ചന്ദ്രനുണ്ണി എന്നെപ്പോലെ റിട്ടയര്‍ ആയി വീട്ടില്‍ ഇരിക്കയാണ്. എന്നാലും വെറുതെ ഇരിക്കുന്ന പണി ഇല്ല. ഈയിടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം എടുത്തു എന്ന് കേട്ട് അഭിനന്ദിക്കാന്‍ അദ്ദേഹത്തിന്റെ വീട് വരെ ഒന്ന് പോയി. ഗേറ്റ് തുറന്ന് ഉള്ളില്‍ കടന്നു ബെല്‍ അടിച്ചു. വാതില്‍ തുറക്കാന്‍ സ്വല്‍പ്പം താമസിച്ചു. തുറന്ന ഉടനെ ‘ഹ ഹ ഇതാര് വരൂ വരൂ’ എന്ന് പറഞ്ഞു സിറ്റിംഗ് റൂമിലേയ്ക്ക് ആനയിച്ചു. എന്നിട്ട് പറഞ്ഞു’ഞാന്‍ വിചാരിച്ചു വല്ല പിരിവുകാരായിരിക്കും ന്ന്..’
‘ഞാന്‍ പിരിയ്ക്കും.. ചിരിയും സ്‌നേഹവും.. ഇനി പറയാന്‍ പോകുന്ന അഭിനന്ദനത്തിനു മറുപടിയായി നന്ദിയും.. പക്ഷെ റെസീപ്റ്റ് തരില്ല.’
‘ഹ.ഹ.ഹ ‘ ചന്ദ്രനുണ്ണി ചിരിച്ചു. അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ഭാര്യയും വന്നു മുഖം കാണിച്ചു എന്നിട്ട് പറഞ്ഞു ‘ഇത്തവണ എത്ര സ്ഥലത്തു നിന്നാ അയ്യപ്പന്‍വിളക്കിന് പിരിവിനു വന്നിരിക്കുന്നത്. അത് കൂടാതെ വേല, പൂരം ഇനി മാര്‍ച്ച് ഏപ്രില്‍ വരെ നോക്കണ്ട.’
‘ഞാന്‍ ചെറിയ തുക കൊടുത്തിട്ട് ഇതേ ഉള്ളൂ എന്ന് പറഞ്ഞു തൊഴുത് നില്‍ക്കും. അപ്പൊ ദയനീയ മുഖം കണ്ട് അവര് പോകും. ഹൈന്ദവരുടെ കലാഭ്യാസങ്ങള്‍ അല്ലെ? ഹിന്ദു സംസ്‌ക്കാരം നില നില്‍ക്കുന്നത് അദ്വൈത ചിന്തകളിലും സപ്താഹ-പ്രഭാഷണങ്ങളിലും കൂടി മാത്രമല്ലല്ലോ ഡബ്ബാ കൂത്തുകളിലും കൂടിയല്ലേ?’
‘പക്ഷെ എനിക്ക് ഡബ്ബാ കൂത്ത് തീരെ ഇഷ്ടമല്ല. ആനയും അമ്പാരിയും നരിവേഷവും പിന്നെ നാരീവേഷം കെട്ടിയാടുന്ന ആണുങ്ങളെയും’ ചന്ദ്രനുണ്ണി തറപ്പിച്ചു പറഞ്ഞു.
‘ഹിന്ദുസമാജത്തിന്റെ ക്ഷാത്രവീര്യം കാത്തുസൂക്ഷിക്കുന്ന ആളുകളാണ് വാളും പരിചയുമെടുത്ത് നൃത്തം ചെയ്യുന്ന ആണുങ്ങള്‍ വെളിച്ചപ്പാടന്മാര്‍, തിറ, വെള്ളാട്ട്, അയ്യപ്പന്‍ വിളക്കുകാര്‍ എന്നിവര്‍. അതില്‍ വാളോ ശൂലമോ അമ്പും വില്ലുമോ ഏന്താത്ത സമുദായങ്ങളില്ല.’
‘ശരിയാണ്. മണ്ണാന്‍, പെരുമണ്ണാന്‍ തുടങ്ങിയവര്‍. പക്ഷെ താഴെ തട്ടിലുള്ളവര്‍ എവിടെ കണ്ടിട്ടില്ല.’
‘പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരെ മറന്നുവോ? എത്രയോ പൂരങ്ങള്‍ക്കും വേലകള്‍ക്കും സമുദായങ്ങള്‍ ഒന്നിച്ച് കളിയുണ്ട്. ഞങ്ങളുടെ നാട്ടില്‍ കാട്ടാളന്‍ കെട്ടുന്നത് ഒരു വഴിപാടായി സമുദായത്തിലൊതുങ്ങാതെ എല്ലാവരും സ്വീകരിച്ചിരുന്നു. ദേഹം മുഴുവന്‍ കരി തേച്ചു വായില്‍ തേറ്റ പിടിപ്പിച്ച് അമ്പും വില്ലും എടുത്ത് ചീറി വിളിച്ച് പല്ലാര്‍ത്ത് ഉണ്ണിനായരും കോരന്‍ പറമ്പത്തെ കോതയും ഒന്നിച്ച് പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.’
