രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം, 2025 ല്‍ നൂറ്റാണ്ട് തികയുകയാണ്. എതിര്‍പ്പുകളെയും വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ അതിജീവിച്ച ഒരു മഹാ പ്രസ്ഥാനം. കെ.ആര്‍. മല്‍ക്കാനി എഴുതിയ ദ ആര്‍എസ്എസ് സ്റ്റോറി ഉള്‍പ്പെടെ ഐതിഹാസികമായ ഈ ചരിത്രം പ്രതിപാദിക്കുന്ന ഔദ്യോഗികവും അല്ലാത്തതുമായ നിരവധി ഗ്രന്ഥങ്ങള്‍ വിവിധ ഭാഷകളില്‍ ലഭ്യമാണ്. ഇങ്ങനെയുള്ള ചെറുതും വലുതുമായ നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ ഉണ്ടെങ്കിലും അവയിലൂടെ പൂര്‍ണമാകുന്നതല്ല സംഘത്തിന്റെ ചരിത്രം. അറിയാതെയും പറയാതെയും രേഖപ്പെടുത്താതെയും കിടക്കുന്ന കാര്യങ്ങള്‍ പിന്നെയും ഏറെയുണ്ടാവും.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ, അറിയുന്തോറും ഏറിവരുന്ന ചരിത്രത്തെക്കുറിച്ച് തന്റെ കാലത്ത് ജീവിച്ചിരുന്നവരില്‍ ഏറ്റവും കൂടുതല്‍ അറിയാവുന്നആളായിരുന്നു ഹരിയേട്ടന്‍. സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍, കത്തുകള്‍, ഗ്രന്ഥരചനകള്‍ തുടങ്ങിയവയിലൂടെ സംഘം എന്ന പ്രസ്ഥാനത്തിന്റെ ചരിത്രം അതിന്റെ എല്ലാ വിശദാംശങ്ങളോടെയും ആധികാരികമായി പറഞ്ഞിട്ടുള്ളയാള്‍ ഹരിയേട്ടനായിരുന്നു. തന്നില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന വസ്തുതകളും സംഭവങ്ങളുമായല്ല, ആത്മകഥയിലേതുപോലെ ഹൃദ്യവും ആവേശകരവുമായാണ് ഇത് പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ ഓര്‍മപ്പിശകുകളോ അവ്യക്തതകളോ ആശയക്കുഴപ്പങ്ങളോ ഉണ്ടായിരുന്നില്ല. ‘മറന്നിട്ടുവേണ്ടേ ഓര്‍മിക്കാന്‍’ എന്ന് ഹരിയേട്ടനെക്കുറിച്ച് പറയുന്നത് സംഘചരിത്രത്തെക്കുറിച്ച് പറയുമ്പോഴാണ് ഏറ്റവും യോജിക്കുക എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
സംഘത്തിന്റെ ചരിത്രം നിയതമായ രൂപത്തില്‍ പ്രത്യേകമായി ഹരിയേട്ടന്‍ എഴുതിയിട്ടില്ല. അത് ചെയ്തിട്ടുള്ളത് തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ മറ്റു ചിലരാണ്. പക്ഷേ ഹരിയേട്ടന്‍ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങളില്‍ സംഘത്തിന്റെ ചരിത്രം തെളിമയോടെ സ്ഥാനംപിടിച്ചിട്ടുണ്ട്.
സംഘസ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെയും, രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെയും ജീവചരിത്ര സംബന്ധിയായ നിരവധി കൃതികള്‍ ഹരിയേട്ടന്‍ രചിച്ചിട്ടുണ്ട്. മൗലിക കൃതികളും വിവര്‍ത്തനങ്ങളും ഇതില്‍പ്പെടുന്നു. കേശവ സംഘനിര്‍മ്മാതാ, ഡോ. ഹെഡ്‌ഗേവാര്‍-തെരഞ്ഞെടുത്ത കത്തുകള്‍, സംഘകാര്യപദ്ധതിയുടെ വളര്‍ച്ചയും വികാസവും, ഡോ. ഹെഡ്‌ഗേവാറിന്റെ വിശാലമായ ജീവചരിത്രം, ഡോ.ഹെഡ്‌ഗേവാര്‍ സംഭവങ്ങളിലൂടെ (ഇംഗ്ലീഷ്), സംഘസ്ഥാപകന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്ന വിചാരസരണി, ശ്രീഗുരുജി സമഗ്ര (12 വാല്യങ്ങള്‍), ഗുരുജിയുടെ തെരഞ്ഞെടുത്ത കത്തുകളുടെ സമാഹാരമായ പ്രചാരക് പാഥേയ്, മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഇതരഭാഷകളിലും എഴുതിയിട്ടുള്ള ഗുരുജി ഗോള്‍വല്‍ക്കറുടെ ജീവചരിത്രം എന്നീ കൃതികളില്‍ ആധുനിക ഭാരതം ദര്‍ശിച്ച രണ്ട് മഹാത്മാക്കളുടെ ജീവിതവും ദര്‍ശനവും പ്രവര്‍ത്തനങ്ങളുമാണ് വിവരിക്കുന്നതെങ്കിലും അത് ഒരര്‍ത്ഥത്തില്‍ സംഘത്തിന്റെ ചരിത്രംകൂടിയാണ്.
