ഇസ്രായേല്‍-ഹമാസ് പോരാട്ടത്തിന്റെ പേരില്‍ കേരളത്തില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയ ധ്രുവീകരണവും ഹിന്ദു വിരുദ്ധതയും സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഇസ്രായേലും ഹമാസും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലാത്ത ഹിന്ദുസമൂഹത്തെ നിഷ്‌കാസനം ചെയ്യണമെന്നും ഇല്ലാതാക്കണമെന്നുമുള്ള പ്രചാരണം കേരളത്തില്‍ അതിശക്തമായി വേരോടുമ്പോള്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ഇടതു-വലതു മുന്നണികളും അതിനെ പിന്തുണയ്ക്കുന്നതിന്റെ സാംഗത്യവും ലക്ഷ്യവും കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി താരതമ്യേന ശാന്തമായി പോവുകയായിരുന്ന ഇസ്രായേല്‍-പാലസ്തീന്‍ പ്രദേശത്ത് സംഘര്‍ഷത്തിന്റെ പുതുനാമ്പുകള്‍ വിതച്ചത് ഇസ്ലാമിക ഭീകര സംഘടനയായ ഹമാസാണ്. പാലസ്തീന്റെ ഔദ്യോഗിക സൈനിക വിഭാഗമോ അവിടുത്തെ ഭരണ നിര്‍വഹണ സംവിധാനങ്ങളില്‍ എന്തെങ്കിലും സ്വാധീനമോ ഉള്ള സംഘടനയല്ല ഹമാസ്. ഐ എസ്സും അല്‍ ഖ്വയ്ദയും ലഷ്‌കര്‍ ഇ തോയ്ബയും പോലെ പാലസ്തീന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, ഇസ്ലാമിക ജിഹാദ് ലക്ഷ്യമിടുന്ന ഒരു ഇസ്ലാമിക ഭീകര സംഘടന മാത്രമാണ് ഹമാസ്.
ഒക്ടോബര്‍ ഏഴിന് ജൂതമതക്കാരുടെ മതപരമായ ആഘോഷച്ചടങ്ങില്‍ ഇസ്രയേലിലെ ജൂതന്മാര്‍ മുഴുവന്‍ മുഴുകിയിരിക്കുമ്പോള്‍ ഇരുളിന്റെ മറവില്‍ ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് അയച്ചാണ് ഇത്തവണത്തെ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ഇസ്രായേലിന്റെയും ഗാസയുടെയും അതിര്‍ത്തിവേലികള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്ത് സമാധാന മതത്തിന്റെ പ്രയോക്താക്കളായ ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറുകയായിരുന്നു. ജൂതന്മാരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ച് സ്ത്രീകളെയും കുഞ്ഞുങ്ങളെയും വരെ കൊന്നൊടുക്കി. 40 കുഞ്ഞുങ്ങളാണ് ഈ ഭീകരാക്രമണത്തില്‍ മരണമടഞ്ഞത്. ആയിരത്തിനാന്നൂറിലേറെ ആളുകള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 250 ലേറെ പേരെ ബന്ദികളാക്കി. ബന്ദികളാക്കിയ സ്ത്രീകളെ ചരക്ക് വണ്ടികളുടെ പിന്നാലെ നഗ്‌നരാക്കി പ്രദര്‍ശിപ്പിച്ച് സമാധാന മതത്തിന്റെ ശരിയായ രൂപം അവര്‍ കാട്ടിക്കൊടുത്തു. കഴിഞ്ഞില്ല, അവര്‍ പിടിച്ചെടുത്ത പിഞ്ചുകുഞ്ഞുങ്ങളെ മൃഗങ്ങളെ കൊണ്ടുപോകുന്ന ചെറിയ കൂടുകളില്‍ കെട്ടിയിട്ട് പീഡിപ്പിച്ച് അവരുടെ കണ്ണീരില്‍ കുതിര്‍ന്ന നരകയാതന പ്രദര്‍ശിപ്പിച്ച് അവരുടെ യഥാര്‍ത്ഥ മുഖം പ്രകടമാക്കി. രാത്രിയില്‍ നടന്നിരുന്ന സംഗീത പരിപാടിയില്‍ കടന്നു കയറിയ ഭീകരര്‍ യാതൊരു പ്രകോപനവുമില്ലാതെ 300 ഓളം പേരെയാണ് കൊന്നൊടുക്കിയത്. രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ വക്കില്‍ നിന്നിരുന്ന ഇസ്രായേല്‍ ഭരണകൂടവും അവരുടെ ചാരസംഘടനയായ മൊസാദും സമാധാനത്തിന്റെ ഈ നാളുകളില്‍ പ്രത്യേകിച്ചും മതപരമായ ആഘോഷത്തിനിടയില്‍ ഇങ്ങനെയൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല എന്നുതന്നെ വേണം കരുതാന്‍. ഹമാസ് എന്ന പാലസ്തീനിലെ ഇസ്ലാമിക ഭീകര സംഘടന ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനകളുടെ ഭാഗം മാത്രമാണ്. അതുകൊണ്ടുതന്നെ ലോകത്തിന്റെ മറ്റെല്ലാ ഭാഗത്തും ഹമാസിനെതിരെ അതിനിശിതമായ വിമര്‍ശനം ഉയര്‍ന്നു. അപ്പോഴും ഹമാസിന് അനുകൂലമായ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കുന്ന രണ്ട് സ്ഥലങ്ങള്‍ മാത്രമേ ഉള്ളൂ. ഒന്ന്, നമ്മുടെ കൊച്ചു കേരളമാണ്. രണ്ടാമത്തേത് പാകിസ്ഥാനും.
എന്തുകൊണ്ട് പാകിസ്ഥാനും കേരളവും ഒരേപോലെ ഹമാസിനെ പിന്തുണയ്ക്കുകയും അവര്‍ക്ക് അനുകൂലമായി പ്രകടനങ്ങള്‍ നടത്തുകയും യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു എന്നകാര്യം അതിശക്തമായ വിശകലനത്തിനും പഠനത്തിനും വിധേയമാക്കേണ്ടതാണ്. 1947ല്‍ ഭാരതത്തിനൊപ്പം സ്വതന്ത്രമായ പാകിസ്ഥാന്‍ ജനാധിപത്യ രാഷ്ട്രമായില്ല. ഇസ്ലാമിക രാഷ്ട്രമായി മാറുകയായിരുന്നു. പാകിസ്ഥാനില്‍ ജനിച്ചുവളര്‍ന്ന, ആ മണ്ണിന്റെ മക്കളായ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് എന്തുപറ്റി എന്നകാര്യം പഠിക്കുമ്പോഴാണ് ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സാഹചര്യം ബോധ്യപ്പെടുക. സഹസ്രാബ്ദങ്ങളായി കാനോന്‍ പ്രദേശത്ത് ജീവിച്ചിരുന്ന ജൂതസമുദായക്കാരെ തുരത്തിയും പായിച്ചുമാണ് ജൂതമതത്തിന്റെ ആവിര്‍ഭാവത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായ ഇസ്ലാം ആ പ്രദേശം കൈയടക്കിയത് എന്നകാര്യം ഓര്‍മ്മിക്കണം. തങ്ങളുടെ ജന്മഭൂമിസ്ഥലം വിലക്ക് വാങ്ങിയും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി ചിന്നിച്ചിതറി ജീവിച്ചിരുന്നവരെ ഒരുമിപ്പിച്ചും തിരിച്ചുപിടിച്ച ജൂതസമുദായത്തിന്റെ ഇച്ഛാശക്തിയും സ്വയം പ്രതിരോധവും ലോകത്തെ ആത്മാഭിമാനമുള്ള ഏത് ശക്തിക്കും രാഷ്ട്രത്തിനും മാതൃക തന്നെയാണ്. പെട്രോ ഡോളറിന്റെ ശക്തിയില്‍ ഇസ്രായേലിനെ നേരിടാന്‍ ഒരുങ്ങിയ ഇസ്ലാമിക രാഷ്ട്രങ്ങളെ കീഴ്‌പ്പെടുത്തി എന്നുമാത്രമല്ല, തങ്ങളുടെ വരുതിക്ക് കൊണ്ടുവരികയും കൂടി ഇസ്രായേല്‍ ചെയ്തു. അറബ് രാജ്യങ്ങള്‍ക്ക് പോലും നിഷേധിക്കാനാകാത്ത ശാസ്ത്ര സാങ്കേതിക സൈനിക ശക്തിയായി ഇസ്രയേല്‍ പരിണമിച്ചത് അദമ്യമായ ദേശഭക്തിയും രാഷ്ട്രത്തിനുവേണ്ടി ജീവിതം ത്യജിക്കാനുള്ള ഉല്‍ക്കടമായ വികാരത്തിലും കൂടിയാണ്. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ മുതല്‍ ജീവിതത്തിന്റെ അന്ത്യത്തിലേക്ക് പോകുന്ന വാര്‍ദ്ധക്യത്തിലുള്ളവര്‍ വരെ സ്വന്തം നാടിന്റെ അതിര്‍ത്തിയും മാനവും കാക്കാന്‍ ജീവന്‍ തൃണവല്‍ഗണിച്ച് അണിനിരക്കുമ്പോള്‍ അതിനെ ചെറുക്കാനുംതകര്‍ക്കാനുമുള്ള ശേഷി ഒരു മതഭീകര സംഘടനയ്ക്കും ആര്‍ജിക്കാനാവുന്നില്ല എന്നതാണ് സത്യം. ഭീകരതയുടെ ഏറ്റവും പുതിയ മുഖം ഇത്തരത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ആയിരിക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിനെക്കുറിച്ച് പഠിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്.
ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിനെ ഭീകര സംഘടന എന്ന് വിളിക്കാനുള്ള ധൈര്യം പോലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നഷ്ടമായിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ പ്രതിഭാസം. മാത്രമല്ല, കേരളത്തിലെ പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മറ്റൊരു മുഖം കൂടിയുണ്ട്. അത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരത്തിന്റെയും ഇസ്ലാമിക ഭീകര സംഘടനകളുടെ സാന്നിധ്യത്തിന്റേതുമാണ്. ദേശീയതലത്തില്‍ ഇതുവരെ പാലസ്തീന് അനുകൂലമായി പ്രതിഷേധമോ പ്രകടനമോ സംഘടിപ്പിക്കാത്ത കോണ്‍ഗ്രസ് കേരളത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും യുഡിഎഫിനും അനുവാദം നല്‍കുകയായിരുന്നു. മുസ്ലിം സമുദായത്തില്‍ സിപിഎമ്മും പിണറായി വിജയനും കൈവരിച്ചേക്കാവുന്ന സ്വാധീനം തടയാനാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കെപിസിസിക്ക് അനുമതി നല്‍കുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്നുള്ള വിശദീകരണം.
ഏതാണ്ട് 26 ശതമാനം ജനസംഖ്യയുള്ള ഇസ്ലാമിക് വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനും ഒപ്പം നിര്‍ത്താനുമുള്ള എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പോരാട്ടമാണ് പിന്നീട് കേരളത്തില്‍ കണ്ടത്. ഇസ്ലാമിന്റെ രക്ഷകര്‍ തങ്ങള്‍ മാത്രമാണെന്ന് പ്രചാരണവുമായി മുസ്ലിം ലീഗ് ആണ് ആദ്യമായി രംഗത്ത് വന്നത്. ഹമാസ് ഭീകര സംഘടന അല്ലെന്നും സ്വാതന്ത്ര്യ പോരാളികളാണ് എന്നുമുള്ള ചിന്തയാണ് മുസ്ലിം ലീഗ് മുന്നോട്ട് വെക്കാന്‍ ശ്രമിച്ചത്. കോഴിക്കോട്ടെ യോഗത്തില്‍ മുഖ്യപ്രഭാഷണത്തിന് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും ഐക്യരാഷ്ട്രസഭയുടെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ശശി തരൂര്‍ ലീഗിന്റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങ് തടിയായി. ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണമാണ് ഇപ്പോഴത്തെ രക്തച്ചൊരിച്ചിലിനും ആയിരങ്ങളുടെ മരണത്തിനും കാരണമെന്ന് ശശി തരൂര്‍ തുറന്നടിച്ചതോടെ മുസ്ലിം ലീഗ് വിഷമവൃത്തത്തിലായി. അബ്ദുല്‍ സമദ് സമദാനിയും എം.കെ.