ചു. മനുഷ്യരാശി നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടിയുള്ള അദ്ദേഹത്തിന്റെ തീവ്രമായ അന്വേഷണങ്ങള്‍ അവസാനം എത്തിച്ചേര്‍ന്നത് ഭാരതീയ ആധ്യാത്മികതയിലും, വേദാന്ത ദര്‍ശനത്തിലുമാണ്. മഹാകവി ടാഗോറുമായുള്ള ഗാഢബന്ധം തുടങ്ങുന്നതും ഇക്കാലത്താണ്. ടാഗോറിന്റെ 1916 ലെ ദേശീയതയെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍ റോളങ്ങിനെ ഏറെ ആകര്‍ഷിച്ചിരുന്നു. സമാന ചിന്താഗതിയുള്ള ഒരു സഹ നോബല്‍ സമ്മാന ജേതാവിന്റെ ആ പ്രഭാഷണങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള റോളാങിന്റെ സന്ദേശത്തോടെയാണ് ഏതാണ്ട് രണ്ടു ദശകങ്ങള്‍ നീണ്ട ആ സൗഹൃദത്തിന്റെ ആരംഭം. 1921 ലും 1926 ലുമായി മൂന്നുപ്രാവശ്യമെങ്കിലും അവര്‍ നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ അവര്‍ നടത്തിയ ഒട്ടനവധി കത്തിടപാടുകള്‍ സമാഹരിച്ചു ‘ബ്രിഡ്ജിങ് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് ‘ (Bridging east and west) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഭാരതത്തിന്റെ ഗതകാല മഹിമയും വര്‍ത്തമാനകാല ദുരവസ്ഥയും ഗാന്ധിജി തുടങ്ങിയ നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങളും അവരുടെയൊക്കെ പ്രചോദനസ്രോതസ്സായ ശ്രീരാമകൃഷ്ണ വിവേകാനന്ദന്മാരെയും സവിസ്തരം ടാഗോറില്‍ നിന്നറിഞ്ഞ റോളങ്ങിനു ഭാരതത്തിന്റെ വേദാന്ത ദര്‍ശനം പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളെ സമന്വയിപ്പിക്കുന്നതിനും മാനവ സാഹോദര്യത്തിനും പറ്റിയ പ്രായോഗിക തത്വശാസ്ത്രമാണെന്നു ബോധ്യപ്പെട്ടു.
റൊളാങ് ടാഗോറിനെ ജര്‍മനിയിലെ എക്കാലത്തെയും മഹാനായ സാഹിത്യകാരനും മിസ്റ്റിക്കുമായ ഗൊയ്‌ഥെയോടാണ് (Goethe) ഉപമിക്കുന്നത്. ‘എന്റെ പ്രിയ സുഹൃത്തേ’ എന്ന സംബോധനയില്‍ തുടങ്ങുന്ന റൊളാങിന്റെ ആദ്യകാല കത്തുകള്‍ പിന്നീട് ‘എന്റെ പ്രിയപ്പെട്ട, മഹാനായ സുഹൃത്തേ’ എന്നായി മാറുന്നത് അദ്ദേഹത്തിന് ടാഗോറിനോടുള്ള വര്‍ദ്ധിച്ച ബഹുമാനത്തെയും ആദരവിനെയും കാണിക്കുന്നു. ടാഗോറാകട്ടെ, തന്റെ ശിഷ്യനും ചരിത്രകാരനുമായ കാളിദാസ് നാഗിനയച്ച കത്തില്‍, ‘റൊമാ റൊളാങ് എന്റെ ഹൃദയത്തിനോട് ഏറെ അടുത്ത, എന്റെ ആത്മാവിനോട് ചേര്‍ന്ന ഒരാളായിട്ടാണ് അനുഭവപ്പെടുന്നത്’ എന്നെഴുതുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും കൊളോണിയല്‍ ഭരണത്തിനും എതിരെയുള്ള ധര്‍മ്മ സമരത്തിന് തന്റെ സര്‍വവിധ പിന്തുണയും റൊളാങ് നല്‍കുന്നുമുണ്ട്. സ്വാമി അശോകാനന്ദക്ക് റൊളാങ് അയച്ച കത്തിലാണ് ടാഗോര്‍ തന്നോട് ‘ഭാരതത്തെ അറിയണമെങ്കില്‍ വിവേകാനന്ദനെ പഠിക്കണമെന്നും അദ്ദേഹത്തില്‍ എല്ലാ നന്മകളും ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നും നിഷേധാത്മകമായി ഒന്നും തന്നെയില്ല’ എന്നും പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത്. ടാഗോര്‍ മറ്റൊരിടത്തു റൊമേ റൊളാങ് ലോകജനതയുടെ ക്ഷേമത്തിനായി ത്യാഗത്തിന്റെയും വിശുദ്ധിയുടെയും പാത സ്വയം സ്വീകരിച്ചതായും ‘അദ്ദേഹത്തെപ്പോലെയുള്ളവര്‍ക്കു സ്വന്തം രാജ്യമെന്നോ ജഗത്തെന്നോ ഉള്ള വ്യത്യാസം ഒട്ടുമില്ലെന്നും അതുകൊണ്ടുതന്നെ സങ്കുചിത രാജ്യസ്‌നേഹികളും ദേശീയവാദികളും അവരെ വേട്ടയാടുകയാണെന്നും തന്റെ ഹൃദയം മുഴുവനായും റൊളാങ്ങിന്റെയും അദ്ദേഹത്തെ പോലെയുള്ള ചെറിയ സംഘം ആള്‍ക്കാരുടെ കൂടെയാണെന്നും’ പരാമര്‍ശിക്കുന്നുണ്ട്.
