ധര്‍മ്മസ്വരൂപനും ഏകപത്‌നീ വ്രതധരനും രാജര്‍ഷിയും ആയ ത്രേതായുഗത്തിലെ ശ്രീരാമചന്ദ്രനെ സാധാരണ ജനങ്ങള്‍ക്ക് വ്യക്തമായി പരിചയപ്പെടുത്തിക്കൊടുക്കേണ്ടത് കാലത്തിന്റെ നിയോഗമാണെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് 2006ല്‍ ഞാന്‍ ശ്രീമദ് ഭാഗവത സപ്താഹ മാതൃകയില്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് സപ്താഹത്തിന് രൂപകല്‍പന ചെയ്തത്. ഒന്നാമത്തെ ദിവസം ശ്രീരാമവതാരവും രണ്ടാം ദിവസം സീതാസ്വയംവരവും മൂന്നാമത്തെ ദിവസം ഭരതന്റെ ശ്രീരാമപാദുക പട്ടാഭിഷേകവും ശ്രീരാമന്റെ ശബരിയാശ്രമ പ്രവേശവും നാലാം ദിവസം ഹനുമദ് ആഗമനവും അഞ്ചാംദിവസം ഗരുഡാഗമനവും ആറാമത്തെ ദിവസം രാവണവധവും സീതാസ്വീകാരവും ഏഴാം ദിവസം ഉച്ചയോടെ ശ്രീരാമപട്ടാഭിഷേകവും യജ്ഞസമാപനവും എന്ന ക്രമത്തില്‍ ഏഴ് പകലുകളിലായി രാമായണ സപ്താഹം ചിട്ടപ്പെടുത്തി.
വാല്‍മീകി രാമായണം എന്ത്‌കൊണ്ട് സപ്താഹ വിഷയമാക്കിയില്ല എന്ന് പലരും എന്നോട് ചോദിച്ചിരുന്നു. അതിനുള്ള എന്റെ മറുപടി ലളിതമായിരുന്നു. കൈലാസനാഥനായ ശ്രീ മഹേശ്വരന്‍ തന്റെ പത്‌നിയായ ഉമാദേവിക്ക് (പാര്‍വ്വതിക്ക്) നേരിട്ട് നല്‍കിയ ഉപദേശത്തിന്റെ സമാഹാരമാണ് അദ്ധ്യാത്മരാമായണം. സര്‍വ്വജ്ഞനും യോഗേശ്വരനും ദക്ഷിണാമൂര്‍ത്തിയും രാമനാമം സദാകാലവും ജപിക്കുന്ന ശ്രീരാമഭക്തനും ആയ ശ്രീപരമേശ്വരന്റെ കൃതിയായ അദ്ധ്യാത്മ രാമായണമാണ് മഹര്‍ഷി വാല്‍മീകി രചിച്ച രാമായണത്തേക്കാള്‍ ശ്രേഷ്ഠവും ആധികാരികതയും എന്ന ദൃഢവിശ്വാസമാണ് അദ്ധ്യാത്മ രാമായണം സപ്താഹ വിഷയമാക്കുവാനുള്ള എന്റെ തീരുമാനത്തിന് പിന്നില്‍. നാന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആധുനിക മലയാളഭാഷയുടെ പിതാവും കൂടിയായ എഴുത്തച്ഛന്‍ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് രചിച്ചത്. ആ കാലം മുതല്‍ മലയാളികള്‍ കര്‍ക്കിടകമാസത്തില്‍ വ്രതശുദ്ധിയോടെ അനുഷ്ഠാനപരമായി പാരായണം ചെയ്ത് വരുന്ന വിശുദ്ധഗ്രന്ഥവും കൂടിയാണ് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്. കര്‍ക്കിടകമാസത്തിന് രാമായണമാസമെന്ന ഖ്യാതി ലഭിക്കുവാനും ഇത് കാരണമായി.
