ഭാരതത്തിന്റെ രാഷ്ട്രശരീരത്തെ യോഗശരീരമായാണ് മഹര്‍ഷീശ്വരന്മാര്‍ സങ്കല്പനം ചെയ്തിട്ടുള്ളത്. കന്യാകുമാരി മൂലാധാരവും കാശ്മീര്‍ അതിന്റെ സഹസ്രാരചക്രവുമാണ്. യോഗാത്മകവും അതുകൊണ്ട് തന്നെ ഏകാത്മകവുമായ ഈ സൂക്ഷ്മശരീരമാണ് രാഷ്ട്രചേതനയെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന ശരിയായ ശക്തിവിശേഷം. ഭാരതത്തിന്റെ രാഷ്ട്രത്വത്തിന് തികച്ചും ആദ്ധ്യാത്മികമായ ഒരു അസ്തിവാരമുണ്ടെന്നത് നിസ്തര്‍ക്കമാണ്. ‘മാതൃഭൂമിയില്‍ അന്തര്യാമിയായ പരാശക്തിയാണ് രാഷ്ട്രം’ എന്നു മഹര്‍ഷി അരവിന്ദന്‍ ഒരിക്കല്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭാരതത്തെ ഇല്ലാതാക്കാനുള്ള ആദ്യപടി അതിന്റെ അഖണ്ഡമായ ഭൂമിശാസ്ത്രഘടനയ്ക്കുമേല്‍ മുറിവേല്‍പ്പിക്കുകയാണെന്ന് വൈദേശിക ആക്രമണകാരികളും അവരുടെ സ്വദേശീയരായ അനുയായികളും വളരെക്കാലം മുന്‍പ് തന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഭാരതത്തെ ഭൗതികമായി വിഭജിക്കാനുള്ള നീക്കങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ തന്നെ പഴക്കവുമുണ്ട്.
സ്വാതന്ത്ര്യാനന്തരം, കാശ്മീരിനെ വെട്ടിമാറ്റിക്കൊണ്ട് ഭാരതത്തിന്റെ ശിരസ്സറുക്കാനുള്ള ശ്രമങ്ങള്‍ പതിറ്റാണ്ടുകളോളം നടന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ വിഘടനവാദം വളര്‍ത്തി രാഷ്ട്രത്തിന്റെ കൈകളരിയാന്‍ ഗൂഢപദ്ധതികളൊരുങ്ങി. ഇപ്പോള്‍ അടുത്തകാലത്തായി ദക്ഷിണഭാരത സംസ്ഥാനങ്ങളെ വേര്‍പെടുത്തിക്കൊണ്ട് ഭാരതത്തിന്റെ പാദവിച്ഛേദം ചെയ്യാനുള്ള നീക്കം ഇതിന്റെ സ്വാഭാവികമായ തുടര്‍ച്ച തന്നെയാണ്. ഇതിന് ബൗദ്ധികവും അക്കാദമികവുമായ ആശയപരിസരമൊരുക്കാന്‍ വേണ്ടിയുള്ള പലവിധ പരിപാടികള്‍ അടുത്ത കാലത്തായി അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 24 ന് കൊച്ചിയില്‍ ‘കട്ടിങ് സൗത്ത്’ എന്ന പേരില്‍ നടന്ന മാധ്യമ സെമിനാര്‍ ഇതില്‍ പ്രധാനമായിരുന്നു. വിദേശ ഫണ്ട് സ്വീകരിച്ചതായി സംഘാടകര്‍ തന്നെ സമ്മതിച്ച ഈ പരിപാടി ഉദ്ഘാടനം ചെയ്തത് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയായിരുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ സ്വത്വസവിശേഷതയെ വിസ്മരിച്ചുകൊണ്ട് കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഭാരതത്തില്‍ നിന്ന് വേറിട്ട സ്വതന്ത്രമായ ഒരു സാംസ്‌കാരിക സ്വത്വമുണ്ടെന്നും ആര്‍ഷഭാരതത്തില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയവും ഭാഷാപരവുമായ അസ്മിതയാണ് ഇവയ്ക്കുള്ളതെന്നും സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. അപകടരമായ ഇത്തരം വിഭജനവാദങ്ങളെ തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേസരി വാരികയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 12 ന് ദല്‍ഹിയില്‍ ‘ബ്രിഡ്ജിംഗ് സൗത്ത്’ എന്ന പേരില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചത്.
കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണ ഭാരത സംസ്ഥാനങ്ങളെ ദേശീയ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള രാഷ്ട്രീയ- മാധ്യമ- അക്കാദമിക അജണ്ടകളോടുള്ള സര്‍ഗ്ഗാത്മകമായ പ്രതികരണമെന്ന നിലയിലാണ് ഈ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. ദക്ഷിണ ഭാരതത്തിന്റെ സാംസ്‌കാരികധാര ആര്‍ഷഭാരതത്തില്‍ നിന്ന് അന്യമല്ല എന്ന അനര്‍ഘസത്യത്തെ ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കാനുള്ള പരിശ്രമം കൂടിയാണിത്. സഹസ്രാബ്ദങ്ങളായി ഭാരതം ഒരൊറ്റ സാംസ്‌കാരിക അസ്തിത്വം പുലര്‍ത്തുന്ന ഒരു സചേതന രാഷ്ട്രമാണ്. അതിന്റെ ഓരോ സിരയിലും, ഓരോ അണുവിലും അനര്‍ഗളമായി ഒഴുകുന്നത് ഒരേ ജീവനരസമാണ്. ഭാരതത്തിന്റെ ഏകരാഷ്ട്രത്വം ഏറ്റവും കൂടുതല്‍ ഉദ്ഗാനം ചെയ്യപ്പെട്ടിട്ടുള്ളത് ദക്ഷിണ ഭാരതത്തില്‍ നിന്നുതന്നെയാണ്. ശങ്കരാചാര്യരുടെ ഭാരതപരിക്രമണവും സര്‍വജ്ഞപീഠാരോഹണവുമെല്ലാം ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും വിളംബരം ചെയ്യുന്നതായിരുന്നു. ഭാരതമഹിമയെക്കുറിച്ചാണ് മലയാളത്തിലെ ഭക്തകവിയായ പൂന്താനം നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ വാഴ്ത്തിപ്പാടിയത്. തമിഴ്നാട്ടിലെ ചോള രാജാക്കന്മാരില്‍ ഒരാളുടെ പേര് തന്നെ ഗംഗൈകൊണ്ട ചോളന്‍ എന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചെങ്കോല്‍ തമിഴ്നാട്ടിലെ ശൈവസിദ്ധന്മാരുടെ പാരമ്പര്യത്തിന്റെ പ്രതീകമാണ്. കാശിയും രാമേശ്വരവും, ഹിമാലയവും സഹ്യനും, സരയുവും കാവേരിയുമൊക്കെ ഒരേ സനാതനസിന്ധുവിന്റെ ആത്മാംശങ്ങളെയാണ് സംവഹിക്കുന്നത്.
ഭാരതത്തിന്റെ രാഷ്ട്രഭൂപടത്തില്‍ എക്കാലവും തെളിഞ്ഞുനില്‍ക്കുന്ന സാംസ്‌കാരിക ഏകതയുടെ ഈ അക്ഷാംശരേഖകളെ അവഗണിച്ചുകൊണ്ടാണ് കേരളത്തിലെ ഇടത്- ജിഹാദി- അര്‍ബന്‍ നക്സല്‍ ഗ്രൂപ്പുകളും ചില മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യ’ പോലുള്ള പ്രചരണങ്ങള്‍ക്ക് കരുത്തുപകരുന്നത്. അടുത്ത കാലത്തായി, ദക്ഷിണ ഭാഗത്തെ പൊതുഭാരതത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാനസികമായും ഭൗതികമായും മുറിച്ചു മാറ്റാനുള്ള ഗൂഢശ്രമങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുകയാണ്. ഭാരതമെന്ന നമ്മുടെ രാഷ്ട്രത്തിന്റെ പ്രാചീനമായ പേരിനെതിരെയും അതിന്റെ ആത്മാവായ സനാതനധര്‍മ്മത്തിനെതിരെയും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് അടുത്തിടെ സംഘടിതമായ ആക്രോശങ്ങളും ആക്രമണങ്ങളും ഉയര്‍ന്നു.
