1857ലെ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളിയായിരുന്നു റാണി ലക്ഷ്മിബായ്. സംഭവബഹുലമായ ജീവിതകഥയാണ് റാണിയുടേത്. 1828 നവംബര്‍ 19ന് വാരാണസിയിലെ ഒരു മറാത്താ ബ്രാഹ്‌മണ കുടുംബത്തില്‍ ജനനം (1835ല്‍ ജനനം എന്ന് പാഠഭേദം). മണികര്‍ണ്ണിക അഥവാ മനുഭായ് എന്നായിരുന്നു ബാല്യത്തിലെ പേര്. പിതാവ് മോറോപന്ത് താമ്പേ. മാതാവ് ഭാഗീരഥിബായ്.
മണികര്‍ണ്ണികയുടെ നാലാം വയസ്സില്‍ കുടുംബം വാരാണസി വിട്ടു മറാത്താ സാമ്രാജ്യത്തിലെ ബാജി റാവു രണ്ടാമന്റെ കൊട്ടാരത്തിലെത്തി. മനുബായ് അവിടെയാണ് ബാല്യം ചെലവഴിച്ചത്. മോറോപന്ത് താമ്പേ ബാജിറാവുവിന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായി. അവിടെ മണികര്‍ണ്ണികയ്ക്ക് വളര്‍ന്നു മിടുക്കിയാവാന്‍ അവസരമൊരുങ്ങി. പഠനത്തിലും ആയോധനകലയിലും ആ പെണ്‍കുട്ടി ഒരുപോലെ താല്‍പ്പര്യം കാണിച്ചു. ബാജിറാവുവിന്റെ വളര്‍ത്തുമകനായ നാനാസാഹബ് അവളുടെ ബാല്യകാല സുഹൃത്തായിരുന്നു. അവരുടെ ചങ്ങാത്തം 1857ലെ പോരാട്ടം വരെ തുടര്‍ന്നു.
14-ാം വയസ്സില്‍ മണികര്‍ണ്ണിക ഝാന്‍സിയിലെ നാട്ടുരാജാവ് ഗംഗാധര്‍റാവുവിന്റെ വധുവായി, ഝാന്‍സിയുടെ സ്വന്തം റാണി ലക്ഷ്മിബായ് ആയി. 1851ല്‍ അവര്‍ക്കൊരു മകന്‍ ജനിച്ചുവെങ്കിലും ആ കുഞ്ഞ് അധികം കഴിയാതെ മരിച്ചു. തുടര്‍ന്നാണ് ദാമോദര്‍ റാവു എന്ന ബാലനെ ദത്തെടുത്തത്. ഇക്കാര്യം ബ്രിട്ടീഷ് അധികാരികളെ ഔദ്യോഗികമായി അറിയിച്ചുവെങ്കിലും ദത്തവകാശനിരോധന നിയമം അനുസരിച്ച് 1854-ല്‍ രാജാവിന്റെ നിര്യാണശേഷം ഝാന്‍സി പിടിച്ചെടുക്കാന്‍ നടപടികളായി. വാസ്തവത്തില്‍ ഗവര്‍ണ്ണര്‍ ജനറലായിരുന്ന ദല്‍ഹൗസി പ്രഭുവിന്റെ ഈ നടപടി 1817-ലെ കരാറിന് വിരുദ്ധമായിരുന്നു (താരാചന്ദ് പേ.66). നിസ്സഹായയായ വിധവയായി ഒതുങ്ങിയിരിക്കാനല്ല, പൊരുതി മുന്നേറാനാണ് റാണി തീരുമാനിച്ചത് അവര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഗവ. ഗ്രാന്റുകള്‍ നിര്‍ത്തലാക്കി, സ്വത്തുക്കള്‍ സീല്‍ ചെയ്തു.
1857ലെ വിപ്ലവം നല്ലൊരു തിരിച്ചടിക്ക് അവസരമുണ്ടാക്കി. മെയ് 10ന് മീററ്റിലെ സൈനിക ക്യാമ്പില്‍ തുടങ്ങിയ ലഹള ബ്രിട്ടീഷ് രാജിനെതിരായ വന്‍സമരമായി മാറി. ഈ ലഹള ഉത്തരഭാരതത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയപ്പോള്‍ ഝാന്‍സിയെന്ന ചെറു രാജ്യവും കലാപത്തില്‍ പങ്കാളിയായി. ദല്‍ഹി, കാണ്‍പൂര്‍, അലഹബാദ്. അയോദ്ധ്യ, ലഖ്‌നൗ, ബറേലി, ബീഹാര്‍, പഞ്ചാബ്, ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം കലാപകാരികള്‍ നിറഞ്ഞാടി. ചെറുപട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കു പടര്‍ന്ന സമരം ഝാന്‍സിയിലെ പോരാളികളെ ആവേശം കൊള്ളിച്ചു. ലക്ഷ്മിബായ് എന്ന റാണി പ്രജകള്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു.1857 ജൂണ്‍8ന് ഝാന്‍സികോട്ട പിടിച്ചെടുത്ത് ലക്ഷ്മിബായ് വീണ്ടും അധികാരത്തിലെത്തി. പ്രജകള്‍ ആഹ്ലാദചിത്തരായി. വീണ്ടും റാണി നിയമവാഴ്ചയും സമാധാനവും നടപ്പാക്കുന്നതില്‍ ശ്രദ്ധിച്ചു.
1858ന്റെ തുടക്കത്തില്‍ പക്ഷെ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. നഷ്ടപ്പെട്ട പ്രദേശങ്ങള്‍ ഒന്നൊന്നായി തിരികെ പിടിക്കാന്‍ ഇംഗ്ലീഷുകാര്‍ പ്രതിജ്ഞാബദ്ധരായി. സര്‍. ഹ്യൂറോസിന്റെ നേതൃത്വത്തില്‍ 1858 ജനുവരി തുടക്കം മുതല്‍ തന്നെ ഇംഗ്ലീഷ് സൈന്യം പടപ്പുറപ്പാടിനിറങ്ങി. 1858 മാര്‍ച്ചില്‍ ഝാന്‍സി പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങി. നാനാസാഹബിന്റെ വിശ്വസ്തനായ അനുചരന്‍ താത്യാതോപ്പേ (രഘുനാഥ് പാണ്ഡുരംഗ ഭട്ട്) ഇരുപതിനായിരത്തിലധികം വരുന്ന സൈനികരുമായി റാണിയെ സഹായിക്കാന്‍ എത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇംഗ്ലീഷ് സൈന്യം അദ്ദേഹത്തെ പരാജയപ്പെടുത്തി. സര്‍വ്വശക്തിയും ഉപയോഗിച്ച് ഝാന്‍സിയിലെ സൈന്യം കോട്ടയില്‍ പ്രതിരോധം തീര്‍ത്തു. അവിടത്തെ സ്ത്രീജനങ്ങളും തങ്ങളാലാവുംവിധം സൈനികരെ സഹായിച്ചതായി കാണുന്നു. ഏപ്രില്‍ ആദ്യവാരം പക്ഷെ ഇംഗ്ലീഷ് സൈന്യം കോട്ടയ്ക്കുള്ളിലേക്ക് ഇരച്ചുകയറി. ഗത്യന്തരമില്ലാതെ വിശ്വസ്തരായ ഏതാനും സൈനികരുമൊത്ത് അവിടെ നിന്നും രക്ഷപ്പെട്ട് ദീര്‍ഘദൂരം സഞ്ചരിച്ച് റാണി കാല്‍പിയിലെത്തി. അവിടെ വീണ്ടും യുദ്ധം. പക്ഷെ ഹ്യൂറോസിനായിരുന്നു ജയം. തോല്‍വി സമ്മതിക്കാതെ റാണിയും കൂട്ടരും ഗ്വാളിയര്‍ പിടിച്ചടക്കി പുതിയ യുദ്ധമുഖം തുറന്നു (ഗ്വാളിയറിലെ ഭരണാധികാരിയായ സിന്ധ്യ ഇംഗ്ലീഷ് പക്ഷപാതിയായിരുന്നു, സൈന്യം സിന്ധ്യയെ കൈവിട്ടിരുന്നു). അവിടെയും താത്യതോപ്പേ റാണിയ്ക്കു സഹായിയായി. പക്ഷെ പരാജയമായിരുന്നു ഫലം. രക്ഷപ്പെടാന്‍ ശ്രമിക്കവേ, ഇംഗ്ലീഷ് പട്ടാളം റാണിയെ പിന്തുടര്‍ന്നു. മദ്ധ്യഭാരതത്തിലെ തിളക്കമുള്ള ആ നക്ഷത്രം 1858 ജൂണ്‍ 17ന് വെട്ടേറ്റു വീണു, അന്ത്യം സംഭവിച്ചു. പുരുഷവേഷത്തില്‍, പുത്രനേയും കുതിരപ്പുറത്തിരുത്തി, മികവുറ്റ യുദ്ധസാമര്‍ത്ഥ്യം കാട്ടിയ റാണിയെ ഹ്യൂറോസ് വിശേഷിപ്പിച്ചത് ‘പോരാളികളില്‍ ഏറ്റവും ധൈര്യശാലി’ എന്നാണ്. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ റാണിയുടെ വീരകഥകള്‍ ശീലുകളായി ഇന്നും മുഴങ്ങിക്കേള്‍ക്കാം.
1857ലെ വിപ്ലവത്തെക്കുറിച്ചുള്ള ചരിത്രകാരന്മാരുടെ വിലയിരുത്തല്‍ പല തരത്തിലാണ്. മിക്ക ഇംഗ്ലീഷ് ചരിത്രകാരന്മാരും 1857ലേത് പട്ടാളക്കാരുടെ വെറും കലാപമായി-ശിപായി ലഹള-വിശേഷിപ്പിച്ചു. എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബെഞ്ചമിന്‍ ഡിസ്രേലി കലാപത്തെ വിശേഷിപ്പിച്ചത് ദേശീയസമരം എന്നു തന്നെയാണ്; ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല് എന്നു പറയാനും അദ്ദേഹം മടിച്ചില്ല (താരാചന്ദ്, പേ.32). ജവഹര്‍ലാല്‍ നെഹ്‌റുവാകട്ടെ 1857 ലേത്, ഫ്യൂഡല്‍ ഭരണകര്‍ത്താക്കളുടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനുള്ള സമരമാണെന്നു പറയുമ്പോള്‍ തന്നെ, അത് വെറും സൈനിക കലാപമല്ല, ജനകീയ സ്വഭാവമുള്ള സ്വാതന്ത്ര്യ സമരമാണെന്നു പറഞ്ഞുവയ്ക്കുന്നു. നേതാക്കള്‍ക്കൊന്നും ദേശീയബോധമോ ഐക്യമോ ഇല്ലെന്നു തന്നെയാണ് നെഹ്‌റുവിന്റെ അഭിപ്രായം. സ്വന്തം നാട് നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ മാത്രമാണ് റാണി ഇംഗ്ലീഷുകാര്‍ക്കെതിരെ തിരിഞ്ഞതെന്നും, അതു തികച്ചും സ്വാര്‍ത്ഥപരം ആയിരുന്നു എന്നുമുള്ള വിമര്‍ശനം കണക്കിലെടുക്കേണ്ടതേയില്ല. കാരണം സ്വന്തം അസ്തിത്വം തന്നെ അപകടത്തിലാവുമ്പോഴാണല്ലൊ ആരും തിരിച്ചടിച്ചുപോകുന്നത്.
ഭാരതരാഷ്ട്രം എന്ന ആശയം ഉണ്ടായിരുന്നെങ്കില്‍ പോലും, വലുതും ചെറുതുമായ നാട്ടുരാജ്യങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്ന് ഇംഗ്ലീഷുകാര്‍ക്കെതിരെ പോരാടുക – കാലം അതിനു പാകമാവുന്നേ ഉണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷുകാര്‍ക്കെതിരെയുളള റാണി ലക്ഷ്മിഭായിയുടെ പോരാട്ടം ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണ്.
അവലംബം
1. History of the war of Indian Independence – V.D.Savarkar.
2. History of the Freedom Movement in India – Vol.II- Tarachand.
3. Discovery of India – Jawaharlal Nehru.
4. ഭാരതസ്വാതന്ത്ര്യസമരചരിത്രം തമസ്‌ക്കരിക്കപ്പെട്ട ഏടുകള്‍ – കാ.ഭാ.സുരേന്ദ്രന്‍.
5. ഭാരത സംഘര്‍ഷചരിത്രം ഒരെത്തിനോട്ടം – കെ. മോഹനകണ്ണന്‍.
6. 1857 ചരിത്രവും പാഠവും – കെ.കെ.എന്‍.കുറുപ്പ്.