അയോദ്ധ്യാ കേസിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. നമുക്ക് പ്രതീക്ഷിക്കാവുന്നതില്‍ ഏറ്റവും നല്ല വിധിയാണ് ഇത്. ഈ വിധിയോടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട അസ്വസ്ഥതയുടേയും അകല്‍ച്ചയുടേയും കാര്‍മേഘങ്ങള്‍ ഇല്ലാതായെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. പുരാവസ്തു പഠനങ്ങളെ മുഖവിലയ്‌ക്കെടുത്തുകൊണ്ട് വളരെ വസ്തുനിഷ്ഠമായും യുക്തിഭദ്രമായും പ്രഖ്യാപിച്ച ഈ വിധി ഏവരും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
യാഥാര്‍ത്ഥ്യത്തെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ സാധിക്കാത്ത ചില ശക്തികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് താല്പര്യം. എല്ലാവരും സന്തോഷത്തോടെ ഒത്തൊരുമിച്ച് പോകുന്നത് കാണുമ്പോള്‍ അവര്‍ അസ്വസ്ഥരാകും. അയോധ്യ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയത് ഇടതുപക്ഷ ചരിത്രകാരന്‍മാരാണ്. പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളിലൊക്കെ ഇവര്‍ ഇടപെട്ട് അത് അലങ്കോലമാക്കിയിട്ടുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരേ വേദിയില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ തങ്ങള്‍ക്ക് നിലനില്പുണ്ടാകില്ല എന്ന ചിന്താഗതിയായിരിക്കാം ഇവരെ ഇത്തരം പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത്. എന്ത് നുണ പറയാനും തയ്യാറുള്ള ബുദ്ധിജീവികളെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പലപ്പോഴും കാണുന്നത്. അതേ സമയം സാധാരണക്കാരന്റെ എന്തെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കാനോ അവരെ സഹായിക്കാനോ ഇവര്‍ തയ്യാറാകില്ല.
ചരിത്രത്തില്‍ ധാരാളം തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ആ തെറ്റുകള്‍ തെറ്റുകളാണെന്ന് പറയാനുള്ള മനക്കരുത്ത് നമുക്കുണ്ടാകണം. ഭാരതത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ മുസ്ലിംഭരണാധികാരികളാല്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അതൊരു യാഥാര്‍ത്ഥ്യമാണ്. അതിനെ വളച്ചൊടിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യേണ്ടതില്ല. എന്നാല്‍ ആ സംഭവത്തിന് ഉത്തരവാദി ഇന്നത്തെ മുസ്ലിങ്ങളോ മുസ്ലിം ജനസമൂഹമോ അല്ല എന്ന് നാം മനസ്സിലാക്കണം. ആ തെറ്റിനെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് നാം കുറ്റക്കാരാകുന്നത്. ക്ഷേത്രങ്ങള്‍ സമ്പത്തിന്റെ കൂമ്പാരമായിരുന്നു, അതുകൊണ്ടാണ് അത് തകര്‍ത്തത്, ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുണ്ടായിരുന്ന ജനങ്ങള്‍ പിന്നീട് ഇസ്ലാംമത വിശ്വാസികളായി മാറിയപ്പോഴാണ് ക്ഷേത്രങ്ങള്‍ പള്ളികളാക്കി മാറ്റിയത് എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ വാസ്തവത്തില്‍ തെറ്റുകള്‍ പിന്നീടും ആവര്‍ത്തിക്കാന്‍ കാരണമാകും. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് തിരുത്താനും സാധിക്കില്ല. ബാബറി കെട്ടിടം തകര്‍ത്തത് ശരിയാണ് എന്ന് ഞാന്‍ കരുതുന്നില്ല. ഒരു ചരിത്ര സ്മാരകം എന്ന നിലയില്‍ അത് നിലനിര്‍ത്തേണ്ടത് ആവശ്യമായിരുന്നു.
