ഒരു മാസത്തെ പഠനം കഴിഞ്ഞ് ആര്‍ഷ വിദ്യാസമാജത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മലപ്പുറംകാരി രുദ്ര സന്തോഷവതിയായിരുന്നു. കോളേജില്‍ വലിയ വിപ്ലവകാരിയായിട്ടൊക്കെയാണ് നടന്നിരുന്നതെങ്കിലും മനസ്സിനുള്ളില്‍ ആത്മീയത തേടിയുളള ഒരു നീര്‍ച്ചാല്‍ ഉണ്ടായിരുന്നു. വിപ്ലവം വെറും മുദ്രാവാക്യത്തില്‍ മാത്രമായിരുന്നു. എന്നാല്‍ ആത്മീയത തേടിയുള്ള യാത്രയാകട്ടെ അവളെ എത്തിച്ചത് ഇസ്ലാം മതധാരയിലായിരുന്നു. എം.എ പഠനം കഴിഞ്ഞാല്‍ താന്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് പരസ്യമായി പറയുവാന്‍ മാത്രം ശക്തമായിരുന്നു ഖുറാനോടുളള താല്‍പര്യം. എന്നാല്‍ അതിനിടയില്‍ ഒരു പരീക്ഷണാര്‍ത്ഥം ആര്‍ഷവിദ്യാ സമാജത്തില്‍ ചെന്ന് പെടുകയായിരുന്നു.
ആര്‍ഷവിദ്യാ സമാജത്തില്‍ നിന്ന് ഇറങ്ങി താന്‍ പഠിക്കുന്ന ഫറൂക്ക് കോളേജിലേക്ക് തിരിക്കുമ്പോള്‍ ഖുറാനെക്കുറിച്ചും സനാതന ധര്‍മത്തെക്കുറിച്ചുമുള്ള ഒരു വ്യക്തമായ കാഴ്ചപ്പാട് രുദ്രക്കുണ്ടായിരുന്നു. രണ്ടും തമ്മില്‍ കപ്പലണ്ടിയും കടലും തമ്മിലുളള വ്യത്യാസമുണ്ട്. ഹോസ്റ്റല്‍ മുറിയില്‍ തന്നെ നിരന്തരം ഖുറാന്‍ പഠിപ്പിച്ചിരുന്ന, എം.എ കഴിഞ്ഞിട്ട് താന്‍ മുസ്ലിമാകുന്നത് കാണുവാന്‍ കാത്തിരിക്കുന്ന, തന്റെ സഹമുറിയന്മാരായ ക്ലാസ് മേറ്റുകളായ മൂന്ന് മുസ്ലിം കൂട്ടുകാരികള്‍ക്കും കുറച്ച് സനാതന ധര്‍മം പറഞ്ഞു കൊടുക്കണം. അവരുമായി മതങ്ങളെക്കുറിച്ചുള്ള സംവാദവും താരതമ്യ പഠനവും നടത്തണം. ഞങ്ങളും അത്ര മോശക്കാരല്ലെന്നും ഹിന്ദുക്കള്‍ക്കുമുണ്ട് ഒരു ധര്‍മശാസ്ത്രമെന്നും അവരെ അറിയിക്കുവാന്‍ വേണ്ടി മാത്രം. അവര്‍ ഇത് കേട്ട് മതമൊന്നും മാറണ്ട. ഇത്രയും നാളും ഹിന്ദുവിനെക്കുറിച്ച പറയുമ്പോള്‍ അപമാനഭാരത്തോടെ തല കുമ്പിട്ട് ഇരുന്ന അവസ്ഥ ഇനിയുണ്ടാകില്ല. മുസ്ലിം സഹോദരങ്ങളുടെ ഹിന്ദുവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ താന്‍ എന്തിനീ വൃത്തികെട്ട മതത്തില്‍ ജനിച്ചുവെന്ന് പോലും തോന്നിപ്പോയിട്ടുണ്ട്.
