കേശുവേട്ടനെ കണ്ടിട്ട് കുറെ നാളായിരുന്നു. ഒന്ന് പോയി കണ്ടു. ഈയിടെയായി സംസാരിക്കാന്‍ വിഷമം, മറ്റു ചില അസുഖങ്ങള്‍. കണ്ണിന്റെ അസുഖമായി ഞാനും പുറത്തിറങ്ങാറില്ലായിരുന്നു. എന്തായാലും കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പത്രത്തിലെ വാര്‍ത്തയിലായി ശ്രദ്ധ. പത്രത്തില്‍ ‘ആശ്വാസം’ എന്ന വലിയ തലക്കെട്ട്. ആശ്വാസം രണ്ടു വിധത്തിലാണ് കാണാതായ കുട്ടിയെ കണ്ടു കിട്ടി. തുരങ്കത്തില്‍ കുടുങ്ങിയ ആളുകളെ രക്ഷിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ വിവരം ഒന്നുമില്ല. ആരെയൊക്കെയോ മാധ്യമങ്ങള്‍ പരോക്ഷമായി ചൂണ്ടിക്കാണിക്കുന്നു. ഇതുവരെ ആരെയും പിടിച്ചിട്ടില്ല. ആരെയൊക്കെയോ പോലീസ് സംരക്ഷിക്കുന്നു എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ട്. ചിലര്‍ പോലീസിനെ വഴിവിട്ട് ശ്ലാഘിക്കുന്നതും ആളുകളില്‍ സംശയം ഉണര്‍ത്തുന്നുണ്ട്.
‘ഈയിടെയായി ആരെയെങ്കിലും ഒക്കെ ചൂണ്ടിക്കാണിച്ച് കേസുകള്‍ ഒതുക്കി തീര്‍ക്കുന്നുണ്ടോ?’ എന്ന് കേശുവേട്ടന്‍.
‘സംശയമുണ്ട്. യഹോവാ സാക്ഷി കേസ് ഉദാഹരണം.’
‘മറ്റു കേസുകളോ? സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍, കരിമണല്‍ ഖനനം, കോപ്പറേറ്റിവ് ബാങ്ക് കൊള്ള എല്ലാറ്റിലും ഈ ചൂണ്ടിക്കളി ഉണ്ട്.’
‘ചൂണ്ടിക്കളി കളിച്ച് എല്ലാതും ഒതുക്കി ഒരു യാത്ര സംഘടിപ്പിച്ചാല്‍ എല്ലാരും എല്ലാതും മറക്കും എന്ന് കരുതിക്കാണും.’
‘ഹ..ഹ..ഹ.. കേശുവേട്ടന്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ട് അല്ലെ?’
‘ഒരു വിധം. മലയാളം വാര്‍ത്താ ചാനലുകളില്‍ പിന്നെ എന്താ ഉള്ളത്? നമ്മുടെ സംസ്ഥാനത്തിന്റെ പോക്ക് എങ്ങോട്ടോ.. എന്തോ?’
‘ശരിയാണ്. എത്ര മോശം അവസ്ഥയാണെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ അണികള്‍ പെരുമാറുന്നതാണ് ഏറ്റവും ശോചനീയം.’
‘വിഡ്ഢികള്‍ മറ്റുള്ളവരെ പറ്റിക്കാന്‍ നടക്കുമ്പോള്‍ അവര്‍ സ്വയം തങ്ങളുടെ വിഡ്ഢിത്തം നിറഞ്ഞ ജീവിതത്തെ വെളിവാക്കുകയാണ്.’ എന്നൊരു ക്വോട്ട് വായിച്ചതോര്‍ക്കുന്നു ആരുടേതാണെന്ന് ഓര്‍മ്മയില്ല.
കേശുവേട്ടന്‍ കൂടുതല്‍ ഉത്സാഹവാനായി. ‘അമേരിക്കന്‍ ചിന്തകന്‍ ജോണ്‍ കെന്നത്ത് ഗാല്‍ബ്രെയ്ത് പറഞ്ഞു ‘ഓണ്‍ലി ഫൂളിഷ് പീപ്പിള്‍ ആര്‍ കംപ്ലീറ്റലി സെക്‌യൂര്‍’ – ഏറ്റവും സുരക്ഷിതര്‍ വിഡ്ഢികള്‍ മാത്രമാണ് എന്ന്.’
