മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ ഒരു തരത്തിലുള്ള ഭീകരവാദത്തെയും അംഗീകരിക്കുന്നില്ല എന്നാണ് പ്രമേയം പാസാക്കിയത്. എന്നാല്‍ അവര്‍ ഹമാസിനൊപ്പമാണുതാനും. സ്വയം നിര്‍ണ്ണയാവകാശത്തിനുവേണ്ടി പോരാടുന്ന സംഘടനയാണ് ഹമാസ് എന്നാണ് അവരുടെ നിലപാട്. ഒക്ടോബര്‍ 7ന് അല്‍ അഖ്‌സ ഫ്‌ളഡ് എന്ന ഓപ്പറേഷന്‍ വഴി ഹമാസ് ഇസ്രായേലിന്റെ അതിര്‍ത്തി കടന്ന് ആയിരത്തിലധികം പേരെ കൊല്ലുകയും അഞ്ഞൂറിലധികം പേരെ ബന്ദികളാക്കുകയും ചെയ്തത് ഒ.ഐ.സിയെ സംബന്ധിച്ചിടത്തോളം ഭീകരപ്രവര്‍ത്തനമല്ല. കാശ്മീര്‍ കാര്യത്തിലും ഈ ഒ.ഐ.സിയുടെ നിലപാട് പാകിസ്ഥാനൊപ്പമാണ്. ഭാരതം കാശ്മീരിനെ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുകയാണ് എന്നും അവിടുത്തെ ജനസംഖ്യാപരമായ അവസ്ഥ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് ഒ.ഐ.സിയുടെ ആരോപണം. തികച്ചും ഭാരതവിരുദ്ധ നിലപാടാണ് മുസ്ലിം രാജ്യങ്ങളുടെ ഈ കൂട്ടായ്മയ്ക്കുള്ളത്.
ഒ.ഐ.സിയുടെ അതേ നിലപാടാണ് ഭാരതത്തിലെ പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒ.ഐ.സിയുടെ നിലപാടിനെ കോപ്പിയടിച്ചിരിക്കുകയാണ് സി.പി.എമ്മും കോണ്‍ഗ്രസ്സും. പാലസ്തീനികളുടെ മനുഷ്യാവകാശം എന്ന മറയ്ക്കു പിന്നില്‍ നിന്ന് അവര്‍ ഹമാസിനെ ന്യായീകരിക്കുന്നു. അതിന്റെ ഭാഗമാണ് കേരളത്തില്‍ അരങ്ങേറിയ പാലസ്തീന്‍ അനുകൂല റാലികള്‍. ഒ.ഐ.സി. ഇസ്രായേലിനോട് യുദ്ധം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്രായേലില്‍ കയറി ബന്ദികളാക്കിയവരെ വിട്ടുകൊടുത്ത് യുദ്ധസാഹചര്യം ഒഴിവാക്കാന്‍ ഹമാസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇസ്രായേലിന്റെ കടന്നാക്രമണത്തിനു മുമ്പില്‍ ഗത്യന്തരമില്ലാതെ ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറായപ്പോഴാണ് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഹമാസ് നേരത്തെ തന്നെ ഇതിനു തയ്യാറായിരുന്നെങ്കില്‍ ആള്‍നാശവും സ്വത്തുനാശവും ഗണ്യമായി കുറയുമായിരുന്നു. ഒ.ഐ.സി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായതിനാല്‍ ഇസ്ലാമിക സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്നതില്‍ അവര്‍ ന്യായം കാണുന്നുണ്ടാവും. എന്നാല്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും പ്രഥമ പരിഗണന നല്‍കുന്നവരാണ് തങ്ങള്‍ എന്നു അവകാശപ്പെട്ട കോണ്‍ഗ്രസ്സും സി.പി.എമ്മും ഹമാസിനെ ഭീകരസംഘടനയായി കാണാന്‍ തയ്യാറില്ലാത്തത് അവരുടെ ജനാധിപത്യ-മതേതര നിലപാട് കപട്യമാണെന്നു കാട്ടിത്തരുന്നു.