ബാബറിപള്ളി മുസ്ലിങ്ങള്‍ക്ക് അത്ര പ്രാധാന്യമുള്ള ഒന്നായിരുന്നില്ല. ആ കെട്ടിടത്തില്‍ വര്‍ഷങ്ങളായി ഹിന്ദുക്കള്‍ ക്ഷേത്രമായി ആരാധന നടത്തുകയായിരുന്നു എന്ന് അവിടെ സന്ദര്‍ശിച്ച പല യാത്രികരും വിദേശ സഞ്ചാരികളും പറഞ്ഞിട്ടുണ്ട്. അബ്ദുള്‍ ഫസല്‍ എഴുതിയ ‘അയ്‌നി അക്ബരി’ എന്ന പുസ്തകത്തിലെ മൂന്നാം വാള്യത്തില്‍ ”ചൈത്രമാസത്തില്‍ ധാരാളം ജനങ്ങള്‍ ഇവിടെ വന്ന് തിങ്ങിനിറയും, അവര്‍ ഇവിടെ ക്ഷേത്രാരാധന നടത്തുകയും ചെയ്യും” എന്ന് പറയുന്നുണ്ട്. അബ്ദുള്‍ ഫസല്‍പോലും പറയുന്നത് പള്ളിയെക്കുറിച്ചല്ല; അയോദ്ധ്യയിലെ ക്ഷേത്രാരാധനയെക്കുറിച്ചാണ്. 1611-ല്‍ വില്യം ഹ്യൂംസ് എന്ന ഒരു യാത്രികന്‍ അയോദ്ധ്യയില്‍ വരുന്നുണ്ട്. അദ്ദേഹം അവിടെ നടക്കുന്ന ഹിന്ദു ആരാധനയെക്കുറിച്ച് വര്‍ണ്ണിക്കുന്നുണ്ട്.
അതിനുശേഷം ജോണ്‍ ഡിലീറ്റ് എന്ന ഒരു ഡച്ച് ഭൂമിശാസ്ത്രകാരന്‍ അവിടെ സന്ദര്‍ശിച്ച് അതിന്റെ പ്രത്യേകതകള്‍ പറയുന്നുണ്ട്. പിന്നീട് ട്രയിലര്‍, അലക്‌സണ്ടര്‍ തുടങ്ങി നിരവധി സഞ്ചാരികളും ചരിത്രകാരന്മാരും ഇതിനെക്കുറിച്ച് പരാമര്‍ശിച്ചതിന്റെ തെളിവ് നിരത്താന്‍ നമുക്ക് സാധിക്കും. ഈ സ്ഥലം ഹിന്ദുക്കളെ സംബന്ധിച്ച് പരമപ്രധാനമാണ്. ഞാന്‍ മുസ്ലിങ്ങളോട് പറയാറുണ്ട്, മുസ്ലിമിന് മക്കക്കും മദീനയ്ക്കും എത്ര പ്രാധാന്യമുണ്ടോ അത്രതന്നെ പ്രാധാന്യം ഹിന്ദുവിനെ സംബന്ധിച്ച് അയോധ്യയ്ക്കുമുണ്ട്. ഹിന്ദുക്കളുടെ വികാരം മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും മുസ്ലിങ്ങള്‍ക്ക് കഴിയണം. പാകിസ്ഥാന്‍ എന്ന ഒരു രാഷ്ട്രം മുസ്ലിങ്ങള്‍ക്ക് നല്‍കിയ ശേഷവും ഇന്ത്യ ഇന്നൊരു മതേതരരാഷ്ട്രമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള കാരണക്കാര്‍ ഇവിടുത്തെ ഭൂരിപക്ഷ ഹിന്ദു സമൂഹമാണ്. നേരെമറിച്ച് ഈ ഭൂരിപക്ഷം മുസ്ലിങ്ങളാണെങ്കില്‍ ഒരിക്കലും ഈ രാജ്യം ഒരു മതേതര രാഷ്ട്രമായി നിലനില്‍ക്കില്ലായിരുന്നു. പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഈ കാര്യങ്ങള്‍ കുറേയൊക്കെ മുസ്ലിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. അപ്പോഴൊക്കെ അവരെ വഴി മാറ്റി ചിന്തിപ്പിക്കുന്നത് ഇടതു ചരിത്രകാരന്മാരും ബുദ്ധിജീവികളുമാണ്.