‘ശരിയാണ്. അണികള്‍ സന്തോഷത്തിലാണ്, സുരക്ഷിതരാണ്. കാര്യം അറിയുന്ന നേതാക്കള്‍ക്കാകട്ടെ ഭയങ്കര പേടിയാണ്. നെട്ടോട്ടമാണ്.’
‘ഹ.. ഹ.. ഹ.. കരിങ്കൊടി കാട്ടിയവരെ എത്ര ഭംഗിയായാണ് അണികള്‍ സുരക്ഷിതരാക്കുന്നത്.’
‘വിഡ്ഢികളുടെ രാജ്യത്തില്‍ പമ്പര വിഡ്ഢികളായി നാമെല്ലാം എങ്ങനെയെങ്കിലും ജീവിച്ചു പോകുകയാണ്. ജനാധിപത്യ വിഡ്ഢികള്‍.’ കേശുവേട്ടന്‍ സ്വല്‍പ്പനേരം മൗനിയായപ്പോള്‍ ഞാന്‍ പറഞ്ഞു.
‘വിഡ്ഢിരാജ്യത്തിന്റെ കഥ കേട്ടിട്ടില്ലേ. കന്നഡ കഥാകാരന്‍ എ.കെ.രാമനുജന്റെ കഥ ഇംഗ്ലീഷില്‍. സി.ബി.എസ്.ഇ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല.’
‘ഇല്ല ഏതാ അത്? ‘കേശുവേട്ടന്‍ ഉത്സുകനായി.’ ചുരുക്കത്തില്‍ കഥ ഇങ്ങനെ. യാത്രയിലായിരുന്ന ഒരു ഗുരുവും ശിഷ്യനും ഒരു വിഡ്ഢിരാജ്യത്തിലെത്തി. അവിടത്തെ കാര്യങ്ങള്‍ കണ്ട് അവര്‍ അദ്ഭുതപ്പെട്ടു. മഹാവിഡ്ഢിയായ രാജാവ് പല കാര്യങ്ങളും കീഴ്‌മേല്‍ മറിച്ചിരുന്നു, പകല്‍ രാത്രിയാക്കി രാത്രി പകലും. പകല്‍ ആളുകള്‍ കിടന്നുറങ്ങും, രാത്രിയില്‍ പണി എടുക്കും.
സാധനങ്ങളുടെ വിലകള്‍ അപ്രതീക്ഷിതം. ഭക്ഷണത്തിനാണ് ഏറ്റവും കുറവ് ചെലവ്. ഒരു രൂപ കൊടുത്താല്‍ ഏതു ഭക്ഷണവും യഥേഷ്ടം. ഇത് ശാപ്പാട് രാമനായ ശിഷ്യന് ‘ക്ഷ’ പിടിച്ചു. അതിനാല്‍ ഗുരു യാത്ര തുടര്‍ന്നപ്പോള്‍ ശിഷ്യന്‍ അവിടെ തങ്ങി.
അങ്ങനെയിരിക്കെ അവിടെ ഒരു ധനിക വ്യാപാരിയുടെ വീട്ടില്‍ കള്ളന്‍ കയറി. ചുമര് തുരന്ന് മോഷ്ടിച്ചു പോകുന്ന പോക്കില്‍ ചുമര്‍ ഇടിഞ്ഞു കള്ളന്റെ മേല്‍ വീണു കള്ളന്‍ മരിച്ചു.
കള്ളന്റെ സഹോദരന്‍ രാജാവിന്റെ മുന്‍പില്‍ പരാതിയുമായി എത്തി. വ്യാപാരി ഉറപ്പില്ലാത്ത വീടുണ്ടാക്കിയതിനാലാണ് ചുമര്‍ തകര്‍ന്നു തന്റെ സഹോദരന്‍ മരിച്ചത്. അതിനാല്‍ വ്യാപാരിയെ ശിക്ഷിക്കണം ഇതായിരുന്നു പരാതി.