മുനീറും ഹമാസിനെ പ്രതിരോധിക്കാന്‍ എത്തിയെങ്കിലും ശശി തരൂര്‍ തന്റെ നിലപാടില്‍ മാറ്റം വരുത്തുകയോ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയോ ചെയ്തില്ല. സാധാരണ മുസ്ലിം ലീഗ് ഭയപ്പെടുത്തിയാല്‍ ഉടന്‍ ഭയപ്പെടുകയും അവരുടെ കാല്‍ക്കല്‍ വീഴുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലീഗിനും ശശി തരൂരിന്റെ നിലപാട് ദഹിക്കുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യമുള്ള നിലപാടാണ് തന്റേതെങ്കിലും ഹമാസ് ഭീകരതയ്ക്ക് ഒപ്പം നീങ്ങാനോ അനുകൂലിക്കാനോ ആവില്ലെന്ന നിലപാട് ശശി തരൂര്‍ ആവര്‍ത്തിക്കുകയും ചെയ്തു.
യുഡിഎഫിലെയും എല്‍ഡിഎഫിലെയും മുഖ്യകക്ഷികള്‍ ആയ കോണ്‍ഗ്രസും സിപിഎമ്മും പാലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി വെവ്വേറെ യോഗങ്ങള്‍ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പലസ്ഥലങ്ങളിലും യോഗങ്ങള്‍ സംഘടിപ്പിച്ചു. നിരോധനത്തെ തുടര്‍ന്ന് നിര്‍ജീവമായ പോപ്പുലര്‍ ഫ്രണ്ട് പാലസ്തീന്‍ പ്രശ്‌നം ഒരു തിരിച്ചുവരവിനുള്ള വേദിയാക്കാനാണ് ശ്രമം നടത്തിയത്. എസ്ഡിപിഐ.യുടെ പേരില്‍ കേരളത്തില്‍ ഉടനീളം ഏതാണ്ട് 2,500 ഓളം കേന്ദ്രങ്ങളില്‍ അവര്‍ പ്രകടനം നടത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ അഭാവത്തില്‍ കേരളത്തിലെ ഇസ്ലാമിക സമൂഹത്തില്‍ കളം പിടിക്കാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ലാമി ഇതിനിടെ തീവ്ര ഭീകര നിലപാടുമായി രംഗത്തുവന്നു. കേരളത്തിന്റെ പല ഭാഗത്തും ജമാ അത്തെ ഇസ്ലാമിയും അവരുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും ഹമാസ് അനുകൂല ഇസ്ലാമിക ഭീകരവാദ നിലപാടാണ് അനുവര്‍ത്തിച്ചത്.
ഒക്ടോബര്‍ 27ന് മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ ഹമാസിന്റെ മുന്‍ തലവനായ ഖാലിദ് മഷാല്‍ ഓണ്‍ലൈനില്‍ കൂടി പ്രസംഗിച്ചു. ആഗോളതലത്തില്‍ തന്നെ തീവ്രവാദ നേതാവെന്ന് മുദ്രകുത്തിയിട്ടുള്ള ഖാലിദ് മഷാല്‍ പ്രസംഗിച്ച യോഗത്തിന്റെ വിളംബര വാക്യം കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഹിന്ദു സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ‘ഹിന്ദുത്വവും വര്‍ണ്ണ വിവേചന സയണിസവും വേരോടെ പിഴുതെറിയുക’ എന്ന മുദ്രാവാക്യവുമായാണ് ഈ യോഗം സംഘടിപ്പിച്ചിരുന്നത്. ഇസ്രായേലിലെ ജൂതന്മാരും പാലസ്തീനിലെ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള പോരാട്ടത്തില്‍ കേരളത്തിലെയും ഭാരതത്തിലെയും ഹിന്ദുക്കള്‍ക്ക് എന്ത് പങ്കും പങ്കാളിത്തവുമാണ് ഉള്ളത്? ഒരുതരത്തിലുള്ള ബന്ധവും ഇല്ലാതിരുന്നിട്ടും ഹിന്ദുക്കളെ ഉന്മൂലനാശനം ചെയ്യാനും വേരോടെ പിഴുതെറിയാനുമുള്ള ജമാ അത്തെ ഇസ്ലാമിയുടെ ആഹ്വാനത്തിന്റെ പിന്നിലെ ലക്ഷ്യം എന്താണ്? തീര്‍ച്ചയായും അവര്‍ ലക്ഷ്യമിടുന്നത് ഹിന്ദു വംശഹത്യയും പീഡനവും ഭാരതത്തിന്റെ തകര്‍ച്ചയുമാണ്. ഇത് മനസ്സിലാക്കാന്‍ ഏതു പിഞ്ചുകുഞ്ഞിനും കഴിയും.