അദ്ധ്യാത്മരാമായണം സപ്താഹയജ്ഞം ആദ്യമായി ഞാന്‍ നടത്തിയത് കോഴിക്കോട് നഗരത്തിലെ കോവൂര്‍ ശ്രീവിഷ്ണുക്ഷേത്രത്തിലായിരുന്നു. അന്നത്തെ സാമൂതിരി രാജാവ് പി.കെ.എസ്. രാജയായിരുന്നു സപ്താഹം ഉദ്ഘാടനം ചെയ്തത്. തദവസരത്തില്‍ ഭാഗവത സപ്താഹാചാര്യനായ പാലാഞ്ചേരി സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും ആചാര്യ പട്ടയില്‍ പ്രഭാകരന്‍ജിയും സന്നിഹിതരായിരുന്നു. സപ്താഹം വന്‍ വിജയമായിരുന്നു. ഭക്തജനങ്ങള്‍ എനിക്ക് നല്‍കിയ ദക്ഷിണ ഞാന്‍ ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കി. ശ്രീരാമ നവമി ദിവസമായിരുന്നു ആദ്യത്തെ രാമായണ സപ്താഹം ആരംഭിച്ചത്. പിന്നീട് ചെന്നൈയിലെ അണ്ണാനഗര്‍ അയ്യപ്പക്ഷേത്രത്തിലും ദല്‍ഹിയിലെ യമുനാനദി തീരത്തുള്ള ഉത്തരഗുരുവായൂരപ്പ ക്ഷേത്രത്തിലും കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്തുള്ള ശ്രീരാഘവപുര ക്ഷേത്രത്തിലും (14 തവണ) രാമനാട്ടുകരയിലെ അഴിഞ്ഞിലം തളി വിഷ്ണുക്ഷേത്രത്തിലും (12 തവണ) പാലക്കാട് ജില്ലയിലെ അലനല്ലൂരിനടത്തുള്ള ഞറളത്ത് ശ്രീരാമക്ഷേത്രത്തിലും (5 തവണ) ശ്രീഗുരുവായൂര്‍ ക്ഷേത്രത്തിലെ അദ്ധ്യാത്മിക ഹാളിലും എറണാകുളം ടി.ഡി.എം ഹാളിലും കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിന്റെ ശ്രീരാമക്ഷേത്രത്തിലും രാമായണ സപ്താഹം നടത്തി.
2007ല്‍ ദല്‍ഹിയില്‍ വച്ച് നടത്തിയ രാമായണ സപ്താഹത്തെപ്പറ്റി മനസ്സിലാക്കിയ മൂകാംബിക ട്രാവല്‍സിന്റെ ഉടമയും പാലക്കാട് സ്വദേശിയുമായ വാസുദേവന്‍ നായര്‍ കോഴിക്കോട് വന്ന് എന്നെ കണ്ടു. നൈമിശാരണ്യത്തില്‍ വച്ച് ഭാഗവത സപ്താഹം നടത്തിയത് താനാണെന്നും, അതുപോലെ ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയില്‍ വച്ച് ഒരു രാമായണ സപ്താഹം നടത്തുവാനുള്ള ആഗ്രഹമുണ്ടെന്നും എന്നോട് പറഞ്ഞു. രാമായണ സപ്താഹത്തിന്റെ പ്രഥമാചാര്യനായ അങ്ങയെ ഞാന്‍ ഈ മഹദ് യജ്ഞം നടത്തുവാനായി ക്ഷണിക്കുന്നുവെന്നും കൂടി അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ എന്താണ് മറുപടി പറയേണ്ടതെന്ന് അറിയാതെ മൗനമവലംബിച്ചു. അല്‍പസമയം ആലോചിച്ചശേഷം നിരോധനാജ്ഞ നിലനില്‍ക്കുന്ന തര്‍ക്കഭൂമിയില്‍ വച്ച് എങ്ങനെയാണ് ഏഴുദിവസം സപ്താഹയജ്ഞം നടത്തുവാന്‍ സാധിക്കുക എന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. തര്‍ക്കഭൂമിയുടെ തൊട്ടടുത്ത് തന്നെ വ്യവസായിയായ ബിര്‍ളയുടെ ഒരു ധര്‍മ്മശാലയും അതിന്റെ ഉളളില്‍ത്തന്നെ ഒരു ശ്രീരാമക്ഷേത്രവും ഉണ്ടെന്നും അവിടെ താമസിച്ച് സപ്താഹം നടത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം എനിക്ക് ഉറപ്പ് നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ എന്റെ തീരുമാനം അറിയിക്കാമെന്ന് വാസുദേവന്‍ നായരോട് പറഞ്ഞ് അദ്ദേഹത്തെ യാത്രയാക്കി.
