കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗുകള്‍ സമാപിച്ചു. കോഴിക്കോട് മഹാനഗര്‍ പ്രാഥമിക ശിക്ഷാ വര്‍ഗ്ഗിന്റെ സമാപന പരിപാടിയില്‍ പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ മുഖ്യപ്രാഭാഷണം നടത്തി. രാഷ്ട്ര സൗധത്തിന്റെ ശിലാസ്ഥാപനമാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടുകൂടി നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തെ ഏകീകരിക്കുന്നതും ജാതിമത ലിംഗ വര്‍ഗ്ഗ ഭേദമന്യേ സര്‍വ്വരേയും ആശ്ലേഷിക്കുന്നതുമായ സങ്കേതമാണ് രാമക്ഷേത്രം. അസാധ്യമെന്ന് പറഞ്ഞ പലതിനേയും സാധ്യമാക്കി തീര്‍ത്ത പാരമ്പര്യമാണ് നമ്മുടേത്. അയോധ്യയില്‍ രാമക്ഷേത്രമുയരുമ്പോള്‍ ബലിദാനികളായ പതിനായിരങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ് അത് എന്ന് മനസ്സിലാക്കണം.
ഭാരതം വിശ്വഗുരു സ്ഥാനത്തേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ലോകം ഭാരതത്തെ അനുകരിക്കുകയാണ്. യോഗയും ഗീതയും ലോകം ഏറ്റെടുത്തത് ഇതിനു തെളിവാണ്. ഇതേ സമയം തന്നെ സനാതനധര്‍മ്മത്തിനെതിരെ ആഗോള ഗൂഢാലോചനയും നടക്കുന്നു. നമ്മുടെ നാട്ടില്‍ തന്നെ ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ ആളുകളുണ്ട് എന്നത് പരിതാപകരമാണ്. സനാതനധര്‍മ്മത്തെ തകര്‍ക്കുക എന്നു പറഞ്ഞാല്‍ ഭാരതത്തെ തകര്‍ക്കുക എന്ന് തന്നെയാണ് അര്‍ത്ഥം. മഹര്‍ഷി അരവിന്ദന്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഭാരതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച അഫ്‌സല്‍ ഗുരുവും യാക്കൂബ് മേമനുമൊക്കെ ഇവിടുത്തെ പലര്‍ക്കും ആരാധ്യപുരുഷന്മാരാണ്. ഇത് തിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട. അസി. രജിസ്ട്രാര്‍ കെ.പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വര്‍ഗ്ഗ് അധികാരി എം. നാരായണകുമാര്‍, സ്വാഗതസംഘം അധ്യക്ഷന്‍ അഡ്വ.എം. അനില്‍കുമാര്‍, പി.ടി.പ്രഹ്‌ളാദന്‍ എന്നിവര്‍ സംസാരിച്ചു.
ബാലുശ്ശേരി: കരുമല ഇന്‍ഡസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചു നടന്ന കോഴിക്കോട് ഗ്രാമ ജില്ലയുടെ പ്രാഥമിക ശിക്ഷാ വര്‍ഗ്ഗിന്റെ സമാപന ചടങ്ങില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബല്‍റാം പ്രഭാഷണം നടത്തി. ബാലുശേരി ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ശാസ്ത്ര അധ്യാപകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ യു.കെ. ഷജില്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ പങ്കെടുത്ത ശിക്ഷാര്‍ത്ഥികളുടെ കായിക പ്രദര്‍ശനത്തോടെ തുടങ്ങിയ പരിപാടിയില്‍ വര്‍ഗ്ഗ് അധികാരി പി.എന്‍.ദേവദാസ് (റിട്ടയേര്‍ഡ് ഇന്‍കം ടാക്‌സ് കമ്മീഷണര്‍), ജില്ലാ സംഘചാലക് അഡ്വ.പി.കെ. ശ്രീകുമാര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. വര്‍ഗ്ഗ് കാര്യവാഹ് പി.ബിനില്‍ സ്വാഗതവും പി.എം. ബിജു നന്ദിയും പറഞ്ഞു.