റൊമേ റൊളാങ്ങും ഗാന്ധിജിയും
ഏതാണ്ട് 1920 കളുടെ ആദ്യകാലത്തുതന്നെ റൊളാങ് ഗാന്ധിജിയുടെ ആരാധകനായി തീര്‍ന്നിരുന്നു. ഗാന്ധിജിയുടെ സ്വഭാവ വൈശിഷ്ട്യവും അക്രമ രാഹിത്യ – നിസ്സഹകരണ സിദ്ധാന്തങ്ങളും റോളാങ്ങിന്റെ ആദരവും പ്രശംസയും പിടിച്ചുപറ്റി. തന്റെ തന്നെ ആദര്‍ശങ്ങളുടെ ജീവിക്കുന്ന മാതൃകയായിട്ടാണ് ഗാന്ധിജിയെ റൊളാങ് കണ്ടത്. 1924 ല്‍ പ്രസിദ്ധീകൃതമായ ‘മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം’ (Mahatma Gandhi, the man who became one with the Universal Being) ഗാന്ധിജിയെയും അദ്ദേഹത്തിന്റെ മഹത്തായ പ്രവര്‍ത്തനങ്ങളെയും ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഏറെ സഹായകമായി. ‘മറ്റൊരു ക്രിസ്തു’ വായിട്ടുതന്നെ ഗാന്ധിജിയെ വിശേഷിപ്പിച്ച അദ്ദേഹം, ക്രിസ്തുദേവന്‍ ‘സമാധാനത്തിന്റെ രാജകുമാരന്‍’ ആണെങ്കില്‍ ഗാന്ധിജിയും ആ ഉന്നത ബഹുമതിക്ക് അര്‍ഹനാണ് എന്ന് സമര്‍ത്ഥിക്കുന്നു. ന്യൂട്ടനെപ്പോലെയുള്ള പ്രതിഭാശാലികളെക്കാളും വെല്ലിങ്ടണിനെപ്പോലെയുള്ള ധീരയോദ്ധാക്കളെക്കാളും മഹത്വമാര്‍ന്നവരാണ് അവര്‍. അക്രമങ്ങള്‍ക്കു നടുവില്‍ അക്രമരാഹിത്യം കണ്ടെത്തിയവരാണ് ഋഷികളെന്നും അവരുടെ ആശയങ്ങള്‍ മാത്രമാണ് സര്‍വനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ രക്ഷാമാര്‍ഗമെന്നും റൊളാങ് അഭിപ്രായപ്പെടുന്നു. അക്രമങ്ങളുടെ മഹാപ്രവാഹത്തെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്ന മനുഷ്യ രാശിയുടെ അവസാന സംരക്ഷകനാണ് ഗാന്ധിജിയെന്നു പ്രസ്താവിക്കുന്ന റൊളാങ് ഗാന്ധിജിയുടെ സര്‍വമത സമന്വയവും സ്വീകാര്യതയും ശ്രീരാമകൃഷ്ണ വിവേകാനന്ദന്മാരുടെ തുടര്‍ച്ചയായിട്ടുതന്നെ കാണണമെന്ന് അഭിപ്രായപ്പെടുന്നു. അക്രമം ദൗര്‍ബല്യത്തിന്റെ ലക്ഷണമാണെന്നും അക്രമരാഹിത്യം യഥാര്‍ത്ഥത്തില്‍ ദൗര്‍ബല്യത്തിനെതിരാണെന്നും സമാധാനത്തിന്റെ പാത പരിത്യാഗം ആണെന്നും ഗാന്ധിജിയെപോലെ റോളാങ്ങും വിശ്വസിച്ചിരുന്നു. ഗാന്ധിജിയും റോളാങ്ങും തമ്മിലുള്ള കത്തിടപാടുകളും ഗാന്ധിജിയെപ്പറ്റി റൊളാങ് എഴുതിയ ലേഖനങ്ങളും ഐന്‍സ്റ്റീന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ക്കയച്ച കത്തുകളും മറ്റും പുസ്തകരൂപത്തില്‍ പബ്ലിക്കേഷന്‍സ് ഡിവിഷന്‍ പ്രസീദ്ധികരിച്ചിട്ടുണ്ട്.
1931 ഡിസംബറിലാണ് ഗാന്ധിജിയും റൊളാങ്ങും നേരില്‍ കാണുന്നത്. ലണ്ടനിലെ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം ഗാന്ധിജി സ്വിറ്റ്‌സര്‍ലണ്ടില്‍ റോളാങ്ങിന്റെ അതിഥിയായി അഞ്ചു ദിവസം താമസിക്കുകയുണ്ടായി. ഗാന്ധിജിയോടൊപ്പം മീരാ ബഹനും മറ്റുമുണ്ടായിരുന്നു. (സാന്ദര്‍ഭികമായി പറയട്ടെ, മെഡലിന്‍ സ്ലേഡ് (Madeleine Slade) എന്ന ഇംഗ്ലീഷ് വനിത റോളാങ്ങിന്റെ ‘ഗാന്ധിജിയുടെ ജീവചരിത്രം’ വായിച്ചു പ്രചോദിതയായി, റോളാങ്ങിന്റെ അറിവോടെതന്നെ, ഗാന്ധിജിയുടെ സവിധത്തില്‍ എത്തുകയും ഗാന്ധിജി അവര്‍ക്കു ‘മീരാ ബെഹന്‍’ എന്ന പേര് നല്‍കി സ്വീകരിക്കുകയും ചെയ്തു. സ്വദേശത്തും വിദേശത്തും അവര്‍ വിലപ്പെട്ട സേവനങ്ങളാണ് ഭാരതത്തിനു വേണ്ടി നിര്‍വഹിച്ചത്.) തന്റെ ഒരു അമേരിക്കന്‍ സുഹൃത്തിനയച്ച കത്തില്‍ റൊളാങ് ‘ഭാരതത്തിലെ രാജാവിന്റെ’ ഈ സന്ദര്‍ശനത്തെ കുറിച്ചു വിവരിക്കുന്നുണ്ട്. ‘കുറിയ, പല്ലില്ലാത്ത, നീണ്ട പരുക്കന്‍ വസ്ത്രം ധരിച്ച, നഗ്‌നപാദനായ ഗാന്ധിജിയുടെ ശിശുസഹജമായ ലാളിത്യവും സത്യാവബോധവും ഭയരാഹിത്യവും അജയ്യമായ ഇച്ഛാശക്തിയും’ തന്നെ സെയിന്റ് ഡൊമിനിക്കിനെയും സെയിന്റ് ഫ്രാന്‍സിസിനെയുമാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന റൊളാങ്, സ്വാമി വിവേകാനന്ദന്റെ പല ഗുണങ്ങളും ഗാന്ധിജിയില്‍ കണ്ടിരുന്നു എന്നും പരാമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ സനാതന ധര്‍മ്മത്തിന്റെ കാതലായ ധാര്‍മ്മിക അംശങ്ങളെ സമന്വയിപ്പിച്ച ഗാന്ധിജി ശ്രീരാമകൃഷ്ണദേവനെപോലെ മത സമന്വയത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമാണെന്നും അഭിപ്രായപ്പെടുന്നു. ഗാന്ധിജിയാകട്ടെ റോളാങ്ങിനെ വളരെ ബഹുമാനത്തോടെയാണ് നോക്കി കണ്ടിരുന്നത്. ‘ഋഷി’ എന്നാണ് പലപ്പോഴും അദ്ദേഹം റോളാങ്ങിനെ സംബോധന ചെയ്തിരുന്നത്.
