തെക്കന്‍ സംസ്ഥാനങ്ങളെയും വടക്കന്‍ സംസ്ഥാനങ്ങളെയും വേര്‍തിരിച്ചുകാണിക്കുന്ന ഭാരതത്തിന്റെ വ്യത്യസ്തമായ ഭൂപടങ്ങള്‍ കട്ടിംഗ് സൗത്തിന്റെ വക്താക്കള്‍ പ്രചരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. ഭാരതത്തിന്റെ ഭൂപ്രദേശങ്ങള്‍ ചൈനയുടെയും പാകിസ്ഥാന്റെയുമൊക്കെയായി ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കുകയെന്നത് ഇസ്ലാമിക വിഘടനവാദ ശക്തികളുടെ പതിവ് രീതിയാണ്. ഭാരതത്തിന്റെ ഭൂപരമായ ഐക്യവും അഖണ്ഡതയും സംശയാസ്പദമാക്കുകയെന്ന തന്ത്രം ഇതിനു പിന്നിലുണ്ട്. ഒരുപടികൂടി കടന്നാണ് കട്ടിംഗ് സൗത്ത് സംസ്ഥാനങ്ങളെ വടക്കെന്നും തെക്കെന്നും വേര്‍തിരിക്കുന്ന ഭൂപടം പ്രസിദ്ധീകരിക്കുന്നത്. അസന്തുലിത വികസനത്തിന്റെയും, മണ്ഡലപുനര്‍നിര്‍ണയം വരുമ്പോഴുണ്ടാകുന്ന ലോക്‌സഭാ പ്രാതിനിധ്യത്തിന്റെയും പുകമറ സൃഷ്ടിച്ച് ജനങ്ങളില്‍ ശത്രുത വളര്‍ത്തുകയെന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്. ഭാരതത്തിന്റെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനു പുറമെ ജനങ്ങളില്‍ ഐക്യബോധം ഊട്ടിയുറപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇതിനെ നേരിടാനാവുക.
വര്‍ണശബളമായ വൈവിധ്യത്തിനപ്പുറം ഭാരതത്തിന്റെ ഏകത സഹസ്രാബ്ദങ്ങളായി ജനജീവിതത്തിന്റെ അഭേദ്യഭാഗമാണെന്ന് ആവര്‍ത്തിച്ച് പറയുന്നതായിരുന്നു ‘കേസരി’ ദല്‍ഹിയില്‍ സംഘടിപ്പിച്ച ബ്രിഡ്ജിംഗ് സൗത്ത് കോണ്‍ക്ലേവ്. എന്തുകൊണ്ട് ഭാരതം ഒന്നാണെന്നും, എന്തിന് ഈ ഐക്യം ശക്തിപ്പെടണമെന്നും അടിവരയിട്ടു പറയുന്നതായിരുന്നു ഈ വിഷയത്തെ വിവിധ കോണുകളിലൂടെ നോക്കിക്കണ്ടുകൊണ്ടുള്ള പ്രസംഗങ്ങള്‍.
അഖണ്ഡതയുടെ പൈതൃകം
ഭാരതത്തിന് ആ പേരു വരാനിടയായ ഭരതന്‍ മുതലിങ്ങോട്ട് നിരവധി ചക്രവര്‍ത്തിമാര്‍ ഭരണം നടത്തിയ കാലത്തുടനീളം ഈ രാഷ്ട്രത്തിന്റെ സാംസ്‌കാരികമായ ഐക്യം പുലരുകയുണ്ടായെന്നു ചൂണ്ടിക്കാട്ടിയ നിയമജ്ഞനും ഗോവ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍ പിള്ള സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രവിഭജനത്തെ അനുകൂലിക്കുകയും അതിനു ശ്രമിക്കുകയും ചെയ്തവരുടെ ചരിത്രം ഓര്‍മിപ്പിക്കുകയും ചെയ്തു.