തമിഴ്‌നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പ്രസംഗിച്ചു. ഇതിനു പിന്നാലെ സനാതനധര്‍മ്മത്തെ എച്ച്.ഐ.വിയോടും കുഷ്ഠരോഗത്തോടും ഉപമിച്ചുകൊണ്ട് ഡിഎംകെ നേതാവും തമിഴ്നാട്ടിലെ മറ്റൊരു മന്ത്രിയുമായ എ.രാജ രംഗത്ത് വന്നു. ‘ദ്രാവിഡനാട്’ വാദത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് ഡിഎംകെ പരസ്യമായി നിലപാടെടുത്തു. ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തിയായ ഗണപതിയെ കേരളത്തിന്റെ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പൊതുപരിപാടിയില്‍ വെച്ച് നിന്ദ്യമായി ചിത്രീകരിച്ചു. കേരളത്തില്‍ ‘ഹിന്ദുക്കളെ അമ്പലത്തിനുള്ളില്‍ പച്ചയ്ക്ക് ചുട്ടു കൊല്ലും’ എന്നു കൊലവിളി ഉയര്‍ന്നു. കേരളത്തിന്റെ ഭരണപ്രതിപക്ഷങ്ങള്‍ ഇപ്പോള്‍ ഭീകരസംഘടനയായ ഹമാസിന്റെ സഖ്യകക്ഷികളായി പോലും രംഗത്ത് വരികയാണ്. ദക്ഷിണ ഭാരതത്തെ വിഘടനവാദത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ രാഷ്ട്രീയ മാധ്യമ മേഖലകളില്‍ ആസൂത്രിതശ്രമം നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇവയെല്ലാം.
ചരിത്രത്തില്‍, ദേശീയഭാവനയെ തമസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രസത്തയുടെ സ്‌തോത്രരൂപമായ വന്ദേമാതരഗാനത്തെ പാദവിച്ഛേദം ചെയ്യാന്‍ ശ്രമമുണ്ടായിട്ടുണ്ട്. ഇപ്പോള്‍, രാഷ്ട്രപാദപീഠത്തെ ഛേദിക്കുവാനുള്ള ശ്രമം അണിയറയില്‍ നിന്ന് അരങ്ങത്തേക്കെത്തുമ്പോള്‍ അതിനെ അതീവ ഗൗരവത്തോടെ തന്നെ നോക്കിക്കാണേണ്ടതുണ്ട്. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ് ‘ബ്രിഡ്ജിംഗ് സൗത്ത്’ എന്ന പേരിലുള്ള മാധ്യമ സെമിനാറിന് കേസരി മുന്‍കൈയെടുത്തത്. രാഷ്ട്രോന്മുഖമായ നിലപാടുകള്‍ മുറുകെപ്പിടിച്ച് കേസരി പ്രസിദ്ധീകരണത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രത്തിന്റെ ഭദ്രതയ്‌ക്കെതിരെ ഉയരുന്ന എതിര്‍ശബ്ദങ്ങളെ തുറന്നു കാണിക്കുക എന്നത് അതിന്റെ ജന്മദൗത്യമാണ്. ഈ ദൗത്യനിര്‍വ്വഹണത്തിന്റെ ആശയരൂപമാണ് ഇപ്പോള്‍ നടന്ന ഈ വിചാരസത്രം. രാജ്യതലസ്ഥാനത്തു വെച്ച് ഈ സെമിനാര്‍ നടന്നതിന്റെ തൊട്ടു തലേദിവസമാണ് ജമ്മു കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയ നടപടി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും അവിഭാജ്യതയും ഉറപ്പിക്കുന്ന സന്ദേശമാണിത്. ഈ പശ്ചാത്തലത്തില്‍ തന്നെയാണ് ‘ബ്രിഡ്ജിംഗ് സൗത്ത്’ എന്ന സാംസ്‌കാരിക സമന്വയത്തിന്റെയും സ്വത്വസംയോജനത്തിന്റെയും സേതുബന്ധനം പ്രസക്തമാവുന്നതും. ഏകഭാരതത്തിന്റെ അനിവാര്യതയെക്കുറിച്ച് ജനജാഗരണം ഉണ്ടാക്കാന്‍ ഈ പരിപാടിയുടെ സന്ദേശം മുഴുവന്‍ രാഷ്ട്രസ്‌നേഹികളും ഏറ്റെടുക്കേണ്ടതുണ്ട്.