ഭാരതത്തില്‍ അനേകം ഹിന്ദുസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ആദ്ധ്യാത്മികരംഗത്തു പ്രവര്‍ത്തിക്കുന്നവയും സേവനരംഗത്തു പ്രവര്‍ത്തിക്കുന്നവയും ചുരുക്കം ചില സംഘടനകള്‍ ഹിന്ദുക്കളുടെ നിലനില്‍പ്പിന് ദോഷകരമാകുന്ന മതപരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റെ നൂറ്റാണ്ടാണ് എന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ ഭാരതത്തില്‍ 1200 വര്‍ഷത്തിലേറെക്കാലമായി ഹിന്ദുക്കളെ മതംമാറ്റാനും ഹിന്ദുസംസ്‌കാരത്തെ നശിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്ന് നമുക്കറിയാം. ഇങ്ങനെ ഹിന്ദുവിരുദ്ധശക്തികള്‍ അവരുടെ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിനെതിരായ അനുരണനങ്ങള്‍ സ്വാഭാവികമായും ഉണ്ടാകുന്നുമുണ്ട്. എല്ലാ ഹിന്ദുവിരുദ്ധശക്തികളും ഒരേ ശബ്ദത്തില്‍ എതിര്‍ക്കുന്ന പ്രസ്ഥാനം ആര്‍.എസ്.എസ്. ആണ്. ഇതര ഹിന്ദുസംഘടനകള്‍ അവരുടെ എതിര്‍പ്പിന് കാരണമാകുന്നില്ല. എന്താണ് ഇതിനുകാരണം? ആര്‍.എസ്.എസ്. വര്‍ഗീയമാണ്, ഫാസിസ്റ്റാണ് എന്നെല്ലാമാണ് എതിരാളികള്‍ നിരത്തുന്ന വാദഗതികള്‍. അവ ശരിയാണോ? അതോ തങ്ങളുടെ ലക്ഷ്യത്തിന് ആര്‍.എസ്.എസ്. തടസ്സമാണ് എന്നതിനാല്‍ അവര്‍ നടത്തുന്ന പ്രചരണം മാത്രമാണോ?
മറ്റ് ഹിന്ദുസംഘടനകളില്‍ നിന്ന് ആര്‍.എസ്.എസ്സിനെ വ്യത്യസ്തമാക്കുന്നതെന്താണ്? ആര്‍.എസ്.എസ്. മാത്രമാണ് ഹിന്ദുസംഘടനകളില്‍ ബഹുമുഖമായി വളര്‍ന്നുപന്തലിച്ചത്. അതിന് ആര്‍.എസ്.എസ്സിന്റെ ശാഖയോടൊപ്പം ആര്‍.എസ്.എസ്സില്‍ നിന്ന് പ്രചോദനം നേടിയ അനേകം സംഘടനകള്‍ ജീവിതത്തിന്റെ ഓരോ രംഗത്തും ഉണ്ടായി. എന്താണ് ഈ അത്ഭുതകരമായ വളര്‍ച്ചയുടെ രഹസ്യം?
1925 ല്‍ ആര്‍.എസ്.എസ്. തുടങ്ങിയ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ‘ഭാരതം ഹിന്ദുരാഷ്ട്രമാണ്’ എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിലെ ഹിന്ദുക്കളെ സംഘടിപ്പിക്കാനാണ് ആരംഭിച്ചത്. ഭാരതത്തിന്റെ ദേശീയത ഹിന്ദുത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍.എസ്.എസ്. തുടങ്ങിയപ്പോള്‍ തന്നെ ഡോ. ഹെഡ്‌ഗേവാര്‍ അതിന്റെ പ്രവര്‍ത്തനം ‘വ്യക്തിനിര്‍മ്മാണം’ മാത്രമാണെന്ന് പറഞ്ഞിരുന്നു. ”സംഘം വ്യക്തിനിര്‍മ്മാണം മാത്രം നടത്തും. മറ്റൊന്നും അത് ചെയ്യില്ല. എന്നാല്‍ സ്വയംസേവകര്‍ എല്ലാ പ്രവര്‍ത്തനവും ചെയ്യും.” വ്യക്തിനിര്‍മ്മാണം കൊണ്ട് ആര്‍.എസ്.എസ്. ലക്ഷ്യമാക്കിയത് ”ആദ്യം രാഷ്ട്രം, പിന്നെ സംഘടന, അതിനുശേഷം ഞാന്‍” എന്ന് കരുതുന്ന വ്യക്തികളെ സൃഷ്ടിക്കുകയെന്നതാണ്. ദേശീയവ്യക്തിത്വം ഉള്‍ക്കൊണ്ട ഇത്തരം വ്യക്തികളെ ചേര്‍ത്ത് അഖില ഭാരതീയമായി ഒരു ഹിന്ദു സംഘടന നിര്‍മ്മിക്കുക എന്നതാണ് അദ്ദേഹം ഉദ്ദേശിച്ചത്.