1980-കളില്‍ ‘സിമി’ എന്ന ജമായത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചു. ‘സിമി’യെ പിന്നീട് ജമായത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞെങ്കിലും അടിസ്ഥാന നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27ന് മലപ്പുറത്ത് ജമായത്തെ ഇസ്ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റി നടത്തിയ റാലിയുടെ മുദ്രാവാക്യം ‘ഹിന്ദുത്വത്തെയും വര്‍ണ്ണവിവേചനക്കാരായ സിയോണിസത്തെയും വേരോടെ പിഴുതെടുത്ത് ഉന്മൂലനം ചെയ്യണം’ എന്നായിരുന്നു. സിമി മുദ്രാവാക്യത്തിന്റെ മറ്റൊരു പകര്‍പ്പാണിത്. ആ പരിപാടിയില്‍ വിദേശത്തു ഇരുന്നുകൊണ്ട് പങ്കെടുത്തത് ഹമാസിന്റെ മുന്‍തലവന്‍ ഖലീദ് മഷല്‍ ആയിരുന്നു. 1971 മാര്‍ച്ച് 25 മുതല്‍ ഡാക്കയില്‍ പടിഞ്ഞാറന്‍ പാകിസ്ഥാന്റെ സൈന്യത്തോടൊപ്പം ജമായത്തെ ഇസ്ലാമിയുടെ ചാവേര്‍ പട നടത്തിയ ഹിന്ദുക്കളടക്കമുള്ള ബംഗ്ലാദേശികളുടെ കൂട്ടക്കൊല കേരളത്തില്‍ ആവര്‍ത്തിക്കാനായിരുന്നോ അവര്‍ ഉദ്ദേശിച്ചത് എന്നു വ്യക്തമല്ല. എന്നാല്‍ മതവിദ്വേഷം വമിക്കുകയും ഹമാസ് ഭീകരനു വേദിയൊരുക്കുകയും ചെയ്ത സംഘടനയുടെ പേരില്‍ ഇടതു സര്‍ക്കാരിന്റെ പോലീസ് ഒരു നടപടിയുമെടുത്തില്ല. നിരീക്ഷിക്കുന്നു, അന്വേഷിക്കുന്നു എന്ന തണുപ്പന്‍ നിലപാട് മാത്രം.
ഇരുപത്തഞ്ച് വര്‍ഷത്തിനകം കേരളം ഇസ്ലാമിക രാജ്യമായി മാറും എന്നു മുന്നറിയിപ്പു നല്‍കിയത് വി.എസ്. അച്യുതാനന്ദനായിരുന്നു. ലൗജിഹാദിനെതിരെയും അദ്ദേഹം തുറന്നടിച്ചു. അച്യുതാനന്ദനെ പാര്‍ട്ടി ഒതുക്കി. ഇയ്യിടെയാണ് ശൈലജ ടീച്ചര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഹമാസ് ഭീകരവാദികളാണെന്നു പറഞ്ഞത്. അതോടെ ശൈലജ ടീച്ചര്‍ പാര്‍ട്ടിയുടെ നോട്ടപ്പുള്ളിയായി. ടിപ്പുവിനെക്കുറിച്ച് ടീച്ചറിട്ട കുറിപ്പും ഒച്ചപ്പാടായി. നവകേരളയാത്രക്കിടയില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ സ്വന്തം വോട്ടര്‍മാരുടെ മുമ്പിലിട്ട് ടീച്ചറെ കുറ്റപ്പെടുത്തിക്കൊണ്ട് പിണറായി വിജയന്‍ ടീച്ചറോടുള്ള അസംതൃപ്തി പ്രകടിപ്പിച്ചു.
ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല കോണ്‍ഗ്രസ്സിന്റെ നിലപാട്. ലീഗിനോടും സി.പി.എമ്മിനോടും മത്സരിച്ച് പാലസ്തീന്‍ അനുകൂല റാലി നടത്തി അവര്‍ ഹമാസ് ഭക്തി നെഞ്ച് തുറന്നു കാണിച്ചു. മലപ്പുറത്തു മുസ്ലിം തീവ്രവാദത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്സിനെ വളര്‍ത്തിയെടുത്ത ആര്യാടന്റെ മകന്‍ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിച്ച് പാലസ്തീന്‍ റാലി നടത്തിയതും നാം കണ്ടു. ഭാരതത്തിന്റെ അഖണ്ഡതയോട് ഹമാസിനുള്ള നിലപാട് എന്തായിരുന്നു എന്നവര്‍ മറന്നു. ഈ നീക്കങ്ങളെല്ലാം ഇസ്ലാമിക ഭീകരവാദത്തിന് സ്വാധീനം വര്‍ദ്ധിപ്പിക്കാനല്ലേ സഹായകമായത്?
