അങ്ങ് ഗ്രാമത്തില്‍ ഇപ്പോഴും കേള്‍പ്പൂ
മണ്ണുതിന്നുന്ന കുഞ്ഞിന്‍ വിലാപം
സമതലങ്ങളില്‍ ഒന്നു നീ നോക്കൂ
മലകള്‍ തന്‍ ശവപ്പറമ്പാണത്
അസ്ഥി പോലും നുള്ളുവാന്‍ ആവാതെ
മോക്ഷമില്ലാത്ത മണ്ണു ജന്മങ്ങള്‍
കാറ്റിന്‍ ഭാഷ മറന്നുവോ നിങ്ങള്‍
മഞ്ഞു കൊത്തി തന്‍ കൊഞ്ചല്‍ കേട്ടുവോ
പുഴയായ് പിറന്നതെന്തിനാണു
ഞാന്‍ ഒഴുകാന്‍ മറന്നുപോയി എപ്പോഴോ
നെല്ലു പൂക്കുന്ന പാടങ്ങളില്ല
നെല്ലു തിന്നുന്ന കിളികളുമില്ല
എങ്ങുപോയിയാ പാടങ്ങളെല്ലാം
കൊത്തി വിഴുങ്ങിയോ യന്ത്രപ്പരുന്തുകള്‍
ഞാറ്റുവേലക്കിളിയും മറഞ്ഞു പോയി
ഞാറ്റുവേലക്കാറ്റും അകന്നുപോയി
കൊണ്ടുപോകില്ല യെന്‍ ഞാറ്റുവേല
എന്നു ചൊല്ലിയ കവിയും കടന്നുപോയി
ഞാറ്റുപാട്ടിന്റെയീണങ്ങളെല്ലാം
കട്ടുകൊണ്ടുപോയറുത്തു വില്‍ക്കുന്നു
വെയില്‍ നനച്ചിട്ട സായന്തനങ്ങളില്‍
കവിത പൂക്കുന്ന വൃന്ദാവനങ്ങളില്‍
വെയില്‍ പോലും വരണ്ടു പോകുന്നു
കവിതയ്ക്കിന്നോ വിഷ നാഗദംശനം
കാട്ടുകുയിലിന്റെ തൊണ്ടയിലാരോ
വെള്ളിവീഴുവാന്‍ നേര്‍ച്ച നേരുന്നു
പൂരമില്ലാത്ത ക്ഷേത്രമുറ്റങ്ങള്‍
ആളൊഴിഞ്ഞൊരാ അമ്പലക്കാവും
കാറ്റു മൂളുമീദേവാലയങ്ങളില്‍
മൗന ശീവേലി കൂട് കൂട്ടുന്നു
വാക്കുകള്‍ക്കിന്ന് ലഹരി പോകുന്നു
വാക്കിനാഴം മുറിഞ്ഞു പോകുന്നു
വജ്ര സൂചി പോല്‍ മൂര്‍ച്ചയുള്ളോരീ-
യക്ഷരങ്ങള്‍ തന്‍ മുനകളൊടിയുന്നു
മരണമേ നീയിഴ നെയ്ത വസ്ത്രം
മോടി കൂടാതെ യെന്നെയണിയിക്കൂ
വന്ധ്യമീ മുകിലിന്റെ കമ്പളം
മൂടി ഞാനീ പടിയിറങ്ങട്ടെ.