ഗാന്ധിജിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുമായി ഒരു യോജിപ്പിലെത്താന്‍ റൊളാങ് ശ്രമിച്ചിരുന്നതായി അദ്ദേഹത്തിന്റെ ചില കത്തുകളില്‍ സൂചനയുണ്ട്.
റൊളാങ്ങും ശ്രീരാമകൃഷ്ണ ദേവനും
1928 ല്‍ പ്രസിദ്ധീകൃതമായ ‘ദി ലൈഫ് ഓഫ് രാമകൃഷ്ണ’ എന്ന ഗ്രന്ഥത്തില്‍ റൊളാങ് തന്റെ പാശ്ചാത്യ വായനക്കാരോട് ഭാരതത്തിലെ മഹാത്മാക്കളെപ്പറ്റി എഴുതുവാനുള്ള പ്രേരണ എന്തായിരുന്നു എന്ന് വിശദീകരിക്കുന്നുണ്ട്. തന്റെ ജീവിതം മാനവ ഐക്യത്തിനായി സമര്‍പ്പിതമാണെന്നും കഴിഞ്ഞ പത്തു വര്‍ഷക്കാലം പാശ്ചാത്യ പൗരസ്ത്യ സംയോജനത്തിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുകയാണെന്നും, സത്യത്തില്‍ ഈ രണ്ടു ഭൂവിഭാഗങ്ങളും ഒരേ ആത്മാവിന്റെ രണ്ടു പകുതികളാണെന്നും, പരസ്പര വൈരുദ്ധ്യങ്ങള്‍ ആരോപിക്കുന്നത് അജ്ഞതയുടെയും സങ്കുചിത കാഴ്ചപ്പാടിന്റെയും ഫലമാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഭാരതീയ ദര്‍ശനത്തോടുള്ള ആഭിമുഖ്യത്തിന്റെ ഒരു കാരണം അത് ശാസ്ത്രത്തെയും വിശ്വാസത്തെയും സമന്വയിപ്പിക്കുകയും നിരീശ്വരവാദത്തെപ്പോലും സഹിഷ്ണുതയോടെ നോക്കി കാണുകയും ചെയുന്നതിനാലാണെന്നും മറ്റൊരിടത്ത് അദ്ദേഹം പ്രസ്താവിക്കുന്നു. ‘വിശ്വാത്മാവിന്റെ അത്യുല്‍കൃഷ്ടമായ സ്വരലയം’ ആണ് ശ്രീരാമകൃഷ്ണനും സ്വാമി വിവേകാനന്ദനും എന്ന് അഭിപ്രായപ്പെടുന്ന റൊളാങ്, ആധുനിക ഭാരതം ജന്മമരുളിയ ഒട്ടേറെ മഹാത്മാക്കളില്‍ നിന്ന് ഇവരെ രണ്ടു പേരെ പറ്റി എഴുതുവാനുള്ള കാരണം ‘അവര്‍ എന്റെ ഹൃദയത്തിലെ ആദരവും സ്‌നേഹവും മുഴുവനായും പിടിച്ചുപറ്റി’ എന്നതിനാലാണെന്നും പറയുന്നു. ‘ശ്രീരാമകൃഷ്ണന്റെ ആത്മാവാണ് ആധുനിക ഭാരതത്തെ ഫലവത്താക്കിയത്’ എന്ന് അഭിപ്രായപ്പെടുന്ന റൊളാങ് ‘പരമഹംസനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രവര്‍ത്തികമാക്കിയ ആ ധീരനും (സ്വാമിജി) ആണ് ആധുനിക ഭാരതത്തിന്റെ വിധിയെ നിര്‍ണ്ണയിച്ചതും അതിനെ നയിച്ചതും’ എന്നും എഴുതുന്നു. ‘ഇന്നത്തെ ഭാരതത്തിലെ നേതാക്കന്മാരെല്ലാം – ചിന്തകരിലെ രാജാവും (അരോബിന്ദോ), കവികളിലെ രാജാവും (ടാഗോര്‍) മഹാത്മാവും (ഗാന്ധിജി) വളര്‍ന്നതും പുഷ്പിച്ചതും ഫലവത്തായതും ഈ ഹംസത്തിന്റെയും ഗരുഡന്റെയും ഇരട്ട നക്ഷത്രക്കൂട്ടത്തിന്റെ കീഴിലാണ്’ എന്നുകൂടി അദ്ദേഹം എഴുതുന്നു.