ഈ അടുത്തകാലത്ത് മാധ്യമം ദിനപ്പത്രം ഉള്‍പ്പെടെ ചിലമാധ്യമങ്ങളില്‍ എന്നെക്കുറിച്ച് വന്ന വാര്‍ത്തകള്‍ തീര്‍ത്തും അയഥാര്‍ത്ഥമാണ്. ഞാന്‍ അയോദ്ധ്യാ പര്യവേഷണ സംഘത്തില്‍ ഉണ്ടായിരുന്നില്ല എന്നും കള്ളം പറയുകയാണ് എന്നുമൊക്കെയാണ് ഇവര്‍ തട്ടിവിട്ടത്. അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രൊഫ.നദീം റിസ്‌വിയാണ് പല രേഖകളും പ്രദര്‍ശിപ്പിച്ച് ഞാന്‍ പര്യവേഷണ സംഘത്തില്‍ ഉണ്ടായിരുന്നില്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ എന്നെ സംബന്ധിച്ച ധാരാളം രേഖകള്‍ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ഉണ്ട്. ‘അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റ്’ എന്ന പോസ്റ്റിന് ഞാന്‍ അപേക്ഷിച്ച അവസരത്തില്‍ ‘അയോദ്ധ്യയിലെ ആര്‍ക്കിയോളജിക്കല്‍ എസ്‌കവേഷനില്‍’ പങ്കെടുത്തതായി തെളിവുസഹിതം കാണിച്ചിട്ടുണ്ട്. അതിനു മുമ്പ് ‘ടെക്‌നിക്കല്‍ അസിസ്റ്റന്റ്’ എന്ന പോസ്റ്റില്‍ അപേക്ഷിച്ചപ്പോഴും ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം ‘ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് ആര്‍ക്കിയോളജിസ്റ്റ്’ എന്ന പോസ്റ്റിനുള്ള അപേക്ഷയിലും ഈ കാര്യം പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അവര്‍ക്ക് അറിയാവുന്നതുമാണ്. എന്നിട്ടും അവര്‍ ഇങ്ങനെ കള്ളം പ്രചരിപ്പിച്ചു. ചില ഇംഗ്ലീഷ് പത്രങ്ങള്‍ ആ വാര്‍ത്ത യാഥാര്‍ത്ഥ്യമറിയാതെ പ്രസിദ്ധീകരിച്ചു. ചില പത്രങ്ങള്‍ അവര്‍ക്കായി ചൂട്ട് പിടിക്കാറുണ്ട്. സാധാരണഗതിയില്‍ നമ്മുടെ ഭാഗത്തുനിന്നുള്ള വിശദീകരണം അവര്‍ കൊടുക്കാറില്ല. എന്നാല്‍ ഇത്തവണ മറുപടി കൊടുക്കാന്‍ എനിക്ക് സാധിച്ചു. ഞാന്‍ ആ സംഘത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യം അന്നത്തെ പര്യവേഷണ സംഘത്തലവന്‍ പ്രൊഫ. ബി.ബി.