എന്റെ സുഹൃത്തുക്കള്‍ക്കും പോലീസ് സേനയിലെ പരിചയമുള്ള ഓഫീസര്‍മാര്‍ക്കും ഈ വിവരം കൈമാറി അവരുടെ അഭിപ്രായം ആരാഞ്ഞു. സപ്താഹവേദി തര്‍ക്കഭൂമിയുടെ സമീപത്തായതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണെന്നും അതുകൊണ്ട് തന്നെ അവിടെ വെച്ച് സപ്താഹം നടത്തുന്നത് അഭികാമ്യമല്ലെന്നും അവര്‍ സൂചിപ്പിച്ചു. ശ്രീരാമന്‍ എന്റെ ആരാധനാപുരുഷനാണ്. കുട്ടിക്കാലം മുതല്‍ക്ക് തന്നെ അദ്ധ്യാത്മ രാമായണ പാരായണം കേട്ടും, പിന്നീട് വര്‍ഷംതോറും പാരായണം ചെയ്തും ഹൃദിസ്ഥമാക്കുകയും ചില തത്ത്വങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കുകയും ചെയ്ത എന്റെ മനസ്സില്‍ അയോദ്ധ്യയില്‍ രാമായണ സപ്താഹം നടത്തണമെന്ന ആഗ്രഹം ശക്തമായിത്തന്നെ നിലനിന്നു. ഞാന്‍ വാസുദേവനോട് സപ്താഹം നടത്താമെന്ന് വാക്കുകൊടുത്തു. അതനുസരിച്ച് അദ്ദേഹം തയ്യാറെടുത്തു. ഇതിന്നിടയില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് പലതവണ വിളിവന്നു. ലോകത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ വേണ്ടിയാണ് അയോദ്ധ്യയില്‍ ഞാന്‍ രാമായണ സപ്താഹം നടത്തുന്നതെന്ന് അവരോട് വ്യക്തമായി പറഞ്ഞു. സ്വന്തം നാട്ടിലെ ക്രമസമാധനപാലനം രാജാവായിരുന്ന ശ്രീരാമന്‍ തന്നെ നോക്കിക്കൊള്ളുമെന്നും ഞാന്‍ അവരോട് പറഞ്ഞു.
2008 വര്‍ഷത്തിലെ കര്‍ക്കിടക മാസം ആരംഭിക്കുന്നത് ജൂലായ് 16-ാം തീയതി മുതല്‍ക്കായിരുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ രാമായണ പാരായണം ആരംഭിക്കുന്ന അതേ ദിവസം തന്നെ ശ്രീരാമജന്മഭൂമിയില്‍ രാമായണ സപ്താഹം ആരംഭിക്കാമെന്ന് ഞാനും വാസുദേവനും കൂടിയാലോചിച്ച് തീരുമാനിച്ചു. ധാരാളം ഉത്തരേന്ത്യന്‍ തീര്‍ത്ഥയാത്രകള്‍ വിജയകരമായി നടത്തി അനുഭവസമ്പന്നനായ മൂകാംബിക ട്രാവല്‍സിന്റെ ഉടമ വാസുദേവന്‍ നായര്‍ അമ്പതിലധികം മലയാളി രാമഭക്തന്മാരടങ്ങിയ സംഘവുമായി 2008 ജൂലായ് 13-ാം തീയതി രപ്തിസാഗര്‍ എക്‌സ്പ്രസ്സിന് പാലക്കാട് ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ടു. കോഴിക്കോട് നിന്ന് ഞങ്ങളോടൊപ്പം നെല്ലിക്കോട് വിഷ്ണുക്ഷേത്രത്തിലെ മാതൃസമിതി അംഗങ്ങളായ ശോഭ സുരേന്ദ്രനും, ദേവിയും പൂജാദികര്‍മ്മങ്ങള്‍ ചെയ്യാനായി പയ്യന്നൂര്‍ പിലാത്തറ ഒമന്നൂര്‍ ചേറ്റൂരില്ലത്തെ വിഷ്ണു നമ്പൂതിരിയും ഉണ്ടായിരുന്നു. എറണാകുളത്ത് നിന്ന് റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ടായ കൃഷ്ണന്‍ നായരും പത്‌നിയും യാത്രസംഘത്തിലുണ്ടായിരുന്നു. മൂന്നാമത്തെ ദിവസം അര്‍ദ്ധരാത്രിയോടെ ഞങ്ങള്‍ സുരക്ഷിതരായി അന്നത്തെ ഫൈസാബാദ് ജില്ലയുടെ പരിധിയില്‍പ്പെട്ട അയോദ്ധ്യാനഗരത്തില്‍ എത്തിച്ചേര്‍ന്നു. തര്‍ക്കഭൂമിക്കടുത്തുള്ള ബിര്‍ളയുടെ ധര്‍മ്മശാലയില്‍ ഞങ്ങള്‍ക്ക് താമസിക്കുവാനുള്ള മുറികള്‍ ടൂര്‍ ഓപ്പറേറ്റര്‍ സൗകര്യപ്പെടുത്തിയിരുന്നു. ഭക്ഷണം തയ്യാറാക്കുവാനുള്ള പാചകക്കാരും ഞങ്ങളുടെ സംഘത്തില്‍ത്തന്നെ ഉണ്ടായിരുന്നു.
