മജൂലി: തനിമയെ കാലാനുസൃതമായി ആവിഷ്‌ക്കരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രം മുന്നേറണമെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. ആസാമിലെ മജൂലിയില്‍ നടന്ന സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം നേടിയിട്ടും ഭാരതത്തിന് ആത്മനിര്‍ഭരത കൈവരിക്കാനായോ എന്ന് ചിന്തിക്കണം. ഐക്യവും രാഷ്ട്രസ്‌നേഹവും സമാജത്തില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ സ്വാതന്ത്ര്യം അപകടത്തിലാകും. രാജ്യത്തെ ആത്മനിര്‍ഭരതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തിക്കുന്നത്. നാം ആര്‍ജ്ജിച്ചതും പാരമ്പര്യമായി ലഭിച്ചതുമായ അറിവുകളുടെ കരുത്തില്‍ കാലത്തിന്റെ ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം വികസനത്തിന് അടിത്തറ പാകേണ്ടത്. ഭാരതം മുന്നോട്ടുവെച്ച മാതൃകകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്വയം പര്യാപ്തമാക്കാന്‍ പ്രാപ്തമാക്കുന്നതാണ്.
രണ്ട് കൈകളിലൂടെ സമ്പാദിച്ച് ആയിരം കൈകളിലൂടെ വിതരണം ചെയ്യുക എന്നതാണ് ഭാരതീയ മൂല്യങ്ങള്‍ പഠിപ്പിക്കുന്നത്. ഭാരതത്തില്‍ നൂറ്റാണ്ടുകളായി എല്ലാവരും ധര്‍മ്മത്തിന്റെ പാതയിലാണ് ജീവിക്കുന്നത്. സമൂഹത്തെ വേര്‍തിരിക്കുകയല്ല പകരം ലോകക്ഷേമത്തിനുള്ള ഒരു ഉപകരണമാക്കി ഒരുമിച്ച് ചേര്‍ക്കുകയാണ് സംഘം ചെയ്യുന്നത്. മോഹന്‍ ഭാഗവത് തുടര്‍ന്നു.