Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

മഹാപ്രസ്ഥാനത്തിന്റെ ഹരിശ്രീ

സായന്ത് അമ്പലത്തില്‍

Print Edition: 10 November 2023

മഹാതപസ്സില്‍ നിന്നാണ് മഹാപ്രസ്ഥാനം ഉരുവം കൊള്ളുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന മഹാപ്രസ്ഥാനത്തിനു പിന്നിലെ അക്ഷയമായ തപശ്ശക്തി സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റേതാണ്. മന്ത്രദ്രഷ്ടാവായ ഋഷി ലോകസംഗ്രഹത്തിനുവേണ്ടിയുള്ള തന്റെ കര്‍മ്മാദര്‍ശത്തെ സ്വയം ജീവിച്ചു കാണിക്കുകയും അതിനെ സൂത്രരൂപേണ പ്രകടമാക്കുകയും ചെയ്യും. പൂര്‍വ്വിക ഋഷിയുടെ ദര്‍ശനത്തെ കാലികമായി വ്യാഖ്യാനിക്കുകയും അദ്ദേഹം ആവിഷ്‌കരിച്ച ആദര്‍ശപദ്ധതിയെ കൈമോശം വരാതെ കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ട കര്‍ത്തവ്യം വ്യാഖ്യാതാക്കള്‍ക്കും പിന്‍ഗാമികള്‍ക്കുമുള്ളതാണ്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദര്‍ശനത്തെ ഭദ്രമായി വ്യാഖ്യാനിച്ച് അതിന്റെ ആശയപരമായ ഊടും ഉറപ്പും പ്രവര്‍ത്തകഗണത്തെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താനുള്ള ബൗദ്ധികദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ച കര്‍മ്മയോഗികളിലൊരാളായിരുന്നു ആര്‍.ഹരി എന്ന ഹരിയേട്ടന്‍. ഏഴ് പതിറ്റാണ്ടുകാലം സംഘത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ച ഹരിയേട്ടന്‍ സംഘദര്‍ശനധാരയുടെ ഭാരതത്തിലെ തന്നെ പ്രമുഖനായ വ്യാഖ്യാതാവും പ്രയോക്താവുമായിരുന്നു. ബഹുഭാഷാ സ്വാധീനവും പരന്ന വായനയും മികച്ച ആശയപ്രകാശനക്ഷമതയും അദ്ദേഹത്തെ സംഘദര്‍ശനത്തിന്റെ ആധികാരിക വക്താവാക്കി മാറ്റി. ഹരിയേട്ടന്‍ കേരളത്തില്‍ സംഘത്തോടൊപ്പം വളരുകയും സംഘത്തെ തന്നോടൊപ്പം വളര്‍ത്തുകയും ചെയ്തു എന്നു പറയാം.

ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ക്കു പിന്നില്‍ ശാന്തമായ മന്ദമാരുതനുണ്ട് എന്നു പറഞ്ഞതുപോലെ കേരളത്തില്‍ സംഘം ഉയര്‍ത്തിയ സാമൂഹികവും ബൗദ്ധികവുമായ കൊടുങ്കാറ്റുകളുടെ പിന്നില്‍ മന്ദമാരുതനെപ്പോലെ ഹരിയേട്ടന്റെ നിശബ്ദമായ നിറസാന്നിധ്യമുണ്ടായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ഹരിയേട്ടന്‍ സ്വയംസേവകനായി മാറുമ്പോള്‍ കേരളത്തില്‍ സംഘം പിച്ചവെച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ സംഘത്തിന്റെ വളര്‍ച്ചയും വികാസവും കൃത്യമായി ഒപ്പം നിന്ന് കാണാന്‍ ഹരിയേട്ടന് കഴിഞ്ഞു. സംഘചരിത്രത്തോടൊപ്പം സഞ്ചരിച്ച ഹരിയേട്ടന്‍ സംഘചരിത്രത്തിലെ പ്രധാന അദ്ധ്യായമായി വളരുകയും ചെയ്തു. പരമേശ്വര്‍ജിയും മാധവ്ജിയും ഒക്കെ ജന്മനാ പ്രതിഭാശാലികളായിരുന്നുവെന്നും സംഘത്തിന് ആവശ്യം വന്നപ്പോള്‍ താന്‍ പരിശ്രമത്തിലൂടെ എഴുത്തുകാരനും പ്രഭാഷകനും ഒക്കെയായി മാറുകയായിരുന്നുവെന്നും ഹരിയേട്ടന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സാധാരണക്കാരിലെ അസാധാരണന്‍
ആളുകളോടൊത്ത് നടക്കുമ്പോള്‍ രണ്ടടി മുന്നിലേ നടക്കാവൂ എന്നതായിരുന്നു ഒരിക്കല്‍ സംഘസ്ഥാപകന്‍ നല്‍കിയ സന്ദേശം. പിന്തുടരുന്ന സാധാരണക്കാരന് തന്നോടൊപ്പം നടന്നെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഉണര്‍ത്താന്‍ ഇത് ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. നടന്നുതുടങ്ങുമ്പോഴുള്ള ദൂരദൈര്‍ഘ്യം പിന്തുടരാനുള്ള പ്രേരണ ഇല്ലാതാക്കും. രാമനെയും കൃഷ്ണനെയും ഒക്കെ ഈശ്വരന്മാരായി അവതരിപ്പിച്ചപ്പോള്‍ അവര്‍ പകര്‍ന്ന ഉന്നതമൂല്യങ്ങള്‍ തങ്ങള്‍ക്ക് ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുമെന്ന ധാരണ സാധാരണ ജനങ്ങള്‍ക്ക് ഇല്ലാതായി. അതുകൊണ്ട് തന്നെ വീക്ഷണത്തില്‍ അസാധാരണത്വം പുലര്‍ത്തുമ്പോഴും പെരുമാറ്റത്തില്‍ സാധാരണത്വം സൂക്ഷിക്കാന്‍ ഡോക്ടര്‍ജി ശ്രമിച്ചു. അതുവഴി സഹപ്രവര്‍ത്തകരെ അവര്‍ പോലും അറിയാതെ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമം നടത്തുകയും ചെയ്തു. ഈ തത്വം അക്ഷരംപ്രതി അനുഷ്ഠിച്ചയാളായിരുന്നു ഹരിയേട്ടന്‍. തന്റെ മുന്നിലിരിക്കുന്ന ഓരോ വ്യക്തിയുടെയും മാനസിക ബൗദ്ധിക നിലവാരം അളന്നുതൂക്കി അവരോട് സംവദിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. ഗഹനമായ തത്വങ്ങള്‍ പോലും സരളമായി അവതരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഹരിയേട്ടന്റെ എഴുത്തിലും പ്രഭാഷണത്തിലും നിറഞ്ഞുകണ്ടത് ഇതുകൊണ്ടാണ്.

തന്റെ അനുഗൃഹീതമായ ഓര്‍മ്മശക്തിയും, ആകര്‍ഷണീയമായ നര്‍മ്മബോധവും, സരളമായ സംവേദനശേഷിയും, യുക്ത്യാധിഷ്ഠിതമായ വിശകലനപാടവവും, മനംകവരുന്ന മന്ദസ്മിതവുമെല്ലാം ഹരിയേട്ടന്‍ സംഘസംവ്യാപനത്തിനുള്ള ഉപകരണമാക്കി മാറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതനോടും പാമരനോടും കൈക്കുഞ്ഞുങ്ങളോടും മഹാഗുരുക്കന്മാരോടുമെല്ലാം ഒരേ ഊഷ്മളതയോടെ അദ്ദേഹം സംവദിച്ചു. ഭാരതത്തിലെ ഓരോ ഗ്രാമങ്ങളിലും സഞ്ചരിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരിലും കുടുംബങ്ങളിലും സംഘസന്ദേശമെത്തിച്ചു.

സമഗ്രഹരി
സംഘസ്ഥാപകന്റെ ചിന്താകണങ്ങള്‍ സമാഹരിക്കുകയും ദ്വിതീയ സര്‍സംഘചാലകനായ ശ്രീഗുരുജിയുടെ സമ്പൂര്‍ണ്ണ സമാഹാരവും സമഗ്രജീവചരിത്രവും തയ്യാറാക്കുകയും ചെയ്ത ഹരിയേട്ടന്‍ സംഘസാഹിത്യരചനയുടെ വികാസത്തിന് നല്‍കിയ സംഭാവനകള്‍ അനന്യമാണ്. അദ്ദേഹത്തിന്റെ രചനകള്‍ മൗലികവും സൂക്ഷ്മദൃഷ്ടിയുള്ളതുമായിരുന്നു. മലയാളത്തിലെ മികച്ച ഗദ്യകാരന്മാരിലൊരാളാണ് ഹരിയേട്ടന്‍ എന്നും അവക്രതയും അക്ലിഷ്ടതയും ഏകത്ര മേളിക്കുമ്പോഴുണ്ടാകുന്ന സൗകുമാര്യമാണ് അദ്ദേഹത്തിന്റെ രചനകള്‍ക്ക് അനന്യസാധാരണമായ തിളക്കം നല്‍കുന്നത് എന്നും പറഞ്ഞുവെച്ചത് പ്രസിദ്ധ പത്രപ്രവര്‍ത്തകനായ വി.എം. കൊറാത്താണ്.