ആര്‍ഷവിദ്യാ സമാജത്തിന്റെ ഒരു ക്യാമ്പ് കോഴിക്കോടിനടുത്ത് രാമനാട്ടുകരയില്‍ നടക്കുമ്പോള്‍ അവരോട് നാല് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവിടെ ചെന്നതാണ് രുദ്ര. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരവും മറുചോദ്യവും കിട്ടിയതോടെ ഹിന്ദുക്കള്‍ക്ക് ഇങ്ങനെയൊക്കെ ഉണ്ടോയെന്നായി സംശയം. സംശയം തീര്‍ക്കാന്‍ ആര്‍ഷവിദ്യാ സമാജത്തിലേക്ക് ക്ഷണിച്ചത് സുജിത്ത് സാറാണ്. ഒരു വെല്ലുവിളി പോലെ ആ ക്ഷണം സ്വീകരിച്ച് അവിടെ പോയത് വീണ്ടും കുറച്ച് ചോദ്യങ്ങള്‍ കൂടി ചോദിക്കാനാണ്. ചോദ്യങ്ങള്‍ക്കെല്ലാം മണിമണിയായി ഉത്തരങ്ങള്‍ കിട്ടാന്‍ തുടങ്ങിയതോടെ അദ്ഭുതമായി. തന്റെ നാട്ടുകാരോട് 22 കൊല്ലം ചോദിച്ചിട്ട് കിട്ടാത്ത ഉത്തരമാണ് കിട്ടുന്നത്. എന്നാല്‍ പിന്നെ ഇതിനെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നായി. അങ്ങിനെ രുദ്ര ആര്‍ഷ വിദ്യാ സമാജത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു.
ആര്‍ഷവിദ്യാ സമാജത്തിലെ ചോദ്യങ്ങള്‍ ലളിതമായിരുന്നു. ഹിന്ദുവായ നിങ്ങള്‍ ഇപ്പോള്‍ മുസ്ലിം മതവിശ്വാസിയാണെന്ന് പറയുന്നു. ഹിന്ദു മതത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? ഹിന്ദുവിന്റെ അടിസ്ഥാന ശാസ്ത്രം ഏതാണെന്നറിയുമോ? ഇല്ല.
അപ്പോള്‍ ഒന്നുമറിയാത്ത ഹിന്ദു. ഇപ്പോള്‍ ഇസ്ലാം മതവിശ്വാസിയാണെന്ന് പറയുന്നു. മുസ്ലിം കൂട്ടുകാരികള്‍ പറഞ്ഞ കരുണാനിധിയും കരുണാമയനുമായ ദൈവത്തെക്കുറിച്ച് അവര്‍ പറഞ്ഞതല്ലാതെ നിങ്ങള്‍ക്ക് എന്തറിയാം? ഒന്നുമറിയില്ല. എന്തും തിരെഞ്ഞെടുക്കണമെങ്കില്‍ ഒന്നില്‍ കൂടുതല്‍ വേണം. ആദ്യം രുദ്രയുടെ ഇസ്ലാം മത വിശ്വാസത്തെക്കുറിച്ച് തന്നെ ചര്‍ച്ച തുടങ്ങാം.
സത്യത്തില്‍ രുദ്ര ഖുറാന്‍ പഠനം തുടങ്ങുന്നത് അവിടെ നിന്നാണ്. രുദ്രയെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ച കാര്യങ്ങള്‍ ഒന്നൊന്നായി ചോദിക്കുന്നു. അതിനെക്കുറിച്ച് ഖുറാന്‍ എന്ത് പറയുന്നുവെന്ന് രുദ്രയെ കൊണ്ട് തന്നെ വായിപ്പിക്കുന്നു. എം.എ കഴിഞ്ഞ് പിറ്റേ ദിവസം ഇസ്ലാമാകാന്‍ നിന്നിരുന്ന രുദ്രയുടെ മുന്നിലേക്ക് അവള്‍ അന്നേ വരെ കേള്‍ക്കാത്ത ഖുറാന്‍ വചനങ്ങള്‍, ആയത്തുകള്‍, സുന്നത്തുകള്‍, സീറകള്‍ തുടങ്ങിയവും അതിന്റെ അര്‍ത്ഥം, സാഹചര്യം, മാനവികതയോടുള്ള അതിന്റെ സമീപനം, സ്ത്രീകളുടെ സാമൂഹ്യ അവസ്ഥ എന്നിങ്ങനെ ഒന്നിനു പുറകെ ഒന്നായി വിശദീകരണങ്ങള്‍ വരുവാന്‍ തുടങ്ങിയതോടെ ഖുറാനെപ്പറ്റിയുളള ഒരു സാമാന്യ ധാരണ കിട്ടി. പിന്നീട് സനാതന ധര്‍മത്തെക്കുറിച്ചുള്ള പഠനം. സനാതന ധര്‍മം എന്ന വാക്കുപോലും കേള്‍ക്കുന്നത് ആര്‍ഷവിദ്യാ സമാജത്തില്‍ നിന്നാണ്. അത് ജീവിതം മാറ്റിമറിച്ച ഒരു തുടക്കമായിരുന്നു. ആരംഭത്തില്‍ ഒരു മാസത്തെ പഠനം.
