നാട്ടുനന്മതന്‍ പൂവരമ്പുകള്‍
ചാര്‍ത്തി നില്ക്കുന്നൊരോര്‍മ്മകള്‍
കാട്ടുപൂവിന്റെ കാതുകുത്തിന്
കേട്ടറിഞ്ഞെത്തി കൂട്ടുകാര്‍.
വെള്ളിമേഘപ്പുടവ ചാര്‍ത്തിയ
വമ്പുമായിതാ മാനവും.
കൂട്ടിനുള്ളില്‍ തളച്ച ജീവിതം
കൂട്ടിവെച്ച കിനാവുകള്‍
വള്ളിപുള്ളികളെണ്ണി കൗതുക-
ച്ചെപ്പിനുള്ളിലെ വിസ്മയം.
അക്കരെക്കെത്താന്‍ തോണികാത്തവര്‍
ഇക്കരെ നിത്യകാഴ്ചകള്‍.
കേട്ടുകേള്‍വിതന്നോളപ്പാച്ചിലില്‍
പാട്ടുനിര്‍ത്തിയ നാളുകള്‍.
തണ്ടു പേറിത്തകര്‍ന്ന തോളിലെ
വിണ്ടുകീറിയ ചാലുകള്‍.
ഒത്തുചേരലിന്‍ തപ്തനിശ്വാസ-
മെത്തി മേനി പുണര്‍ന്നുവോ?
വന്നുചേരുമെന്നോര്‍ത്തനന്തമായ്
കുന്നുകൂടുന്നൊരിഷ്ടമായ്
വന്നിടുന്നു വസന്തമെന്നോതി
കുന്നിറങ്ങി പൂമ്പാറ്റകള്‍.
തുള്ളുമുള്ളങ്ങള്‍ ചേര്‍ന്നൊരീണമായ്
തെല്ലുനേരമിരുന്നിടാം.
നട്ടു നമ്മള്‍ നനച്ച വല്ലരി
പൂത്തുലഞ്ഞു വസന്തമായ്!