സ്വതന്ത്ര ഭാരതത്തിന്റെ നിയമ വ്യവസ്ഥ അടിസ്ഥാനപരമായി നിരവധി സ്രോതസ്സുകളില്‍ നിന്ന് പല കാലഘട്ടങ്ങളിലായി ഉരുത്തിരിഞ്ഞുവന്നതാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട വേദങ്ങളിലും സമകാലിക തദ്ദേശീയ ആചാരങ്ങളിലും തുടങ്ങി കാലക്രമേണ, വൈദേശികവും ആഭ്യന്തരവുമായ മറ്റ് സ്വാധീനങ്ങളുടെ സംയോജനത്തിലൂടെ അത് പരിണാമം പ്രാപിച്ചു. എട്ടാം നൂറ്റാണ്ടിലെ അറബ് അധിനിവേശത്തിനു ശേഷം ഭാരതത്തിലെ ചില പ്രദേശങ്ങളില്‍ ഇസ്ലാമിക നിയമം നിലവില്‍ വന്നു. അതുപോലെ, ബ്രിട്ടീഷ് അധിനിവേശകാലത്ത്, ബോംബെ, കല്‍ക്കട്ട, മദ്രാസ് ഹൈക്കോടതികളില്‍ ഇംഗ്ലീഷ് പൊതുനിയമം അവതരിപ്പിക്കപ്പെട്ടു. പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും ഭാരതത്തിലെ അവരുടെ കോളനികളില്‍ സ്വന്തം നിയമങ്ങള്‍ ഉപയോഗിച്ചു.
പുരാതന മൗര്യസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയുടെ (ബി.സി. 322- 298) പ്രധാനമന്ത്രിയായിരുന്ന കൗടില്യന്റെ അര്‍ത്ഥശാസ്ത്രമനുസരിച്ച്, ഒരു രാജാവിന്റെ ചുമതലകള്‍ ഇനിപ്പറയുന്ന രീതിയില്‍ വിവരിക്കാം: ‘പ്രജകളുടെ സന്തോഷത്തിലാണ് രാജാവിന്റെ സന്തോഷം, അവരുടെ ക്ഷേമമാണ് അവന്റെ ക്ഷേമം; തനിക്ക് ഇഷ്ടമുള്ളതല്ല മറിച്ച് തന്റെ ജനത്തെ പ്രസാദിപ്പിക്കുന്നതെന്തോ അത് ഉത്തമമായി കണക്കാക്കും’. നമ്മുടെ രാജ്യത്ത് നിലനിന്നിരുന്ന പുരാതന നിയമവ്യവസ്ഥകളുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ വാക്കുകള്‍.
യൂറോപ്യന്‍ കൊളോണിയലിസ്റ്റുകള്‍ തങ്ങളുടെ പ്രജകളെ സംരക്ഷിച്ചത് അവരുടെ ഭരണാധികാരികള്‍ക്ക് മുന്‍പില്‍ പ്രജകളുടെ അവകാശങ്ങള്‍ അടിയറ വച്ചുകൊണ്ട് മാത്രമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നീതി ആവശ്യപ്പെടാന്‍ കഴിയില്ല, മറിച്ച് അത് ഒരു ഇളവ് എന്ന നിലയില്‍ ഭരണസംവിധാനം (സ്റ്റേറ്റ്) അനുവദിച്ചുകൊടുക്കുകയായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ നീതിനിര്‍വ്വഹണത്തിലും ഈയൊരു കൊളോണിയല്‍ മാനസികാവസ്ഥ നിലനില്‍ക്കുന്നു. ഇത് പുരാതന ഭാരതീയ നിയമവ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമാണ്, അവിടെ നീതി അവകാശവും, ഭരണകര്‍ത്താവില്‍ അന്തര്‍ലീനമായ ഒരു ആശയവുമാണ്.
ഇന്നത്തെ നമ്മുടെ നിയമവ്യവസ്ഥയുടെ ഏറ്റവും വലിയ ദൗര്‍ബല്യം അത് ഭാരതത്തിന്റെ നീതിന്യായ പൈതൃകത്തില്‍ നിന്ന് സൈദ്ധാന്തികമായി അകന്നു നില്‍ക്കുന്നു എന്നതാണ്. ഇതിന് പരിഹാരമായി രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ സമ്പൂര്‍ണ പരിഷ്‌കരണം ലക്ഷ്യംവച്ചുകൊണ്ടാണ് അടുത്തിടെ മൂന്ന് പുതിയ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.
1860 ലെ ഇന്ത്യന്‍ പീനല്‍ കോഡിന് (ഐപിസി) പകരമായി ഭാരതീയ ന്യായ സംഹിത (BNS), 1973ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് (സിആര്‍പിസി) പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന് പകരമായി ഭാരതീയ സാക്ഷ്യ ബില്‍ എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്.
അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ആത്മഹത്യാശ്രമം എന്നിവ ഉള്‍പ്പെടെ നിലവിലുള്ള വ്യവസ്ഥകളില്‍ നിരവധി മാറ്റങ്ങള്‍ ബിഎന്‍എസ് (BNS) ബില്‍ നിര്‍ദ്ദേശിക്കുന്നു.
