വയനാട്ടില്‍ വീണ്ടും മാവോവാദി ആക്രമണവും പോലീസുമായുള്ള ഏറ്റുമുട്ടലും ഒരു തുടര്‍ക്കഥയായി മാറുകയാണ്. വയനാട്ടിലെ മാനന്തവാടി വനം വികസന കോര്‍പ്പറേഷന്‍ ഓഫീസറുടെ കാര്യാലയത്തിലും കമ്പമലയില്‍ തൊഴിലാളികള്‍ താമസിക്കുന്ന പാടിയിലും സപ്തംബര്‍ 28 ന് മാവോവാദികള്‍ ആക്രമണം നടത്തി പോസ്റ്റര്‍ പതിച്ചതിനുശേഷം കമ്പമലയില്‍ വീണ്ടും എത്തിയ അഞ്ചംഗസംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും അവിടെ സ്ഥാപിച്ച നിരീക്ഷണ ക്യാമറ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം മക്കി മലയിലും തലപ്പുഴയിലും പേരിയയിലും അവരുടെ സാന്നിധ്യവും വെടിവെപ്പുമുണ്ടായി.
അവസാനം കണ്ണൂര്‍ ഇരിട്ടി അയ്യന്‍കുന്ന് ഉരുപ്പും കുറ്റി വനമേഖലയില്‍ പോലീസ് പട്രോളിങ് സംഘത്തിന് നേരെ മാവോവാദികള്‍ വെടിയുതിര്‍ത്തിരിക്കുകയാണ്.
പോലീസ് തിരിച്ച് വെടിവെച്ചതോടെ എട്ടംഗ മാവോവാദി സംഘം ഉള്‍ക്കാട്ടിലേക്ക് രക്ഷപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റ്ഭീകരര്‍ക്ക് വെടിയേറ്റതായാണ് വിവരം. വയനാട്ടില്‍ കാപ്പിക്കളത്തു പോലീസുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം നടന്ന ഈ തുടര്‍ ആക്രമണങ്ങള്‍ കേരളത്തിന്റെ വനമേഖലകളില്‍ മാവോവാദികളുടെ സാന്നിധ്യം ശക്തമാണെന്ന നിഗമനത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
2013 ല്‍ നിലമ്പൂര്‍ വനമേഖലയിലാണ് കേരളത്തില്‍ ആദ്യമായി മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
2016ല്‍ കരുളായി പടുക്ക ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ 11 പേരടങ്ങുന്ന മാവോവാദി സംഘം പോലീസുമായി ഏറ്റുമുട്ടി കുപ്പുദേവരാജ്, അജിത പരമേശ്വരന്‍ എന്നീ മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടു.
2016-ല്‍ തന്നെ വൈത്തിരിക്കടുത്ത് ലക്കിടിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റായ സി.പി. ജലീല്‍ എന്ന യുവാവും വെടിയേറ്റ് മരിക്കുകയുണ്ടായി. മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന്റെ സഹോദരനായിരുന്നു മാവോയിസ്റ്റ് കബനിദളം അംഗവും പീപ്പിള്‍സ് ലിബറേഷന്‍ ഓഫ് ഗറില്ല വിഭാഗത്തിന്റെ ഡോക്യുമെന്റ് വിദഗ്ധനുമായിരുന്നു മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ജലീല്‍. തലപ്പുഴ ആക്രമണത്തിലും തുടര്‍ന്നുള്ള പല ഏറ്റുമുട്ടലുകളിലും സി.പി.മൊയ്തീന്റെ സാന്നിധ്യം പോലീസ് സ്ഥീരികരിച്ചിട്ടുണ്ട്.
2019 ല്‍ അട്ടപ്പാടി കോഴിക്കല്ലില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഭവാനി ദളത്തിലെ സേലം സ്വദേശി മണിവാസകവും ഒരു സ്ത്രീയുമുള്‍പ്പെടെ, രണ്ടു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ നാല് നേതാക്കളെയാണ് സേന വധിച്ചത്.