ഡോക്ടര്‍ജി ജന്മശതാബ്ദി പരിപാടിയില്‍

ഏത് വിഷയത്തിലും സംശയലേശമന്യേ സംഘവീക്ഷണം അവതരിപ്പിക്കാന്‍ ഹരിയേട്ടന് സവിശേഷമായ ചാതുര്യമുണ്ടായിരുന്നു. സംഘത്തിന്റെ ഉന്നതനേതൃത്വത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കാള്ളുന്നതിന് എപ്പോഴും ആശ്രയിക്കാന്‍ കഴിയുമായിരുന്ന സൂക്ഷ്മദര്‍ശിനിയായിരുന്നു അദ്ദേഹം. സ്വയംസേവകരെ സംബന്ധിച്ച് ആത്മവിലോപിയായ ആദര്‍ശജീവിതം നയിച്ച പ്രചാരക മാതൃകയായിരുന്നു. വിവിധ വിഷയങ്ങളിലെ ഗവേഷകന്മാര്‍ക്കാകട്ടെ എപ്പോഴും സംശയനിവൃത്തി വരുത്തുന്നതിന് ആശ്രയിക്കാവുന്ന ജ്ഞാനഭണ്ഡാരമായിരുന്നു. 2018 ജനുവരിയില്‍ ഹരിയേട്ടന്റെ സമ്പൂര്‍ണ രചനാസമാഹാരം പ്രകാശനം ചെയ്തുകൊണ്ട് സംഘത്തിന്റെ പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് അഭിപ്രായപ്പെട്ടത് രംഗ ഹരി എന്നാല്‍ സമഗ്രഹരി എന്നാണ്. ഇത് അക്ഷരംപ്രതി ശരിയാണെന്ന് അദ്ദേഹത്തിന്റെ രചനകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഹരിയേട്ടന്റെ ഗ്രന്ഥങ്ങള്‍ രാഷ്ട്രചിന്തനത്തിന്റെ ഗ്രന്ഥഹാരങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ രാഷ്ട്രദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നു. എഴുത്ത് അദ്ദേഹത്തിന് സപര്യയായിരുന്നു. പ്രായാധിക്യമോ രോഗാധിക്യമോ പോലും അവഗണിച്ചുകൊണ്ട് അദ്ദേഹം തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്നു. തൊണ്ണൂറ് വയസ്സ് പിന്നിട്ട ഒരു എഴുത്തുകാരന്‍ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിനോടൊപ്പം അദ്ദേഹം എഴുതിയ അവസാനത്തെ പുസ്തകത്തിന്റെ പ്രകാശനവും കൂടി നടക്കുന്നു എന്നു പറയുമ്പോള്‍ അതില്‍പ്പരം അപൂര്‍വ്വത മറ്റെന്തുണ്ട്!