ആര്‍. എസ്. എസ്സിന്റെ സവിശേഷത
ഭാരതത്തില്‍ ജന്മംകൊണ്ട ഹിന്ദുസംഘടനകളെല്ലാം ഹിന്ദുധര്‍മ്മത്തേയും ഹിന്ദുസംസ്‌കാരത്തേയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ആര്‍.എസ്.എസ്. മാത്രമാണ് ‘ഹിന്ദുധര്‍മ്മത്തേയും ഹിന്ദുസംസ്‌ക്കാരത്തേയും ഹിന്ദുജനതയേയും’ സംരക്ഷിക്കും എന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ളത്. ഹിന്ദുജനതയെ രക്ഷിക്കുകയെന്നതിന് മറ്റുള്ളവര്‍ പ്രാമുഖ്യം നല്‍കിയില്ല. എന്നാല്‍ ഹിന്ദുക്കളുണ്ടായാല്‍ മാത്രമേ ഹിന്ദുധര്‍മ്മവും ഹിന്ദുസംസ്‌കാരവും നിലനില്‍ക്കൂ. ഹിന്ദുജനത ഇല്ലാതായ അഥവാ കുറഞ്ഞ എല്ലാ പ്രദേശങ്ങളിലും ഹിന്ദുധര്‍മ്മവും ഹിന്ദുസംസ്‌കാരവും ഇല്ലാതായി. ഏറ്റവും അടുത്ത ഉദാഹരണമാണ് പാകിസ്ഥാന്‍. അതുകൊണ്ട് ഹിന്ദുധര്‍മ്മവും ഹിന്ദുസംസ്‌കാരവും നിലനില്‍ക്കാനുള്ള മുന്നുപാധിയാണ് ഹിന്ദുജനതയുടെ രക്ഷ. ആര്‍.എസ്.എസ്. ഇത് മനസ്സിലാക്കുന്നു. അതുകൊണ്ട് ദേശവ്യാപകമായ ഹിന്ദുസംഘടന ദേശീയപുനരുദ്ധാരണത്തിന് ആവശ്യമാണ്. ദേശവ്യാപകമായ ഹിന്ദുസംഘടന ഹിന്ദുക്കളുടെ രക്ഷയ്ക്കും അനിവാര്യമാണ്. ഇങ്ങനെ ഹിന്ദുജനതയുടെ രക്ഷ എന്നത് ലക്ഷ്യമാക്കുന്നുവെന്നതാണ് ആര്‍.എസ്.എസ്സിനെ ഇതര ഹിന്ദുസംഘടനകളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്.