എം.എ.ക്ക് ശേഷം ഇസ്ലാമാകുക എന്ന തീരുമാനം മാറ്റി എം.എക്ക് ശേഷം സമാജത്തിലെത്തി വീണ്ടും പഠിക്കുക എന്ന തീരുമാനത്തിലെത്താന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. ആരംഭത്തിലെ പഠനം കഴിഞ്ഞ് വീണ്ടും തന്റെ ലാവണമായ ഫറൂക്ക് കോളേജിലേക്ക്. ഫറൂക്ക് കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലായ സാഹിറ ഹോസ്റ്റലിലേക്ക് അല്‍പ്പസ്വല്‍പ്പം സനാതന ധര്‍മവും നെറ്റിയിലൊരു ചന്ദനക്കുറിയുമായി ചെന്ന് കയറിയ എന്നെ കണ്ട് അറിയുന്നവരെല്ലാം ഞെട്ടി. ചന്ദനം തൊട്ടാല്‍ സംഘിയായി. ഹിന്ദുവെന്ന് പറഞ്ഞാല്‍ വര്‍ഗീയ വാദിയായി. ഇന്നലെ വരെ ഫറൂക്ക് കോളേജിനുള്ളില്‍ എസ്.എഫ്.ഐയുടെ കൊടിയും പിടിച്ച് ജാഥ വിളിച്ചു നടന്ന പെണ്ണ് ചന്ദന പൊട്ടും സനാതന ധര്‍മവുമൊക്കെയായി ഫറൂക്ക് മുസ്ലിം മാനേജ്‌മെന്റ് കോളേജില്‍. തന്നെ തലയിലും താഴത്തും വെക്കാതെ കൊണ്ട് നടന്ന മൂന്ന് കൂട്ടുകാരികള്‍ക്കും ഭാവ വ്യത്യാസം വന്നിരിക്കുന്നു. ഇത് രുദ്ര പ്രതീക്ഷിച്ചിരുന്നതല്ല.
ആര്‍ഷവിദ്യാ സമാജത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി തന്നെ പാലിക്കുവാന്‍ തീരുമാനിച്ചിരുന്നു. പുലര്‍ച്ച 5 മണിക്ക് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് സാധന തുടങ്ങും. ഒരു മണിക്കൂര്‍ ഓം നമ: ശിവായ ജപം. അതും രുദ്രാക്ഷത്തിന്റെ ജപമാലയില്‍.