ജൂലായ് 16-ാം തീയതി രാവിലെ 9 മണിക്ക് തന്നെ രാമായണ സപ്താഹ യജ്ഞത്തിന്റെ ഉദ്ഘാടനം നടന്നു. ധര്‍മ്മശാലയിലുള്ള രാമമന്ദിരത്തിന്റെ ശ്രീകോവിലിന്റെ മുന്നിലായിരുന്നു സപ്താഹ വേദി. ഞാനും പത്‌നി ആനന്ദവല്ലിയും പൂജാരിയും വേദിയില്‍ ഉപവിഷ്ടരായി. സപ്താഹയജ്ഞ സംഘാടകനായ വാസുദേവന്‍ നായര്‍ സ്വാഗതഭാഷണം നടത്തി. യജ്ഞം ഉദ്ഘാടനം ചെയ്തത് റിട്ട. പോലീസ് സൂപ്രണ്ടായ കൃഷ്ണന്‍ നായരായിരുന്നു. സഹാചാര്യ ആനന്ദവല്ലി രാമായണ പാരായണം ആരംഭിച്ചു. തുടര്‍ന്ന് ഞാന്‍ പ്രഭാഷണവും നടത്തി.
അയോദ്ധ്യ നഗരത്തില്‍ സ്ഥിരതാമസക്കാരായ മലയാളികളുണ്ടായിരുന്നില്ല. മൈക്കിലൂടെ പാരായണവും പ്രഭാഷണവും കേട്ടിട്ട് തദ്ദേശവാസികളും ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സമീപ സംസ്ഥാനങ്ങളില്‍ നിന്ന് വന്നുചേര്‍ന്ന തീര്‍ത്ഥാടകരും രാമമന്ദിരത്തിലെ യജ്ഞശാലയില്‍ പ്രവേശിച്ച് ഞങ്ങളെ റാം റാം എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തു. ഹിന്ദി ഭാഷയിലുള്ള എന്റെ പരിമിതമായ ആശയവിനിമയ സാദ്ധ്യത ഉപയോഗപ്പെടുത്തി തീര്‍ത്ഥാടക സംഘത്തിലെ അംഗങ്ങളുമായി സംവദിച്ചു. ആധുനിക മലയാളഭാഷയുടെ പിതാവും, അദ്ധ്യാത്മരാമായണ ഗ്രന്ഥകര്‍ത്താവുമായ തുഞ്ചത്ത് ആചാര്യനെപ്പറ്റി വിശദീകരിച്ചപ്പോള്‍ അന്യഭാഷക്കാരായ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ”കേരളത്തിലും രാമഭക്തന്മാരുണ്ടെന്നും, മലയാളഭാഷയില്‍ രാമായണ പുരാണം ലഭ്യമാണെന്നുമുള്ള വസ്തുത ഞങ്ങളെ സംബന്ധിച്ചേടത്തോളം പുത്തന്‍ അറിവാണ്. തുഞ്ചത്ത് ആചാര്യന്റെ മലയാളഭാഷയില്‍ എഴുതിയ രാമായണം തന്നെ അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ആദ്യമായി അവതരിപ്പിക്കുവാന്‍ അങ്ങ് കാണിച്ച ധൈര്യത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ശ്രീരാമഭഗവാന്‍ അങ്ങയേയും സംഘത്തെയും രക്ഷിക്കട്ടെ. ജയ് ശ്രീറാം.”