ഐപിസിയില്‍ 511 വകുപ്പുകള്‍ ഉള്ളപ്പോള്‍ ബിഎന്‍എസ് ബില്ലില്‍ 356 വ്യവസ്ഥകളാണുള്ളത്.
ന്യായസംഹിതയുടെ സവിശേഷതകള്‍
ഐപിസി പ്രകാരം, സെക്ഷന്‍ 124-എ രാജ്യദ്രോഹ കുറ്റം കൈകാര്യം ചെയ്യുന്നു. അതിന് പിഴ കൂടാതെ ജീവപര്യന്തം തടവോ അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ വിധിക്കുന്നു.
ബിഎന്‍എസ് ബില്ലില്‍, ഭാരതത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികളെക്കുറിച്ച് ‘സ്റ്റേറ്റിനെതിരായ കുറ്റകൃത്യങ്ങള്‍’ എന്ന അധ്യായത്തിന് കീഴിലുള്ള 150-ാമത്തെ വ്യവസ്ഥയില്‍ പരാമര്‍ശിക്കുന്നു.
തീവ്രവാദം
ഐപിസി പ്രകാരം ഇല്ലാതിരുന്ന ‘തീവ്രവാദം’ എന്ന വാക്ക് ബിഎന്‍എസ് ബില്ലിന് കീഴില്‍ ആദ്യമായി നിര്‍വചിക്കപ്പെട്ടു. ഭാരതത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയ്ക്ക് ഭീഷണിയുണ്ടാക്കുന്നതിനോ പൊതുജനങ്ങളെയോ അതല്ലെങ്കില്‍ ഒരു വിഭാഗത്തെയോ ഭയപ്പെടുത്തുന്നതിനോ പൊതുക്രമം തകര്‍ക്കുന്നതിനോ വേണ്ടി ഇന്ത്യയിലോ വിദേശ രാജ്യത്തിലോ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നവരെയാണ് തീവ്രവാദി എന്ന് നിര്‍വ്വചിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ BNS ബില്‍ Aപ്രകാരം അപകീര്‍ത്തിപ്പെടുത്തല്‍ എന്ന കുറ്റകൃത്യത്തിന് രണ്ട് വര്‍ഷം വരെ ലളിതമായ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അല്ലെങ്കില്‍ സാമൂഹ്യസേവനമോ (ശമ്പളമില്ലാത്ത തൊഴില്‍) ശിക്ഷയായി ലഭിക്കും.
ആള്‍ക്കൂട്ട ആക്രമണം
എഴ് വര്‍ഷം തടവോ ജീവപര്യന്തമോ ലഭിക്കാവുന്നതിന് പുറമേ ആള്‍ക്കൂട്ട കൊലപാതകം എന്ന കുറ്റത്തിന് ആദ്യമായി വധശിക്ഷ നടപ്പാക്കിയത് ശ്രദ്ധേയമാണ്.
വ്യക്തിത്വം മറച്ചുവെച്ച് വിവാഹം, ജോലി, സ്ഥാനക്കയറ്റം എന്നിവയുടെ പേരില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും കുറ്റകൃത്യമായി കണക്കാക്കും.
വ്യഭിചാര കുറ്റത്തിനുള്ള വ്യവസ്ഥ ഒഴിവാക്കുന്നതാണ് പുതിയ ബില്‍. വ്യഭിചാരം ക്രിമിനല്‍ കുറ്റമാക്കിയ ഐപിസിയുടെ 497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയ ജോസഫ് ഷൈന്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ 2018 ലെ സുപ്രീംകോടതി വിധിക്ക് അനുസൃതമാണിത്.
377-ാം വകുപ്പ് പ്രകാരം പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗ ബന്ധം ‘പുരുഷന്മാര്‍ക്കെതിരായ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമങ്ങള്‍’ എന്ന പേരില്‍ ക്രിമിനല്‍ കുറ്റമായിരുന്നു. നവ്തേജ് സിംഗ് ജോഹര്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ (2018) എന്ന കേസില്‍ സുപ്രീം കോടതിയുടെ 377-ാം വകുപ്പ് റദ്ദ് ചെയ്യാനുള്ള ഐകകഠ്യേനയുള്ള തീരുമാനത്തിന് അനുസൃതമായി പുതിയ ബില്ലില്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍ വൈവാഹിക ബലാത്സംഗം നിയമവിധേയമാക്കുന്ന വ്യവസ്ഥ നിലവിലുണ്ട്. ഭേദഗതി 2 പ്രകാരം ബലാത്സംഗം എന്ന കുറ്റത്തെ നിര്‍വചിക്കുന്ന 63-ാം വകുപ്പില്‍ ‘പതിനെട്ട് വയസ്സില്‍ താഴെയല്ലാത്ത ഭാര്യയുമായി ഒരു പുരുഷന്‍ നടത്തുന്ന ലൈംഗിക ബന്ധമോ ലൈംഗിക പ്രവര്‍ത്തനമോ ബലാത്സംഗമല്ല’ എന്ന് കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
കൊലപാതക കുറ്റത്തിനുള്ള ശിക്ഷ ഐപിസിയുടെ 302-ാം വകുപ്പിന് കീഴിലാണെങ്കിലും, ബിഎന്‍എസ് ബില്ലിന്റെ 101-ാം വകുപ്പിന് കീഴിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിനുള്ള ശിക്ഷ, അതായത് ജീവപര്യന്തമോ വധശിക്ഷയോ, മാറ്റമില്ലാതെ തുടരുന്നു.