പക്ഷേ ഖാലിദ് മഷാല്‍ തന്റെ പ്രസംഗത്തില്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശം നടത്തിയില്ല. പാലസ്തീന്‍ ഭൂമിക്കുവേണ്ടി, അല്‍ അഖ്‌സ മസ്ജിദ് തിരിച്ചുപിടിക്കാന്‍ ഗാസക്കുവേണ്ടി ഒറ്റക്കെട്ടായി അണിനിരക്കാനുള്ള ആഹ്വാനമാണ് മഷാല്‍ നല്‍കിയത്. മുസ്ലിം ഉമ്മത്ത് എന്ന ലക്ഷ്യവും സംഘടനയും അതിനുവേണ്ടി ആഗോള മുസ്ലീങ്ങളുടെ ഐക്യനിരയുമാണ് ഹമാസ് ലക്ഷ്യമിടുന്നത് എന്ന് ഖാലിദ് മഷാല്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അതിന്റെ അണിയറ സംവിധാനങ്ങളെ വിലയിരുത്തേണ്ടി വരുന്നത്. വോട്ടുബാങ്കിന്റെ രാഷ്ട്രീയത്തിന് വേണ്ടി ഇടതുമുന്നണിയും വലുത് മുന്നണിയും കോണ്‍ഗ്രസും സിപിഎമ്മും ഒരുവശത്ത് പോരാടുമ്പോള്‍ മുസ്ലീങ്ങളുടെ രക്ഷാകര്‍തൃത്വത്തിന് വേണ്ടി മുസ്ലിം ലീഗും എസ്ഡിപിഐയും മറുവശത്ത് അണിനിരക്കുന്നു. അതേസമയം തന്നെ മുസ്ലിങ്ങളുടെ രക്ഷകര്‍, യഥാര്‍ത്ഥ രക്ഷകര്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയാണ് എന്ന നിലപാടുമായി അവര്‍ എത്തുന്നു. ബംഗ്ലാദേശില്‍ ഹിന്ദു ക്രൈസ്തവ വിഭാഗങ്ങളെ മതപരിവര്‍ത്തനം നടത്തിയും പീഡിപ്പിച്ചും ആഗോളതലത്തില്‍ തന്നെ മാതൃകയായ ജമാ അത്തെ ഇസ്ലാമിക്ക് കേരളത്തില്‍ ഇപ്പോള്‍ ചില ഭാഗങ്ങളിലെങ്കിലും വേരോട്ടം ശക്തമായിട്ടുണ്ട്. അത് കൂടുതല്‍ ദൃഢീകരിക്കാനും കരുത്താര്‍ജിക്കാനുമാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍. ഇതിനിടെ ഇതിലൊന്നും പെടാതെ എല്ലാവരോടും ഒപ്പം ചേര്‍ന്ന് മഹല്ലുകളുടെ ആഭിമുഖ്യത്തില്‍ ജം ഇയത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. തിരുവനന്തപുരത്ത് ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയ സമ്മേളനവും ഉലമ സംഘടിപ്പിച്ചതാണ്. കേരളത്തിലുടനീളം മഹല്ലുകളുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രകടനങ്ങള്‍ മുസ്ലിം ഉമ്മത്തിന്റെ ശക്തി പ്രകടനവും ധ്രുവീകരണവുമായിരുന്നു.