മുറിയില്‍ താനടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് മുസ്ലിമും ഒരു ക്രിസ്ത്യനും. ഈ മുസ്ലിം കൂട്ടുകാരികളെ പലപ്പോഴും പുലര്‍ച്ചെ നിസ്‌ക്കരിക്കുവാന്‍ വിളിച്ച് എഴുന്നേല്‍പ്പിച്ചിരുന്നത് താനാണ്. ഞാനവരുടെ ചങ്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ചന്ദനം തൊടാനും സാധന ചെയ്യാനുമൊക്കെ തുടങ്ങിയതോടെ അവര്‍ തന്നോട് മിണ്ടാതായിരിക്കുന്നു. കണ്ടാല്‍ ചിരിയില്ലെന്ന് മാത്രമല്ല കാണാത്ത പോലെ പോകുന്നു. അവര്‍ അപ്പുറത്ത് നിസ്‌കരിക്കുമ്പോള്‍ ഞാന്‍ എന്റെ സ്ഥലത്ത് സാധന ചെയ്യുന്നതിനെ അവര്‍ എതിര്‍ക്കുന്നു. രുദ്രാക്ഷമാല കാണുമ്പോള്‍ എന്നെ അവര്‍ സന്യാസിയെന്നും പൂച്ച സന്യാസിയെന്നും വിളിച്ച് അധിക്ഷേപിക്കുന്നു. ഞാന്‍ ചെയ്യുന്നത് വര്‍ഗീയതയാണെന്ന് പറയുന്നു. ഇങ്ങനെയൊക്കെ ചെയ്തിട്ട് എന്താണ് കാര്യമെന്നാണവര്‍ ചോദിക്കുന്നത്. തങ്ങള്‍ ചെയ്യുന്നതൊക്കെ ശരിയും ബാക്കിയുള്ളവര്‍ ചെയ്യുന്നതൊക്കെ തെറ്റും.
അവര്‍ സംസാരിക്കുന്നിടത്ത് താന്‍ ചെന്നാല്‍ അപ്പോഴവര്‍ സംസാരം നിര്‍ത്തും. പിന്നെ മാറും. തന്നെ മുറിയില്‍ അവര്‍ ശരിക്കും ഒറ്റപ്പെടുത്തി. അസഹിഷ്ണുതയുടെ മുള്‍മുനയില്‍ ആഴ്ചകള്‍ കടന്നുപോയി. പിന്നീട് ഇതൊരു മാനസിക പ്രശ്‌നമായി മാറി. ഒടുവില്‍ താന്‍ ആ ഹോസ്റ്റലില്‍ നിന്ന് തന്നെ മാറി.
മറ്റു മതദര്‍ശനങ്ങളിലേക്ക് വഴിതെറ്റിപ്പോയ ഉദ്ദേശം 7200 ഓളം പേരെ സ്വധര്‍മത്തിലേക്ക് തിരികെ കൊണ്ടുവന്ന ആര്‍ഷവിദ്യാ സമാജത്തിന്റെ പൂമുഖത്തെ സോഫയില്‍ ഇരുന്നുകൊണ്ട് രുദ്ര തന്റെ ഇന്നലകളിലേക്ക് എത്തി നോക്കുകയായിരുന്നു. തിരക്കിനിടയില്‍ ഇന്നലെകള്‍ പറയുവാന്‍ ഇത്തിരി നേരം മാത്രം. രാവിലെ 10 മണിക്ക് ആര്‍ഷവിദ്യാ സമാജത്തിലെത്തിയ ലേഖകനെ കാണാന്‍ രുദ്ര പ്രചാരിക എത്തുന്നത് പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞ്. പ്രചാരകന്മാരും പഠിതാക്കളും അടക്കം അപ്പോള്‍ അവിടെ അമ്പതോളം പേരുണ്ട്. ഒരു മാസം മുമ്പ് മനസ്സ് നീറി പ്രണയ ചതിയില്‍പ്പെട്ട് കൈ വിട്ട് പോയെന്ന് കരുതിയ തങ്ങളുടെ 20-22 വയസുള്ള മകളെയും കൊണ്ട് ആര്‍ഷവിദ്യാ സമാജത്തിലേക്ക് വന്ന ഒരു അച്ഛനും അമ്മയും മകളെയും കൊണ്ട് സമാധാനത്തോടെ വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു ആ പ്രഭാതത്തില്‍. പിന്നീട് സൂക്ഷ്മമായി അന്വേഷിച്ചപ്പോള്‍ മനസ്സിലായി അതൊരു ലൗ ജിഹാദ് കേസായിരുന്നു. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുവാന്‍ മാത്രമല്ല സ്വന്തം ധര്‍മത്തിന്റെ പ്രചാരികയാകുവാന്‍ കൂടി കരുത്ത് നല്‍കിയിട്ടാണ് സമാജം ഓരോരുത്തരെയും പരിശീലിപ്പിച്ച് വിടുന്നത്.
