കോഴിക്കോട്: കേരളത്തിലെ വനവാസിവിഭാഗത്തിന്റെ അന്യാധീനപ്പെട്ട ഭൂമി ഇതുവരെ അവര്‍ക്ക് തിരിച്ചു കിട്ടിയിട്ടില്ലെന്നും ഈ ഭൂമി തിരിച്ചു നല്‍കാന്‍ കേരളം ഭരിച്ച കോണ്‍ഗ്രസ്, സിപിഎം സര്‍ക്കാരുകള്‍ നടപടിയെടുത്തില്ലെന്നും വനവാസി കല്യാണാശ്രമം അഖില ഭാരതീയ സഹ സംഘടനാ സെക്രട്ടറി പി.പി. രമേശ് ബാബു പറഞ്ഞു. അമൃതശതം പ്രഭാഷണ പരമ്പരയില്‍ ‘വനവാസി കല്യാണ്‍ ആശ്രമം: ലക്ഷ്യത്തിലേക്ക് നയിക്കുന്ന വിജയഗാഥകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2006ലെ വനാവകാശ നിയമം കേരളത്തില്‍ നിഷേധിക്കപ്പെടുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ അഞ്ച്, ആറ് ഷെഡ്യൂള്‍ പ്രകാരം പ്രത്യേക അവകാശങ്ങളുണ്ടെങ്കിലും കേരളത്തില്‍ അത് ലഭിക്കുന്നില്ല. കേരളത്തിലെ ഒരു ശതമാനം വരുന്ന പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ മറ്റ് സമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ ഉണ്ടായ ദേശീയമായ ഉണര്‍വ്വിനും മുന്നേറ്റത്തിനും പരിവര്‍ത്തനത്തിനും കാരണം വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. മുമ്പ് ഭാരതസൈന്യത്തോട് പുറത്തുപോകാന്‍ ആജ്ഞാപിച്ച പ്രദേശങ്ങളായിരുന്നു ഇത്. 71 സംഘടനകള്‍ ഒരുമിച്ച് ഗ്രാമതലങ്ങളില്‍ പ്രവര്‍ത്തിച്ചതോടെ മാറ്റമുണ്ടായി. ദക്ഷിണേഷ്യന്‍ വ്യാപാരബന്ധങ്ങളുടെ മുഖ്യകേന്ദ്രമായി വടക്ക് കിഴക്കന്‍ മേഖല മാറി. ഭാരതത്തിനു വേണ്ടി നേട്ടം കൈവരിക്കുന്ന കായികതാരങ്ങള്‍ ഉയര്‍ന്നുവന്നു. വനവാസി കല്യാണ്‍ ആശ്രമം 14,000 ഗ്രാമങ്ങളിലായി 20,000 സേവാപദ്ധതികള്‍ നടത്തിവരുന്നു. യു.പി. അടക്കമുള്ള സംസ്ഥാനങ്ങളില്‍ വനവാസി വിഭാഗത്തിന് പട്ടയം നല്‍കിക്കഴിഞ്ഞു. വനവാസി മേഖലകളിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടായ മാറ്റം, ജനജാതി സുരക്ഷാ മഞ്ചിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വ്യാപകമായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. വനവാസി വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് ഈ മാറ്റത്തിന്റെ തുടര്‍ച്ചയാണ്. അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അഞ്ജലി ധനഞ്ജയന്‍ അദ്ധ്യക്ഷയായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.എസ്. സത്യഭാമ, ടി.വി. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.