രാജാവ് വ്യാപാരിയെ വരുത്തി വിചാരണ ചെയ്തു. വ്യപാരി പറഞ്ഞു, കല്പണിക്കാരന്റെ അശ്രദ്ധയാണ് കാരണം അതിനാല്‍ അയാളാണ് കുറ്റക്കാരന്‍. രാജാവ് കല്‍പ്പണിക്കാരനെ വരുത്തി ചോദ്യം ചെയ്തു. ചുമര്‍ പണിയുമ്പോള്‍ ഒരു നര്‍ത്തകി അതിലൂടെ പല തവണ നടന്നു. അവള്‍ പാദസരം കുലുക്കി നടന്ന് തന്റെ ശ്രദ്ധ തിരിച്ചു, അതിനാല്‍ അവളാണ് കുറ്റക്കാരി എന്ന് കല്‍പ്പണിക്കാരന്‍.
രാജാവ് നര്‍ത്തകിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അവള്‍ പറഞ്ഞു എന്റെ ആഭരണം പറഞ്ഞ സമയത്ത് സ്വര്‍ണ്ണപ്പണിക്കാരന്‍ ഉണ്ടാക്കി തന്നില്ല. പല തവണ അതന്വേഷിച്ച് ഞാന്‍ നടന്നു. അതിനാല്‍ ആ തട്ടാനാണ് കുറ്റക്കാരന്‍. രാജാവ് തട്ടാനെ വിളിപ്പിച്ചു. അയാള്‍ പറഞ്ഞു നര്‍ത്തകി പറഞ്ഞത് ശരിയാണ്, പറഞ്ഞ സമയത്ത് നര്‍ത്തകിയ്ക്ക് പണ്ടം ഉണ്ടാക്കി കൊടുക്കാന്‍ പറ്റിയില്ല. കാരണം ഒരു ധനിക വ്യാപാരിയുടെ വീട്ടില്‍ കല്യാണം ഉണ്ടായിരുന്നു. അതിനു പണ്ടങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഞാന്‍. എന്നില്‍ വല്ലാതെ സമ്മര്‍ദ്ദം ചെലുത്തിയ ആ വ്യാപാരിയാണ് കാരണക്കാരന്‍ അയാളെ വിളിപ്പിക്കണം എന്നു പറഞ്ഞു. അയാളെ അന്വേഷിച്ചു ചെന്നപ്പോള്‍ അയാള്‍ എന്നേ മരിച്ചുപോയി.അയാളുടെ മകനാണ് ഇപ്പോഴത്തെ ധനിക വ്യാപാരി. അയാളുടെ വീട്ടിലാണ് കള്ളന്‍ കയറിയത് എന്നായി.
അത് കേട്ട് രാജാവ് അച്ഛന്‍ ചെയ്ത ഘോര തെറ്റിന് മകനായ വ്യപാരിയെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. അയാളെ തൂക്കി കൊല്ലാന്‍ രാജാവ് ഉത്തരവിട്ടു. ഈ വ്യാപാരി വളരെ മെലിഞ്ഞ ആളായതിനാല്‍ കഴുമരത്തില്‍ തൂക്കി കൊല്ലാന്‍ പറ്റിയില്ല. കഴുമരത്തിലെ ദ്വാരത്തിലൂടെ തല ഊര്‍ന്നു പോകും. പകരം കഴുത്ത് തടിയുള്ള ആളെ കൊണ്ടുവരാന്‍ രാജാവ് ആജ്ഞാപിച്ചു. അത്തരം ആളെ തേടി നടന്ന ഭടന്മാര്‍ അവസാനം അനുയോജ്യനായി കണ്ടെത്തിയത് നമ്മുടെ ശാപ്പാട് രാമനായ ശിഷ്യനെയാണ്.