നോക്കിയാല്‍ കാണുന്ന ശ്രീരാമ ജന്മസ്ഥലത്തെ വന്ദിച്ചിട്ടാണ് ഞങ്ങള്‍ ബിര്‍ളയുടെ രാമമന്ദിരത്തില്‍ വച്ച് ഏഴുദിവസങ്ങള്‍ നീണ്ടുനിന്ന സപ്താഹം നടത്തിയത്. വളരെ വലുപ്പമുള്ള കുരങ്ങുകള്‍ യജ്ഞശാലയ്ക്ക് ചുറ്റും ഓടി നടന്നിരുന്നു. ആരെയും ഉപദ്രവിച്ചിരുന്നില്ല. അവിടെ കേരളത്തില്‍ സുലഭമായിക്കാണുന്ന കാക്കകളുടെ അഭാവം ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. വനവാസകാലത്ത് കാക്കയുടെ രൂപത്തില്‍ ആശ്രമപരിസരത്ത് വന്ന് സീതാദേവിയെ ഉപദ്രവിച്ച ഇന്ദ്രപുത്രനായ ജയന്തന്റെ ഒരു കണ്ണിന്റെ കാഴ്ച ശ്രീരാമന്‍ നശിപ്പിച്ചതുകൊണ്ടായിരിക്കാം കാക്കകള്‍ അവിടെ വരാത്തതെന്ന് അനുമാനിക്കുന്നു.
സപ്താഹ വേളയില്‍ ഒരു ദിവസം വൈകുന്നേരം അല്‍പം അകലെയുള്ള ഭരതാശ്രമം സ്ഥിതിചെയ്യുന്ന നന്ദിഗ്രാമത്തിലേക്ക് ഞങ്ങള്‍ പോയി. ഈ സ്ഥലം ഉത്തരപ്രദേശ് സംസ്ഥാനത്തില്‍ തന്നെയാണ് (ബംഗാളിലെ നന്ദിഗ്രാമമല്ല). ആശ്രമത്തിന്റെ മുന്നില്‍ത്തന്നെയുള്ള താമരപ്പൂക്കള്‍ നിറഞ്ഞ കുളം ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. ഭരത ശത്രുഘ്‌നന്മാര്‍ നിത്യവും പ്രഭാതത്തില്‍ ഈ കുളത്തില്‍ സ്‌നാനം ചെയ്തിട്ടാണത്രെ രാജ്യകാര്യങ്ങളില്‍ വ്യാപൃതരായത്. ഭരതന് ഏറ്റവും ഇഷ്ടപ്പെട്ട പൂവ് താമരയാണെന്ന വസ്തുത ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തില്‍ ദര്‍ശനത്തിന് ചെന്നപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഭരതന് സംഗമേശ്വരന്‍ എന്ന പേരും കൂടിയുണ്ടല്ലോ.
ആശ്രമകവാടത്തിന്റെ മുന്നില്‍ ഏവരെയും അത്യന്തം ആകര്‍ഷിക്കുന്ന ഒരപൂര്‍വ്വ ശില്‍പമുണ്ട്. ഭരതനും ഹനുമാനും ഗാഢാലിംഗനം ചെയ്യുന്ന രൂപത്തിലായിരുന്നു ആ ശില്‍പം. രണ്ടുപേരും രാമഭക്തിയില്‍ തുല്യരാണല്ലോ.
സപ്താഹ സമാപനദിവസത്തെ അവഭൃഥസ്‌നാനം പുണ്യതീര്‍ത്ഥമായ സരയൂ നദിയില്‍ വെച്ച് തന്നെ നടത്തണമെന്ന ആവശ്യം തദ്ദേശീയരില്‍ നിന്നുണ്ടായി. അവര്‍ എല്ലാ സഹായസഹകരണങ്ങളും എനിക്ക് വാഗ്ദാനം ചെയ്തു. തര്‍ക്കഭൂമിയുടെ അടുത്തായതുകൊണ്ട് ക്രമസമാധാന പാലനത്തിന് വിഷമം സൃഷ്ടിക്കുമോ എന്ന് ചിന്തിച്ച് ഞാന്‍ അവരുടെ അഭ്യര്‍ത്ഥനയെ വിനയപൂര്‍വ്വം നിരസിച്ചു.