രുദ്ര മലപ്പുറം ജില്ലയിലെ ഇസ്ലാം മതപഠന കേന്ദ്രമായ സത്യസരണിക്ക് അടുത്ത് ജനിച്ചുവളര്‍ന്നവള്‍, ബഹുഭൂരിപക്ഷവും മുസ്ലിം സഹോദരങ്ങള്‍ താമസിക്കുന്ന ഒരിടം. ആ സ്ഥാപനം ഉണ്ടായ കാലം മുതല്‍ ആ സ്ഥാപനത്തെക്കുറിച്ച് നല്ലതും ചീത്തയുമായി ധാരാളം കേട്ടിട്ടുണ്ട്. മുസ്ലിം സുഹൃത്തുക്കളുമായിട്ടുള്ള സഹവാസം ഇസ്ലാമിലേക്കുള്ള പ്രേരണയായ ഘട്ടത്തില്‍ ഒരുനാള്‍ മതം പഠിക്കുവാന്‍ സത്യസരണിയുടെ മുമ്പിലെത്തി. പക്ഷെ പ്രധാനപ്പെട്ട ആരും അവിടെ അപ്പോള്‍ ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന ഒരു അദ്ധ്യാപകന്‍ കൊടുത്ത ഒരു ഖുറാനും ലഘുലേഖകളുമായി മടങ്ങി.
വീടിന്റെ പരിസരത്തെ സാഹചര്യം തികച്ചും ഇസ്ലാമികമായിരുന്നു. സ്‌കൂളിലേക്കും കോളേജിലേക്കുമെല്ലാം വരുന്നതും പോകുന്നതുമെല്ലാം മുസ്ലിം സഹോദരങ്ങളോടൊപ്പം. പോകുന്നതിനിടയില്‍ സംസാരിക്കുന്നതെല്ലാം വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും. അതിലെല്ലാം ഇസ്ലാം കയറി വരും. മതത്തെക്കുറിച്ചുള്ള അവരുടെ അറിവുകളും (അവര്‍ക്കറിയാവുന്ന) സമര്‍പ്പണവും ശ്രദ്ധേയമായിരുന്നു. ഇങ്ങനെയുള്ള ദൈനംദിന കേള്‍വികളിലൂടെയാണ് ഇസ്ലാം എന്നിലേക്ക് സന്നിവേശിക്കുന്നത്.
വലിയ സാമ്പത്തിക പരാധീനതയുള്ള വീടായിരുന്നു എന്റേത്. അമ്മയും താനടക്കം രണ്ട് പെണ്‍മക്കള്‍. അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചു പോയി. തന്റെ വീടിനടുത്ത് എസ്. ഡി.പി.ഐയുടെ സജീവ പ്രവര്‍ത്തനം ഉണ്ടായിരുന്നു. എസ്ഡിപിഐയില്‍ നിരവധി ചേട്ടന്മാര്‍ ഉണ്ടായിരുന്നു. പ്ലസ് 2 ന് പഠിക്കുമ്പോഴാണ് ഇവരുമായി പരിചയപ്പെടുന്നത്. സേവന പ്രവര്‍ത്തനങ്ങളോട് എനിക്ക് കുട്ടിക്കാലത്തേ ആഭിമുഖ്യമുണ്ടായിരുന്നു. എസ്.ഡി.പി.ഐക്കാര്‍ അവിടെ ഒരു പാലിയേറ്റിവ് കെയര്‍ സര്‍വീസ് നടത്തിയിരുന്നു. ഞാനും ഇവരോടൊപ്പം ചേര്‍ന്നു. എന്റെ ഇസ്ലാം ആഭിമുഖ്യം ഇവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു. എന്റെ വീട്ടിലെ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കിയ ഇവര്‍ എന്നെ സഹായിക്കുവാന്‍ തുടങ്ങി. അത് കോളേജിലേക്കുള്ള ഫീസ് തരുന്നത് മുതല്‍ വീട്ടിലേക്കുള്ള പലചരക്ക് വാങ്ങി തരുന്നതിലേക്ക് വരെ എത്തി. അന്നത്തെ സഹചര്യത്തില്‍ ഞാനത് വേണ്ടെന്ന് പറഞ്ഞില്ല. രുദ്ര പറഞ്ഞു.