ശിഷ്യന്‍ ഓടിയൊളിച്ചു. തന്റെ ഗുരുവിനെ വിളിച്ച് കരഞ്ഞു പ്രാര്‍ത്ഥിച്ചു. സിദ്ധനായ ഗുരു പെട്ടെന്ന് സ്ഥലത്തെത്തി. ശിഷ്യനെക്കൂട്ടി രാജാവിനെ കണ്ടു. രാജാവിനോട് പറഞ്ഞു. മഹാരാജാവേ ഗുരുവില്ലാതെ ശിഷ്യനില്ല അതിനാല്‍ ഞങ്ങള്‍ രണ്ടുപേരെയും നാളെ കൊന്നുകൊള്ളൂ എന്ന്. സിദ്ധന്റെ മാന്ത്രിക വിദ്യമൂലം അന്ന് രാത്രി രാജാവ് ഒരു സ്വപ്‌നം കണ്ടു. ഇവിടെ തൂക്കി കൊല്ലുന്ന ഗുരുവും ശിഷ്യനും വരുന്ന ജന്മത്തില്‍ ഈ രാജ്യത്തിന്റെ രാജാവും മന്ത്രിയും ആവും. പിറ്റേന്ന് രാവിലെ രാജാവ് മന്ത്രിയെ വിളിപ്പിച്ചു കാര്യം പറഞ്ഞു. അങ്ങനെ ഈ രാജ്യം വിട്ടുകൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ല. അവര്‍ ഗുരുവിനെയും ശിഷ്യനെയും പിടിച്ച് തടവിലിട്ട് രാജാവിന്റേയും മന്ത്രിയുടെയും വേഷം കെട്ടിച്ചു. പിന്നീട് സ്വയം ഗുരുവിന്റെയും ശിഷ്യന്റെയും വേഷം കെട്ടി തൂക്കിലേറ്റാന്‍ തയ്യാറായി നിന്നു. അങ്ങനെ വിഡ്ഢിരാജ്യത്തിലെ രാജാവും മന്ത്രിയും തൂക്കിലേറ്റപ്പെട്ടു. നമ്മുടെ ഗുരുവും ശിഷ്യനും രാജാവും മന്ത്രിയുമായി. അധികാരം ഏറ്റ ഉടന്‍ എല്ലാ നിയമങ്ങളും മാറ്റി മറിച്ചു. വിഡ്ഢിരാജ്യത്തെ രക്ഷിച്ചു.’
‘ഹ.ഹ.ഹ.. നല്ല കഥ. ഇവിടെ ഒരു ഗുരുവും ശിഷ്യനും അടിയന്തിരമായി എത്തി നമ്മെ രക്ഷിക്കണം. ഇല്ലെങ്കില്‍ നമ്മള്‍ നട്ടം തിരിയും.’ കേശുവേട്ടന്‍ തറപ്പിച്ച് പറഞ്ഞു.
നമ്മള്‍ പ്രബുദ്ധരാണെന്ന് അഭിനയിക്കുന്ന മൂര്‍ഖരാണ്. അത്തരം മൂര്‍ഖരുടെ മനം മാറുമോ? മാറ്റാന്‍ ഒക്കുമോ? അറിയില്ല.
ഭര്‍ത്തൃഹരിയുടെ നീതിശതകം ഡോ. കെ.മാധവന്‍കുട്ടി ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതിലെ മൂര്‍ഖപദ്ധതിയിലെ ഒരു ശ്ലോകത്തിന്റെ അര്‍ത്ഥം ഏകദേശം ഇങ്ങനെയാണ്. ഇംഗ്ലീഷില്‍ നിന്നുള്ള വിവര്‍ത്തനം എന്റേത്.
‘പ്രയാസമേറിലും മകരവക്ത്ര ദംഷ്ട്രങ്ങളില്‍ നിന്ന് മണിമുദ്രയെടുത്തിടാം
അതികഠിനമെങ്കിലും പ്രചണ്ഡ തിരകള്‍ താണ്ടി അക്കരെയെത്തിടാം
ദുഷ്‌കരമെങ്കിലും ഘോര വിഷസര്‍പ്പത്തെ പൂപോലെയെടുത്ത് ശിരസ്സിലണിഞ്ഞിടാം
ഒക്കില്ലൊരിക്കലും മൂര്‍ഖന്റെ മനം മാറ്റാന്‍ ഒരു കുന്നിയളവോളം!.’
‘ഹ ഹ. ശരിയാണ് പക്ഷെ അങ്ങനെ എഴുതി തള്ളാന്‍ പറ്റില്ല. സോവിയറ്റ് യൂണിയനില്‍ മാറിയില്ലേ? കിഴക്കന്‍ യൂറോപ്പില്‍ നടന്നില്ലേ? ബംഗാളില്‍, ത്രിപുരയില്‍ ഒക്കെ മാറിയില്ലേ? സാവധാനം കേരളവും മാറും.’
‘ശരി. പാര്‍ക്കലാം’ എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് കേശുവേട്ടനോട് ഞാന്‍ വിട പറഞ്ഞു.