കോഴിക്കോട്: സമസ്ത മേഖലയിലും ധനകാര്യ മികവുകള്‍ പുലര്‍ത്തുന്ന ഭാരതം സമീപ ഭാവിയില്‍ തന്നെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് പറഞ്ഞു. കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ ‘ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇന്നലെ, ഇന്ന്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഴ്ചപ്പാടും ആസൂത്രണവും കര്‍മ്മശേഷിയും ഭരണനിര്‍വ്വഹണ വൈഭവവും സമര്‍പ്പണബോധവും ഉള്ളവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഗാന്ധിജിയുടെ രാമരാജ്യമെന്ന ക്ഷേമ രാജ്യതത്വം, ആചാര്യ വിനോബ ഭാവെയുടെ സര്‍വ്വോദയ, പണ്ഡിറ്റ് ദീന്‍ദയാലിന്റെ അന്ത്യോദയ എന്നിവയിലൂന്നിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണനിര്‍വ്വഹണത്തില്‍ രാഷ്ട്രീയ പരിഗണനയ്ക്ക് പകരം ആവശ്യകതയ്ക്കാണ് മുന്‍തൂക്കം. അതുകൊണ്ട് ജനങ്ങളിലേക്ക് ഭരണത്തിന്റെ ഗുണങ്ങള്‍ എത്തുന്നുണ്ട്. അഴിമതിയുടെ ആരോപണം പോലുമില്ല.
കൃത്യമായ പ്രൊജക്ടുകള്‍, അവ വ്യക്തമായി നിര്‍വ്വഹിക്കല്‍, കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മിച്ചതില്‍ ഉള്‍പ്പെടെയുള്ള സ്വയംപര്യാപ്തത, ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി ബാങ്കുകള്‍ ജനകീയമാക്കിയത്, സര്‍ക്കാര്‍ സഹായം നേരിട്ട് ജനങ്ങളിലേക്കെത്തിക്കല്‍ ഇവയെല്ലാം സാമ്പത്തിക ഭദ്രതയ്ക്ക് കാരണമായി. 27 വിദേശരാജ്യങ്ങളുമായി ഭാരതം രൂപയില്‍ സാമ്പത്തിക വിനിമയം നടത്തുന്നുണ്ട്. നിയമങ്ങളും നടപടിക്രമങ്ങളും പരിഷ്‌ക്കരിച്ചത്, ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയത്, നോട്ടു നിരോധനം എന്നിവയെല്ലാം ലക്ഷ്യം കണ്ടു. അടിസ്ഥാന സേവന മേഖലയില്‍ ജനക്ഷേമം പൂര്‍ണ്ണമായും ഉറപ്പാക്കുക വഴി ഗ്രാമങ്ങളും സാമ്പത്തിക ഭദ്രത നേടി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന ജനാഭിലാഷം 2024ലും സഫലീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സീനിയര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.എന്‍.ദേവദാസ്, ടി.വി.ഉണ്ണികൃഷ്ണന്‍, എം.സി.ഷാജകുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.വി. ജയമണി രചിച്ച് വേദ ബുക്‌സ് പ്രസിദ്ധീകരിച്ച ‘അമൃതവര്‍ഷം, ആത്മനിര്‍ഭരം’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.