ലാല്‍ തന്നെ തുറന്നു പറഞ്ഞു. അമേരിക്കയില്‍ കഴിയുന്ന 98 വയസ്സുള്ള അദ്ദേഹം ഇ-മെയില്‍ വഴി ഞാന്‍ സംഘത്തിലുണ്ടായിരുന്ന കാര്യം വ്യക്തമാക്കി. അതും വാര്‍ത്തയായി. കൂടാതെ അശോക് കുമാര്‍ പാണ്ഡെ, ചതുര്‍വേദി, രാംനാഥ് കൗ പോലുള്ള വേറെയും ആളുകള്‍ ഉണ്ടായിരുന്നു. അതില്‍ നാലഞ്ച് പേര്‍ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. അവരെല്ലാവരും കൂടി കാര്യം വ്യക്തിമാക്കിയപ്പോഴാണ് ഈ മാധ്യമങ്ങള്‍ ഒന്നടങ്ങിയത്. പ്രൊഫ. നദീം റിസ്‌വി, പ്രൊഫ. ഝാ, പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് എന്നിവരാണ് എനിക്കെതിരെ രംഗത്തുള്ളത്. ഇര്‍ഫാന്‍ ഹബീബ് പറഞ്ഞത് അയോദ്ധ്യയുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്നായിരുന്നു. നദീം റിസ്‌വിയാകട്ടെ ആദ്യം എനിക്ക് ബന്ധമില്ലെന്നും ഇനി ഉണ്ടെങ്കില്‍ തന്നെ രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രം അയോദ്ധ്യയില്‍ പോയിട്ടുണ്ടാകും എന്നും പറഞ്ഞു. ഇത്രയും വാസ്തവവിരുദ്ധമായ പ്രസ്താവനകള്‍ ഇവര്‍ എങ്ങനെ പുറപ്പെടുവിക്കുന്നു എന്നതില്‍ എനിക്ക് അതിശയം തോന്നിയിട്ടുണ്ട്. കേരളത്തിലെ മാധ്യമം ദിനപ്പത്രം ‘ഞാന്‍ കളളം പറഞ്ഞു’ എന്നുവരെ പ്രസ്താവിച്ചു. സാധാരണപത്രവാര്‍ത്തകളില്‍ പോലും ഇത്തരം പരാമര്‍ശം ഉണ്ടാകാറില്ല. ഇതില്‍ നിന്നും ഈ പത്രത്തിന്റെ നിലവാരവും അവരുടെ മാനസികാവസ്ഥയും മനസ്സിലാക്കാന്‍ സാധിച്ചു. ഒരു പത്രത്തിന് ഇത്രത്തോളം തരംതാഴാന്‍ സാധിക്കുമോ എന്നുപോലും ചിലര്‍ എന്നോട് ചോദിച്ചു.
ഇനി അയോദ്ധ്യയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ബാബറി മസ്ജിദിന്നടിയില്‍ വലിയൊരു ക്ഷേത്രമുണ്ടായിരുന്നു എന്നുള്ളത് പുരാവസ്തുപരമായി തെളിയിച്ച വസ്തുതയാണ്. ആ സത്യം നമ്മള്‍ അംഗീകരിക്കണം. ശ്രീരാമചന്ദ്രന്റെ കാലഘട്ടം എത്ര പഴക്കമുള്ളതാണ്, അത് എങ്ങനെയായിരുന്നു എന്നുള്ളതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്. ആ ഭാഗങ്ങളിലേക്ക് സാധാരണ ഞങ്ങള്‍ കടക്കാറില്ല. പുരാവസ്തുതെളിവുകള്‍ മാത്രമേ ഞങ്ങള്‍ പറയാറുള്ളൂ.