1926 ല്‍ പ്രസിദ്ധീകരിച്ച ധന്‍ ഗോപാല്‍ മുഖര്‍ജിയുടെ ‘ദി ഫേസ് ഓഫ് സൈലെന്‍സ്’ (The face of Silence) എന്ന ഗ്രന്ഥമാണ് ശ്രീരാമകൃഷ്ണദേവനെ പറ്റിയുള്ള ആഴത്തിലുള്ള പഠനത്തിന് റോളങ്ങിനു പ്രേരണയായത്. (ഇംഗ്ലീഷില്‍ ശ്രീ രാമകൃഷ്ണ ദേവനെപ്പറ്റി ഭാരതത്തിന് വെളിയില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ ഗ്രന്ഥമാണിത്). സ്വാമി അശോകാനന്ദയ്ക്ക് 1928 ജൂണില്‍ അയച്ച കത്തില്‍ റൊളാങ് എഴുതുന്നു: ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് ധന്‍ ഗോപാല്‍ മുഖര്‍ജിയുടെ ‘ദി ഫേസ് ഓഫ് സൈലെന്‍സ്’ എന്ന ഗ്രന്ഥത്തിലൂടെ ശ്രീരാമകൃഷ്ണന്‍ എന്ന മഹാത്മാവ് എന്റെ മുന്നില്‍ അനാവൃതനാകുന്നത്. അതിലൂടെ ലഭിച്ച പ്രകാശ രശ്മിയാണ് ആ മഹാത്മാവിന്റെ ജീവിതവും ആശയങ്ങളും കൂടുതല്‍ അറിയണമെന്ന ആഗ്രഹം എന്നില്‍ തീവ്രമായത്. മിസ് മക്ലിയോഡ് (Miss Macleod, സ്വാമിജിയുടെ അമേരിക്കന്‍ ‘സുഹൃത്ത്’) വിവേകാനന്ദനെപ്പറ്റി വളരെ അധികം എന്നോട് സംസാരിക്കാറുണ്ടായിരുന്നു. വിവേകാനന്ദനെ ഞാന്‍ ആധ്യാത്മിക ശക്തിയുടെ അഗ്‌നിജ്വാലയായി കണക്കാക്കുമ്പോള്‍, രാമകൃഷ്ണനെ വിശ്വ പ്രേമത്തിന്റെ നറുകുസുമമായി കാണുന്നു. രണ്ടുപേരും ദൈവത്തെയും അനശ്വര ജീവിതത്തെയുമാണ് പ്രസരിപ്പിക്കുന്നത്. ഇവരില്‍ ഉല്‍കൃഷ്ട പ്രതിഭ വിവേകാനന്ദന്‍ ആണ്, ശ്രീരാമകൃഷ്ണനാകട്ടെ, പ്രതിഭക്കും അതീതനാണ്!” (‘പ്രബുദ്ധ ഭാരതം’ 1966 മെയ്.)
തന്റെ പഠനത്തിന് ആവശ്യമായ ഗ്രന്ഥങ്ങള്‍ ശ്രീരാമകൃഷ്ണ മഠത്തില്‍ നിന്നും മറ്റും, മക്ലിയോഡ് എന്നവരുടെയൊക്കെ സഹായത്തോടെ സ്വാമി അശോകാനന്ദ റോളാങ്ങിനു ലഭ്യമാക്കിയിരുന്നു. ധന്‍ഗോപാല്‍ മുഖര്‍ജീ, മക്ലിയോഡ് എന്നിവരോടുള്ള കടപ്പാട് റൊളാങ് തന്റെ ഗ്രന്ഥത്തില്‍ പ്രകടിപ്പിക്കുന്നുമുണ്ട്.
ഇവിടെ ഒരു പ്രധാന കാര്യം പരാമര്‍ശിക്കേണ്ടതായുണ്ട്. റോളാങ്ങിന് ഇംഗ്ലീഷ് ഭാഷ വശമില്ലായിരുന്നു. അദ്ദേഹം തന്റെ ഗ്രന്ഥങ്ങളെല്ലാം ഫ്രഞ്ച് ഭാഷയിലായിരുന്നു എഴുതി പ്രസിദ്ധീകരിച്ചിരുന്നത്. (മാല്‍കം സ്മിത്താണ് ശ്രീരാമകൃഷ്ണ വിവേകാനന്ദ ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തത്.) ഭാരതീയ സംസ്‌കാരത്തെയും ആധ്യാത്മികതയെയും മഹത്തുക്കളെക്കുറിച്ചുമുള്ള മിക്ക ഗ്രന്ഥങ്ങളും ഇംഗ്ലീഷില്‍ എഴുതപ്പെട്ടതായിരുന്നു. ഇവയൊക്കെ തന്നെ ഇംഗ്ലീഷ് അറിയാവുന്ന തന്റെ സഹോദരി മെഡലേയിന്റെയും (Madeleine) സുഹൃത്തുക്കളുടെയും സഹായത്തോടെ ഫ്രഞ്ചിലേക്കു തര്‍ജ്ജിമ ചെയ്യിച്ചായിരുന്നു റോളാങ് മനസ്സിലാക്കിയിരുന്നത്. ആ ലക്ഷ്യബോധത്തെയും സമര്‍പ്പണ മനോഭാവത്തെയും എത്ര പ്രശംസിച്ചാലും മതിയാകില്ല തന്നെ..
ശ്രീരാമകൃഷ്ണ ദേവനെ ‘ക്രിസ്തുദേവന്റെ ഇളയ സഹോദരന്‍’ എന്ന് വിശേഷിപ്പിക്കുന്ന റൊളാങ് ‘മുന്നൂറു ദശലക്ഷം ജനങ്ങളുടെ രണ്ടായിരം വര്‍ഷത്തെ ആദ്ധ്യാത്മിക ജീവിതത്തിന്റെ പൂര്‍ത്തീകരണം’ ആണ് ആ മഹാത്മാവ് എന്നും പ്രസ്താവിക്കുന്നു. സമകാലിക ലോകത്തിന്റെ മുഖ്യധാരയ്ക്കു പുറത്ത്, വളരെ പരിമിതമായ ഒരു ചട്ടക്കൂടിലാണ്, ”ആ പാവം ഗ്രാമീണ ബ്രാഹ്‌മണ പൂജാരി” തന്റെ ബാഹ്യ ജീവിതം കഴിച്ചുകൂട്ടിയിരുന്നതെങ്കിലും, അദ്ദേഹത്തിന്റെ ആന്തരിക ജീവിതം മനുഷ്യരെയും ദൈവങ്ങളെയും മുഴുവന്‍ ഉള്‍കൊള്ളുന്നതായിരുന്നു. ദൈവിക ശക്തിയുടെ സ്രോതസ്സായിരുന്ന അദ്ദേഹം പുറമെ വെറും ഒരു സാധാരണക്കാരനായി കാണപ്പെട്ടു. നാമൊക്കെ ജീവിതമാകുന്ന ഗ്രന്ഥത്തിന്റെ ഒന്നോ രണ്ടോ പേജുകള്‍ക്കപ്പുറം മനസ്സിലാക്കുവാന്‍ പ്രാപ്തരല്ലാത്തപ്പോള്‍, അക്ഷരാഭ്യാസം പോലും ഇല്ലാത്ത ഈ കാളീഭക്തന്‍ ആ പുസ്തകം മുഴുവന്‍ ഹൃദിസ്ഥമാക്കിയെന്നു മാത്രമല്ല, മനുഷ്യ സ്‌നേഹത്താല്‍ പ്രേരിതനായി അത് നമ്മെ പഠിപ്പിക്കുവാന്‍ തയ്യാറാകുകയും ചെയ്യുന്നു!” – റോളങ്ങിന്റെ വാക്കുകളാണിവ.