അപൂര്‍വ്വ ചിന്തകന്‍ അനന്യ സംഘാടകന്‍
1951 മുതലുള്ള ഹരിയേട്ടന്റെ പ്രചാരക ജീവിതം അദ്ദേഹത്തിന്റെ അനന്യമായ സംഘാടനപാടവത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്. പ്രതിസന്ധികളിലും പ്രക്ഷോഭങ്ങളിലും പതര്‍ച്ചയോ പ്രകോപനമോ കൂടാതെ അദ്ദേഹം നെടുനായകത്വം വഹിച്ചു. ആശയക്കുഴപ്പങ്ങള്‍ വഴിമുട്ടിച്ചിടത്തെല്ലാം അദ്ദേഹം ആശയും ആശ്രയവുമായി. 1962 ല്‍ വിഭാഗ് പ്രചാരകനെന്ന നിലയില്‍ കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരകം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലും പ്രാന്ത ശിബിരത്തിന്റെയും ജനസംഘം സമ്മേളനത്തിന്റെയും കുറ്റമറ്റ വ്യവസ്ഥാ വിന്യാസത്തിലും ഹരിയേട്ടന്‍ പ്രദര്‍ശിപ്പിച്ച കരവിരുത് അനുപമമാണ്. അടിയന്തരാവസ്ഥക്കാലത്തെ ഒളിപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ‘കുരുക്ഷേത്രം’ മുടങ്ങാതെ അച്ചടിച്ചു വിതരണം ചെയ്യാനുമുള്ള ശ്രമകരമായ ദൗത്യങ്ങള്‍ അദ്ദേഹമാണ് ഏറ്റെടുത്തു വിജയിപ്പിച്ചത്. കേരളത്തില്‍, സംഘത്തെ ഹൈന്ദവ നവോത്ഥാനത്തിന്റെ സാരഥിയായി അവതരിപ്പിക്കുന്നതില്‍ ഹരിയേട്ടന്‍ ആശയപരമായും പ്രായോഗികമായും വഹിച്ച പങ്ക് തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടേണ്ടതാണ്. ഏകാത്മതായജ്ഞത്തിന്റെ സാമാജിക പ്രസക്തി ഉദ്‌ബോധിപ്പിച്ചതില്‍, കല്ലറ സുകുമാരനെ ഗുരുവായൂരമ്പലത്തില്‍ സദ്യയ്ക്കിരുത്താനുള്ള അരങ്ങൊരുക്കിയതില്‍ തുടങ്ങി സംഘം കേരളത്തില്‍ ഏറ്റെടുത്ത എല്ലാ നവോത്ഥാന യജ്ഞങ്ങളുടെയും പിന്നില്‍ അദ്ദേഹം ചാലകശക്തിയായി നിന്നു. യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹരിയേട്ടന്‍ മുന്നോട്ടുവെച്ച ‘വിശ്വാസികളിലെ അവിശ്വാസിക്ക് ക്ഷേത്രപ്രവേശനമാകാമെങ്കില്‍ അവിശ്വാസികളിലെ വിശ്വാസിക്കും ക്ഷേത്രപ്രവേശനമാവാം’ എന്ന യുക്തി യാഥാസ്ഥിതികത്വത്തിന്റെ സകല വാദമുനകളുമൊടിക്കുന്ന ഉല്പതിഷ്ണുത്വത്തിന്റെ പ്രകടീകരണമായിരുന്നു.

ആലുവയില്‍ കേസരി സംഘടിപ്പിച്ച എഴുത്തുകളരിയില്‍ ആര്‍.ഹരി സംസാരിക്കുന്നു.
സാഹിത്യശില്‍പശാലയില്‍ യുവ എഴുത്തുകാരോടൊപ്പം

കേരളത്തില്‍ നിന്ന് ശാഖാതലം മുതല്‍ അഖിലഭാരതീയതലം വരെയുള്ള സംഘ ചുമതല നിര്‍വഹിക്കാന്‍ നിയുക്തനായ ആദ്യത്തെ കാര്യകര്‍ത്താവായിരുന്നു ഹരിയേട്ടന്‍. ദുര്‍ഗ്രഹമായ തത്വങ്ങള്‍ പോലും അയത്‌നലളിതമായി വിശദീകരിക്കാനുള്ള കഴിവ് ഹരിയേട്ടനെ ദേശീയ തലത്തില്‍ പോലും ശ്രദ്ധേയനാക്കി. ദീനദയാല്‍ജിയുടെ വിഷയാവതരണ നൈപുണ്യത്തെ വിശദീകരിച്ചുകൊണ്ട് ഹരിയേട്ടന്‍ എഴുതിയ വാക്കുകള്‍ അദ്ദേഹത്തിന്റെ അവതരണശൈലിയെ കൂടി വരച്ചു കാണിക്കുന്ന വിശേഷണമാണ്. ‘ഓണം കോറാമൂലയിലെ നിരക്ഷരനായ ഗ്രാമീണനുപോലും സുന്ദരമായി മനസ്സിലാവുംവിധം അതിഗഹനമായ വിഷയം അദ്ദേഹം കൈകാര്യം ചെയ്യും. നിങ്ങളെ നിങ്ങള്‍ പോലുമറിയാതെ വിഷയത്തിന്റെ ഉദാത്തമായ ഉത്തുംഗശിഖരത്തിലെത്തിക്കും. അതേ അനായാസതയോടെ അത്യഗാധമായ രത്‌നാകരത്തിന്റെ അടിത്തട്ടിലുമെത്തിക്കും’