ഖുറാന്‍ ആഭിമുഖ്യവും എസ്ഡിപിഐയുമായുള്ള കൂട്ടുകെട്ടും കൂടി ആയതോടെ എന്റെ ചിന്തകള്‍ക്ക് ഹിന്ദു വിരുദ്ധ മനോഭാവം കൂടി കൂടി വന്നു. എസ്ഡിപിഐക്കാര്‍ പറയുന്നതൊക്കെ എന്റെ അഭിപ്രായങ്ങളായി ഞാന്‍ നാട്ടുകാരോട് പറയുവാന്‍ തുടങ്ങി. അമ്പലങ്ങളൊക്കെ എന്തിനാണ്, അവിടെ പോയിട്ട് എന്താ കാര്യം, നാട്ടില്‍ വര്‍ഗീയത ഉണ്ടാക്കുന്നത് ഹിന്ദുക്കളാണ്, പ്രപഞ്ചത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈശ്വരന്‍ കല്ലിന്മേല്‍ വന്ന് ഇരിക്കുന്നതെങ്ങിനെ, അമ്പലത്തിനുള്ളില്‍ പോകുമ്പോള്‍ പുരുഷന്മാര്‍ ഷര്‍ട്ട് ഊരുന്നതെന്തിന് എന്നിങ്ങനെ പോയി ആ ചിന്താസരണി.
നാട്ടില്‍ ഇത് ഹിന്ദുകളുടെ ഇടയില്‍ പുകിലുണ്ടാക്കി തുടങ്ങിയിരുന്നു. സനാതനധര്‍മമോ മതമോ ദര്‍ശനമോ ആദര്‍ശമോ ഒന്നുമറിയാത്ത മതവിജ്ഞാനമില്ലാത്ത കുറെ പാവങ്ങള്‍ ഹിന്ദുക്കളായി ജീവിക്കുന്നു. അവരുടെ അറിവില്ലായ്മക്കിടയിലും അവര്‍ ഹിന്ദുവായി ജീവിച്ച് ഹിന്ദുവായി തന്നെ മരിക്കണമെന്നാഗ്രഹിക്കുന്നു. അവര്‍ എന്നെ ഹിന്ദു മതത്തില്‍ തന്നെ നിലനിര്‍ത്താനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയാല്‍ പിന്നെ ഞാന്‍ ഹിന്ദുമതത്തില്‍ നിന്ന് പോകില്ല. അതവരുടെ ഉറപ്പായിരുന്നു. ആ സംശയനിവാരണം ആരു നടത്തുമെന്ന് അവര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ അവര്‍ ചെന്നെത്തിയത് ഒരു പുസ്തകത്തിലായിരുന്നു. ചിത്ര ജി.കൃഷ്ണന്‍ എന്ന ഒരു പെണ്‍കുട്ടി എഴുതിയ ‘ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക്’ എന്ന പുസ്തകത്തില്‍. ഹിന്ദുധര്‍മത്തെക്കുറിച്ച് ഒന്നുമറിയാതെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ട് മതം മാറിപ്പോയി ആര്‍ഷവിദ്യാ സമാജം വഴി സ്വധര്‍മത്തിലേക്ക് തിരിച്ച് വന്ന ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയായിരുന്നു അത്. അവര്‍ ആ പുസ്തകം വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുക മാത്രമല്ല ചിത്രയുടെ ഫോണ്‍ നമ്പറും തന്നു.
പുസ്തകം ഒന്ന് ഓടിച്ച് വായിച്ചു. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ചിത്രയെ വാദിച്ച് തോല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ചിത്രയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതങ്ങിനെ കടന്നു പോയി. ആയിടക്ക് കോഴിക്കോട് രാമനാട്ടുകരയില്‍ ആര്‍ഷവിദ്യാ സമാജത്തിന്റെ രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആചാര്യന്‍ നേരിട്ട് വന്ന ക്യാമ്പായിരുന്നു. എന്നെ അവിടെക്ക് പോകാന്‍ പ്രേരിപ്പിച്ചത് പഴയ ചേട്ടന്മാര്‍ തന്നെ. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ആചാര്യന്‍ മനോജ് ജിയുടെ ക്ലാസ് നടക്കുകയാണ്. സനാതന ധര്‍മം പഠിച്ചാല്‍ ഉണ്ടാകാവുന്ന ഗുണങ്ങള്‍ എന്നതായിരുന്നു വിഷയം. ഇതെന്ത് വിഷയം എന്നാണ് ഞാന്‍ ചിന്തിച്ചത്. അവനവന് പണിയെടുത്താല്‍ അവനവന് ജീവിക്കാം – സനാതന ധര്‍മം കൊണ്ട് പട്ടിണി മാറുമോ? തനിക്കന്ന് എസ്എഫ്‌ഐയുടെ ബുദ്ധിയെ ഉണ്ടായിരുന്നുള്ളു.
