ഭൂമിശാസ്ത്രപരമായും വിശ്വാസപരമായും സാംസ്‌കാരികമായും ഭാരതത്തെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ദിനമാണ് മകരസംക്രാന്തി അഥവാ മകരസംക്രമം. ഭൂമിയുടെ അച്ചുതണ്ട് 21 ഡിഗ്രി ചെരിഞ്ഞതാണെന്നതുകൊണ്ട് അത് ഒരു വര്‍ഷം സൂര്യനെ ചുറ്റുമ്പോള്‍ സൂര്യരശ്മികള്‍ എല്ലാകാലത്തും ഒരുപോലെയല്ല ഭൂമിക്കുമേല്‍ പതിക്കുന്നത്. അതുകൊണ്ടുതന്നെ ആറുമാസക്കാലം പകല്‍ അധികവും രാത്രി കുറവുമായിരിക്കും. അടുത്ത ആറുമാസം നേരെ തിരിച്ചും. സൂര്യന്‍ ഭൂമിയുടെ ഉത്തരാര്‍ദ്ധഗോളത്തില്‍ സ്ഥിതി ചെയ്യുന്ന കാലത്താണ് സൂര്യരശ്മികള്‍ നേരിട്ട് ഭാരതത്തിനുമേല്‍ പതിക്കുന്നതും പകലിന്റെ ദൈര്‍ഘ്യം കൂടുന്നതും. ഈ കാലമാണ് ഉത്തരായനം. സൂര്യന്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍ സ്ഥിതി ചെയ്യുന്നതും രാത്രിക്ക് ദൈര്‍ഘ്യം കൂടിയതുമായ കാലത്തെ ദക്ഷിണായനം എന്ന് വിളിക്കുന്നു. മകരം മുതലുള്ള ആറു രാശികള്‍ ഉത്തരായനവും ശേഷം കര്‍ക്കിടം മുതലുള്ള ആറു രാശികള്‍ ദക്ഷിണായനവുമാണ്. സംക്രമം എന്നാല്‍ ചലനമെന്നാണര്‍ത്ഥം. മകരസംക്രമം എന്നത് ദക്ഷിണായനത്തിന്റെ അവസാന രാശിയായ ധനുരാശിയില്‍ നിന്നും ഉത്തരായനത്തിന്റെ ആരംഭമായ മകര രാശിയിലേക്കുള്ള സൂര്യന്റെ ചലനമാണ് അഥവാ പ്രവേശനമാണ്. ഈ വര്‍ഷം ജനുവരി 15 നാണു മകരസംക്രമം. അന്നേദിവസം രാത്രിയും പകലും തുല്യമായിരിക്കും. തുടര്‍ന്ന് ഉത്തരായനത്തിലെ ദിനങ്ങളില്‍ പകലിന്റെ ദൈര്‍ഘ്യം കൂടിക്കൊണ്ടിരിക്കും. ആചാരാനുഷ്ഠാനങ്ങള്‍, ദേവപ്രതിഷ്ഠ തുടങ്ങിയ എല്ലാ സത്കര്‍മ്മങ്ങള്‍ക്കും അനുയോജ്യ കാലമായി വിളവെടുപ്പിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും കാലമായ ഉത്തരായനത്തെ ഭാരതീയര്‍ കാണുന്നു.
മിക്ക ഹിന്ദു ഉത്സവങ്ങളും ചന്ദ്രന്റെ ചലനങ്ങളെ അനുസരിച്ചുള്ളതും ചന്ദ്രകലണ്ടറിന്റെ അടിസ്ഥാനത്തിലുള്ളതുമാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സൂര്യന്റെ ചലനത്തെയും സൗര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതുമാണ് മകരസംക്രമം. അതുകൊണ്ടുതന്നെ മകരസംക്രമവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം സൂര്യന് പ്രാധാന്യം നല്‍കിയുള്ളതാണ്. ഈ ദിവസം സൂര്യനെ പ്രത്യേകം ആരാധിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാനം സൂര്യനാണെന്ന് ആധുനികശാസ്ത്രം പിറവിയെടുക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്ക് മുന്നേ ഭാരതീയര്‍ മനസ്സിലാക്കിയിരുന്നു. രാവും പകലും കാറ്റും മഴയും ആറു ഋതുക്കളും നവഗ്രഹങ്ങളും എല്ലാം നിലനില്‍ക്കുന്നത് സൂര്യനെ അടിസ്ഥാനമാക്കിയാണെന്ന തിരിച്ചറിവ് നമ്മുടെ പൂര്‍വികര്‍ക്കുണ്ടായതുകൊണ്ട് അവര്‍ സൂര്യനെ ഭഗവാനായി കണ്ട് ആരാധിച്ചിരുന്നു. ഈ ആധുനിക കാലത്തും ഭാരതീയര്‍ ക്ഷേത്രമോ വീടോ നിര്‍മ്മിക്കുമ്പോള്‍ ഉദയസൂര്യന്റെ രശ്മികള്‍ പതിക്കുന്ന രീതിയില്‍ കിഴക്കു ദര്‍ശനമായി നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. സൂര്യനോടുള്ള നമ്മുടെ നിസ്സീമമായ ഭക്തിയാണ് ഇത് കാണിക്കുന്നത്. ആ സൂര്യനെ ആരാധിക്കുന്നതിന് ഏറ്റവും ഉത്തമമായ സമയവും ഉത്സവവുമാണ് മകരസംക്രമം എന്ന് കരുതിപ്പോരുന്നു. ഈ ദിവസം കുങ്കുമവും കറുത്ത എള്ളും വെള്ളത്തിലിട്ട് നന്ദിസൂചകമായി സൂര്യനു സമര്‍പ്പിക്കുന്ന ആചാരം ഭാരതീയര്‍ക്കുണ്ട്. കറുത്ത എള്ള് യമ ഭഗവാനാല്‍ അനുഗ്രഹിക്കപ്പെട്ട അമര്‍ത്യതയുടെ പ്രതീകമായ ധാന്യമായതുകൊണ്ടാണ് അതിനെ സമര്‍പ്പിക്കുന്നത്. മകരസംക്രാന്തിയെ കുറിച്ചുള്ള പുരാണ വിശ്വാസത്തിലും സൂര്യനെ പരാമര്‍ശിക്കുന്നുണ്ട്. ഈ ദിവസം സൂര്യന്‍ തന്റെ മകനും മകര ചിഹ്‌നത്തിന്റെ അധിപനുമായ ശനിയെ പിണക്കം മറന്ന് കാണാനെത്തുന്നു എന്നതാണ് വിശ്വാസം. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തെയാണ് ഇവിടെ കാണുന്നത്.
മകരസംക്രമത്തെ സംബന്ധിച്ച ആചാരങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും വൈദിക കാലത്തോളം പഴക്കമുണ്ട്. കാലഗണനയില്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്തിയവരായിരുന്നു നമ്മുടെ പൂര്‍വ്വര്‍ഷിമാര്‍. ബ്രഹ്‌മാവിന്റെ ആയുഷ്‌കാലം വരെ ഗണിച്ചവര്‍. ആ പൂര്‍വ്വര്‍ഷിമാരുടെ കാലഗണനപ്രകാരം ഒരു മനുഷ്യവര്‍ഷം എന്നത് ഒരു ദേവദിവസമാണ്. അതില്‍ ഉത്തരായനം ദേവന്മാരുടെ പകലും ദക്ഷിണായനം രാത്രിയും. സത്കര്‍മ്മങ്ങള്‍ക്ക് ഏറ്റവും ഉചിതമായ കാലമായി ഉത്തരായനത്തെ അന്നും കരുതി പോന്നിരുന്നു. ഉത്തരായനത്തില്‍ മരണം വരിച്ചാല്‍ പോലും ശാപമോക്ഷം കിട്ടുമെന്നായിരുന്നു വിശ്വാസം. സ്വച്ഛന്ദമൃത്യുവരം ലഭിച്ച ഭീഷ്മ പിതാമഹന്‍ ശരശയ്യയില്‍ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയത് ഉത്തരായനത്തില്‍ മരണത്തെ പുല്‍കിയാല്‍ ജീവിത മുക്തി ലഭിക്കുമെന്നതിനാലാണ്. ഈ ദിവസത്തിലാണ് ഗംഗാദേവി മഹാവിഷ്ണുവിന്റെ തള്ളവിരലില്‍ നിന്നും പുറത്തുവന്ന് കപിലമുനിയുടെ ആശ്രമത്തിലൂടെ ഭാഗീരഥനെ അനുഗമിച്ചു സമുദ്രത്തിലേക്ക് പോയത്. അതോടെ ഭാഗീരഥന്റെ പൂര്‍വികനായ മഹാരാജ് സാഗറിന്റെ 60,000 പുത്രന്മാര്‍ക്ക് മോക്ഷത്തിന്റെ വരം കിട്ടിയെന്നാണ് വിശ്വാസം. ഈ ദിവസം ഗംഗയടക്കമുള്ള പുണ്യനദികളില്‍ കുളിക്കുന്നതും ഗംഗാജലം വീട്ടില്‍ തളിക്കുന്നതും മുക്തി നേടുന്നതിനും മോക്ഷം ലഭിക്കുന്നതിനും ഉത്തമമാണെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു.