ബൗദ്ധിക കേസരി
ബൗദ്ധിക മേഖലയില്‍ സൂര്യസമാനം ശോഭിച്ച ഹരിയേട്ടന്റെ പല ലേഖനങ്ങളും പുറത്തുവന്നത് കേസരി വാരികയിലൂടെയായിരുന്നു. കേസരിയുടെ ഗുണപരമായ വളര്‍ച്ചയ്ക്ക് ഹരിയേട്ടനെന്ന എഴുത്തുകാരനും മാര്‍ഗ്ഗദര്‍ശകനും നല്‍കിയ സംഭാവനകള്‍ ചിരസ്മരണീയമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന ഹരിയേട്ടന്റെ പരമ്പര കേസരിയില്‍ ഖണ്ഡശയായി പ്രസിദ്ധീകരിച്ചപ്പോള്‍ അത് കേരളം മുഴുവന്‍ വലിയ ചര്‍ച്ചാവിഷയമായി മാറി. ‘വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍’ എന്ന അദ്ദേഹത്തിന്റെ പരമ്പര കേസരിയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഹരിയേട്ടന്‍ ദിവംഗതനായിരിക്കുന്നത്. രോഗാവസ്ഥയുടെ ബുദ്ധിമുട്ടുകള്‍ രൂക്ഷമായപ്പോഴും ഹരിയേട്ടന്‍ കേസരിക്ക് ദീര്‍ഘമായ അഭിമുഖങ്ങള്‍ അനുവദിച്ചു. അദ്ദേഹം നല്‍കിയ മാര്‍ഗ്ഗദര്‍ശനങ്ങള്‍ കേസരിയുടെ വളര്‍ച്ചയ്ക്ക് എന്നും പാഥേയമായിട്ടുണ്ട്.

പ്രതിഭാവിലാസത്തിന്റെ ഹിമവല്‍ശൃംഗത്തില്‍ വിരാജിക്കുമ്പോഴും പ്രശസ്തിയുടെയും പുരസ്‌കാരങ്ങളുടെയും വെള്ളിവെളിച്ചത്തില്‍ നിന്നകന്ന് ഹരിയേട്ടന്‍ പ്രചാരകന്റെ ആത്മവിലോപിയായ ആദര്‍ശജീവിതം നയിച്ചു. ജീവിതത്തിലും മരണത്തിലും അദ്ദേഹം ഒരുപോലെ മാതൃകയും മാര്‍ഗദര്‍ശനവുമേകി. വ്യക്തിത്വത്തെ രാഷ്ട്രത്വത്തിലേക്കുയര്‍ത്തുന്ന പരിശീലനക്കളരിയില്‍ ഒരിക്കലും മുടങ്ങാത്ത ബൗദ്ധിക വ്യായാമത്തിന് വര്‍ഷങ്ങളോളം അഗ്രേസരനായി നേതൃത്വം നല്‍കി. അങ്ങനെ ആയിരക്കണക്കിന് സ്വയംസേവകര്‍ക്ക് സംഘദര്‍ശനത്തിലേക്കുള്ള ഹരിശ്രീ കുറിച്ചു. മരണംവരെ അദ്ദേഹത്തിന്റെ കൈകള്‍ ആശയപ്രചാരണത്തിനുവേണ്ടി നിലയ്ക്കാതെ തൂലിക ചലിപ്പിച്ചുകൊണ്ടിരുന്നു. പതിറ്റാണ്ടുകളോളം ആ പാദങ്ങള്‍ സംഘടനാ വ്യാപനത്തിനായി നിരന്തരം ചരിച്ചുകൊണ്ടേയിരുന്നു. സംഘസ്ഥാനില്‍ നിന്നുകിട്ടിയ സംസ്‌കാരം ശവസ്ഥാനില്‍ വരെ ഹരിയേട്ടന്‍ പിന്തുടര്‍ന്നു.