രണ്ട് ദിവസവും ക്ലാസ്സുകളില്‍ പങ്കെടുത്തു. ആ ക്ലാസ്സുകള്‍ തന്നില്‍ പിന്നെയും ഒരുപാട് സംശയങ്ങള്‍ ഉണ്ടാക്കി, ആ സംശയങ്ങള്‍ക്ക് ഉത്തരം തേടിയുള്ള യാത്രയാണ് എന്നെ ആര്‍ഷ വിദ്യാ സമാജത്തിലെത്തിച്ചത്- രുദ്ര പറഞ്ഞു. ഇന്ന് സമാജത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകയാണ് രുദ്ര.
കൗമാര ചാപല്യങ്ങളിലെ താളപ്പിഴകളാണ് സമാജത്തില്‍ വരുന്ന ബഹുഭൂരിപക്ഷം കേസുകളും. പെണ്‍കുട്ടികളാണ് കൂടുതലും ഇരകള്‍. പല ലൗ ജിഹാദ് കേസുകളിലും ആണിനെയും പെണ്ണിനെയും മുട്ടിച്ച് കൊടുക്കാന്‍ ഒരു ഹംസം കാണും. പെണ്ണിനെ കുടുക്കി കഴിഞ്ഞാല്‍ ഹംസം പിന്മാറും. ഇസ്ലാം തലക്ക് പിടിച്ച് നടന്നിരുന്ന കാലത്ത് റൂംമേറ്റായ ഒരു മുസ്ലിം കൂട്ടുകാരി രുദ്രയെ അവളുടെ ഒരു ബന്ധുവിന് കല്യാണം ആലോചിച്ചു. ഇത്തരം കേസുകളില്‍ കല്യാണം എന്നത് ഒരു വലിയ കെണിയാണ്. രുദ്ര അതില്‍ പെട്ടില്ല. എന്നാല്‍ ഇതല്ല ഇപ്പോഴത്തെ അവസ്ഥ. രണ്ടും മൂന്നും ഭാര്യമാരുള്ളവരെയും നിരവധി പെണ്ണുങ്ങളുമായി ബന്ധങ്ങള്‍ ഉള്ളവരെയും വരെ ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ പ്രേമിക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ തയ്യാറാകുന്നുവെന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. കളിച്ച് ചിരിച്ച് നടന്ന് അവരുടെ കെണിയില്‍ പെടും. അതോടെ പിന്നെ അവരുടെ വരുതിയിലാകും.
രുദ്ര എന്ന ഇരുപത്തിയഞ്ചുകാരി ആര്‍ഷവിദ്യാ സമാജത്തില്‍ ഇരുന്നുകൊണ്ട് ഓരോ ദിവസവും വ്യത്യസ്തങ്ങളായ നിരവധി മനുഷ്യാനുഭവങ്ങള്‍ കാണുന്നു. മതപരിവര്‍ത്തനം എന്ന ഏക അജണ്ടയുമായി രഹസ്യമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വ്യക്തിപരവും കുടുംബപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വിപത്തിനെ വിജ്ഞാനം കൊണ്ടും സംവാദം കൊണ്ടും നേരിടുന്ന ആര്‍ഷവിദ്യാ സമാജത്തിന്റെ ഒരു കാലാളായി തുടര്‍ന്നും പ്രവര്‍ത്തിക്കുവാനാണ് ഇഷ്ടം. രുദ്ര പറഞ്ഞു.
(തുടരും)