2016 ല്‍ കേരളത്തിലെ വനമേഖല കേന്ദ്രീകരിച്ച് നിലമ്പൂരിലും അട്ടപ്പാടിയിലും വൈത്തിരിയിലും തലപ്പുഴയിലും ആറളത്തും അമ്പായതോട്ടിലും പലപ്പോഴായി മാവോ സാന്നിധ്യമുണ്ടായി എന്ന് മാത്രമല്ല അവരുടെ സംഘം പകല്‍ വെളിച്ചത്തില്‍ ആയുധവുമായി പ്രത്യക്ഷപ്പെട്ട് ജനങ്ങളില്‍ ഭീതി പടര്‍ത്തുകയും ചെയ്തു.
അടുത്തയിടെ പേര്യയിലെ ഏറ്റുമുട്ടലില്‍ പിടികൂടിയ ചന്ദ്രുവും ഉണ്ണിമായയും തമിഴ്‌നാട് സ്വദേശികളായ കബനീദളം അംഗങ്ങളാണ്. ഇവരില്‍ നിന്ന് എ.കെ 47 തോക്കും മറ്റ് സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരിക്കുന്നു. ഇവരുടെ അറസ്റ്റിലേക്ക് വഴി തെളിച്ചത് മാവോവാദികളുടെ കൊറിയറായി പ്രവര്‍ത്തിക്കുന്ന തിരുനെല്‍വേലി സ്വദേശി തമ്പി എന്ന അനീഷ് കോഴിക്കോട്ട് പിടിയിലായതോടെയാണ്. ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയും തമിഴ്‌നാട് പോലീസ് ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയുമാണ്. കേരളത്തില്‍ പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട് കുറച്ച് കാലമായി മാവോവാദികള്‍ക്ക് അനുകൂലമായ ഒരു സാഹചര്യം രൂപപ്പെട്ടിരിക്കുന്നു എന്നുതന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ഈയടുത്ത കാലത്ത് മുസ്ലീം തീവ്രവാദവുമായി മാവോവാദികള്‍ ഉണ്ടാക്കിയ രഹസ്യ ധാരണയുടെയും സഖ്യത്തിന്റെയും ഫലമാണോ ഇതെന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു. മാവോവാദികള്‍ ശക്തമായ പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, ആന്ധ്ര എന്നിവടങ്ങളില്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയിരിക്കെ മുസ്ലീം തീവ്രവാദികളുടെ ഒത്താശയോടെ മാവോവാദികള്‍ പശ്ചിമഘട്ട മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് പല ഇന്റജിലന്‍സ് വൃത്തങ്ങളും നിരീക്ഷിക്കുന്നുണ്ട്.
അടുത്തിടെ പ്രമാദമായ ഗ്രോ വാസുവുമായി ബന്ധപ്പെട്ട കേസ് തന്നെ എടുത്താല്‍ സാധാരണ ഒരു പെറ്റി കേസായി 1000 രൂപ പിഴയിട്ട് അവസാനിപ്പിക്കാമായിരുന്ന ഈ കേസ് കേരള പോലീസും നക്‌സലുകളും മുസ്ലീംതീവ്രവാദികളും ചേര്‍ന്ന് ആഘോഷമാക്കിയത് നാം കണ്ടു.
2016-ല്‍ കരുളായി വനത്തില്‍ നടന്ന മാവോവാദി ഏറ്റുമുട്ടല്‍ കൊലക്കെതിരെ പ്രതിഷേധിച്ച ഗ്രോ വാസുവിനെ ജയിലിലടച്ച് 46 ദിവസത്തിന് ശേഷം കോടതി വെറുതെ വിട്ടയച്ചപ്പോള്‍ ജയില്‍ മോചിതനായ ആ പഴയ നക്‌സലിനെ സ്വീകരിക്കാന്‍ മുന്‍ നിരയിലുണ്ടായിരുന്നത് എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കളായിരുന്നു എന്നത് യാദൃച്ഛികമല്ല.