ഹിന്ദുജനതയുടെ രക്ഷ
‘ഹിന്ദുജനതയെ രക്ഷിക്കുക’ എന്നതിന് ശത്രുക്കളില്‍ നിന്ന് രക്ഷിക്കുക എന്നത് മാത്രമല്ല അര്‍ ത്ഥം. ഒരു ജനത നശിക്കാന്‍ ആന്തരികമായ കാരണങ്ങളുമുണ്ടായേക്കാം. 1200 വര്‍ഷം നീണ്ടുനിന്ന വൈദേശികാടിമത്ത കാലഘട്ടത്തില്‍ ഹിന്ദുജനത ക്രൂരമായ പീഡനങ്ങള്‍ക്കിരയായി. ഈ പീഡനത്തിനറുതി വരുത്തുവാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഹിന്ദുജനത ഉള്‍വലിഞ്ഞു. ഒറ്റപ്പെട്ടുനിന്നതു കാരണം വൈദേശികാശയങ്ങള്‍ തിരസ്‌ക്കരിക്കാനും ശ്രമിച്ചു. ഫലം ഈ ഉള്‍വലിയല്‍ അനേകം തരത്തിലുള്ള തിന്മകള്‍ക്ക് രൂപം നല്‍കി. വര്‍ണവ്യവസ്ഥ ജാതി വ്യത്യാസമായി അധപ്പതിച്ചു. തൊട്ടുകൂടായ്മ, അയിത്തം, ഉച്ചനീചത്വം തുടങ്ങി അനേകം അനാചാരങ്ങള്‍ സമൂഹജീവിതത്തെ ദുര്‍ബലമാക്കി. അതിനാല്‍ ജാതിപോലുള്ള അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതും ഹിന്ദുജനതയെ രക്ഷിക്കാന്‍ ആവശ്യമായിരുന്നു. ജീവിക്കാനായി ഭാരതം വിദേശികളുമായി മല്ലടിക്കുന്ന കാലഘട്ടത്തില്‍ ലോകം – പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങള്‍ – അനേകം പുതിയ ആശയങ്ങളും ഉല്‍പ്പാദനരീതികളും കണ്ടെത്തി. ഇക്കാലങ്ങളിലെല്ലാം ഭാരതം പുറകിലായിരുന്നു. ഭാരതീയസമൂഹം ഒരുതരം നിശ്ചലാവസ്ഥയിലായിരുന്നു. ലോകം പുരോഗമിച്ചപ്പോള്‍ ഭാരതം പിന്തള്ളപ്പെട്ടു. ഇക്കാലത്താണ് മുതലാളിത്തം, കമ്യൂണിസം, സാമ്രാജ്യത്വം, വ്യാവസായികവിപ്ലവം, ഫ്രഞ്ചുവിപ്ലവം, റഷ്യന്‍വിപ്ലവം, രണ്ട് ലോകമഹായുദ്ധങ്ങള്‍ ഇവയെല്ലാം ഉണ്ടായത്. ഈ സമയത്തെല്ലാം ഭാരതം വൈദേശികനുകത്തിന്‍ കീഴില്‍നിന്ന് മോചനം നേടാന്‍ പൊരുതുകയായിരുന്നു. അതുകൊണ്ട് ഇവയോട് പ്രതികരിക്കാന്‍ ഭാരതത്തിനായില്ല.
എന്നാല്‍ സ്വതന്ത്രഭാരതം രൂപപ്പെട്ടപ്പോള്‍ ചരിത്രത്തിലെ എല്ലാത്തരം പരിണാമങ്ങളോടും പ്രതികരിക്കുകയും പുതിയ സാഹചര്യത്തില്‍ ലോകത്തിന് മാര്‍ഗദീപം തെളിയിച്ചുകൊടുക്കുകയും ചെയ്യേണ്ട ചുമതല ഭാരതത്തിനായിരുന്നു. കേവലം വൈദേശികാധിപത്യത്തിന്റെ സ്ഥാനത്ത് തദ്ദേശീയര്‍ ഭരണകര്‍ത്താക്കളാകുകയെന്നതല്ല മറിച്ച് രാഷ്ട്രത്തിന്റെ ആത്മാവിനെ ആവിഷ്‌ക്കരിക്കാനുള്ള വഴിയൊരുക്കലാണ് സ്വാതന്ത്ര്യം എന്ന വസ്തുത നാമോര്‍ക്കണം. നിര്‍ഭാഗ്യവശാല്‍ സ്വത ന്ത്രഭാരതത്തിന്റെ പുതിയ സാരഥികള്‍ക്ക് ഇത്തരമൊരു വീക്ഷണം ഉണ്ടായിരുന്നില്ല. അവര്‍ക്ക്, സ്വാതന്ത്ര്യമെന്നത് കേവലം ഭരണമാറ്റം മാത്രമായിരുന്നു. ഈ പുതിയ സാഹചര്യത്തില്‍ ആര്‍.എസ്.എസ്സിന് രാഷ്ട്രത്തിന്റെ കടമകള്‍ നിര്‍വ്വഹിക്കാനും ഉണ്ടായിരുന്നു. ദേശീയമായ കര്‍ത്തവ്യത്തോടൊപ്പം ഈ ആഗോളദൗത്യവും കൂടി ആര്‍.എസ്.എസ്സില്‍ നിക്ഷിപ്തമായി.
മറ്റ് ഹിന്ദുസംഘടനകളില്‍നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനപദ്ധതിയും ഇതിനായി ആര്‍.എസ്.എസ്. സ്വീകരിച്ചു. അത് വ്യക്തിനിര്‍മ്മാണത്തില്‍ മാത്രം ശ്രദ്ധിച്ചു. ഇങ്ങനെ ആര്‍.എസ്.എസ്. നിര്‍മ്മിച്ച വ്യക്തികള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും മാറ്റങ്ങളുണ്ടാക്കി. സമൂഹത്തിന്റെ എല്ലാ മേഖലകളേയും ദേശീയതയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുക എന്നതായിരുന്നു ആര്‍.എസ്.എസ്സിന്റെ വഴി. ഓരോ മേഖലയിലും ഭാരതീയ ചിന്താപദ്ധതിക്കും കാലത്തിനും യോജിച്ച ആശയങ്ങള്‍ക്കു രൂപം നല്‍കി. ഇങ്ങനെ രാഷ്ട്രത്തിന്റെ സര്‍വ്വതോമുഖമായ പരിവര്‍ത്തനം നേടാനായി ആര്‍.എസ്.എസ് പ്രവര്‍ത്തിച്ചു. സ്വതന്ത്രഭാരതത്തിനെ ദേശീയമായി സംഘടിപ്പിക്കുന്നതോടൊപ്പം ലോകത്തിന് പുതിയ മാര്‍ഗം തെളിയിക്കാനും ആര്‍.എസ്.എസ്. ശ്രമിച്ചു. ലോകത്ത് നിലവിലുണ്ടായിരുന്ന സംഘര്‍ഷത്തിന്റെ തത്വങ്ങള്‍ക്കുപകരം സമന്വയത്തിലധിഷ്ഠിതമായ ഏകാത്മമാനവദര്‍ശനം അത് ആവിഷ്‌ക്കരിച്ചു.
ദേശീയപരിവര്‍ത്തനം
രാഷ്ട്രജീവിതത്തിന്റെ എല്ലാ മേഖലകളേയും ദേശീയതയുടെ അടിസ്ഥാനത്തില്‍ ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്നു. അതിന്നായി ആര്‍.എസ്.എസ്സിന്റെ ആശയത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് വിവിധ രംഗങ്ങളില്‍ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രസ്ഥാനങ്ങള്‍, അവ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ ദേശീയ പൈതൃകത്തിനും സംസ്‌കാരത്തിനും യോജിച്ച മാറ്റങ്ങള്‍ കൊണ്ടുവരുന്നു. അങ്ങിനെ മുഴുവന്‍ രാഷ്ട്രവും ദേശീയതയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെടുന്നു.
ദേശീയസംഘടനകള്‍ കാലാനുസൃതമായി ഭാരതീയ ജീവിതപദ്ധതിക്ക് രൂപം നല്‍കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ലോകക്രമം ഉണ്ടാക്കണം. സമന്വയത്തിന്റെ തത്വശാസ്ത്രമാണ് പുതിയ ലോകക്രമത്തിന് ആധാരമാകുന്നത്. അവകാശങ്ങള്‍ക്കുപകരം കടമകളില്‍ അധിഷ്ഠിതമായ ജീവിതപദ്ധതി, കുടുംബഭാവന എന്നിവയുടെ അടിസ്ഥാനത്തില്‍ ജീവിതത്തെ സംഘര്‍ഷമുക്തമാക്കി വളര്‍ത്തിയെടുക്കുകയെന്നത് ആര്‍.എസ്.എസ്സിന്റെ വിശ്വദൗത്യമാണ്.
ഇക്കാര്യങ്ങള്‍ക്കായി വിവിധ സംഘടനകള്‍ തുടങ്ങി. അവ അതതുഭാഗത്ത് ആവശ്യമായ ആശയങ്ങള്‍ക്ക് രൂപം നല്‍കി. ആഗോളദൗത്യം നടപ്പാകണമെങ്കില്‍ ഏകാത്മമാനവദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള സമൂഹസൃഷ്ടിക്രമം ഭാരതത്തില്‍ ആദ്യമേ വിജയിക്കണം. അതിനുവേണ്ടിക്കൂടിയാണ് വിവിധ രംഗങ്ങളില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍. ഭാവിസമൂഹത്തിന്റെ ‘പ്രോട്ടോടൈപ്പ്’ ആണ് വിവിധ രംഗങ്ങളിലെ ഈ പ്രവര്‍ത്തനങ്ങള്‍.
ഭാരതീയ ജനതാപാര്‍ട്ടി
ബിജെപിയുടെ ആദര്‍ശാടിത്തറ ഏകാത്മമാനവദര്‍ശനമാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള ഭരണവ്യവസ്ഥ നിര്‍മ്മിക്കാനാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ബിജെപി ദേശീയതയ്ക്കു പ്രാധാന്യം നല്‍കുന്നു. സമന്വയത്തിന്റെ അടിസ്ഥാനത്തിലുള്ള ലോകവ്യവസ്ഥയാണ് ബിജെപി വിഭാവന ചെയ്തിട്ടുള്ളത്. ‘വസുധൈവകുടുംബകം’, ‘ഏകം സദ് വിപ്രാഃ ബഹുധാ വദന്തി’ തുടങ്ങിയ ആശയങ്ങള്‍ ബിജെപി സ്വീകരിച്ചിരിക്കുന്നു. ഏകാത്മമാനവദര്‍ശനം നവലോകത്തിന്റെ ജീവിതവ്യവസ്ഥയാണ്.
ഭാരതീയ മസ്ദൂര്‍ സംഘം
ഭാരതീയ മസ്ദൂര്‍ സംഘം ഇന്ന് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമാണ്. അത് മുന്നോട്ടുവെയ്ക്കുന്ന പുതിയ ആശയമാണ് തൊഴിലാളിയും മുതലാളിയും വ്യത്യസ്ത വര്‍ഗങ്ങളല്ല മറിച്ച് ഒരേ തൊഴിലാളി കുടുംബത്തിലെ അംഗങ്ങളാണ് എന്നത്. ബോണസ് എന്നത് നീക്കിവെയ്ക്കപ്പെട്ട വേതനമാണ് എന്ന ആശയം ആദ്യമായി ഉന്നയിച്ചത് ബിഎംഎസ് ആണ്. ബഹുജനസംഘടനകള്‍ (ബിഎംഎസ് അടക്കം) കക്ഷിരാഷ്ട്രീയത്തിന്നതീതമായി പ്രവര്‍ത്തിക്കേണ്ടതാണെന്ന് ബിഎംഎസ് കരുതുന്നു. ‘ബഹുജനസംഘടനകള്‍ സാമൂഹ്യഅങ്കുശം (Social Deterrent) ആയി പ്രവര്‍ത്തിക്കണം’, ‘ദേശീയവല്‍ക്കരിക്കപ്പെട്ട തൊഴിലാളി, തൊഴിലാളിവല്‍ക്കരിക്കപ്പെട്ട വ്യവസായം, വ്യവസായവല്‍ക്കരിക്കപ്പെട്ട രാഷ്ട്രം’ എന്നീ ആശയങ്ങളും ബിഎംഎസിന്റേതാണ്. തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ മാത്രമല്ല കടമകള്‍ കൂടി ഉണ്ട് എന്ന് ബി.എം.എസ്സ്. പ്രഖ്യാപിച്ചു.
അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്
ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥിപ്രസ്ഥാനമാണ് അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി). വിദ്യാഭ്യാസകുടുംബം, കക്ഷിരാഷ്ട്രീയത്തിനതീതമായ വിദ്യാര്‍ത്ഥിസംഘടന, നിര്‍മ്മാണാത്മകപ്രവര്‍ത്തനം എന്നിവയിലൂന്നി പ്രവര്‍ത്തിക്കുന്ന എബിവിപി, ‘ഇന്നത്തെ പൗരനാണ് വിദ്യാര്‍ത്ഥി’ എന്നും കരുതുന്നു.
വിശ്വഹിന്ദു പരിഷത്ത്
ഹിന്ദുത്വത്തിലെ പുഴുക്കുത്താണ് ജാതിവ്യത്യാസം. വിശ്വഹിന്ദുപരിഷത്ത് ജാതിവ്യത്യാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ‘നഃ ഹിന്ദു പതിതോ ഭവേത്’ എന്നതാണ് വി.എച്ച്.പിയുടെ മുദ്രാവാക്യം. ഹിന്ദുക്കളെ മതംമാറ്റുന്നതിന് എതിരായി വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തിക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ ഘടകമായ ബജ്‌റംഗദള്‍ ഹിന്ദുക്കള്‍ നേരിടുന്ന അക്രമത്തിന് എതിരായി പൊരുതുന്നു. ചുരുക്കത്തില്‍ വിശ്വഹിന്ദു പരിഷത്ത് ശത്രുക്കളില്‍ നിന്ന് ഹിന്ദുത്വത്തെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം ഹിന്ദുത്വത്തെ അനാചാരമുക്തമാക്കാനും പ്രവര്‍ത്തിക്കുന്നു.
വനവാസി കല്യാണ്‍ ആശ്രമം
ഭാരതത്തിലെ വനവാസികളെ ക്രിസ്ത്യന്‍ പാതിരിമാര്‍ വന്‍തോതില്‍ മതംമാറ്റാന്‍ തുടങ്ങി. വനവാസികളുടെ ക്ഷേമത്തിനായി തുടങ്ങിയ പ്രസ്ഥാനമാണ് വനവാസി കല്യാണാശ്രമം. വനവാസികളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി അത് പ്രവര്‍ത്തിക്കുന്നു. അനേകം വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആരോഗ്യപരിപാലനകേന്ദ്രങ്ങള്‍, സാംസ്‌കാരികകേന്ദ്രങ്ങള്‍ തുടങ്ങിയവ വനവാസികള്‍ക്കിടയില്‍ കല്യാണാശ്രമം നടത്തുന്നു.
വിദ്യാഭാരതി
ഭാരതീയ വിദ്യാഭ്യാസപദ്ധതി ആധുനികകാലഘട്ടത്തിനനുസരിച്ച് പുനരാവിഷ്‌ക്കരിക്കാനാണ് വിദ്യാഭാരതി തുടങ്ങിയത്. മാതൃഭാഷാപഠനം, ഭാരതീയചരിത്രപഠനം തുടങ്ങിയവയും വിദ്യാഭാരതി നടപ്പാക്കുന്നു. ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര വിദ്യാഭ്യാസപ്രവര്‍ത്തനമാണ് വിദ്യാഭാരതി നടപ്പാക്കുന്നത്.
മഹിളാസമന്വയം
സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം വളരെ പ്രധാനമാണ്. സ്ത്രീകളെ പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാക്കുക, സ്ത്രീനേതൃത്വം വര്‍ദ്ധിതമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ മഹിളാസമന്വയപ്രവര്‍ത്തനം നടക്കുന്നു.
സേവാഭാരതി
സമൂഹത്തില്‍ അശരണരും ആര്‍ത്തരുമായവരെ സഹായിക്കാന്‍ തുടങ്ങിയ പ്രസ്ഥാനമാണ് സേവാഭാരതി. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിടത്തെല്ലാം സ്തുത്യര്‍ഹമായ സേവനം സേവാഭാരതി കാഴ്ചവെച്ചിട്ടുണ്ട്.
ഇതുകൂടാതെ അഭിഭാഷക പരിഷത്ത്, മത്സ്യപ്രവര്‍ത്തക സംഘം, വിജ്ഞാന്‍ഭാരതി, പ്രജ്ഞാപ്രവാഹ്, വിശ്വസംവാദകേന്ദ്രം, ദീന്‍ദയാല്‍ റിസര്‍ച്ച് സെന്റര്‍, വിവേകാനന്ദകേന്ദ്രം, ബാലഗോകുലം, ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദുമുന്നണി, ഭാരതീയ വിചാരകേന്ദ്രം തുടങ്ങി അനേകം പ്രസ്ഥാനങ്ങള്‍ ആര്‍.എസ്.എസ്സില്‍ നിന്ന് പ്രേരണ നേടി പ്രവര്‍ത്തിക്കുന്നു.
ഇങ്ങനെ ഭാരതത്തില്‍ ഹിന്ദുജനതയെ രക്ഷിക്കുക എന്ന കര്‍മ്മത്തിലൂടെ ഹിന്ദുധര്‍മ്മത്തേയും ഹിന്ദുസംസ്‌കാരത്തേയും രക്ഷിക്കുകയാണ് ആര്‍.എസ്.എസ്സിന്റെ ദേശീയദൗത്യം. അതിനായി ആര്‍.എസ്.എസ്. തെരഞ്ഞെടുത്ത മാര്‍ഗം വ്യക്തിനിര്‍മ്മാണമാണ്. അതേസമയം ജനതയെ രക്ഷിക്കുകയെന്നതിന് അനാചാരങ്ങള്‍ അവസാനിപ്പിക്കുക, കാലത്തിനനുസരിച്ച് പുരോഗമിക്കുക, നിശ്ചലത ഇല്ലാതാക്കുക എന്നീ കാര്യങ്ങളും ഉണ്ട്. അതുകൊണ്ട് ആര്‍.എസ്.എസ്. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തനത്തിന് പ്രേരണ നല്‍കുന്നു. പടര്‍ന്നുപന്തലിച്ച അരയാലിനെപ്പോലെ ഓരോ രംഗത്തും സ്വയംപോഷിപ്പിക്കുന്നതോടൊപ്പം തായ്ത്തടിയെയും പോഷിപ്പിക്കണം. ഇതാണ് ആര്‍.എസ്.എസും മറ്റ് ഹിന്ദുസംഘടനകളും തമ്മിലുള്ള പ്രധാനവ്യത്യാസം.
ആര്‍.എസ്.എസ്സിന്റെ ആഗോളദൗത്യം
ഹിന്ദുത്വത്തിന് ഒരു ആഗോളദൗത്യമുണ്ട്. അത് ഏകാത്മമാനവദര്‍ശനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നു. സമന്വയമാണ് ജീവിതത്തിനാധാരം എന്നത് ലോകവ്യവസ്ഥിതിയില്‍ വളരെ പ്രധാനമാണ്. പാശ്ചാത്യദര്‍ശനം വ്യക്തി അധിഷ്ഠിതമാണ്. എന്നാല്‍ ഹിന്ദുവിന്റേത് സാമൂഹ്യമാണ്. ‘അഹം’ അല്ല ‘വയം’ ആണ് അതിന്റെ അടിസ്ഥാനം. വ്യക്തിയെ സമൂഹത്തിന്റെ അവസാനയൂണിറ്റായി പാശ്ചാത്യദര്‍ശനം കരുതുമ്പോള്‍ ഹിന്ദുദര്‍ശനം കുടുംബത്തെയാണ് അങ്ങനെ കാണുന്നത്. പാശ്ചാത്യര്‍ അവകാശങ്ങള്‍ക്കായി വാദിക്കുമ്പോള്‍ ഹിന്ദുദര്‍ശനം കടമകളിലാണ് പ്രാധാന്യം കാണുന്നത്. അങ്ങനെ സംഘര്‍ഷഭരിതമായ ഒരു സമൂഹത്തിന്റെ സ്ഥാനത്ത് കടമകളിലധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിയാണ് ഹിന്ദുത്വം മുന്നോട്ടുവെക്കുന്നത്.
വ്യക്തി മുതല്‍ പരമേഷ്ടി വരെയുള്ള എല്ലാ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്നാണ് ഭാരതീയ വിശ്വാസം. വ്യക്തിയുടെ വികാസമാണ് കുടുംബം, കുടുംബത്തിന്റെ വികാസം സമൂഹവും. ഇങ്ങിനെ ഓരോ ഘടകവും വികസിച്ച് പ്രപഞ്ചത്തോളം വളരുന്നു. ഈ വികാസം അഖണ്ഡമണ്ഡലാകാര (Spiral)മാണ്. എന്നാല്‍ പാശ്ചാത്യചിന്തയില്‍ വ്യക്തി, കുടുംബം, സമൂഹം എന്നിവ പരസ്പരബന്ധമില്ലാത്ത വൃത്തങ്ങളാണ്. സ്പ്രിംഗിന്റെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന സമ്മര്‍ദ്ദം അതില്‍ മുഴുവന്‍ വ്യാപിക്കുന്നു. അതേപോലെ പ്രപഞ്ചത്തിലെ ഏതെങ്കിലും ഘടകത്തിലുണ്ടാകുന്ന മാറ്റം പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളെയും ബാധിക്കുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യുന്നത് പ്രകൃതിവിഭവങ്ങളുടെ നാശത്തിലേക്ക് നയിക്കും. അതുകൊണ്ട് പ്രകൃതിയെ കറന്നെടുക്കുക മാത്രമേ പാടുള്ളു എന്നതാണ് ഭാരതീയവീക്ഷണം. മിതമായ ഉപഭോഗം ആണ് വേണ്ടത്.
ഇതിനായി, ധര്‍മ്മം, അര്‍ത്ഥം (സമ്പത്ത്), കാമം (ഉപഭോഗം), മോക്ഷം എന്നീ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതലക്ഷ്യം തീരുമാനിച്ചു. പാശ്ചാത്യനാടുകളില്‍ സമ്പത്തും ഉപഭോഗവും (അര്‍ത്ഥവും കാമവും) മാത്രമേയുള്ളു. എന്നാല്‍, അര്‍ത്ഥവും കാമവും നേടേണ്ടത് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം, സമ്പത്തിന്റെ ഉപഭോഗമാകട്ടെ മോക്ഷത്തിന് അനുഗുണവും ആയിരിക്കണം എന്നതാണ് ഭാരതത്തില്‍.
ലോകത്ത് അനേകം മതങ്ങളുണ്ട്. എല്ലാ മതങ്ങളും ഈശ്വരനിലേക്ക് നയിക്കുന്നവയാണെന്നാണ് ഭാരതീയ വിശ്വാസം. ഓരോ വ്യക്തിയുടേയും മാനസികവും ആദ്ധ്യാത്മികവും ആയ ഉന്നതിക്കനുസരിച്ചായിരിക്കും അയാളുടെ ആരാധനാരീതി. അയാളുടെ ആരാധനാരീതി അഥവാ മതം തീര്‍ത്തും വ്യക്തിപരമാണ്. അത് ഭക്തന് ഈശ്വരനിലേക്കുള്ള വഴിയാണ്. സര്‍വ്വതും ഈശ്വരനായതിനാല്‍ എല്ലാ മതവും സ്വീകാര്യമാണ് ഓരോ വ്യക്തിക്കും അവന്റെ മതം (ആരാധനാ രീതി) എന്നതാണ് ഹൈന്ദവരീതി.
ഇതുകൊണ്ട് ഒരു മതത്തെയും നശിപ്പിക്കാന്‍ ഹിന്ദുക്കള്‍ ശ്രമിച്ചിട്ടില്ല. ഇങ്ങിനെ ലോകത്തുള്ള വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിനാല്‍ മറ്റേതെങ്കിലും ജനതയേയോ രാജ്യത്തെയോ കീഴടക്കിവെക്കാന്‍ ഹിന്ദു ആഗ്രഹിക്കുന്നില്ല. എല്ലാ മതങ്ങള്‍ക്കും ആശയങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നതു കൊണ്ട് ഭാരതത്തിന്റെ നേതൃത്വം അംഗീകരിക്കാന്‍ ലോകജനതയും രാജ്യങ്ങളും സന്നദ്ധമാണ്. ഇത് വിശ്വഗുരുസ്ഥാനത്തിന് ഭാരതത്തെ സ്വാഭാവികമായി അര്‍ഹമാക്കുന്നു.
ആര്‍.എസ്.എസ്സിന്റെ വളര്‍ച്ച
ആര്‍.എസ്.എസ് ഈ ദിശയിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ദേശീയവ്യക്തിത്വങ്ങളെ സൃഷ്ടിക്കുക വഴി ദേശപുനര്‍നിര്‍മ്മാണവും സമന്വയത്തിലധിഷ്ഠിതമായ ലോകക്രമവും ആര്‍.എസ്.എസ് ലക്ഷ്യമാക്കുന്നു. വിശ്വദൗത്യം നടപ്പാക്കാന്‍ ആദ്യമായി ഭാരതം ഹിന്ദുദര്‍ശനം സ്വീകരിച്ച് സ്വയം മാതൃകയാകണം. സംഘടിതഹിന്ദുസമാജം ഇതിനാവശ്യമാണ്. ശത്രുക്കളെ പരാജയപ്പെടുത്തുക, അനാചാരങ്ങളെ ഇല്ലായ്മ ചെയ്യുക, സമൂഹത്തിന്റെ ചലനാത്മകത ഉറപ്പു വരുത്തുക എന്നീ വഴികളിലൂടെയാണ് ഹിന്ദുസംസ്‌കാരത്തേയും ഹിന്ദുസമാജത്തേയും രക്ഷിക്കാനാകുക. പ്രചരണ-പ്രസിദ്ധീകരണങ്ങള്‍ കൊണ്ട് ഇത് പൂര്‍ണ്ണമാകുകയില്ല. ഭാരതം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വളരെ വ്യക്തമാണ്. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ദേശീയവ്യക്തിത്വങ്ങള്‍ പുതിയ ലോകക്രമത്തിനുതകുന്ന സംഘടനകളും പ്രസ്ഥാനങ്ങളും സൃഷ്ടിക്കും. അതുവഴി പുതിയൊരു ലോകക്രമം ഉരുത്തിരിയും.