കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘം എല്ലാ വര്‍ഷവും അഖില ഭാരതീയ പ്രതിനിധി സഭയില്‍ അംഗീകരിക്കുന്ന പ്രമേയങ്ങള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലകശക്തിയാണെന്ന് പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.രത്തന്‍ ശാര്‍ദ അഭിപ്രായപ്പെട്ടു. കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അമൃതശതം പ്രഭാഷണപരമ്പരയില്‍ ‘സംഘപ്രമേയങ്ങള്‍: സാമൂഹിക സാംസ്‌കാരിക ഇടപെടലുകളുടെ ചരിത്രരേഖകള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമൂഹ്യജീവിതത്തിന്റെ വിവിധ വശങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ വിശദമായ പഠനത്തിനു വിധേയമാക്കിയാണ് ഈ പ്രമേയങ്ങള്‍ തയ്യാറാക്കുന്നത്. സംഘത്തിന്റെ ദേശീയ തലത്തിലും പ്രാന്തീയ തലത്തിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രവര്‍ത്തകരും വിവിധ ക്ഷേത്രസംഘടനകളുടെ പ്രധാന ഭാരവാഹികളുമാണ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ പങ്കെടുക്കാറുള്ളത്. ശതാബ്ദിയോട് അടുത്തുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് ഇത്തരത്തില്‍ നിരവധി പ്രമേയങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇവ രാജ്യത്തിന്റെ പരിവര്‍ത്തനത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ആര്‍.എസ്.എസ് അവതരിപ്പിച്ച പ്രമേയങ്ങളിലെ നിലപാടുകള്‍ പില്‍ക്കാലത്ത് സര്‍ക്കാരുകള്‍ ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. അതത് കാലത്ത് മറ്റുള്ളവര്‍ എതിര്‍ത്ത സംഘ നിലപാടുകള്‍ പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ടു. സാമൂഹ്യ സമരസതയുടെ കാര്യത്തിലും ജാതി ഇല്ലാതാക്കുന്നതിലും രാജ്യസുരക്ഷയിലും ജനസംഖ്യാ സന്തുലന വിഷയത്തിലും സംവരണകാര്യത്തിലും എല്ലാം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആര്‍.എസ്.എസ് സ്വീകരിച്ച നിലപാടുകളാണ് ഇന്ന് രാജ്യം അംഗീകരിച്ച് പിന്തുടരുന്നത്. സാമൂഹ്യ-സാംസ്‌കാരിക രാഷ്ട്രധര്‍മ്മ വിഷയങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെ നിലപാടുകള്‍ സ്വീകരിക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന സംഘടനയാണ് ആര്‍.എസ്.എസ്. രത്തന്‍ ശാര്‍ദ തുടര്‍ന്നു.
ചടങ്ങില്‍ കോഴിക്കോട് പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ്. രാകേഷ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.എന്‍.ദേവദാസ് സന്നിഹിതനായിരുന്നു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വാഗതവും ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ബി.ബിജീഷ് നന്ദിയും പറഞ്ഞു.