2008 ജൂലായ് 22ന് ശ്രീരാമ പട്ടാഭിഷേകം അവഭൃഥസ്‌നാനം തുടങ്ങിയ ചടങ്ങുകളോടെ ഉച്ചയ്ക്ക് രാമായണ സപ്താഹം സമാപിച്ചു. അന്ന് രാത്രിയില്‍ത്തന്നെ പ്രയാഗ് രാജ് (അലഹബാദ്) റയില്‍വേ സ്റ്റേഷനില്‍ നിന്ന് ജബല്‍പൂര്‍ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന എക്‌സ്പ്രസ്സ് ട്രെയിനില്‍ ഞങ്ങളെല്ലാവരും നാട്ടിലേക്ക് മടങ്ങി. രണ്ടാം ദിവസം പ്രഭാതത്തില്‍ പാലക്കാട് ജംഗ്ഷനില്‍ ഇറങ്ങിയ ഞങ്ങള്‍ കാര്‍ മാര്‍ഗ്ഗം രാവിലെ എട്ടുമണിയോടുകൂടി കോഴിക്കോട്ടുള്ള ഭവനത്തില്‍ എത്തിച്ചേര്‍ന്നു.
ചരിത്രത്തില്‍ ആദ്യമായി തുഞ്ചത്ത് രാമാനുജാചാര്യരുടെ അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) സപ്താഹരൂപത്തില്‍ ശ്രീരാമജന്മസ്ഥലമായ അയോദ്ധ്യയില്‍ വിജയകരമായി നടത്തുവാന്‍ സാധിച്ചത് ലോകാഭിരാമനായ ശ്രീരാമന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ്. മാത്രമല്ല ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്താചാര്യനെ ഉത്തരഭാരതത്തിലെ ജനങ്ങള്‍ക്ക് അദ്ധ്യാത്മരാമായണ സപ്താഹത്തിലൂടെ പരിചയപ്പെടുത്തുവാന്‍ സാധിച്ചു എന്നത് പുണ്യകര്‍മ്മമായി ഞാന്‍ വിശ്വസിക്കുന്നു.
സുപ്രീംകോടതിയുടെ വിധിയ്ക്കനുസരിച്ച് തര്‍ക്കരഹിതമായ ശ്രീരാമജന്മപുണ്യഭൂമിയില്‍ പൂര്‍വ്വാധികം പ്രൗഢിയോടെ ശ്രീരാമക്ഷേത്രം ഉയര്‍ന്നുവന്നിരിക്കുന്നു. 2024 ജനുവരി 22-ാം തീയതിയിലെ (1199 മകരമാസം 8) ശുഭമുഹൂര്‍ത്തത്തില്‍, സന്ന്യാസിശ്രേഷ്ഠന്മാരുടെയും ആചാര്യപ്രമുഖന്മാരുടെയും ഭക്തജനങ്ങളുടെയും ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെയും സാന്നിദ്ധ്യത്തില്‍ പുതിയ ശ്രീരാമക്ഷേത്രത്തില്‍ ഭഗവാന്റെ പ്രാണപ്രതിഷ്ഠാ കര്‍മ്മം നടക്കാന്‍ പോകുകയാണ്. രഘുവംശതിലകമായ ദാശരഥി ലോകത്തെ അനുഗ്രഹിക്കുവാനായി അയോദ്ധ്യയില്‍ പുനര്‍നിര്‍മ്മിച്ച ശ്രീരാമ ക്ഷേത്ര ശ്രീകോവിലില്‍ പുനരവതരിക്കുകയാണ്. കലിയുഗത്തിലെ ശ്രീരാമസ്വാമിയുടെ പുനരവതാരത്തിന് സാക്ഷ്യം വഹിക്കുവാന്‍ ഭൂലോകവാസികള്‍ക്ക് ലഭിച്ച അസുലഭമായ അവസരമാണിത്.
ശ്രീരാമ രാമ രാമ, ശ്രീരാമ ഭദ്ര ജയ!
(ലേഖകന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് മലയാളത്തില്‍ ലളിതഭാഷ്യം രചിച്ചിട്ടുണ്ട്.)