രണ്ടു പ്രധാനപ്പെട്ട പര്യവേഷണമാണ് അയോദ്ധ്യയില്‍ നടന്നിട്ടുള്ളത്. 1976-77 കാലത്ത് പ്രൊഫ. ബി.ബി.ലാലിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ഖനനം നടന്നത്. അന്ന് എം.എ കഴിഞ്ഞതിനുശേഷം ‘Post Graduate Diploma in Archeology’Post Graduate Diploma in Archeology”എന്ന കോഴ്‌സിന്റെ ഭാഗമായി ഒരു ട്രെയിനി എന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ കൂടെ പര്യവേഷണത്തില്‍ ഞാന്‍ പങ്കെടുത്തത്. പര്യവേഷണത്തിന് പ്രധാനമായും രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരുന്നു. 1, ഖനനം നടത്തുക, 2, അതിനുമുമ്പായി പരിസരപ്രദേശങ്ങള്‍ പരിശോധിക്കുക. പരിസരപ്രദേശം പരിശോധിക്കുന്ന അവസരത്തിലാണ് അവിടെ ഉണ്ടായിരുന്ന പള്ളി കണ്ടത്. പള്ളിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അത് അടച്ചിട്ടിരിക്കുകയായിരുന്നു. പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികളായതുകൊണ്ട് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. പള്ളിയുടെ തൂണുകള്‍ നിര്‍മ്മിച്ചത് ക്ഷേത്രത്തിന്റെ തൂണുകള്‍ കൊണ്ടാണ് എന്ന് കണ്ടു. അതെങ്ങിനെ മനസ്സിലായി എന്ന് ചോദിച്ചാല്‍, ക്ഷേത്രത്തിന്റെ തൂണാണെങ്കില്‍ എപ്പോഴും താഴ്ഭാഗത്ത് പൂര്‍ണ്ണ കലശമാണ് ഉണ്ടാകുക. അത് ഹിന്ദുക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. അഷ്ടമംഗല കലശം, ബഗേ കലശം എന്നൊക്കെ പറയും. അത് ഒരു കുടം, ആ കുടത്തില്‍ നിന്ന് വള്ളികള്‍ പുറത്തുവരുന്നതായിട്ടാണ് കാണിക്കുന്നത്. ഇന്നും ഒരു ഹിന്ദു ആചാര്യനെ സ്വീകരിക്കുന്നത് പൂര്‍ണ്ണകുംഭം നല്‍കിയിട്ടാണ്. അത് അവിടുത്തെ തൂണില്‍ കൊത്തിവച്ചിട്ടുണ്ട്. 11, 12 നൂറ്റാണ്ടുകളിലെ ക്ഷേത്രത്തിന്റെ ഭാഗമാണ് അതെന്ന് ഞങ്ങള്‍ കണ്ടെത്തി. പിന്നെ ചില ഭാഗത്ത് ഹിന്ദു ദേവീദേവന്മാരുടെ ശില്പങ്ങള്‍ ഉണ്ടായിരുന്നു. ഒരു പള്ളിയാണെങ്കില്‍ ഒരിക്കലും ഇത്തരത്തില്‍ ഹിന്ദു ദേവീദേവന്മാരുടെ ശില്പങ്ങള്‍ തൂണുകളില്‍ കൊത്തിവെക്കുമായിരുന്നില്ല. ഇത് ചുറ്റിക്കണ്ടതിനുശേഷമാണ് പര്യവേഷണം ആരംഭിക്കുന്നത്. പര്യവേഷണത്തിനിടയില്‍ ക്ഷേത്രത്തൂണുകള്‍ ശക്തമായി നിലനില്‍ക്കാന്‍വേണ്ടി ഇഷ്ടിക കൊണ്ടുള്ള അടിത്തറ പാകിയത് കണ്ടെത്തി. ഈ ഇഷ്ടിക തറകളില്‍ വീണ്ടും ഖനനം നടത്തി. നിരവധി ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതൊന്നും അന്ന് അധികം ചര്‍ച്ചയായിരുന്നില്ല. കാരണം മസ്ജിദിന്റെ ഉള്ളില്‍ അമ്പലം ഉണ്ടോ എന്ന് പരിശോധിക്കാനായിരുന്നില്ല പ്രൊഫ. ബി.ബി.ലാല്‍ അന്ന് പര്യവേഷണം നടത്തിയത്. ‘കള്‍ച്ചറല്‍ സീക്വന്‍സ്’ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അവിടെ എത്തിയത്. അദ്ദേഹം അന്ന് അതിനെക്കുറിച്ച് ഒന്നും എടുത്തു പറഞ്ഞിരുന്നുമില്ല.