മകരസംക്രമവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വെറും പുരാണകാല കഥകള്‍ മാത്രമല്ല. വര്‍ത്തമാനകാല ഭാരതത്തിലെ ഹിന്ദുക്കള്‍ ഈ ഉത്സവത്തെ ഒട്ടും തനിമ വിടാതെ ആഘോഷിക്കുന്നുണ്ട്. അതിന്റെ അനുഷ്ഠാനങ്ങളെ ആചരിക്കുന്നുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും പല പേരുകളിലായി മകരസംക്രമം ആഘോഷിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഭക്തജന സംഗമമായ മകരവിളക്ക് മകരസംക്രമവുമായി ബന്ധപ്പെട്ട ഉത്സവമാണ്. അവതാരലക്ഷ്യം പൂര്‍ത്തിയാക്കി അയ്യപ്പന്‍ ശബരിമലയിലെ വിഗ്രഹത്തില്‍ ലയിച്ചത് മകരസംക്രമ ദിനത്തിലാണെന്നാണ് വിശ്വാസം. അന്നേ ദിവസമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നതും 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലം അവസാനിക്കുന്നതും. ഹൈന്ദവ കേരളത്തിന്റെ തനിമ കാത്തു രക്ഷിക്കുന്നതില്‍ ഈ ആഘോഷം ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. കേരളത്തിനു പുറത്ത് തമിഴ്‌നാട്ടില്‍ പൊങ്കല്‍, ഗുജറാത്തില്‍ ഉത്തരയന്‍, ആസാമില്‍ മാഗ് ബിഹു, ബിഹാറില്‍ തീര്‍ സംക്രാന്തി, ഉത്തര്‍പ്രദേശില്‍ ഖിച്ചടി, ഹരിയാനയിലും പഞ്ചാബിലും ലോഹ്രി, പശ്ചിമബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പൗഷ് സംക്രാന്തി എന്നിങ്ങനെ പല പേരുകളിലായി മകരസംക്രമം ഭാരതത്തില്‍ ആഘോഷിക്കുന്നു. അതുകൊണ്ടുതന്നെ മകരസംക്രമം ഭാരതത്തിന്റെ സാംസ്‌കാരിക ഏകതയെ അടയാളപ്പെടുത്തുന്ന ഉത്സവമാണെന്ന് തീര്‍ത്തു പറയാന്‍ സാധിക്കും. അതുകൊണ്ടാണ് സാംസ്‌കാരിക സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘം മകരസംക്രമ ഉത്സവത്തെ ആഘോഷിക്കുന്നത്.
കാലം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. നാം ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്. കഴിഞ്ഞ നൂറുവര്‍ഷത്തെ സംഘപ്രവര്‍ത്തകരുടെ പ്രയത്‌നത്തിന് ശുഭസൂചകമായ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. എങ്ങും പ്രതീക്ഷയുടേയും അഭിമാനത്തിന്റെയും പൊന്‍കിരണങ്ങള്‍ പ്രകാശം പരത്തുന്നു. അകര്‍മ്മണ്യതയുടെ ഇരുള്‍ മാഞ്ഞുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ നെറുകയിലെത്താനുള്ള നമ്മുടെ പരിശ്രമം വിജയം കണ്ടുകൊണ്ടിരിക്കുന്നു.
ഭാരതീയരെ സംബന്ധിച്ച് ഈ വര്‍ഷത്തെ മകരസംക്രാന്തിക്ക് അത്യന്തം പ്രാധാന്യമുണ്ട്. സംസ്‌കൃതിക്ക് ക്ഷതം സംഭവിച്ച ഒരുകാലത്ത് നഷ്ടപ്പെട്ടു പോയതും നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തിരിച്ചു കിട്ടിയതുമായ ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് പ്രാണപ്രതിഷ്ഠ നടത്താന്‍ പോകുന്നത് ഈ മകരസംക്രാന്തിക്ക് ശേഷമുള്ള ഉത്തരായനത്തിലാണ് (ജനുവരി 22 മകരം 8). രാമക്ഷേത്ര പുനര്‍നിര്‍മ്മിതി എന്നത് കേവലം ഒരു ക്ഷേത്രനിര്‍മ്മാണം മാത്രമല്ല. നമ്മുടെ സാംസ്‌കാരത്തിന്റെ പുനര്‍നിര്‍മ്മിതിയുടെ ഒരു പ്രതിസ്ഫുരണമാണ്. ആ സംസ്‌കാരിക പുനര്‍നിര്‍മ്മിതിക്ക് കാരണമായത് സാമാജത്തിന്റെ ഐക്യബോധമാണ്. ആ ബോധത്തെ വളര്‍ത്തിയത് മകരസംക്രാന്തി പോലുള്ള ഉത്സവങ്ങളാണ്. അവ ഒരുകാലത്ത് ചിന്നഭിന്നമായി പോയ ഹിന്ദുസമാജത്തെ അതിനുള്ളിലെ എല്ലാ ഭേദഭാവനകളെയും ഇല്ലാതാക്കി പുനഃസംഘടിപ്പിക്കുന്നതില്‍ സുപ്രധാനമായ പങ്കു വഹിച്ചു. നാളെയും സമാജത്തെ കെട്ടുറപ്പോടെ നിലനിര്‍ത്തുന്നതിന് മകരസംക്രാന്തി പോലുള്ള ദേശീയ ഐക്യത്തിന് ഊര്‍ജം പകരുന്ന ഉത്സവങ്ങള്‍ അതിന്റെ തനിമചോരാതെ ആഘോഷിക്കപ്പെടേണ്ടതുണ്ട്.