നക്‌സലുകളുടെയും തീവ്രവാദികളുടെയും നിയമലംഘനത്തിന് ന്യായീകരണവും വീരപരിവേഷവും നല്‍കാന്‍ ഈ കേസ് ഒട്ടൊന്നുമല്ല സഹായിച്ചത്. നക്‌സല്‍ വാസുവും മുസ്ലീം തീവ്രവാദികളും തമ്മിലുള്ള ഈ ചങ്ങാത്തം 1980കളില്‍ തന്നെ ആരംഭിച്ചിരുന്നു.
മാവൂര്‍ ഗ്രാസിം ഫാക്ടറി സമരകാലത്ത് സ്ഥാപിച്ചെടുത്തതാണ് അവരുടെ ഈ വൈരുദ്ധ്യ ബന്ധം. എന്‍.ഡി.എഫ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ ഈ സമയം ഗ്രാസിം സമരത്തിന്റെ മറവില്‍ നക്‌സലുകളെ മുന്‍നിര്‍ത്തി പിന്നില്‍ നിന്ന് കരുക്കള്‍ നീക്കി.
നാവെടുത്താല്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തുന്ന അരുന്ധതി റോയിയുടെ സമരമുഖത്തെ സാന്നിധ്യം പോലും അതിന്റെ ഭാഗമായിരുന്നു. അഡ്വ: മഞ്ചേരി സുന്ദര്‍രാജും അന്ന് ഇവര്‍ക്കൊപ്പം മുന്നിലുണ്ടായിരുന്നു.
കേരളത്തിലെ ആദ്യകാല നക്‌സലൈറ്റുകളും ഇപ്പോഴത്തെ മാവോവാദികളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം ഇന്ന് മാവോയിസ്റ്റുകള്‍ക്കിടയില്‍ കാണുന്ന മൂസ്ലിം തീവ്രവാദികളുടെ പ്രകടമായ സാന്നിധ്യമാണ്.
മുമ്പെങ്ങും കേരളത്തിലെ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം പ്രാതിനിധ്യം കാണാന്‍ കഴിയുമായിരുന്നില്ല. ഇവിടെയാണ് മാവോയിസ്റ്റ് (CPI-ML) ജനറല്‍ സെക്രട്ടറിയായിരുന്ന മൂപ്പല്ല ലക്ഷ്മണ റാവു എന്ന ഗണപതി ബിബിസിക്ക് നല്‍കിയ അഭിമുഖത്തെ കൂടി കൂട്ടിവായിക്കേണ്ടത്. ‘ഇന്ത്യയിലെ ജനകീയ യുദ്ധത്തിന്റെ സാര്‍വ്വദേശീയ സഖ്യശക്തിയായി ഞങ്ങള്‍ കാണുന്നത് മുസ്ലീം തീവ്രവാദികളെയാണ്’ എന്നാണ് ഗണപതി ആ അഭിമുഖത്തില്‍ പറയുന്നത്. അതായത് ജിഹാദിസത്തെ കൂട്ടുപിടിച്ചാണ് അവരുടെ ഇന്ത്യയിലെ വിപ്ലവ പ്രതീക്ഷയെന്ന്. ഈ സഖ്യത്തില്‍ ഐ.എസ്. ഐ.യും ഇന്ത്യന്‍ മുജാഹിദ്ദീനും ജെയ്‌ഷെ മുഹമ്മദും ലഷ്‌ക്‌റെ തൊയ്ബയും നിരോധിത പി.എഫ്.ഐയുമെല്ലാം ഉള്‍പ്പെടുമെന്ന് നാം ഓര്‍ക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ വേണം കേരളത്തില്‍ അടുത്ത കാലങ്ങളിലുണ്ടായ മുസ്ലിം കേഡര്‍മാരുള്‍പ്പെട്ട മാവോവാദി നീക്കത്തെ കാണേണ്ടത്. 2016ല്‍ മാവോയിസ്റ്റുകളും ഇസ്ലാമിക ഭീകരരും തീവ്രവാദികളും തമ്മിലുള്ള ബന്ധം കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തുകയുണ്ടായി. എന്നാല്‍, അതിനും എത്രയോ മുമ്പ് തന്നെ കേരളത്തില്‍ മുന്‍ സൂചിപ്പിച്ചത് പോലെ ഗ്രോ വാസു ഇതിന്റെ കേരളത്തിലെ ഒരു കണ്ണിയായി പ്രവര്‍ത്തിക്കുകയുണ്ടായി. ഗ്രോ വാസുവിന്റെ ഇത്തരം ബന്ധങ്ങളെ അക്കാലത്ത് മാവൂര്‍ സബ് ഇന്‍സ്‌പെക്ടറും പിന്നീട് എസ്.പിയുമായി റിട്ടയര്‍ ചെയ്ത സി.എം.പ്രദീപ് കുമാര്‍ ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ‘കാലം പിന്നെയും കടന്ന് പോയി ഇന്നും ഞങ്ങളുടെ (വാസു) സൗഹൃദം തുടരുന്നു. മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും വാസുവിനെയും മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.’
(മുന്‍ എസ്.പി. സി.എം പ്രദീപ് കുമാര്‍)
1990 കളുടെ തുടക്കത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തനം എന്ന പേരില്‍ അഡ്വ.മുകുന്ദന്‍ സി മേനോന്‍ മുസ്ലീം തീവ്രവാദത്തെയും നക്സലുകളെയും പിന്തുണയ്ക്കുന്നതും സംഘപരിവാര്‍ സംഘടനകളെ ആക്ഷേപിക്കുന്നതും നാം കണ്ടു. 1996-ല്‍ പാലക്കാട് കലക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയപ്പോള്‍ മധ്യസ്ഥനായിരുന്നു മുകുന്ദന്‍ മേനോന്‍. തേജസ് പത്രത്തിന്റെ റസിഡന്റ് എഡിറ്ററായും അല്‍ജസീറ, റെഡീഫ് ന്യൂസ്, മില്ലിഗസറ്റ്, ഇന്ത്യന്‍ കറന്റ്‌സ് എന്നീ മൂസ്ലീം, നക്‌സല്‍ അനുകൂല മാധ്യമങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ച് ഇക്കാലത്ത് കപട മനുഷ്യാവകാശവാദിയായി വേഷംകെട്ടുകയായിരുന്നു ഇദ്ദേഹം.
മുസ്ലിം തീവ്രവാദികള്‍ക്ക് ഇന്ത്യന്‍ ദേശീയതക്കെതിരെ ശബ്ദിക്കാന്‍ കൈയില്‍ കിട്ടിയ ഒരു മെഗാ ഫോണ്‍ ആയിരുന്നു മുകുന്ദന്‍ സി.മേനോന്‍. 1968-ലെ കേരളത്തിലെ നക്‌സലൈറ്റ് ആക്രമണത്തിന് മാവോവാദികളുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ദേശീയ അന്തര്‍ദേശീയ മാനങ്ങളൊന്നും ഇല്ലായിരുന്നു. 1967-ല്‍ ബംഗാളിലെ നക്‌സല്‍ ബാരിയില്‍ ജന്മിത്വത്തിനെതിരായി രൂപപ്പെട്ട കലാപത്തിന്റെ ഒരു അനുരണനം മാത്രമായിരുന്നു അത്. ‘ഒരു തീപ്പൊരി കാട്ടുതീ സൃഷ്ടിക്കുന്നു’എന്ന മാവോ സൂക്തങ്ങളാണ് ഇവരെ നയിച്ചത്.
‘വസന്തത്തിന്റെ ഇടിമുഴക്കം’എന്ന് പീക്കിങ്ങ് റേഡിയോ വിശേഷിപ്പിച്ച ചാരുമജുംദാറും കനുസന്യാലും നേതൃത്വം നല്‍കിയ ഈ സായുധ പോരാട്ടത്തില്‍ നിന്ന് ആവേശം കൊണ്ട് ബോംബയിലെ സോവിയറ്റ് സൗഹൃദ കൂട്ടായ്മയില്‍ നിന്ന് കേരളത്തിലെത്തിയ കുന്നിക്കല്‍ നാരായണനും ഭാര്യ മന്ദാകിനിയുമായിരുന്നു കേരളത്തില്‍ വിപ്ലവത്തിന്റെ തീപ്പൊരി പടര്‍ത്തിയത്.
തീര്‍ച്ചയായും, വള്ളിയൂര്‍കാവ് കേന്ദ്രീകരിച്ച് വയനാട്ടില്‍ നടന്നിരുന്ന അടിമക്കച്ചവടവും ഫ്യൂഡല്‍ ജന്മിത്ത വ്യവസ്ഥിതിയും കാരണം ആ പ്രദേശം നക്‌സലുകള്‍ക്ക് വേരോട്ടമുള്ള മണ്ണായത് സ്വാഭാവികം.
എന്നാല്‍, 1968-ല്‍ കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ നടന്ന തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണം പരാജയപ്പെട്ടതും വര്‍ഗീസിന്റെയും അജിതയുടേയും ഫിലിപ്പ് എം.പ്രസാദിന്റെയും നേതൃത്വത്തില്‍ നടന്ന പുല്‍പ്പള്ളി ആക്ഷന് ശേഷം അവര്‍ വയനാട്ടിലെ പല വമ്പന്‍ ജന്മിമാരേയും അപേക്ഷിച്ച് നക്‌സലുകള്‍ ആരോപിക്കപ്പെടുന്ന അത്ര ക്രുരന്‍മാരല്ലാത്ത വാസുദേവ അഡിഗയേയും ചേക്കുവിനെയും സംഘം വധിച്ചതും, അവരെ പിന്തുണച്ച വയനാടന്‍ ജനത നക്‌സലുകളെ ഭീതിയോടെ കാണാന്‍ തുടങ്ങിയതും, ബോംബ് സ്‌ഫോടനത്തില്‍ കിസാന്‍ തൊമ്മന്റെ ദാരുണാന്ത്യവും, പിന്നീടുള്ള വര്‍ഗ്ഗീസിന്റെ കൊലയും സംഘം പോലീസ് വലയിലായതും നക്‌സലുകള്‍ക്ക് വയനാട്ടില്‍ വന്‍ തിരിച്ചടിയായി.
തലശ്ശേരി, പുല്‍പ്പള്ളി സായുധ കലാപത്തിന് മുന്നോടിയായി സമരക്കാര്‍ കര്‍ഷകരെയും തൊഴിലാളികളേയും ബുദ്ധിജീവികളേയും അഭിസംബോധന ചെയ്ത് സ്വന്തം കൈപ്പടയില്‍ എഴുതിയ പ്രഖ്യാപനത്തിന്റെ അവസാന ഭാഗം ഇങ്ങനെയായിരുന്നു. ‘ഈ സേന നിങ്ങളുടേതാണ്. ആയിരക്കണക്കിനും പതിനായിരക്കണക്കിനും ഈ സേനയില്‍ അംഗങ്ങളായി ചേരുക. വിപ്ലവത്തിന്റെ ജ്വാലകള്‍ നാടെങ്ങും വ്യാപിക്കട്ടെ. ഈ ജ്വാലയില്‍പ്പെട്ട് ശത്രു തീര്‍ച്ചയായും വെന്ത് ചാമ്പലാകും. വിജയം നമ്മുടേത് മാത്രമാണ് ‘മാവോ സൂക്തങ്ങളില്‍ ആകൃഷ്ടരായ നക്‌സലുകളെ പ്രചോദിപ്പിച്ചത് 1934ല്‍ മാവോ ചിയാങ്ങ് കൈഷക്ക് ഭരണത്തിനെതിരെ ചൈനയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ആരംഭിച്ച ലോങ്ങ് മാര്‍ച്ചും അതിന്റെ വിജയപരിണാമവുമായിരിക്കണം.
എന്നാല്‍, നക്‌സലുകളുടെ തലശ്ശേരി പുല്‍പ്പള്ളി സായുധ കലാപത്തിന് ഇത്തരം യാതൊരു വിധ തയ്യാറെടുപ്പുകളോ ലക്ഷ്യമോ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല വിപ്ലവകാരികള്‍ക്ക് കേവലം വേണ്ട ധൈര്യവും നിശ്ചയദാര്‍ഢ്യവുമില്ലാത്ത ഒരു കൂട്ടം ക്ഷുഭിത യൗവനങ്ങള്‍ മാത്രമായിരുന്നു ഈ കലാപകാരികള്‍.
തലശ്ശേരി, പുല്‍പ്പള്ളി ആക്ഷന് ശേഷം ഗ്രൂപ്പ് പോരും നിരാശയും ബാധിച്ച് ഏതാണ്ട് ശിഥിലമായ നക്‌സലുകള്‍ കെ.വേണുവിന്റെയും വെള്ളത്തൂവല്‍ സ്റ്റീഫന്റെയും മുണ്ടൂര്‍ രാവുണ്ണിയുടെയുമെല്ലാം നേതൃത്വത്തില്‍ പുന:സംഘടിപ്പിക്കപ്പെട്ട് പാലക്കാട്ട് കോങ്ങാട്ടും കായണ്ണയിലും നഗരൂരും കിളിമാനൂരും ചില ആക്ഷനുകള്‍ കൂടി നടത്തിയെങ്കിലും ഇതൊന്നും നക്‌സലുകള്‍ക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ പര്യാപ്തമായില്ല.
അന്നത്തെ പോരാട്ടത്തെക്കുറിച്ച് പുല്‍പ്പള്ളി ആക്ഷന് നേതൃത്വം നല്‍കിയ കെ.അജിതയുടെ വാക്കുകള്‍ നമുക്ക് നോക്കാം. ‘അച്ഛന്റെ (കുന്നിക്കല്‍ നാരായണന്‍) അവസാന ഘട്ടത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചില പാളിച്ചകള്‍ പറ്റിയിരുന്നെന്നും നമുക്കിവിടെ ആവശ്യം ജനകീയ സമരങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ്, അല്ലാതെ ഒറ്റപ്പെട്ട സാഹസിക പ്രവര്‍ത്തനങ്ങളല്ലെന്നും അച്ഛന്‍ തിരിച്ചറിഞ്ഞിരുന്നു (ഓര്‍മ്മയിലെ തീ നാളങ്ങള്‍ – കെ.അജിത). കെ.വേണുവിനും സമാനമായ അഭിപ്രായങ്ങള്‍ തന്നെയായിരുന്നു പിന്നീട്. ‘ഇവിടെ അപ്പോഴേക്കും ഭൂപരിഷ്‌ക്കരണം നടക്കുകയും ജന്മിത്വം അവസാനിക്കുകയും ചെയ്തിരുന്നു. വടക്കേ ഇന്ത്യയിലൊക്കെ ജന്മിത്വം നിലനിന്നിരുന്ന സാഹചര്യത്തിലാണ് ജന്മികളെ ഉന്മൂലനം ചെയ്യാന്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നത്.’ അതിന്റെ അടിസ്ഥാനത്തില്‍ അതാണ് വിപ്ലവം എന്ന് കരുതി തികച്ചും തെറ്റായ പ്രവൃത്തികളിലേക്ക് കേരളത്തിലെ നക്‌സലുകള്‍ പോവുകയായിരുന്നു.’ (കെ.വേണു, 2021 ജനുവരി-3, മാതൃഭൂമി വാരാന്തപ്പതിപ്പ്).
‘ഒറ്റപ്പെട്ട കലാപങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും വര്‍ഗസമരമല്ല’ എന്ന മാര്‍ക്‌സിന്റെ അസന്നിഗ്ധമായ നിലപാടുകളും ഇവിടെ പ്രസക്തമാണ്. ഇന്ത്യയിലെ പ്രധാന നക്സലൈറ്റ് ഗ്രൂപ്പുകള്‍ ലയിച്ചാണ് 2004ല്‍ സി.പിഐ (എം.എല്‍)രൂപീകരിക്കുന്നത്. ‘തോക്കിന്‍ കുഴലില്‍ ശക്തി പ്രവഹിക്കുന്നു’ എന്ന മാവോ വചനങ്ങള്‍ തന്നെയാണ് ഇവരെയും നയിക്കുന്നത്.
ജനകീയയുദ്ധത്തിലൂടെ നിലവിലുള്ള ഭരണകൂടങ്ങളെ അട്ടിമറിച്ച് പുത്തന്‍ ജനാധിപത്യ വിപ്ലവം നടത്തലാണ് പാര്‍ട്ടിയുടെ ലക്ഷ്യം. രാജ്യത്തെ നിലവിലുള്ള നിയമവും ഭരണഘടനയും ജനാധിപത്യ വ്യവസ്ഥിതിയുമൊന്നും ഇവര്‍ക്ക് സ്വീകാര്യമല്ല.
തങ്ങളുടെ പ്രഖ്യാപിത സിദ്ധാന്തങ്ങളിലൂടെ ബൂര്‍ഷ്വാ ഭരണകൂടങ്ങളെ രക്തരൂഷിത വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ പ്രതിജ്ഞയെടുത്ത മാവോവാദികള്‍ ഇപ്പോള്‍ തങ്ങളുടെ സിദ്ധാന്തങ്ങളില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു എന്നതാണ് വസ്തുത. മതതീവ്രവാദികളുമായി സഖ്യം ചേരാനും പണത്തിനായി രാഷ്ടീയ പാര്‍ട്ടികള്‍ക്ക് വേണ്ടി കൊല നടത്താനും കോര്‍പ്പറേറ്റുകളുമായി ചങ്ങാത്തം കൂടാനും ഇന്ന് ഇവര്‍ക്ക് മടിയില്ല.
ഇന്ത്യയിലെ നക്‌സല്‍-മാവോവാദി ചരിത്രം പരിശോധിച്ചാല്‍ രാജ്യത്ത് 12000 ത്തോളം പേരെയാണ് ചുവപ്പ് ഭീകരവാദം കൊന്ന് തള്ളിയത്. ഇതില്‍ അവരെ നേരിട്ട 1300 നടുത്ത് സൈനികരോ പോലീസുകാരോ ഒഴിച്ചാല്‍ അധികപേരും ആദിവാസികളും ദളിതുകളും സാധാരണക്കാരുമാണ്. ആര്‍ക്ക് വേണ്ടിയാണോ ആയുധമെടുത്തത് അവരെ തന്നെ തങ്ങളുടെ ഇരകളുമാക്കി ജീവനെടുക്കുന്ന വിചിത്ര നിലപാടുകളാണ് നക്‌സലുകളുടേത്.
സിപിഐഎം.എലിന്റെ പ്രധാന ഘടകം ആന്ധ്രയില്‍ നിന്നുള്ള പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പാണ്. 1980കളില്‍ കൊണ്ടപ്പള്ളി സീതാരാമയ്യയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് നടത്തിയ കൂട്ടക്കുരുതികള്‍ ഭീകരവും ആരെയും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. ഒറ്റുകാരും കുലംകുത്തികളുമായി മുദ്രകുത്തി അവര്‍ പാവപ്പെട്ട ഗ്രാമീണരെ നിര്‍ദ്ദാക്ഷിണ്യം അരുംകൊല ചെയ്തു. പലരെയും അംഗഭംഗം വരുത്തി. ക്രൂരവും പൈശാചികവുമായിരുന്നു പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ വിചാരണകള്‍ പലതും. ഒരിക്കല്‍ രാജ്യത്തെ 640 ജില്ലകളില്‍ പടര്‍ന്ന് പശ്ചിമ ബംഗാള്‍ മുതല്‍ പശ്ചിമഘട്ടം വരെ 15000 ത്തോളം സായുധ പോരാളികളുമായി ചുവപ്പന്‍ പാത വിരിച്ച മാവോവാദം ഇന്ന് ഇന്ത്യാ സര്‍ക്കാര്‍ ഇവര്‍ക്കെതിരെ സ്വീകരിച്ച ശക്തമായ നടപടികളൂടെ ഫലമായി പ്രസ്ഥാനത്തെ ഏറെക്കുറെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അമര്‍ച്ച ചെയ്യാനും നാളിത് വരെ ഇവരെ പിന്തുണയ്ക്കുന്ന സാധാരണ ജനങ്ങള്‍ ഇവരോട് അകലം പാലിക്കാനും തുടങ്ങിയിരിക്കുന്നു.
ഇന്ന് രാജ്യത്ത് നാല്പതോളം ജില്ലകളിലാണ് ശക്തമായ മാവോവാദി സാന്നിധ്യമുള്ളത്. നേതാക്കളില്‍ പലരും പ്രായാധിക്യം കൊണ്ടുള്ള അവശതയാലും കേഡര്‍മാരുടെ കൊഴിഞ്ഞുപോക്കും കാരണം ശുഷ്‌ക്കിച്ച പ്രസ്ഥാനം ഇന്ന് വലിയ പ്രതിസന്ധിയെ തന്നെ നേരിടുകയാണ്.
ഈയൊരു സാഹചര്യത്തിലാണ് കേരള വനപ്രദേശം മാവോവാദികള്‍ക്ക് ഒളിയിടവും പ്രവര്‍ത്തന കേന്ദ്രവുമായി മാറുന്നത്. മാവോവാദി സെന്‍ട്രല്‍ കമ്മിറ്റി മുസ്ലീം തീവ്രവാദവുമായി യോജിച്ചുള്ള പ്രവര്‍ത്തനം പ്രഖ്യാപിച്ചിരിക്കെ അതിന് ഏറ്റവും പറ്റിയ ഭൂമികയായി മാറിയ കേരള അതിരുകള്‍ ഇവരുടെ താവളമായതില്‍ അത്ഭുതത്തിനവകാശമേയില്ല.
ഇത് കേവലം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട, ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടനകളുടെ ഉഭയകക്ഷി ബാന്ധവം മാത്രമല്ല. ഇന്ത്യയെ ശിഥിലമാക്കുക എന്ന ലക്ഷ്യവുമായി ചൈനയും പാകിസ്ഥാനും താലിബാന്‍ ഉള്‍പ്പെടെയുള്ള ജിഹാദി ശക്തികളും ഇവര്‍ക്ക് പിന്നിലുണ്ട്. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോ നേതാക്കളുള്‍പ്പെട്ട മുപ്പതോളം പേര്‍ വയനാട്ടില്‍ കബനീദളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ആദിവാസികളേയും, ഭരണകൂട നീതിനിഷേധത്തിനും ചൂഷണത്തിനും വിധേയരാകുന്ന സാധാരണ ജന വിഭാഗങ്ങളെയും തന്നെയാണ് മാവോവാദികളും മറയാക്കുന്നത്. ഇത്തരം മേഖലകളില്‍ മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും പ്രേരണയാലും അവര്‍ വാഗ്ദാനം ചെയ്യുന്ന പ്രതീക്ഷാനിര്‍ഭരമായ വസന്തകാലത്തിലും ആകൃഷ്ടരായി കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെയും ജിഹാദിസത്തിന്റെയും കെണിയില്‍ വീഴുന്ന ഓരോ വ്യക്തിയും ഒടുവില്‍ ഭാരത ദേശീയതക്കെതിരെയാണ് അവരുടെ ആയുധം മൂര്‍ച്ച കൂട്ടുന്നത് എന്നത് കാണാതിരുന്നു കൂടാ. മാവോവാദികളുടെയും ജിഹാദിസത്തിന്റെയും മുഖ്യശത്രു ഇന്ന് ഭാരത ദേശീയതയാണ്. സനാതന ധര്‍മ്മമാണ്, നമ്മുടെ പാരമ്പര്യമാണ്.
അതുകൊണ്ട് തന്നെ ഈ ദേശവിരുദ്ധ, ഭാരത വിരുദ്ധ ശക്തികളുടെ വേരറുക്കേണ്ടതും അവരെ ഈ മണ്ണില്‍ നിന്ന് തുടച്ച് നീക്കേണ്ടതും ഒപ്പം ഇത്തരം ഛിദ്ര ശക്തികള്‍ക്ക് വളക്കൂറുള്ള മേഖലകളില്‍ പിന്നോക്ക, പ്രാക്തന സമൂഹങ്ങള്‍ നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെയും ദേശീയ പ്രസ്ഥാനങ്ങളുടെയും ശക്തമായ ഇടപെടലുകളും അനിവാര്യമായിരിക്കുന്നു.