ചില സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന തെക്ക് വടക്ക് വിഭജനം എന്ന വിനാശകരമായ ആശയം ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലകൊള്ളുന്ന ഭാരതത്തിന്റെ പൗരാണികമായ ഏകതയെ ബാധിക്കാന്‍ പോകുന്നില്ല. ഭാരതത്തില്‍ ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ചരിത്രപരമായും രാഷ്ട്രീയമായിപ്പോലും ഈ ഏകത നിലനില്‍ക്കുകയാണ്. ഭാരതവര്‍ഷം എന്ന സങ്കല്‍പ്പം ചരിത്രാതീതകാലം മുതലുള്ളതാണ്. ചക്രവര്‍ത്തിയായ ഭരതനില്‍നിന്ന് തുടങ്ങി അശോകനിലൂടെയും, മൗര്യ-ഗുപ്ത സാമ്രാജ്യങ്ങളിലൂടെയും തുടര്‍ന്നുവന്ന അസ്തിത്വം ഭാരതത്തിനുണ്ട്. ആദിശങ്കരന്‍ കാല്‍നടയായി സഞ്ചരിച്ച് ഭാരതത്തിന്റെ നാല് കോണുകളില്‍ സ്ഥാപിച്ച മഠങ്ങള്‍ ഈ രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ഐക്യത്തെയാണ് നിര്‍ണയിക്കുന്നത്.
നമ്മുടെ ഋഷിപരമ്പരയും സ്വാതന്ത്ര്യസമരനായകന്മാരും ഭാരതത്തെ ഒരൊറ്റ രാഷ്ട്രമായാണ് കണ്ടിരുന്നത്. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും വൈവിധ്യവും ചരിത്രാതീതകാലം മുതല്‍ അംഗീകരിക്കപ്പെട്ടുപോരുന്നതാണ്. വിഷ്ണുപുരാണം പോലുള്ള പൗരാണിക കൃതികള്‍ പരിശോധിക്കുമ്പോള്‍ അതില്‍ ഭാരതം എന്ന രാഷ്ട്രത്തിന്റെ അതിരുകളും ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ വിവരിക്കുന്നതു കാണാം. വടക്ക് ഹിമാലയവും തെക്ക് സമുദ്രവും അതിരിടുന്ന പുണ്യഭൂമിയാണ് ഭാരതമെന്ന് വിഷ്ണുപുരാണം പറയുന്നുണ്ട്. ഭാരതത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ഏകത തര്‍ക്കരഹിതമായ വസ്തുതയാണ്. സ്വാതന്ത്ര്യസമരകാലത്ത് ചിലയാളുകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ നാടിനെ വിഭജിക്കാന്‍ ആഗ്രഹിച്ചു. ഇവര്‍ ബലപ്രയോഗത്തിലൂടെപോലും അതിന് ശ്രമിച്ചു. ഇങ്ങനെയാണ് 1947 ല്‍ നമ്മുടെ മാതൃഭൂമി വിഭജിക്കപ്പെട്ടത്.
ഭാരത വിഭജനം എന്ന ആശയത്തെ കമ്യൂണിസ്റ്റുകളും പിന്‍പറ്റിയിരുന്നു. ഭാരതം പതിനാറ് സ്വതന്ത്ര രാഷ്ട്രങ്ങളാണെന്ന കള്ളക്കഥയും ഇവര്‍ പ്രചരിപ്പിച്ചു. ഇതിനായി കേരളം മലയാളികളുടെ മാതൃഭൂമി, വിശാലാന്ധ്ര, സുവര്‍ണ ബംഗാള്‍ മുതലായ പുസ്തകങ്ങള്‍ പോലും അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി രചിക്കുകയുണ്ടായി. കമ്യൂണിസ്റ്റു പാര്‍ട്ടി ഇതു സംബന്ധിച്ച് ക്യാബിനറ്റ് മിഷന് നല്‍കിയ നിര്‍ദ്ദേശം അവര്‍ പാര്‍ട്ടിയുടെ ചരിത്രം തയ്യാറാക്കിയപ്പോള്‍സമര്‍ത്ഥമായി മറച്ചുപിടിച്ചു. ഇതൊക്കെ തള്ളിപ്പറയാന്‍ ഇന്നത്തെ ഇടതുപാര്‍ട്ടികളും തീവ്ര കമ്യൂണിസ്റ്റ് സംഘടനകളും തയ്യാറുണ്ടോ? മുസ്ലിംലീഗ് ക്യാബിനറ്റ് മിഷന് നല്‍കിയ നിവേദനത്തിലും ഭാരതം ഒന്നല്ലെന്നും, മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ രാഷ്ട്രത്തെ രണ്ടായി വിഭജിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഭാരതത്തിന് സ്വാതന്ത്ര്യം നല്‍കാന്‍ പോവുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലി പ്രഖ്യാപിച്ചശേഷമാണ് ക്യാബിനറ്റ് മിഷന്‍ ഭാരതം സന്ദര്‍ശിച്ചത്. നമ്മുടെ അടിമത്ത മനോഭാവം അവസാനിപ്പിക്കുകയാണെങ്കില്‍ അടുത്ത അന്‍പത് വര്‍ഷത്തിനകം നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് 1897 ല്‍ സ്വാമി വിവേകാനന്ദന്‍ പ്രഖ്യാപിച്ചിരുന്നു. വിവേകാനന്ദന്‍ ഈ പ്രഖ്യാപനം നടത്തിയത് ഒരു ഫെബ്രുവരി 24 ന് ആയിരുന്നു. 1947 ഇതേ ദിവസംതന്നെയാണ് ആറ്റ്‌ലിയുടെ പ്രഖ്യാപനം വരുന്നത്.