കേരളം ഇസ്ലാമിക ഭീകരവാദത്തിന്റെ ഈറ്റുപുരയായി മാറിയിരിക്കുന്നു എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. കുട്ടികളെക്കൊണ്ട് കുന്തിരിക്കവും മലരും കരുതിക്കോളാന്‍ മുദ്രാവാക്യം മുഴക്കിച്ചവര്‍ നിയമത്തിനു മുമ്പില്‍ ഹാജരാക്കപ്പെട്ടില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ എല്ലാ രംഗത്തും ഇസ്ലാമിക ശക്തികള്‍ക്ക് സ്വാധീനം ഏറുന്നു എന്നു പോലീസ് തന്നെ സമ്മതിക്കുന്നു. പോലീസിന്റെ രഹസ്യ വിവരങ്ങള്‍ വരെ അവര്‍ക്ക് ചോര്‍ന്നു കിട്ടുന്നു. സുന്നി മത മൗലികവാദ സംഘടനയായ സമസ്തയുടെ പ്രാകൃതമായ നിലപാടുകള്‍ – പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറുത്, ബുര്‍ഖ ധരിക്കണം തുടങ്ങിയവക്കെതിരെ ഒരക്ഷരം മിണ്ടാത്ത പുരോഗമനവാദക്കാരാണ് സി.പി.എമ്മിന്റേ നേതാക്കള്‍. സമസ്തയെ പുകഴ്ത്തുന്നതില്‍ മുഖ്യമന്ത്രി ഒരു കുറവും വരുത്തിയിട്ടില്ല. ഏകീകൃത സിവില്‍ നിയമത്തിനും മുത്തലാഖ് നിരോധനത്തിനും എതിരെ മുസ്ലിം മതമൗലികവാദസംഘടനകളെ വെല്ലുന്ന രീതിയില്‍ നിലപാടെടുത്തു കേരളത്തിലെ മുഖ്യഭരണകക്ഷിയും മുഖ്യപ്രതിപക്ഷ കക്ഷിയും. ലീഗിന്റെ പിന്തുണയില്ലെങ്കില്‍ കേരളത്തില്‍ ഒറ്റ സീറ്റുപോലും കോണ്‍ഗ്രസ്സിനു കിട്ടില്ല എന്ന ഏ.കെ. ബാലന്റെ പ്രസ്താവന സി.പി.എമ്മിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ഏതു നിലവാരത്തിലുള്ളതാണെന്നു കാട്ടിത്തരുന്നു. സംസ്ഥാനത്തെ മുസ്ലിം സാധാരണക്കാരുടെ കുത്തക മുസ്ലിം ലീഗിനും സമസ്തയ്ക്കും ജമായത്തെ ഇസ്ലാമിക്കുമൊക്കെ ചാര്‍ത്തിക്കൊടുക്കുന്നതിലൂടെ രാഷ്ട്രീയധ്രുവീകരണം ഏതുതരത്തിലേക്ക് പോകുന്നു എന്ന സൂചന കൂടി നല്‍കുന്നു.
സ്വന്തം സുരക്ഷയുടെ ഭാഗമായി ഇസ്രായേല്‍ കയ്യടക്കിയ ഗാസ അവര്‍ വിട്ടു നല്‍കിയത് അന്താരാഷ്ട്ര കരാറിന്റെ അടിസ്ഥാനത്തിലാണ്. പിന്നീട് പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ഭരണമായിരുന്നു അവിടെ. പി.എല്‍.ഒ ഇസ്രായേലുമായി സമവായത്തില്‍ നീങ്ങുമ്പോഴാണ് ഹമാസ് ഇസ്ലാമിക തീവ്രവാദ പ്രചരണത്തിലൂടെ ഭരണം കയ്യടക്കിയത്. പിന്നീട് ഗാസയില്‍ തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. ഹമാസിന്റെ നീക്കങ്ങളെല്ലാം നിലവിലുള്ള സമാധാനം തകര്‍ക്കാനായിരുന്നു. ഗാസയിലെ ജനവാസകേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കുമടിയില്‍ ബങ്കറുകള്‍ നിര്‍മ്മിച്ച് അവര്‍ പാലസ്തീന്‍ ജനങ്ങളെ മനുഷ്യകവചമാക്കി ഇസ്രാേയലിനോട് ഒളിപ്പോര്‍ ആരംഭിച്ചു. ഇസ്രായേല്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ പാലസ്തീന്‍ ജനതയുടെ ജീവിതം ദുരിതപൂര്‍ണ്ണമായി.
ഇസ്ലാമിക ഭരണം നടപ്പാക്കുക എന്ന മൗദൂദിയന്‍ കാഴ്ചപ്പാട് പിന്തുടരുന്ന ജമായത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമെല്ലാം പരസ്യമായി പ്രഖ്യാപിച്ചത് ഹിന്ദുത്വത്തെ ഈ മണ്ണില്‍ നിന്ന് ഉന്മൂലനം ചെയ്യുമെന്നാണ്. ഇസ്ലാമിക വല്‍ക്കരണത്തിന്റെ ആദ്യപടിയാണത്. അതോടൊപ്പം സാധാരണ മുസ്ലിങ്ങള്‍ക്ക് മതശാസനക്കപ്പുറം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയും സംജാതമാകുകയാണ്. അതിനായി അധികാരം കയ്യടക്കുകയും അധികാരസ്ഥാനത്തിരിക്കുന്ന വരെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിസ്റ്റുകളുടെ പദ്ധതി. അതെ, ഇന്നത്തെ ഗാസ നിശബ്ദമായി മുന്നറിയിപ്പുതരുന്നു, നാളെ ഞങ്ങളുടെ ഗതി കേരളത്തിനും വരാം.