കേരള പ്രാന്തപ്രചാരകും മുന്‍ഗാമിയുമായിരുന്ന കെ. ഭാസ്‌കര്‍ റാവുവിന്റെ ജീവചരിത്രവും ഹരിയേട്ടന്‍ രചിച്ചിട്ടുണ്ട്. ഈ പുസ്തകത്തിലും വലിയൊരളവോളം കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന്റെ ചരിത്രം തന്നെയാണ് വിവരിക്കുന്നത്. സംഘപ്രവര്‍ത്തനത്തില്‍ തനിക്കുമാത്രം അറിയാവുന്ന നിരവധി വിവരങ്ങള്‍ കാലഗണനാക്രമത്തില്‍ ഈ പുസ്തകത്തില്‍ ഹരിയേട്ടന്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ആര്‍എസ്എസ്സിന്റെ ചരിത്രത്തിലെയും ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെയും നിര്‍ണായകമായ ഒരു സംഭവമായിരുന്നുവല്ലോ 1975 ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന അടിയന്തരാവസ്ഥ. രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും പൗരന്മാര്‍ക്ക് എന്നേക്കുമായി നഷ്ടപ്പെട്ടുപോകുമായിരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ധീരമായി പൊരുതിയത് രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു. കേരളത്തില്‍ ഈ പോരാട്ടത്തിന്റെ ചരിത്രം ‘ഒളിവിലെ തെളിനാളങ്ങള്‍’ എന്ന പേരില്‍ സമാഹരിച്ചത് ഹരിയേട്ടനായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തെക്കുറിച്ച് മറ്റെവിടെനിന്നും ലഭിക്കാനിടയില്ലാത്ത വിവരങ്ങള്‍ ഈ ബൃഹദ് ഗ്രന്ഥത്തിലുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനഫലമായി ഹൈന്ദവസമൂഹത്തിലുണ്ടായ മാറ്റങ്ങളെ തൊട്ടുകാണിക്കുന്ന ഇനി ഞാന്‍ ഉണരട്ടെ, ശാഖകളില്‍ നിത്യവും ചൊല്ലുന്ന സംഘ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും അതിന്റെ രചനാ സന്ദര്‍ഭങ്ങളും വിവരിക്കുന്ന അമ്മയുടെ കാല്‍ക്കല്‍, ജനജീവിതത്തിന്റെ അഭേദ്യ ഭാഗമായ ആചാരാനുഷ്ഠാനങ്ങള്‍ കാലാനുസൃതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്ന മാറ്റുവിന്‍ ചട്ടങ്ങളെ, കേരളത്തിന്റെ ചരിത്രവും സവിശേഷതകളും സംക്ഷിപ്തമായി വിവരിക്കുന്ന അപ്നാ കേരള്‍, ഭാരതീയ സംസ്‌കാരവുമായി ഏറ്റുമുട്ടുമ്പോള്‍ കമ്യൂണിസത്തിന്റെ ആഗോളപ്രഭാവം അസ്തമിക്കുന്നതിനെക്കുറിച്ച് പറയുന്ന വോള്‍ഗ ഗംഗയിലേക്ക്, ഭാരതം എന്ന രാഷ്ട്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചും കാലാന്തരങ്ങളിലൂടെയുള്ള അതിന്റെ രൂപാന്തരങ്ങളെക്കുറിച്ചും നിലനില്‍പ്പിനെക്കുറിച്ചും വിശദീകരിക്കുന്ന രാഷ്ട്രവും സംസ്‌കാരവും എന്നീ ഗ്രന്ഥങ്ങളിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പതിറ്റാണ്ടുകളുടെ ആശയപരവും സംഘടനാപരവുമായ ചരിത്രം പലവിധത്തില്‍ പറഞ്ഞുപോകുന്നുണ്ട്.