വേഗത്തിലുള്ള നിയമ നടപടി
നിര്‍ദ്ദിഷ്ട ബില്ലനുസരിച്ച് ഒരു കുറ്റകൃത്യം നടന്നാല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്, അതിന് പുറമേ കോടതിക്ക് 90 ദിവസത്തേക്ക് കൂടി അനുമതി നല്‍കാം. 180 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിചാരണയ്ക്ക് അയക്കേണ്ടതുണ്ട്. വിചാരണയ്ക്കുശേഷം 30 ദിവസത്തിനകം വിധി പറയേണ്ടിവരും.
തക്കതായ ശിക്ഷ നല്‍കുക എന്നതിലുപരി ഉയര്‍ന്ന അവബോധത്തോടെ കൂടുതല്‍ ഉത്തരവാദിത്തപരവും പങ്കാളിത്തസമീപനത്തോടെയുമുള്ള നീതിനിര്‍വ്വഹണമാണ് ക്രിമിനല്‍ നിയമങ്ങളുടെ അപകോളനിവല്‍ക്കരണത്തിന് പിന്നിലെ പ്രാഥമിക ചിന്ത. സ്വാഭാവികമായും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഭാരതവിരുദ്ധ ശക്തികള്‍ ഇതില്‍ അസ്വസ്ഥരാകും. പക്ഷെ 76-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ ‘പഞ്ച പ്രണ്‍’ (അഞ്ച് പ്രതിജ്ഞകള്‍) അനുസരിച്ച് കൊളോണിയല്‍ മാനസികാവസ്ഥയുടെ അടയാളങ്ങള്‍ നീക്കം ചെയ്ത് നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുക എന്നത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
ഇംഗ്ലണ്ട്, പടിഞ്ഞാറന്‍ യൂറോപ്പ്, യു.എസ്. എന്നിവിടങ്ങളിലെ നിയമവ്യവസ്ഥ നൂറ്റാണ്ടുകളായി അവരുടെ നാഗരികതയുടെ നിയമശാസ്ത്രത്തില്‍ നിന്ന് നിരന്തരമായ പ്രചോദനമുള്‍കൊണ്ടുകൊണ്ട് നവീകരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ജഡ്ജിക്കോ അഭിഭാഷകനോ എവിടെ നിന്നാണ് പ്രചോദനം ലഭിക്കുന്നത്? സ്വന്തം നാഗരികതയുടെ നിയമശാസ്ത്രത്തില്‍ നിന്നല്ല. റോമന്‍ നിയമത്തെക്കുറിച്ചും പാശ്ചാത്യ നിയമജ്ഞരുടെ സിദ്ധാന്തങ്ങളെക്കുറിച്ചും അവര്‍ക്കറിയാം. എന്നാല്‍ സ്വന്തം നാഗരികതയുടെ നിയമത്തിന്റെയും നിയമശാസ്ത്രത്തിന്റെയും പരിണാമത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. ഒരു ഇന്ത്യന്‍ സര്‍വ്വകലാശാലയിലെ നിയമ ബിരുദത്തിനുള്ള സിലബസില്‍ ഭാരതീയ നിയമശാസ്ത്രമോ പുരാതന ഭാരതത്തിലെ ഭരണകൂട സിദ്ധാന്തമോ ഇന്ത്യന്‍ നിയമത്തിന്റെ ചരിത്രമോ ഉള്‍പ്പെടുന്നില്ല. തല്‍ഫലമായി, നമ്മുടെ ജുഡീഷ്യല്‍ പ്രക്രിയ സൈദ്ധാന്തിക അടിത്തറകളില്ലാതെ മറ്റ് രാജ്യങ്ങളിലെ നിയമഘടനകളെ പിന്തുണയ്ക്കുന്ന രീതിയില്‍ നിര്‍മ്മിച്ച ഒന്നായിത്തീര്‍ന്നു. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ ഭാരതീയ നിയമവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമ സംഹിതകളെ നമ്മുടെ മഹത്തായ രാജ്യത്തിന്റെ സാംസ്‌കാരിക, സാമൂഹിക, പൈതൃക വശങ്ങളുമായി യോജിപ്പിക്കാനും കൂടുതല്‍ ശക്തമായ നീതിനിര്‍വഹണം ഉറപ്പാക്കാനും കഴിയുന്ന രീതിയില്‍ നവീകരിക്കാനുള്ള ഉദ്യമത്തിന്റെ ആദ്യപടിയായി പുതിയ ഭേദഗതികളെ കാണാം.