പ്രൊഫ. നൂറുല്‍ ഹസന്‍ അന്നത്തെ കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രിയും ബഹുഗുണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു. ഈ പര്യവേഷണത്തിനു ശേഷം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്ന് കണ്ട ഇടത് ചരിത്രകാരന്മാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി അവര്‍ക്ക് സ്വാധീനമുള്ള ഇംഗ്ലീഷ് പത്രങ്ങളെ വിളിച്ച് പ്രൊഫ. ബി.ബി.ലാല്‍ പര്യവേഷണം നടത്തിയിട്ട് ക്ഷേത്രാവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പെരുമ്പറ കൊട്ടാന്‍ തുടങ്ങി. അപ്പോഴാണ് പ്രൊഫ. ലാല്‍ അതിനെ പ്രതിരോധിച്ചുകൊണ്ട് രംഗത്തെത്തിയത്. അന്ന് ഞാന്‍ മദ്രാസിലാണ് ജോലിചെയ്തിരുന്നത്. ഞാന്‍ അവിടുന്ന് ഒരു പ്രസ്താവന പത്രങ്ങളില്‍ കൊടുത്തു. ആദ്യ ഖനനത്തില്‍ ഞാന്‍ ഒരാളാണ് മുസ്ലീമായിട്ട് ആ സംഘത്തില്‍ ഉണ്ടായിരുന്നത്. ഉത്ഖനനത്തില്‍ ഞങ്ങള്‍ക്ക് നിരവധി ക്ഷേത്രാവശിഷ്ടങ്ങള്‍ കിട്ടിയിരുന്നു. മുസ്ലീങ്ങള്‍ക്ക് മക്കക്കും മദീനക്കും കൊടുക്കുന്ന പ്രാധാന്യമാണ് ഹിന്ദുക്കള്‍ അയോധ്യയ്ക്ക് കൊടുക്കുന്നതെന്നും അതുകൊണ്ടുതന്നെ അമ്പലം പണിയാനായി ഹിന്ദുക്കള്‍ക്ക് ആ സ്ഥലം വിട്ടുകൊടുക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാകണമെന്നും പറഞ്ഞുകൊണ്ട് ഞാനൊരു പ്രസ്താവന കൊടുത്തു. അത് ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിച്ചു. മറ്റൊരു താല്പര്യവും മുന്നില്‍ ഇല്ലാതെയായിരുന്നു അന്ന് ഇങ്ങനെയൊരു പ്രവൃത്തി ചെയ്തത്. അത് ഏറെ ചര്‍ച്ചയ്ക്ക് ഇടയാക്കി. 1990 ഡിസംബറിലായിരുന്നു അത്.
ബാബറി പള്ളി പൊളിച്ചപ്പോള്‍ അതിനുള്ളില്‍ നിന്നും കിട്ടിയ പുരാവസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിഷ്ണുഹരി ശിലാ ഫലകമായിരുന്നു. ഇതില്‍ ഈ ക്ഷേത്രം ബാലിയേയും പത്ത് കൈക്കാരനേയും(രാവണന്‍) കൊന്ന വിഷ്ണു (ശ്രീരാമന്‍) വിന് സമര്‍പ്പിക്കുന്നുവെന്ന് 11-12 ശതാബ്ദത്തിലെ നാഗരിലിപിയില്‍ സംസ്‌കൃതഭാഷയില്‍ ഉല്ലേഖനം ചെയ്തിട്ടുണ്ടായിരുന്നു.