ആദിശങ്കരന്റെ പാരമ്പര്യം പിന്തുടര്‍ന്ന് മഹര്‍ഷി അരവിന്ദന്‍, ആനന്ദമഠം രചിച്ച ബങ്കിംചന്ദ്ര ചാറ്റര്‍ജി, സ്വാമി വിവേകാനന്ദന്‍, ആര്യസമാജം സ്ഥാപിച്ച ദയാനന്ദസരസ്വതി മുതലായവര്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തിന് വലിയ സംഭാവനകള്‍ നല്‍കുകയുണ്ടായി. ഗുരുജി ഗോള്‍വല്‍ക്കറെപ്പോലുള്ള നേതാക്കള്‍ ഭാരതമെമ്പാടും സഞ്ചരിച്ച് രാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചിരുന്നു. ഭാരതത്തിനുവേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണെന്ന് സ്വരാജ്യം ഉപേക്ഷിച്ചുപോന്ന ഭഗിനി നിവേദിതയെപ്പോലുള്ളവര്‍ പറയുകയുണ്ടായി. ഭാരതത്തെ അമ്മയായാണ് നിവേദിത കണ്ടത്. ഇവരുടെയൊക്കെ ജീവചരിത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ ഒരു പ്രത്യേക പ്രദേശത്തോ സവിശേഷമായ മേഖലയിലോ മാത്രം ഒതുങ്ങിനിന്നവരല്ല, മുഴുവന്‍ ഭാരതത്തിനും വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചതെന്നു കാണാനാവും. ആദിശങ്കരന്റെ കാര്യമെടുത്താല്‍ ആത്മീയ മേഖലയില്‍ മാത്രമല്ല ആചാര്യന്റെ സംഭാവനയുള്ളത്. ആദിശങ്കരന്റെ ജീവിതവും ദര്‍ശനവും ഭാരതത്തിന്റെ ഐക്യവുമായി കൂട്ടിയിണക്കപ്പെട്ടതാണ്. ഭാരതപര്യടനം നടത്തിയ വിവേകാനന്ദന്‍ കന്യാകുമാരിയിലെത്തിയാണല്ലോ ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ധ്യാനനിരതനായത്. ഇതിനുശേഷമാണ് ചിക്കാഗോയിലെ മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമി വിവേകാനന്ദന്‍ അമേരിക്കയിലേക്ക് പോയത്. തമിഴ്കവി സുബ്രഹ്‌മണ്യഭാരതിയുടെ കവിതകളിലെ ഭാരത സങ്കല്‍പ്പത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറയുകയുണ്ടായി.
ഐക്യത്തിനു വേണം ആശയപ്രചാരണം
വിവിധ ഭാഷ സംസാരിക്കുന്നവര്‍ തമ്മില്‍ നടക്കേണ്ട ആശയവിനിയമം വര്‍ത്തമാനകാലത്ത് ഭാരതത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ആവശ്യമാണെന്ന നിലപാട് കേന്ദ്ര സര്‍ക്കാരിലെ കൃഷി-കര്‍ഷകക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ മുന്നോട്ടുവയ്ക്കുകയുണ്ടായി. ഇസ്ലാമിക മതമൗലികവാദികളും മതപരിവര്‍ത്തന ശക്തികളും ദക്ഷിണ സംസ്ഥാനങ്ങളില്‍ വിഘടനമനോഭാവം വളര്‍ത്തുന്ന പ്രശ്‌നത്തിലേക്കും അവര്‍ വിരല്‍ചൂണ്ടി.
ദല്‍ഹിയില്‍ പത്ത് വര്‍ഷം എംപിയായി പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. തെക്കും വടക്കും തമ്മില്‍ ഒരു അകല്‍ച്ചയുണ്ടെന്നാണ് ഈ അനുഭവങ്ങളില്‍നിന്ന് എനിക്ക് തോന്നിയിട്ടുള്ളത്. ദല്‍ഹിയിലും മറ്റും ദക്ഷിണ സംസ്ഥാനങ്ങളിലെ മുഴുവനാളുകളെയും മദ്രാസി എന്നു വിളിക്കുന്ന രീതി ഇപ്പോഴുമുണ്ട്. പക്ഷേ ഇത് സാംസ്‌കാരികമോ സാമൂഹ്യപരമോ മതപരമോ അല്ല. ദക്ഷിണ-ഉത്തര സംസ്ഥാനങ്ങള്‍ തമ്മിലെ ഐക്യം ശക്തിപ്പെടുത്തുന്നതിന് വലിയ ശ്രമങ്ങള്‍ ആവശ്യമാണ്.
തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടകം, തെലങ്കാന മുതലായ സംസ്ഥാനങ്ങളില്‍ വലിയതോതില്‍ മതപരിവര്‍ത്തനം നടക്കുന്നു. എന്തുകൊണ്ടാണിതെന്ന്, എന്തിനാണിതെന്ന് ചിന്തിക്കേണ്ടതുണ്ട്. ജനസംഖ്യാ വര്‍ധനവിലൂടെ ഡെമോഗ്രഫിയില്‍ മാറ്റം വരുത്തുന്നതിനാണിത്. ഐഎഎസുകാരെപ്പോലെ വലിയ പദവികളില്‍ ഇരിക്കുന്നവര്‍പോലും ആന്ധ്രയില്‍ മതപരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ആന്ധ്രയില്‍ ജനസംഖ്യയിലെ 55 ശതമാനം പേരെയും മതംമാറ്റാനാണത്രേ പദ്ധതി. രാഷ്ട്രീയലക്ഷ്യമാണ് ഇതിനുള്ളത്. മതപരിവര്‍ത്തനത്തിലൂടെ ദേശവിരുദ്ധ മനോഭാവം സൃഷ്ടിക്കുകയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതായിരുന്നു സ്ഥിതി. ക്രിസ്തുമതത്തെ അംഗീകരിക്കാന്‍ നമുക്ക് മടിയില്ല. ക്രിസ്തുവിനെ മറ്റൊരു ദേവനായി കാണാനും നമുക്ക് കഴിയും. പക്ഷേ മതത്തിന്റെ പേരില്‍ വിഭാഗീയതയും ദേശവിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ജനങ്ങളുടെ മാനസികാവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു.
കേരളത്തില്‍ ഇടതു-ഇസ്ലാമിക ശക്തികള്‍ ഇതര മതസ്ഥരെ ലക്ഷ്യംവയ്ക്കുകയാണ്. ലൗജിഹാദും അക്രമപ്രവര്‍ത്തനങ്ങളും വളര്‍ത്തുന്നു. തമിഴ്‌നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. പണ്ട് ദ്രാവിഡനാടിനുവേണ്ടിയാണ് വാദിച്ചിരുന്നെതെങ്കില്‍ ഇപ്പോള്‍ കട്ടിംഗ് സൗത്തുമായാണ് വരുന്നത്. ദ്രാവിഡവാദം എങ്ങനെയുണ്ടായി? ഹിന്ദിയോട് ഇത്രയേറെ വിരോധം വന്നതെങ്ങനെ? ഇതിനെക്കുറിച്ചെല്ലാം ആലോചിക്കേണ്ടതുണ്ട്.
എഐഎഡിഎംകെയുടെയും ഡിഎംകെയുടെയുമൊക്കെ പാര്‍ലമെന്റംഗങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും ദല്‍ഹിയിലെത്തിയാല്‍ അവര്‍ തമിഴിലാണ് സംസാരിക്കുന്നത്. ഹിന്ദിയില്‍ സംസാരിക്കുന്നതിന് അവര്‍ക്ക് താല്‍പര്യവുമില്ല. ദക്ഷിണ സംസ്ഥാനങ്ങളിലുള്ളവരെല്ലാം ഒരൊറ്റ ഭാഷ സംസാരിക്കുന്നവരാണെന്ന തെറ്റിദ്ധാരണ മറ്റുള്ളവര്‍ക്കുണ്ട്. എന്നാല്‍ വസ്തുത മറ്റൊന്നാണ്. മലയാളിക്ക് കന്നഡ അറിഞ്ഞുകൂടാ, കന്നഡക്കാര്‍ക്ക് തമിഴ് അറിഞ്ഞുകൂടാ, തമിഴര്‍ക്ക് തെലുങ്ക് അറിഞ്ഞുകൂടാ എന്നതാണ് സ്ഥിതി. ഇക്കാര്യത്തിലും ഒരു ബ്രിഡ്ജിംഗ് സൗത്ത് ആവശ്യമാണ്. ഭാരതത്തിന്റെ വിശാല ഐക്യം ശക്തിപ്പെടുത്താന്‍ വലിയ ആശയപ്രചാരണവും ആസൂത്രണവുമൊക്കെ വേണ്ടിവരും.
ഐക്യത്തിലൂടെ വികസനത്തിലേക്ക്
ചരിത്രപരമായ ഐക്യം നിലനില്‍ക്കുന്ന ഭാരതം നരേന്ദ്രമോദി സര്‍ക്കാരിന്റെ മികവുറ്റ ഭരണത്തിന്‍ കീഴില്‍ വികസനരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന പുത്തന്‍ കുതിപ്പുകള്‍ സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തോടെ അവതരിപ്പിക്കുന്നതായിരുന്നു ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണിയുടെ പ്രസംഗം.
ചില ശക്തികള്‍ വളരെ വിഷലിപ്തമായ ചര്‍ച്ചകള്‍ക്കാണ് രാജ്യത്ത് തുടക്കം കുറിച്ചിരിക്കുന്നത്. തെക്കും വടക്കും തമ്മിലും കിഴക്കും പടിഞ്ഞാറും തമ്മിലും ഭിന്നതയുണ്ടെന്നു വരുത്താന്‍ ശ്രമിക്കുമ്പോള്‍ മലയാളത്തിലെ ദേശീയ വാരികയായ കേസരി ‘ബ്രിഡ്ജിംഗ് സൗത്ത്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്. പൗരാണിക കാലം മുതല്‍ ഹിമാലയത്തിനു തെക്കും സമുദ്രത്തിന് വടക്കുമായി കിടക്കുന്ന ഭാരതം ഒരൊറ്റ രാഷ്ട്രമാണ്. ഭൂമിശാസ്ത്രപരമായി മാത്രമല്ല സാംസ്‌കാരികകേന്ദ്രമെന്ന നിലയ്ക്കും ആത്മീയകേന്ദ്രമെന്ന നിലയ്ക്കും ഭാരതത്തിന്റെ അസ്തിത്വം ഏകമാണ്. ഇത് അനാദിയായി നിലനില്‍ക്കുകയും ചെയ്യും.
നൂറ്റാണ്ടുകളെന്നല്ല, സഹസ്രാബ്ദങ്ങളായി ലോകത്തെ വന്‍സാമ്പത്തിക ശക്തിയായിരുന്നു ഭാരതം. കാര്‍ഷികരംഗത്തും വ്യാപാരരംഗത്തും യൂറോപ്പിനേക്കാള്‍ മുന്നിലുമായിരുന്നു. നളന്ദയെയും തക്ഷശിലയെയുംപോലുള്ള ലോകനിലവാരമുള്ള സര്‍വകലാശാലകള്‍ ഇവിടെ നൂറ്റാണ്ടുകളോളം നിലനിന്നു. ലോകത്ത് ആദ്യ ശസ്ത്രക്രിയ നടന്നത് ഭാരതത്തിലാണ്. ലോകമെമ്പാടുമുള്ള പണ്ഡിതന്മാര്‍ സഞ്ചാരികളായും മറ്റും അറിവുതേടിയെത്തിക്കൊണ്ടിരുന്നത് ഭാരതത്തിലേക്കാണ്. മാര്‍ക്കോപോളാ, ഫാഹിയാന്‍, മെഗസ്തനീസ് എന്നിവര്‍ ഇതില്‍പ്പെടുന്നു. ലോഹസംസ്‌കരണം, കപ്പല്‍നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഭാരതമായിരുന്നു മുന്നില്‍.
