കടലാസ് എന്നര്‍ത്ഥമുള്ള ‘കാര്‍ട്ടോണ്‍’ എന്ന ഇറ്റാലിയന്‍ പദത്തില്‍ നിന്നാണ് ഹാസ്യചിത്രം എന്നര്‍ത്ഥം വരുന്ന ‘കാര്‍ട്ടൂണ്‍’ എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. 1841ല്‍ പഞ്ച് എന്ന മാസികയുടെ പ്രസിദ്ധീകരണം മുതല്‍ക്കാണ് കാര്‍ട്ടൂണിന് ഇന്നുള്ള പ്രാമുഖ്യം ഉണ്ടായത്.
ചിത്രകലയില്‍ നിന്ന് വ്യത്യസ്തമായി കാര്‍ട്ടൂണില്‍ സാങ്കേതികത്വത്തിനല്ല പ്രാധാന്യം, മറിച്ച് ആശയത്തിനും ഉദ്ദേശ്യത്തിനുമാണ്. പ്രതീകാത്മക സൂചനകളില്‍ക്കൂടി വ്യക്തികളെയോ സംഭവങ്ങളെയോ ആക്ഷേപിക്കുകയാണ് കാര്‍ട്ടൂണിസ്റ്റ് ചെയ്യുന്നത്. മലയാളത്തില്‍ കാര്‍ട്ടൂണിന്റെ ചരിത്രം ആരംഭിക്കുന്നത് 1919-ല്‍ വിദൂഷകന്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ‘മഹാക്ഷാമദേവത’ എന്ന കാര്‍ട്ടൂണിലൂടെയാണ്. ഭാരതത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണ്‍ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശങ്കറാണ് രാജ്യത്ത് കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചത്. അദ്ദേഹത്തിന്റെ ശങ്കേഴ്‌സ് വീക്കിലിയിലൂടെയാണ് ഭാരതത്തിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും പ്രശസ്തരായത്. ഭാരതത്തില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത് കേരളീയനായ സാമുവല്‍ ആണ്.