‘ഹ ഹ.. അല്ല ഒരു കാലത്ത് ചേകവന്മാര്‍, കളരി കുറുപ്പന്മാര്‍ എല്ലാവരും ക്ഷാത്രവീര്യം കൊണ്ട് നടന്നവര്‍ തന്നെ.
എന്നാല്‍ നമ്പൂതിരിമാര്‍ വാളും പരിചയുമെടുത്ത് നടക്കുന്നത് കണ്ടിട്ടില്ലല്ലോ. അവര്‍ക്ക് ക്ഷാത്രവീര്യം വേണ്ടേ?’
‘തീര്‍ച്ചയായും അപൂര്‍വ്വം ചില അവസരങ്ങളില്‍ അവര്‍ ആയുധം എടുത്തിരുന്നു. നമ്പൂതിരിമാരുടെ സംഘക്കളി എന്ന് കേട്ടിട്ടുണ്ടോ?’
‘കേട്ടിട്ടുണ്ട്. പാലക്കാട്ട് ഭാഗത്ത് പാനകളി എന്ന് പറയുന്ന അത് തന്നെ അല്ലെ അത്?’
‘ങാ അത് തന്നെ. അതിന്റെ ഉത്ഭവം ഐതിഹ്യമാലയിലുണ്ട്. ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ടതാണത്.’
‘മുസ്ലീമായി മതം മാറിയ പെരുമാള്? അതൊക്കെ സത്യമാണോ?’
‘ങാ അതെ. ആയിരിക്കാം അല്ലായിരിക്കാം, മുസ്‌ലിം ആയി എന്ന് ചരിത്രം പറയുന്നുണ്ട്. ലോഗന്റെ മലബാര്‍ മാന്വലില്‍ പറയുന്നത് പെരുമാള്‍ ഒരിക്കല്‍ ചന്ദ്രന്‍ രണ്ടായി പിളര്‍ന്നു എന്ന ഒരു വിഡ്ഢി സ്വപ്‌നം കണ്ടു എന്നും ആ കഥ കേട്ട മുസ്‌ലിങ്ങള്‍ തങ്ങളുടെ ഗ്രന്ഥങ്ങളുമായി ചെന്ന് അദ്ദേഹത്തെ സ്വാധീനിച്ചു എന്നും പിന്നീട് പെരുമാള്‍ അതില്‍ ഏറെ താല്‍പ്പര്യം കാട്ടി മതം മാറി എന്നുമാണ്.’
‘അതും നമ്പൂതിരിമാരുടെ ക്ഷാത്രവീര്യവുമായി എന്ത് ബന്ധം?’
‘ആ കഥ ചുരുക്കത്തില്‍ ഇങ്ങനെയാണ്.
പെരുമാള്‍ മുസ്ലീമായി മാറിയതിനുശേഷം മുസ്ലിം മത പണ്ഡിതന്മാര്‍ ചര്‍ച്ചയിലായി. രാജാവ് ഏതായാലും മാറി. ബാക്കി ഹിന്ദുക്കളെ എങ്ങനെ മാറ്റും? തീരുമാനം ഇങ്ങനെയായിരുന്നു. ആദ്യം നമ്പൂതിരിമാരെ മുഴുവന്‍ മാറ്റുക. ബാക്കി പിന്നാലെ വന്നോളും. അവര്‍ രാജാവിനെ സ്വാധീനിച്ച് അറുപത്തിനാല് ഗ്രാമത്തിലെ പ്രധാന ബ്രാഹ്‌മണരെ മുഴുവന്‍ വരുത്തി സംവാദത്തിലേര്‍പ്പെട്ടു. ഹിന്ദുമതം ഏറ്റവും നികൃഷ്ടമാണെന്നും ഉത്തമമായിട്ടുള്ളത് മുഹമ്മദീയമതമാണെന്നും അതിനാല്‍ മലയാളബ്രാഹ്‌മണര്‍ മുഴുവന്‍ ഹിന്ദുമതം ഉപേക്ഷിച്ച് മുഹമ്മദുമതം സ്വീകരിക്കണമെന്നും രാജാവ് നിര്‍ബ്ബന്ധപൂര്‍വ്വം പറഞ്ഞു. ഉത്തമമായിട്ടുള്ളത് ഹിന്ദുമതമാണെന്നും മുഹമ്മദുമതമല്ലെന്നും ബ്രാഹ്‌മണര്‍ വാദിച്ചു. അവസാനം ഇസ്ലാം മത പണ്ഡിതന്മാരുമായുള്ള രഹസ്യ ധാരണയോടെ രാജാവ് ‘ഒരു പരീക്ഷ നടത്തി അതില്‍ നിങ്ങള്‍ തോറ്റാല്‍ മതം മാറാന്‍ തയ്യാറാണോ’ എന്ന് ബ്രാഹ്‌മണരോട് ചോദിച്ചു. ‘തയ്യാറാണ്. അതിന് ഒരൊന്നൊന്നര മാസം സമയം വേണം’ എന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ ജയിച്ചാല്‍ പെരുമാളും മുസല്‍മാന്മാരും ഹിന്ദുമതത്തിലേയ്ക്ക് മാറുമോ എന്ന് ചോദിക്കാന്‍ അന്ന് ബ്രാഹ്‌മണര്‍ക്ക് കഴിഞ്ഞില്ല. അത് അചിന്ത്യമാണ്. കാരണം അക്കാലത്ത് ഇങ്ങോട്ട് മതം മാറലില്ലല്ലോ. പാവം ബ്രാഹ്‌മണര്‍ തല്‍ക്കാലം പെട്ടെന്ന് ഒഴിവാകാന്‍ വേണ്ടി വെറുതെ ഒരു അവധി ചോദിച്ചതാണ്. വേറെ പദ്ധതിയൊന്നും ഉണ്ടായിരുന്നില്ല. ‘പെരുമാളുടെ പരീക്ഷ എന്താവും? അതില്‍ തോല്‍വി പറ്റുമോ? തോറ്റാല്‍ എന്തായിരിക്കും തങ്ങളുടെ ഗതി?’ എന്നൊക്കെയുള്ള വിചാരം നിമിത്തം അവര്‍ ഏറ്റവും വിഷണ്ണരായി. എങ്കിലും സര്‍വ്വസാക്ഷിയായിരിക്കുന്ന സകലേശ്വരന്‍ തങ്ങളെ ഉപേക്ഷിക്കുകയില്ലെന്നുള്ള ധൈര്യം അവര്‍ക്കുണ്ടായിരുന്നു. അവര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അങ്ങനെയിരിക്കെ ഒരു ദിവ്യന്‍ ആ വഴി വന്നു. ബ്രാഹ്‌മണരുടെ ദു:ഖത്തിന്റെ കാരണം മനസ്സിലാക്കിയ ആ യോഗീശ്വരന്‍ അവര്‍ക്ക് ഒരു മന്ത്രം ഉപദേശിച്ചു കൊടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു നിങ്ങള്‍ സങ്കടപ്പെടേണ്ട തൃക്കാരിയൂര്‍ ക്ഷേത്രത്തില്‍ പോയി ഈ മന്ത്രം ജപിച്ച് ദേവനെ പ്രദക്ഷിണം ചെയ്ത് 41 ദിവസം ഭജനയിരിക്കുക. ഭജനയ്ക്ക് ശേഷം പെരുമാളുടെ പരീക്ഷയ്ക്ക് തയ്യാറായി പോകുക. അവര്‍ അവരുടെ കൂട്ടക്കാരനായി മാറിയ പെരുമാളെ സ്വാധീനിച്ച് നിങ്ങളെ ചതിക്കാന്‍ നോക്കും. പരീക്ഷ എന്തായിരിക്കും എന്നും കൂടി ദിവ്യന്‍ പറഞ്ഞു കൊടുത്തു. ഒരു കുടത്തില്‍ കൃഷ്ണസര്‍പ്പത്തെ ഇട്ട് മൂടി വെച്ച് അതില്‍ എന്താണ് എന്ന് ചോദിക്കും. നിങ്ങള്‍ ‘താമര’ എന്നേ പറയാവൂ. അവര്‍ എന്ത് ഭരണിയ്ക്കുള്ളില്‍ വെച്ചാലും നിങ്ങള്‍ കയ്യിട്ടെടുത്ത് കാട്ടിക്കൊടുക്കുന്നത് താമര തന്നെയായിരിക്കും. അതിനു നിങ്ങളെ സര്‍വേശ്വരന്‍ രക്ഷിക്കും. പക്ഷെ മന്ത്രവും ജപവുമൊന്നും മുടക്കരുത്. അത് പറഞ്ഞ് ആ യോഗീശ്വരന്‍ പോയി. എല്ലാം പറഞ്ഞ പോലെ സംഭവിച്ചു. കുടത്തില്‍ കരിമൂര്‍ഖന്‍ എന്ന് മുഹമ്മദീയരും താമരപ്പൂ എന്ന് ബ്രാഹ്‌മണരും പറഞ്ഞു. പെരുമാള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ബ്രാഹ്‌മണന്‍ കയ്യിട്ട് താമരപ്പൂവെടുത്ത് കാട്ടി.
‘ഭരണിയില്‍ കയ്യിടുന്ന ബ്രാഹ്‌മണന്‍ പാമ്പുകടിയേറ്റ് മരിക്കുന്നത് കാണാന്‍ സന്തോഷത്തോടെ കാത്തിരുന്ന പെരുമാളും മുഹമ്മദീയരും താമരപ്പൂ കണ്ടപ്പോള്‍ അത്യന്തം വിസ്മയരാവുകയും മുഹമ്മദീയര്‍ ലജ്ജാവനതമുഖന്മാരായി ഒന്നും പറയാതെ ഉടന്‍ തന്നെ അവിടെ നിന്ന് എണീറ്റ് പോകുകയും ചെയ്തു’ എന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണിയേട്ടന്‍.
‘ഹ ഹ.. അങ്ങനെ മലയാള ബ്രാഹ്‌മണകുലം രക്ഷപ്പെട്ടു. മലയാളി ഹിന്ദുക്കളും. പക്ഷെ ഇതില്‍ ക്ഷാത്രവീര്യം എവിടെ?’
‘അത് പറയാം. പെരുമാക്കന്മാര്‍ക്ക് മുന്‍പ് തന്നെ കേരള ബ്രാഹ്‌മണരില്‍ ചിലര്‍ ആയോധനകല അഭ്യസിക്കുകയും ആയുധം ധരിക്കുകയും ചെയ്തിരുന്നു. തൃക്കാരിയൂര്‍ ഭജനയിരിക്കുന്ന സമയം ബ്രാഹ്‌മണരുടെ രക്ഷക്കായി, മുഹമ്മദീയര്‍ ഉപദ്രവിക്കാന്‍ ചെന്നാല്‍ തടുക്കാനായി, ഈ അഭ്യാസികളായ ബ്രാഹ്‌മണരെയും ഒപ്പം കൂട്ടി. അവര്‍ അവിടെ താമസിച്ചിരുന്ന കാലത്ത് രാത്രിയില്‍ നേരമ്പോക്കിനായി കെട്ടിക്കൂട്ടിയുണ്ടാക്കിയ തമാശപ്പാട്ടും കോമാളി ഡാന്‍സുമൊക്കെ പതിവാക്കി. അതാണ് ഈ പാനകളി അഥവാ സംഘക്കളിയുടെ ഉദ്ഭവം.’
‘അന്നേ സംഘികളുടെ കളിയില്‍ താമരയുണ്ടായിരുന്നു അല്ലെ? പില്‍ക്കാലത്ത് നമ്പൂതിരിമാര്‍ വാളും പരിചയും ഉപേക്ഷിച്ചതെന്താ?’
‘ചില ബ്രാഹ്‌മണ പണ്ഡിതര്‍ ആയോധനവിദ്യ അഭ്യസിക്കുകയും ആയുധം കൊണ്ട് നടക്കുകയും ചെയ്യുന്നവര്‍ക്ക് വേദാര്‍ഹതയില്ലെന്ന് വിധിച്ചു. അങ്ങനെ ക്ഷാത്ര വീര്യം നഷ്ടമായി. പാനകളിയില്‍ അത്തരം അഭിനയങ്ങള്‍ ഉണ്ട്.
പണ്ട് തൃക്കാരിയൂര്‍ ക്ഷേത്രത്തില്‍ കളി നടന്നുകൊണ്ടിരുന്നപ്പോള്‍ ഒരു കരനാഥന്‍ നാടുവാഴി വന്ന് ‘ഇത് നമ്മുടെ ദേശമാണ് ഇവിടെ കൊട്ടും പാട്ടും ഒന്നും പാടില്ല’ എന്ന് പറഞ്ഞു കലശല് കൂട്ടിയത്രേ. തമാശക്കാരായ നമ്പൂതിരിമാര്‍ അതിനെ അനുസ്മരിച്ച് ‘കണ്ടപ്പന്‍ പുറപ്പാട്’ എന്നൊരു ഐറ്റം കൂടി പാനകളിയില്‍ കൂട്ടിയത്രെ.’
‘അത് നന്നായി’. ചന്ദ്രനുണ്ണി ചിരിച്ചു. അപ്പോള്‍ ശ്രീമതി വന്നു ‘ഇത്തിരി കാപ്പി എടുക്കട്ടേ’ എന്ന് ചോദിച്ചു.
‘വേണ്ട. സമയം കുറെയായി. ഞാന്‍ വരട്ടെ’ എന്ന് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ ചന്ദ്രനുണ്ണി ‘എന്നാല്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പിരിക്കാന്‍ വരണേ..’എന്ന് പറഞ്ഞു.
‘ഹ..ഹ..ഹ..’ ഒരു കൂട്ടച്ചിരിശബ്ദം ഗേറ്റ് വരെ നീണ്ടു.