കേസരി ജീവനക്കാരോടൊപ്പം

ഉപാസനയുടെ പരിസമാപ്തി ഉപാസ്യമായിത്തീരലാണ്. ജ്ഞാനയോഗവും കര്‍മ്മയോഗവും സന്യാസയോഗവും സമ്മേളിച്ച ഹരിയേട്ടന്റെ സംഘസാധന സഫലമായിത്തീര്‍ന്നിരിക്കുന്നു. ആശയങ്ങളുടെ അരണി കടഞ്ഞ് അഗ്നിപകര്‍ന്ന ആചാര്യന്‍ അകലങ്ങളിലേക്ക് പോയ്മറഞ്ഞിരിക്കുന്നു. അക്ഷരങ്ങള്‍ ആയുധമാക്കിക്കൊണ്ട് അടരാടിയ ബൗദ്ധിക ക്ഷത്രിയന്‍ നിത്യതയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. അജ്ഞതയെ ഹനിച്ച്, ചിന്താസമസ്യകളെ ഹരിച്ച് ശരിയായ ദിശ പകര്‍ന്ന ചിന്തകന്‍ അറിവിന്റെ കവചകുണ്ഡലങ്ങള്‍ അഴിച്ചുവെച്ച് യാത്രപോയിരിക്കുന്നു. മഷിയുണങ്ങാത്ത തൂലികയും മരവിക്കാത്ത മനീഷയും ഉപേക്ഷിച്ച് ആ മനീഷി മഹാപ്രസ്ഥാനത്തിന് പുറപ്പെട്ടുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ അന്തിമപ്രാര്‍ത്ഥന ആ ജീവിതത്തിന്റെ ഭാവപ്പകര്‍ച്ച തന്നെയാണ്. ജീവിച്ചിരുന്നപ്പോള്‍ തന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനെ ഹരിയേട്ടന്‍ എന്നും നിരുത്സാഹപ്പെടുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ മരണാനന്തര കര്‍മ്മങ്ങളെയും അദ്ദേഹം നിഷേധിച്ചു. ‘വന്ദേമാതരത്തിന്റെ കഥ’ എന്ന ഗ്രന്ഥത്തില്‍ സ്വന്തം ഹൃദന്തം പകര്‍ത്തിവെച്ചതുപോലെ, സംഘപ്രചാരകന്റെ മാനസികാവസ്ഥയെ വരച്ചുകാണിക്കുംവിധത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി ‘മഠത്തില്‍ പിറന്നാളില്ല, പോക്കുനാളില്ല. തിരുവോണമില്ല, തിരുവാതിരയില്ല; വിഷുവില്ല, സംക്രാന്തിയില്ല. അവിടെ നിശ്ചയവും നിഷ്ഠയുമുള്ള നിതാന്ത ശ്രമമേയുള്ളൂ. ആദര്‍ശവും അര്‍പ്പണവും അലയടിക്കുന്ന അഖണ്ഡജീവിതമേ ഉള്ളൂ. താനും തന്റേതും എരിഞ്ഞു വെണ്ണീറാകുന്ന തപമേയുള്ളൂ. സാധനാനിരതമായ ജീവിതം നിരന്തര തീര്‍ത്ഥാടനമാണ്. സാധകനും തീര്‍ത്ഥാടകനും പിന്തിരിയാതെ മുന്നോട്ടുതന്നെ പോകണം. പിന്നിട്ടവഴി പിന്തിരിച്ചുനോക്കുകയുമരുത്. മഹാപ്രസ്ഥാനത്തിനു മുന്നോട്ടു ഗമിച്ച ധര്‍മപുത്രര്‍, ദേവതാത്മാവിന്റെ ധവളിമയില്‍ വിലയിച്ച് അന്തര്‍ദ്ധാനം ചെയ്ത ആദിശങ്കരന്‍, സമാധിഗുഹയ്ക്കുളില്‍ സ്വയമിറങ്ങിച്ചെന്നു സിദ്ധികൂടിയ സന്ത്ജ്ഞാനേശ്വരന്‍ ഇതിനു ദൃഷ്ടാന്തങ്ങളാണ്. ഇതാണ് മഠത്തിലെ സംസ്‌കാരം’. ആദര്‍ശനിഷ്ഠമായ ആ മഹദ് ജീവിതത്തിനു മുന്നില്‍ ആദരപൂര്‍വ്വം അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു….

ShareTweetSendShare

Related Posts

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഇറാന്റെ ആണവസ്വപ്‌നം പൊലിയുമ്പോള്‍…..

പശ്ചിമേഷ്യയിലെ പടയൊരുക്കങ്ങള്‍

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

അമ്മഭാരതത്തിന്റെ അമരത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies