ഞാറ്റുവേലച്ചന്തം
നുരഞ്ഞുപൊന്തുന്ന
നാട്ടുപച്ചയിലേക്കെന്റെ
മിഴിയെറിഞ്ഞീടവേ,
ഞാറ്റുവേലകള്‍ കുടഞ്ഞിട്ട
കാഴ്ചകള്‍ നിറയുന്നു ചുറ്റിലും.
കാട്ടുപുല്‍ച്ചെടി
കടിഞ്ഞൂലുപെറ്റിട്ട
കാട്ടുപൂവിനെ
കൈയിലെടുത്തുനില്ക്കുന്നു.
താണുപറക്കുന്ന
വണ്ടു മൂളുന്നതു
ഞാറ്റുപാട്ടിന്നീണത്തില്‍-
ത്തന്നെയാണല്ലോ!
രത്‌നനീലിമ
ചിറകില്‍പ്പടര്‍ത്തിയ
കൊച്ചുപൂമ്പാറ്റകള്‍
പിച്ചകപ്പെണ്ണിനെ
ഉമ്മവയ്ക്കുന്നു.
നാലാളു കേള്‍ക്കെ
നാട്ടറിവു ചൊല്ലും
തിരക്കിലാണല്ലോ
പാടത്തെ തവളകള്‍!
നാഴി വിത്തിനു
നല്‍പിറവിയേകു-
വാനുള്ളൊരാശയില്‍
നീണ്ട വയലുകള്‍
കാത്തിരിക്കുന്നു;
തീരേ മുഷിഞ്ഞൊരാ
മുണ്ടിന്‍തലപ്പിനാല്‍
മിഴികള്‍ തോര്‍ത്തി
മൗനമായങ്ങനെ.
തീരാത്ത സങ്കടം കൊത്തി-
പ്പെറുക്കുവാനാകുമോ?
കൊക്കുകള്‍ വന്നെത്തി-
നോക്കിനില്ക്കുന്നു.
ഞാറ്റുവേലച്ചന്തം നോക്കി
ഞാന്‍ നില്ക്കവേ
നീ വന്നുവോ പിന്നെയും
നീറുന്നൊരോര്‍മ്മയായ്!