മൂന്നു വര്‍ഷത്തിനിടെ ജപ്പാനെയും ജര്‍മനിയെയുമൊക്കെ മറികടന്ന് ഭാരതം മൂന്നാമത്തെ സാമ്പത്തികശക്തിയാവാന്‍ പോവുകയാണ്. ഇത് സാങ്കേതികവിദ്യയുടെ യുഗമാണ്. നമ്മള്‍ ലോകത്തുവച്ചുതന്നെ മൂന്നാമത്തെ ഡിജിറ്റല്‍ എക്കോണമിയാണ്. യുപിഐ ലോകത്തെ ഏറ്റവും വലിയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ്. വിവിധ മേഖലകളില്‍ അഭൂതപൂര്‍വമായ വികസനമാണ് ഭാരതം കൈവരിക്കുന്നത്. അടുത്തിടെയാണല്ലോ നാം വിക്ഷേപിച്ച ഉപഗ്രഹം ലോകചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. സ്വന്തം നിലയ്ക്ക് വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കാന്‍ കഴിയുന്ന അഞ്ച് രാജ്യങ്ങളിലൊന്ന് ഭാരതമാണ്. മൂന്നുവര്‍ഷം മുന്‍പ് ലോകം മുഴുവന്‍ ഒരു മഹാമാരിയെ അഭിമുഖീകരിച്ചപ്പോള്‍ സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ചെടുത്ത രാജ്യങ്ങളിലൊന്ന് ഭാരതമായിരുന്നു. സ്വന്തം ജനങ്ങള്‍ക്കുവേണ്ടി വാക്‌സിന്‍ നിര്‍മിക്കാന്‍ മാത്രമല്ല, വിപരീത പരിസ്ഥിതിയെ അഭിമുഖീകരിക്കേണ്ടിവന്ന മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനും നാം തയ്യാറായി. 150 രാജ്യങ്ങള്‍ക്കാണ് ഭാരതം മരുന്നെത്തിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലം ലോകം പ്രതിസന്ധികള്‍ നേരിട്ടപ്പോഴൊക്കെ ഭാരതം സഹായഹസ്തം നീട്ടി, സുരക്ഷിതത്വമൊരുക്കി. പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളിലും ഭാരതം നിര്‍ണായകമായ നിലപാടെടുത്തു.
ഇതൊക്കെ സംഭവിക്കുമ്പോള്‍ ഈ രാജ്യത്തെ ജനസംഖ്യയില്‍ അത് വലിയ ആത്മവിശ്വാസമാണുണ്ടാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ദേശീയ തെരഞ്ഞെടുപ്പുകളിലും ഇത് പ്രതിഫലിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ബിജെപിയിലും വലിയ വിശ്വാസമാണ് ജനങ്ങള്‍ അര്‍പ്പിക്കുന്നത്. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത് ഭാരതം ജനാധിപത്യവിരുദ്ധമായിക്കൊണ്ടിരിക്കുന്നു എന്നാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം. ഏറ്റവുമധികം ജനങ്ങള്‍ അധിവസിക്കുന്ന രാജ്യവുമാണ്. രാജ്യത്തെ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുകയും എല്ലാവരെയും ഉള്‍ക്കൊള്ളുകയുമാണ്.
ലോകത്തെ മനുഷ്യരെല്ലാവരും ഒരേപോലെയായിരിക്കുമ്പോഴും മൂല്യബോധമാണ് ഭാരതീയരെ വ്യത്യസ്തരാക്കുന്നതെന്ന് സമാപന പ്രസംഗത്തില്‍ പറഞ്ഞ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭാരതീയ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും സവിശേഷതകള്‍ എടുത്തുകാണിക്കുകയുണ്ടായി. ചില ശക്തികള്‍ കൊണ്ടുവാന്‍ ശ്രമിക്കുന്ന ഉത്തര-ദക്ഷിണ വേര്‍തിരിവുകളെ ഭാരതത്തിലെ ജനങ്ങള്‍ക്ക് പരസ്പരം അറിഞ്ഞും ആശയങ്ങള്‍ കൈമാറിയും മറികടക്കാനാവുമെന്ന ആത്മവിശ്വാസം ഗവര്‍ണര്‍ പങ്കുവച്ചു.
അടുത്തത്: സംഘകാലത്തിന്റെ ഭാരത സങ്കല്‍പ്പം