ഭവത്തത്വമെന്നും ജഗത്തിന്റെ ഹൃത്തായി
പരക്കട്ടെയെന്നും കരുത്തേകിടാനായി
ശിവത്വം തുളുമ്പുന്നൊരാദര്‍ശമെന്നും
ധരിച്ചീടുവാനായി പതിക്കട്ടെ നിന്നില്‍!
തമസ്സാര്‍ന്ന ഗര്‍ത്തങ്ങളില്‍ പതിക്കാതെ
തപശ്ചര്യയേറ്റും പടുത്വം വരിക്കാന്‍
തപിക്കും വചസ്സിന്റെ മാധുര്യമെല്ലാം
വശത്താക്കിടാനായി ഋഷിത്വം പുലര്‍ത്താം
പരാഗമായി നിന്റെ കാല്‍ക്കല്‍ പതിക്കാന്‍
പരാന്തക നിന്നിലര്‍പ്പണം ചെയ്യാന്‍
പരംപൊരുളൊന്നെന്ന സത്യത്തെ മുത്താന്‍
പദം വെച്ചിടുന്നു പരബ്രഹ്‌മമൂര്‍ത്തേ
ശിരസ്സിന്റെ മൗലിക്കലങ്കാരമാകും
ശിവത്വങ്ങളേറ്റുന്ന ചന്ദ്രക്കലപോല്‍
പ്രപഞ്ചത്തിനാധാരമാകും പ്രകാശം
സ്ഫുരിക്കും ജ്യോതി സ്വരൂപമായിത്തീര്‍ക്കൂ
ഇഹത്തിന്റെ പാപച്ചുമടാല്‍ മടുക്കും
നരത്വത്തെ ബോധമുണര്‍ത്തിയെടുക്കാന്‍
മുമുക്ഷത്വമാത്മാവി നാനന്ദമേകാന്‍
മുഴക്കാം നമുക്കായി ശിവോഹം ശിവോഹം!