1992ല്‍ ഡോ. വൈ.ഡി ശര്‍മ്മയും ഡോ.കെ.എം ശ്രീവാസ്തവയും നടത്തിയ നിരീക്ഷണത്തില്‍ വൈഷ്ണവ അവതാരങ്ങളുടേയും ശിവപാര്‍വ്വതിയുടേയും കളിമണ്ണുകൊണ്ട് ചുട്ട കുശാന്‍കാലഘട്ടത്തിലെ (100-300 എ.ഡി) ചെറിയ പ്രതിമകള്‍ കണ്ടെത്തുകയുണ്ടായി. 2003-ല്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബഞ്ചിന്റെ നിര്‍ദ്ദേശപ്രകരം നടന്ന പര്യവേഷണത്തില്‍ 50ല്‍ പരം ക്ഷേത്രത്തൂണുകളുടെ കീഴ്ഭാഗത്തുണ്ടാക്കിയ ഇഷ്ടിക കൊണ്ടുള്ള വേദി കണ്ടെത്തുകയുണ്ടായി. ഇതിനു പുറമെ ക്ഷേത്രത്തിന് മുകളിലുണ്ടാകാറുള്ള അമലകയും ക്ഷേത്രത്തിലെ അഭിഷേക ജലമൊഴുകിപ്പോകുന്ന മകരപ്രണാളിയും ഉത്ഖനനത്തില്‍ കുഴിച്ചെടുത്തു. ബാബറി മസ്ജിദിന്റെ മുകള്‍ഭാഗം നിരപ്പാക്കിയപ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട 263 പുരാവസ്തുക്കള്‍ കിട്ടിയതായി ഉത്തര്‍പ്രദേശ് ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ. രാഗേഷ് തിവാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്ഖനനത്തില്‍ കണ്ടെടുത്ത തെളിവുകളുടേയും പൗരാണിക അവശിഷ്ടങ്ങളുടേയും സമഗ്രമായ അപഗ്രഥനത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ എത്തിച്ചേര്‍ന്ന നിഗമനം ബാബറി മസ്ജിദിനു കീഴില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ്. ഈ വസ്തുതകള്‍ തന്നെയാണ് ഒട്ടുമുക്കാലും ഇന്ന് സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നത്.
അയോധ്യയില്‍ ക്ഷേത്രത്തിനടുത്ത് പള്ളി പണിയുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം, അവിടെ ദിനംപ്രതി പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ തീര്‍ത്ഥാടനത്തിന് വരുന്നുണ്ട്. എല്ലായിപ്പോഴും ഭജനയും കീര്‍ത്തനവും നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷമാണ്. അതിനിടയില്‍ ഒരു പള്ളി പണിതുകൊടുക്കുന്നതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല. അത് പ്രായോഗികവുമല്ല. മാത്രമല്ല ആ പ്രദേശത്ത് മുസ്ലിങ്ങള്‍ വളരെ കുറവാണ്. അതുകൊണ്ട് മുസ്ലിങ്ങള്‍ ധാരാളം ഉള്ളിടത്ത് പള്ളിയോ, അതല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനമോ, മറ്റ് ഉപകാരപ്രദമായ എന്തെങ്കിലുമോ പണിയുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം.
നാളെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നമാണ് മഥുരയും കാശിയും. രണ്ടും ഹിന്ദുക്കള്‍ക്ക് പ്രധാനപ്പെട്ടതാണ്. മുസ്ലിം സമൂഹം സ്വമനസ്സാലെ അത് ഹിന്ദുക്കള്‍ക്ക് കൈമാറണം. അങ്ങനെയെങ്കില്‍ ഹിന്ദു-മുസ്ലീം ബന്ധം കൂടുതല്‍ ദൃഢമാകുകയും ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ സാധിക്കുകയും ചെയ്യും. എല്ലാ മതവിഭാഗങ്ങളും ഒത്തൊരുമയോടെ കഴിയുന്ന നല്ലൊരു നാളുകളിലേക്ക് എന്റെ ഭാരതം ഉണര്‍ന്നെണീക്കട്ടെ എന്ന ആഗ്രഹമാണ് എനിക്ക് ഉള്ളത്.
(ജനംചാനല്‍ റിപ്പോര്‍ട്ടര്‍ എ.എന്‍. അഭിലാഷുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)