റൊളാങ് അക്കാലത്തെ പ്രശസ്ത വ്യക്തികളായ ഐന്‍സ്റ്റീന്‍, ഷോവിറ്റ്‌സുവര്‍, ഫ്രോയിഡ്, സ്റ്റാലിന്‍, ഗോര്‍ക്കി (Einstein, Albert Schweitzer, Freud, Stalin, Maxim Gorky) എന്നിവരുമായും അടുത്ത സുഹൃത് ബന്ധം സ്ഥാപിച്ചിരുന്നുവല്ലോ. അതില്‍ മനഃശാസ്ത്ര വിദഗ്ദ്ധനായ ഫ്രോയ്ഡുമായി ശ്രീരാമകൃഷ്ണദേവന്റെ സമാധി അവസ്ഥയെപ്പറ്റി നടത്തിയ കത്തിടപാടുകള്‍ രസാവഹവും വിജ്ഞാനപ്രദവുമാണ്. ‘ഓഷ്യാനിക് ഫീലിംഗ്’ Oceanic feeling) എന്ന് റൊളാങ് വിശേഷിപ്പിക്കുന്ന ഈ അദ്വൈത അനുഭൂതി, ഈ പ്രപഞ്ചം മുഴുവന്‍ ഒന്നാണെന്ന അവബോധം, ശ്രീരാമകൃഷ്ണന്‍, സ്വാമിജി തുടങ്ങിയ മിസ്റ്റിക്കുകളില്‍ പ്രകടമാണല്ലോ. ഇന്ദ്രിയ മനോ ബുദ്ധികള്‍ക്കതീതമായ ഈ ഏകത്വ ദര്‍ശനം, അനശ്വരതയുടെ ഈ ഉള്‍കാഴ്ച്ച, ചില നിമിഷങ്ങളിലെങ്കിലും റോളാങ്ങിനും അനുഭവവേദ്യമായിട്ടുണ്ട് എന്ന് വേണം അനുമാനിക്കാന്‍. എന്നാല്‍ ഫ്രോയ്ഡാകട്ടെ, ശൈശവാവസ്ഥയിലുള്ള അഹം ബോധം (Primitive ego), അതായത് താനും മറ്റുള്ളവരും ഭിന്നരല്ല എന്ന വികാരം, വളരുന്നതോടെ മിക്കവരിലും നശിച്ചു, താന്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാണ് എന്ന ബോധം സ്വാഭാവികമായി വന്നുചേരുന്നു എന്ന് അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ, ശൈശവാവസ്ഥയിലുള്ള ഈ ഈഗോ തുടര്‍ന്നും നിലനില്‍ക്കുന്നവരുടെ ഒരുതരം മാനസിക രോഗാവസ്ഥ ആയിട്ടാണ് ഫ്രോയിഡ് ‘ഓഷ്യാനിക് ഫീലിംഗ്’ നെ കണ്ടത്. റൊളാങ് ആകട്ടെ, മനുഷ്യ മനസ്സിന് അതീതമായ പരമ സത്യദര്‍ശനം വെറും ഭൗതിക ശാസ്ത്രത്തിന്റെ നിയമങ്ങള്‍ക്ക് അതീതമായ ആധ്യാത്മിക ഉള്‍ക്കാഴ്ചയായിട്ടു തന്നെയാണ് കാണുന്നത്.
റൊളാങ്ങും ശ്രീഅരോബിന്ദോവും
റൊളാങ് ശ്രീഅരോബിന്ദോയെ ആധുനിക ലോകത്തിലെ മഹത്തായ ആധ്യാത്മിക തേജസ്സുകളില്‍ ഒന്നായി കാണുകയും അദ്ദേഹത്തില്‍ പൗരസ്ത്യ പാശ്ചാത്യ സമന്വയത്തിന്റെ പൂര്‍ണത പ്രകടമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. ‘അവസാനത്തെ ഋഷി’ എന്നാണ് റൊളാങ് അരോബിന്ദോയെ വിശേഷിപ്പിച്ചത്.
റൊളാങ്ങും ശ്രീനാരായണഗുരുവും
റൊളാങ് അന്ന് അധികമാരും അറിയാതിരുന്ന ശ്രീനാരായണഗുരുവിനെ പറ്റിയും മനസ്സിലാക്കിയിരുന്നു എന്നത് ആശ്ചര്യമായ കാര്യം തന്നെയാണ്. നടരാജഗുരു സോര്‍ബോണ്‍ സര്‍വകലാശാലയില്‍ ഗവേഷണം നടത്തിയ കാലത്തു റൊളാങ് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നതായും വിവരങ്ങള്‍ ശേഖരിച്ചതായും പറയപ്പെടുന്നു. ഗുരുവിന്റെ ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ തിരുവിതാംകൂറിലെ രണ്ടു ദശലക്ഷം ആള്‍ക്കാരുള്ള അദ്ദേഹത്തിന്റെ അനുയായികളില്‍ ഗുണപരമായ സ്വാധീനം ചെലുത്തിയിരുന്നു എന്നും ശങ്കരന്റെ തത്വചിന്തയുമായി കലര്‍ന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ബംഗാളിലെ മിസ്റ്റിസിസത്തില്‍ നിന്ന് തികച്ചും ഭിന്നമാണെന്നും റൊളാങ് അഭിപ്രായപ്പെടുന്നു. അവിടെ ഭക്തിക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ഇവിടെ ജ്ഞാനത്തിനും കര്‍മ്മത്തിനുമാണ് പ്രഥമ സ്ഥാനം. അതുകൊണ്ടാണ് ഗുരുവിനെ ‘കര്‍മ്മനിരതനായ ജ്ഞാനി’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു അത്യുന്നതനായ ജ്ഞാനി, എന്നാല്‍ അതേ സമയം തന്റെ ജനങ്ങളുടെയും സമൂഹത്തിന്റെയും ആവശ്യകതയെ പറ്റി തികഞ്ഞ ബോധ്യവും, അവയെ ഉദ്ധരിക്കുവാനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളും- ഇവ രണ്ടും ഗുരുവില്‍ കാണാം.