അപ്പോഴും സംഘത്തിന്റെ ചരിത്രം മുഴുവനായെന്ന വിശ്വാസമൊന്നും ഹരിയേട്ടന് ഉണ്ടായിരുന്നില്ല. ഇനിയും എത്രയോ കാര്യങ്ങള്‍ പറയാന്‍ കിടക്കുന്നു എന്നൊരു ചിന്ത വിട്ടൊഴിഞ്ഞില്ല. ഓര്‍മയില്‍ ഒരുപാട് കാര്യങ്ങള്‍ പച്ചപിടിച്ചു നില്‍ക്കുന്നു. തന്നോടു കൂടെ ഇതൊക്കെ അവസാനിക്കാന്‍ പാടില്ല. സംഘപ്രവര്‍ത്തനം കടന്നുപോന്ന വഴികള്‍ എന്തൊക്കെയെന്ന് വരുംതലമുറയിലെ സ്വയംസേവകര്‍ അറിയണം. അവര്‍ക്ക് മാതൃകയാവുന്ന പലതും തനിക്ക് ഇനിയും പറയാനുണ്ടെന്ന് ഹരിയേട്ടന്‍ കരുതി.
ഇതിന്റെ ഫലമായിരുന്നു, ആരോ ഗ്യം ക്ഷയിച്ചുകൊണ്ടിരുന്ന അവസാന നാളുകളില്‍ കേരളത്തിന്റെ സംഘപ്രവര്‍ത്തനത്തില്‍ താന്‍ ഭാഗഭാക്കായ നിരവധി സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. ഇക്കാലത്ത് ഓരോ തവണ കാണുമ്പോഴും എഴുതി തീര്‍ത്ത സംഭവങ്ങളെക്കുറിച്ചും, അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹരിയേട്ടന്‍ ഈ ലേഖകനോട് പറയുമായിരുന്നു. പതിവുപോലെ വലിയ ആവേശത്തോടെയും രസകരമായുമാണ് ഇത് പറയാറുണ്ടായിരുന്നത്. പിന്നെയും എഴുത്തു തുടര്‍ ന്നു. ഒടുവില്‍ വിചാരിച്ചതെല്ലാം എഴുതി പൂര്‍ത്തിയാക്കി സംഘത്തെ ഏല്‍പ്പിച്ച കാര്യവും ഒരു ദിവസം പറയുകയുണ്ടായി. കേരളത്തിലെ സംഘചരിത്രത്തെ സംബന്ധിച്ചിടത്തോളം ഈ എഴുത്ത് ഒരു മുതല്‍ക്കൂട്ടായിരിക്കും.
സംഘചരിത്രത്തെ സംബന്ധിക്കുന്ന ഏതു ചോദ്യത്തിനും കൃത്യവും വ്യക്തവുമായ ഉത്തരം ഹരിയേട്ടനുണ്ടായിരുന്നു. ചോദിക്കുന്നയാളുടെ നിലവാരമനുസരിച്ച് അത് വിശദീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ചോദ്യത്തിനുള്ള ഉത്തരം മാത്രമായിരിക്കില്ല ലഭിക്കുക. അതിന്റെ നാനാവശങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കും. ഒരു റഫറന്‍സും ഇതിന് ആവശ്യമുണ്ടായിരുന്നില്ല. ഓരോ സംഭവത്തിന്റെയും വര്‍ഷവും മാസവും തീയതിയുമെന്നല്ല അവ നടന്ന സമയംപോലും തെറ്റാതെ പറയും. ഒരു ഗ്രന്ഥത്തില്‍ നിന്നും നമുക്ക് ഇത് കിട്ടിയെന്നുവരില്ല. അത്ഭുതകരമായിരുന്നു ആ തലച്ചോറ്. അത്രയ്ക്ക് ഭദ്രമായിരുന്നു ഓര്‍മശക്തി. സംഘചരിത്രത്തിന്റെ സഞ്ചരിക്കുന്ന സര്‍വ വിജ്ഞാന കോശം എന്ന് ഒട്ടും അതിശയോക്തിയില്ലാതെ ഹരിയേട്ടനെക്കുറിച്ച് പറയാം.