വില്യം ലോഗനും കളക്ടര്‍ കനോലിയും സിഐഇന്‍സും, കെപിസിസി ജനറല്‍ സെക്രട്ടറിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന കെ.മാധവന്‍നായരും ചൂണ്ടിക്കാട്ടിയ ഇസ്ലാമിക ഭീകരതയുടെ പ്രതീകമായ ഹാലിളക്കത്തിന്റെ സൂചനകള്‍ ഈ പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും ഉടനീളം ദൃശ്യമായി എന്നത് ശ്രദ്ധേയമാണ്. ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും എസ്ഡിപിഐയും ജം ഇയ്യത്തുല്‍ ഉലമയും സംഘടിപ്പിച്ച പ്രകടനങ്ങളിലും യോഗങ്ങളിലും അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഈ ഹാലിളക്കത്തിന്റെ പ്രകടമായ സൂചനകള്‍ ആയിരുന്നു. ജമാ അത്തേ ഇസ്ലാമി ആലപ്പുഴ ജില്ലാ കമ്മിറ്റി അമ്പലപ്പുഴ വളഞ്ഞവഴിയില്‍ സംഘടിപ്പിച്ച ഗാസ മുനമ്പ് ചത്വരത്തില്‍ എന്ന പരിപാടിയില്‍ രണ്ടുവയസ്സ് മാത്രമുള്ള കുഞ്ഞിനെ കൊണ്ടാണ് മുദ്രാവാക്യം വിളിപ്പിച്ചത്. നേരത്തെ ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ യോഗത്തില്‍ പത്തുവയസ്സിന് താഴെയുള്ള പിഞ്ചുകുഞ്ഞിനെ കൊണ്ട് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വധഭീഷണി ഉയര്‍ത്തി വിളിച്ച മുദ്രാവാക്യം വിവാദമാവുകയും പോലീസ് കേസെടുക്കുകയും ചെയ്തതാണ്. ഹാലിളക്കത്തിന്റെ സൂചനകള്‍ വില്യംലോഗനും സിഐ ഇന്‍സും കെ.മാധവന്‍നായരും വളരെ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതാണ്. സ്വര്‍ഗ്ഗീയ സുഖങ്ങളെ കുറിച്ചുള്ള ബദര്‍ പാട്ടിലെയും കിത്താബിലെയും വാക്കുകളെ ആസ്പദമാക്കി ഒരു വെള്ളക്കുപ്പായവും ധരിച്ച് റംസാന്‍ കാലത്ത് ഒരു പ്രകോപനവുമില്ലാതെ ഇതര മതസ്ഥരെ കൊല്ലാനും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കാനും മാര്‍ഗം കൂട്ടാനും ഒക്കെ നടക്കുന്ന ഹാലിളക്കത്തെ കുറിച്ച് മാപ്പിള റബലിയനും ബ്രിട്ടീഷ് രേഖകളും ഈ ഗ്രന്ഥങ്ങളും ഒക്കെ തന്നെ വിവരിക്കുന്നുണ്ട്. ആ മാതൃകയിലുള്ള പ്രകടനങ്ങളും യോഗങ്ങളും ആണ് കേരളത്തിലുടനീളം ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
ഇസ്ലാമിക വോട്ട് ബാങ്കിന് വേണ്ടി എന്ത് അധാര്‍മിക പ്രവൃത്തികള്‍ക്കും ഒരു മടിയും ഇല്ലാത്ത യുഡിഎഫിനും എല്‍ഡിഎഫിനും ഇതൊക്കെ വിഴുങ്ങേണ്ടിവരും. ഇസ്ലാമിക ഭീകരതയുടെ മുഖങ്ങള്‍ ഹൈദറിന്റെയും ടിപ്പുവിന്റെയും അധിനിവേശകാലത്തും 1921 ലെ മാപ്പിള കലാപത്തിലും അനുഭവിച്ച ഹിന്ദു ജനത ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാത്രമല്ല, കേരളത്തിന്റെ അതേ രീതിയില്‍ തന്നെ പ്രകടനങ്ങള്‍ നടന്ന ഏകസ്ഥലം പാകിസ്ഥാനാണ്. പാക്കിസ്ഥാനിലെ ജമിയ്യത്ത് ഉലമ ഇ ഇമാം തലവന്‍ മൗലാന സലൂര്‍ റഹ്‌മാനും സംഘവും ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയുമായും മുന്‍ മേധാവി ഖാലിദ് മിഷേലുമായും ഖത്തറില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതും കേരളത്തിനും ഭാരതത്തിനും ഒരേപോലെ ബാധകമാണ്. കശ്മീരിനെ പാലസ്തീനുമായി താരതമ്യം ചെയ്താണ് മൗലാന റഹ്‌മാന്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ മറ്റുള്ളവരെ അപലപിക്കുന്നവര്‍ക്ക് മുഖത്തേറ്റ അടിയാണ് പാലസ്തീനും കശ്മീരും എന്നാണ് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഫസലു റഹ്‌മാന്‍ പ്രസ്താവനയില്‍ പറഞ്ഞത്. സൂചനകള്‍ വളരെ വ്യക്തമാണ്. മാത്രമല്ല, നേരത്തെ തന്നെ പാകിസ്ഥാനിലെ ഇസ്ലാമിക ഭീകരര്‍ ഹമാസ് മാതൃകയില്‍ കശ്മീരില്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കാര്യം കൂടി ഓര്‍ക്കുക. മുസ്ലിം ഉമ്മത്തിന്റെ പേരില്‍ കേരളത്തിലും കാശ്മീരിലും ഉയര്‍ന്നുവരുന്ന ഹാലിളക്കത്തിന്റെ പുതിയ ധ്രുവീകരണം ജിഹാദിന്റേതാണ്. ഇത് ലക്ഷ്യം വെക്കുന്നത് കേരളത്തിലെ ഹിന്ദുക്കളെയും കാശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളെയും ഭാരതത്തെയും തന്നെയാണ്. നിരോധിക്കപ്പെടുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് മുന്നോട്ടു വച്ചിരുന്ന വിഷന്‍ 2047 എന്ന ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള പദ്ധതി കൂടി ഈ അവസരത്തില്‍ ഓര്‍മ്മിക്കണം. കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും അരങ്ങേറുന്ന ജിഹാദിവല്‍ക്കരണത്തിന്റെയും ഇസ്ലാമിക ഭീകരതയുടെയും നാമ്പുകള്‍ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണ്. വോട്ടുബാങ്കിനുവേണ്ടി രാഷ്ട്രീയക്കാര്‍ അതിനൊപ്പം നില്‍ക്കുകയാണ്. പിറന്ന നാട്ടില്‍ ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും കശ്മീരിലെയും ഹിന്ദുക്കള്‍ അനുഭവിച്ച പീഡനം ഉണ്ടാകാതിരിക്കാന്‍, സ്വന്തം വിശ്വാസത്തിനനുസരിച്ച് ജീവിക്കാന്‍ ഈ ഹാലിളക്കത്തെ പ്രതിരോധിച്ചേ മതിയാകൂ. ഹമാസ് എന്ന ഇസ്ലാമിക ഭീകര സംഘടന ചുണ്ടയ്ക്ക കൊടുത്ത് വഴുതനങ്ങ വാങ്ങിയതിന് ഹിന്ദുക്കളെ എന്തിനാണ് ഉന്മൂലനാശനം ചെയ്യുന്നത് എന്ന് വ്യക്തമാക്കാനുള്ള ബാധ്യത സോളിഡാരിറ്റിക്കും ജമാ അത്തെ ഇസ്ലാമിക്കും മുസ്ലിംലീഗിനും ഉലമയ്ക്കും ഉണ്ട്. ഇതു മനസ്സിലാക്കാനുള്ള സാമാന്യബോധമെങ്കിലും കേരളത്തിലെ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, ഇതര സമുദായങ്ങള്‍ക്കും ഇസ്ലാമിലെ ഉല്‍പതിഷ്ണുക്കള്‍ക്കും ഉണ്ടാകണം.