ആധുനിക കാലത്തെ ഭാരതത്തിലെ സമുന്നതരായ മഹാത്മാക്കളെപ്പറ്റി ആഴത്തില്‍ പഠിക്കുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും അതുവഴി അവരെ ലോകജനതയ്ക്ക് ഏതാണ്ട് ആദ്യമായിതന്നെ പരിചയപ്പെടുത്തുകയും ചെയ്ത റോളങ്ങിനെ ഒരിക്കലും ഒരു വിദേശിയായി നമുക്ക് കാണാന്‍ സാധ്യമല്ല. അത്രമേല്‍ അദ്ദേഹം ഭാരതവുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു. മാത്രമോ, നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വത്തെ പറ്റി അദ്ദേഹം നമ്മെത്തന്നെ കൂടുതല്‍ ബോധവാന്മാരാക്കുകയും ചെയ്യുന്നു.
റൊളാങ്ങും സ്വാമിജിയും
1931ലാണ് റോളങ്ങിന്റെ ‘ദി ലൈഫ് ഓഫ് വിവേകാനന്ദ ആന്‍ഡ് ദി യൂണിവേഴ്‌സല്‍ ഗോസ്പല്‍’ (The Life of Vivekananda and the Universal Gospel) പ്രസിദ്ധീകൃതമാകുന്നത്. മാനവ ഐക്യത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും അതിശക്തനായ വക്താവും പ്രയോക്താവുമായ സ്വാമിജിയെ റൊളാങ് തന്റെ ആദര്‍ശ പുരുഷനായിട്ടാണ് കണ്ടത്. സ്വാമിജിയോടുള്ള അകമഴിഞ്ഞ ആരാധന ഈ കൃതിയില്‍ ഉടനീളം കാണാം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം സ്വാമിജിയെ നേരില്‍ കാണാനും അദ്ദേഹത്തിന്റെ കാല്‍ക്കലിരുന്നു പഠിക്കാനും സാധിച്ചില്ല എന്നതാണെന്ന് അദ്ദേഹം ഒരിടത്തു പറയുന്നുണ്ട്. ‘സമസ്ത മനുഷ്യ ശക്തികളുടെയും സമന്വയ രൂപമാണ്’ വിവേകാനന്ദന്‍ എന്ന് വിശേഷിപ്പിക്കുന്ന റൊളാങ് ‘ബലത്തിന്റെ സന്ദേശം’ ആണ് അദ്ദേഹത്തിന്റേത് എന്നും സാക്ഷ്യപ്പെടുത്തുന്നു. ‘ദൈവികത ഓരോ മനുഷ്യനിലും അന്തര്‍ലീനമാണെന്നും അതിനെ വെളിപ്പെടുത്തുകയാണ് ജീവിത ലക്ഷ്യമെന്നും അന്തിമ വിശകലനത്തില്‍ മനുഷ്യരെല്ലാം ഒരേ ആത്മാവിന്റെ വിവിധ രൂപങ്ങള്‍ മാത്രമാണെന്നും മതങ്ങളെല്ലാം ഈ സത്യസാക്ഷാത്കാരത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ആണെ’ന്നുമുള്ള അദ്വൈത ദര്‍ശനം സാക്ഷാത്കരിച്ച സ്വാമിജിയെ റൊളാങ് ഈശ്വരന്റെ പ്രതിപുരുഷനായിട്ടാണ് ചിത്രീകരിക്കുന്നത്. രാജകീയതയും ആധികാരികതയും തെളിഞ്ഞ് പ്രകാശിച്ചിരുന്ന ആ പ്രവാചകനിലെ ബ്രഹ്‌മ- ക്ഷാത്ര തേജസ്സിനെ നമിക്കാതിരിക്കാന്‍ ആര്‍ക്കും തന്നെ – സ്വദേശീയര്‍ക്കും വിദേശീയര്‍ക്കും ഒരുപോലെ സാധ്യമല്ലതന്നെ.
‘സന്തുലിതം, സമന്വയം’ (equilibrium and synthesis) എന്നീ രണ്ടു പദങ്ങളില്‍ വിവേകാനന്ദന്റെ സൃഷ്ടിപരമായ പ്രതിഭയെ സംഗ്രഹിക്കാം’ എന്നഭിപ്രായപ്പെടുന്ന റൊളാങ് ഭൗതികതയും ആദ്ധ്യാത്മികതയും, മതവും ശാസ്ത്രവും, കിഴക്കും പടിഞ്ഞാറും, ഭൂതവും ഭാവിയും, ആദര്‍ശവും പ്രായോഗികതയും, വിശ്വാസവും യുക്തിചിന്തയും, ത്യാഗവും സേവനവും, ജ്ഞാനവും കര്‍മ്മവും എല്ലാം സമഞ്ജസമായി അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു എന്നും ചൂണ്ടിക്കാണിക്കുന്നു.
ആരാലും അറിയപ്പെടാതിരുന്ന ആ ഭാരതീയ യുവ സന്യാസി ലോക മത മഹാ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം നടത്തിയ ലഘു പ്രഭാഷണത്തോടെ പ്രഗത്ഭരായ മറ്റു പ്രഭാഷകരെയൊക്കെ നിഷ്പ്രഭരാക്കി, ആ വമ്പിച്ച സദസ്സിന്റെ ശ്രദ്ധാ കേന്ദ്രമായിതീര്‍ന്ന ചരിത്ര സംഭവം കാവ്യാത്മകമായി റൊളാങ് വര്‍ണ്ണിക്കുന്നുണ്ട്. സ്വാമിജിയുടെ ശക്തിയും ചാരുതയും കുലീനതയും അന്തസ്സും തേജ്ജസും, നേത്രങ്ങളിലെ തീക്ഷ്ണതയും, നിഷ്‌കളങ്കത ദ്യോതിപ്പിക്കുന്ന വദനവും, വിശേഷപ്പെട്ട വസ്ത്രധാരണവും മറ്റും ആ സദസ്സിന്റെ ശ്രദ്ധ നേരത്തെതന്നെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയപ്പോഴാകട്ടെ, സമുജ്ജ്വലവും സംഗീതസാന്ദ്രവുമായ, ഉദാത്തമായ ചിന്താഗതിയും അര്‍ത്ഥപുഷ്ടിയും നിറഞ്ഞ, വാക്കുകള്‍ അമേരിക്കന്‍ ജനതയുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമാണ് അവശേഷിപ്പിച്ചത്.
സ്വാമിജിയുടെ ഭാരതത്തിലെ പ്രഭാഷണങ്ങള്‍ ആലസ്യത്തിലും സുഷുപ്തിയിലും ആണ്ടുകിടന്നിരുന്ന ഭാരതത്തിന്റെ ഉയര്‍ത്തെഴുന്നേല്പിന്റെ ശംഖനാദം ആയിരുന്നുവെന്നും ആ കാഹളധ്വനിയോടെ അതിബൃഹത്തും ബലവത്തുമായ രാഷ്ട്രം സടകുടഞ്ഞ് എഴുന്നേല്‍ക്കാന്‍ തുടങ്ങിയെന്നും റൊളാങ് ചിത്രീകരിക്കുന്നു. ക്രിസ്തുദേവന്‍ മരണത്തില്‍നിന്നു ലാസറെ പുനരുജ്ജീവിപ്പിച്ച തിരുവചനത്തോടാണ് സ്വാമിജിയുടെ ആഹ്വാനത്തെ ഉപമിക്കുന്നത്. അടുത്ത അമ്പതു വര്‍ഷം ഭാരതാംബയെ മാത്രം ആരാധിക്കുവാനുള്ള വിവേകവാണി ചെവിക്കൊണ്ടതിന്റെ പരിണത ഫലമാണ് ബംഗാള്‍ വിഭജന പ്രക്ഷോഭവും തിലകന്റെയും ഗാന്ധിജിയുടെയും മറ്റും നേതൃത്വത്തിലുള്ള നവോത്ഥാന മുന്നേറ്റങ്ങളും സ്വാതന്ത്ര്യപ്രാപ്തിയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സിസ്റ്റര്‍ നിവേദിതയെപ്പോലെ റോളങ്ങും സ്വാമിജിയുടെ ദൗത്യം ദ്വിമുഖമാണെന്ന് – ദേശീയവും സാര്‍വ്വദേശീയവുമാണെന്ന് (‘ഭാരതത്തെ പുനരുദ്ധരിക്കുകയും ലോകത്തെ വേറിട്ട് ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും’) പ്രസ്താവിക്കുന്നു.
ഇവിടെ റൊളാങ് എടുത്തു പറയുന്ന ഒരു വസ്തുത സ്വാമിജിയുടെ ദേശീയത ഒരിക്കലും സങ്കുചിതമായിരുന്നില്ല എന്നതാണ്. ഭാരതം ജാതിചിന്തകള്‍ക്കും അസമത്വങ്ങള്‍ക്കും അതീതമായി ഒന്നിക്കുകയും പുനരുദ്ധരിക്കപ്പെടുകയും ചെയ്യേണ്ടത് ഭാരതത്തിന്റെ ഉന്നമനത്തിനു മാത്രമല്ല, ഭാരതത്തിന്റെ ആഗോള ദൗത്യം നിര്‍വഹിക്കുവാന്‍ കൂടിയാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധി അതിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ഒരു അവിഭാജ്യ ഘട്ടം മാത്രമാണെന്നും, ദേശീയത അന്തര്‍ദേശീയതയായി ഉയരണമെന്നും ഭാരതത്തെ സ്വാംശീകരിച്ച സ്വാമിജി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് തനിക്കു രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല എന്നും ‘ദേശീയ ഐക്യവും മനുഷ്യ സ്‌നേഹവും’ ആണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞത്. ആദ്യം ആധ്യാത്മികമായി ജനങ്ങളെ ഉയര്‍ത്താന്‍ ശ്രമിക്കുക. മറ്റെല്ലാം താനെ വന്നു കൊള്ളും. ‘ഭാരതം അമരമാണ്, അവള്‍ ദൈവാന്വേഷണത്തില്‍ തുടര്‍ന്നും ഉറച്ചു നില്‍ക്കുകയാണെങ്കില്‍. എന്നാല്‍ രാഷ്ട്രീയത്തിലും സമൂഹ സ്പര്‍ദ്ധയിലും മറ്റും വ്യാപൃതയായാല്‍ അവള്‍ മരിക്കും’ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
അടുത്ത ആയിരത്തി അഞ്ഞൂറ് വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ ഫലപ്രദമായി നിര്‍വഹിച്ച ശേഷം, നാല്‍പതു വയസ്സിനു മുന്‍പുതന്നെ അദ്ദേഹം ശരീരം ഉപേക്ഷിച്ചു. ആ ധീരനായ സന്യാസിയുടെ ചിതയില്‍നിന്നു ഫീനിക്‌സ് പക്ഷിയെപ്പോലെ ഭാരതത്തിന്റെ മനസ്സാക്ഷി ഉണര്‍ന്ന്, ഉയര്‍ന്ന് ഭാരതത്തിലാകമാനം ഒരു പുതു ജീവന്‍ പ്രദാനം ചെയ്യുകയും അതിലൂടെ ലോക ജനതക്കാകമാനം പ്രത്യാശയുടെ വെളിച്ചം നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നതായി റൊളാങ് എഴുതുന്നു.
സ്വാമിജിയുടെ ഗ്രന്ഥങ്ങള്‍ തന്നെ എപ്രകാരം സ്വാധീനിച്ചു എന്ന റോളാങ്ങിന്റെ ഈ പ്രസ്താവന സുവിദിതമാണല്ലോ. ‘വിവേകാനന്ദന്റെ വാക്കുകള്‍ മഹിത സംഗീതമാണ്. ബീഥോവന്റെ മട്ടിലുള്ള പദപംക്തികള്‍, ഹാന്‍ഡലിന്റെ വൃന്ദ ഗാനങ്ങളുടെ ചരണാനുസരണം ഉള്ളഴിക്കുന്ന താളലയം; ഉടലിലൂടെ വിദ്യുത് പ്രവാഹത്തിനൊത്ത കോരിത്തരിപ്പേല്‍ക്കാതെ അവിടുത്തെ വചനങ്ങളെ എനിക്ക് തൊടാന്‍ സാധ്യമല്ല. അവ തന്നെ പുസ്തകങ്ങളുടെ ഏടുകളിലുടെ മുപ്പതു കൊല്ലത്തെ അകാലത്തില്‍ ചിതറി കിടക്കുന്നവയാണ്. അപ്പോള്‍ എന്തൊരു പ്രഹരം, എന്തൊരാനന്ദ ലഹരി, ആയിരിക്കണം അവ കത്തുന്ന വാക്കുകളായി ആ ധീരന്റെ ചുണ്ടുകളില്‍ നിന്ന് നിര്‍ഗ്ഗളിച്ച സമയം അന്നത്തെ ശ്രോതാക്കളില്‍ ഉളവാക്കിയത്.’
റൊളാങ് സ്വാമിജിയെ ബീഥോവനുമായി ഒന്നില്‍ കൂടുതല്‍ തവണ ഉപമിക്കുന്നുണ്ട്. ബീഥോവന്‍ സ്വാമിജിയെപോലെ അതിശ്രേഷ്ഠനായ ഒരു ആധ്യാത്മിക ഗുരുവോ (യൂറോപ്യന്‍ മഹാത്മാവ്’ എന്ന് വിളിക്കപ്പെടുന്നുവെങ്കിലും) സ്വാമിജി ബീഥോവനെപ്പോലെ ലോകം കണ്ട മഹാ സംഗീത പ്രതിഭയോ (സ്വാമിജിക്ക് സംഗീതത്തില്‍ അവഗാഹം ഉണ്ടായിരുന്നുവെങ്കിലും) ആയിരുന്നില്ല. എന്നാല്‍ അവര്‍ രണ്ടുപേരും അങ്ങേയറ്റത്തെ പ്രതികൂല സാഹചര്യങ്ങളോട് തികഞ്ഞ ആത്മവിശ്വാസത്തോടും നിശ്ചയ ദാര്‍ഢ്യത്തോടും കൂടി പടവെട്ടി ആത്മ വികാസവും ലക്ഷ്യപ്രാപ്തിയും കൈവരിച്ചവരാണ്. സ്വാമിജിയുടെ ജീവചരിത്രം അറിയുന്ന ആര്‍ക്കും സ്വാമിജിയുടെ ഈ വാക്കുകള്‍ തന്റെ തന്നെ അനുഭവങ്ങളുടെ നേര്‍കാഴ്ച ആണെന്ന് മനസ്സിലാകുമല്ലോ. ‘ജീവിതം ഒരു സമരമാണ്. അടിച്ചമര്‍ത്താന്‍ വെമ്പുന്ന പരിതഃസ്ഥിതിയില്‍ അതിനെ അതിജീവിച്ചു വികാസവും ഉത്കര്‍ഷവും നേടുന്നത് തന്നെ ജീവിതം.’ മാത്രവുമല്ല, ‘ലോകത്തിലെ ഏറ്റവും നന്മയുള്ളവരും ധീരരും എല്ലാവരുടെയും നന്മയ്ക്കും ലോക ജനതയുടെ ക്ഷേമത്തിനുമായി പരിത്യാഗം ചെയ്യേണ്ടതായുണ്ട്. ഇതാണ് ലോകചരിത്രം പഠിപ്പിക്കുന്നതും’ എന്നും അദ്ദേഹം പറയുന്നു.
സ്വാമിജി അനുഭവിച്ച വ്യഥകളും സംഘര്‍ഷങ്ങളും എല്ലാം നമുക്കറിയാമല്ലോ. അദ്ദേഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സാധാരണക്കാര്‍ ജീവിതത്തിന്റെ പരമലക്ഷ്യമായി കണ്ടിരുന്ന ആത്മസാക്ഷാല്‍ക്കാരം, നിര്‍വികല്പസമാധി, ലഭ്യമായതിനു ശേഷം ആ പരമാനന്ദലഹരിയില്‍ ലയിച്ചു കഴിയാന്‍ സാധിക്കാതെ, തന്റെ ഗുരുനാഥന്റെ ആദേശപ്രകാരം വീണ്ടും താഴെക്കിറങ്ങി, ഈ ലോകത്തിലെ അജ്ഞരും ദുഖിതരുമായ ആള്‍ക്കാര്‍ക്ക് സാന്ത്വനവും വെളിച്ചവുമായി വര്‍ത്തിക്കുവാനുള്ള അങ്ങേയറ്റത്തെ പരിത്യാഗത്തിനു തയ്യാറാകേണ്ടിവന്നു എന്നതായിരുന്നു. ആ ദൗത്യം അദ്ദേഹം വിജയകരമായി തന്നെ നിര്‍വഹിച്ചു എന്നതുതന്നെ സ്വാമിജിയുടെ ധീരതയും മഹത്വവും. ബീഥോവനും തന്റേതായ തലത്തില്‍ അത്യന്തം പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി, പരിത്യാഗത്തിലൂടെ മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച മഹാനാണ്. ബാല്യകാലം മുതല്‍ ദുഖങ്ങളും ദുരിതങ്ങളും അവഗണനയും മാത്രം നേരിട്ട ആ പ്രതിഭ, ദൈവദത്തമായ തന്റെ സംഗീത വാസന വളര്‍ത്താനും വികസിപ്പിക്കുവാനും എന്ത് ത്യാഗത്തിനും തയ്യാറായിരുന്നു. ഒരു സംഗീതജ്ഞന്‍ എന്ന് അറിഞ്ഞു തുടങ്ങിയ യൗവന കാലത്താണ് താന്‍ അതിവേഗം പൂര്‍ണ ബധിരനാകുകയാണ് എന്ന ദുഃഖ സത്യം അദ്ദേഹം മനസ്സിലാക്കുന്നത്. തുടര്‍ന്ന് അദ്ദേഹം തന്റെ ബധിരതയെ അതിജീവിച്ചാണ് തന്റെ മനോഹരമായ സിംഫണികള്‍ എല്ലാംതന്നെ രചിച്ചത്! അവര്‍ രണ്ടുപേരും ത്യാഗത്തിലൂടെ വെല്ലുവിളികളെയും തടസ്സങ്ങളെയും മഹാ വിജയങ്ങളായി രൂപാന്തരം ചെയ്യുകയാണ് ഉണ്ടായത്.
സ്വാമിജി തന്റെ പ്രവര്‍ത്തനങ്ങളിലൂടെ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയുടെയും സ്വീകാര്യതയുടെയും ഒരു പാലമാണ് തീര്‍ത്തത് എന്ന് പറയുന്ന റൊളാങ് പാശ്ചാത്യരും ആ മാതൃക പിന്തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ശരിയായ അറിവും പരസ്പര ധാരണയും ലോകത്തിനു ശാന്തിയും സമാധാനവും കൈവരുത്തുവാന്‍ സഹായിക്കുക തന്നെ ചെയ്യും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.