Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

സംഘത്തിന്റെ മുഖശ്രീ

കെ.സി.കണ്ണന്‍

Print Edition: 10 November 2023

ഇനി നമ്മോടൊപ്പം ഹരിയേട്ടനില്ല എന്ന ചിന്ത ലക്ഷക്കണക്കിനു സ്വയംസേവകരിലും അവരുടെ കുടുംബങ്ങളിലും വലിയൊരു ശൂന്യതയായി പടര്‍ന്നു കയറുമെന്നതിനു സംശയമില്ല. കാലവും നിയതിയും അതിന്റെ ജോലി ചെയ്യുമ്പോള്‍, നമുക്കു ചെയ്യാനാകുന്നത് ഹരിയേട്ടന്‍ തെളിച്ചു തന്ന വഴിയേ മുന്നോട്ടു പോവുക എന്നതാണ്. ഭാരതമാസകലമുള്ള ലക്ഷാവധി സ്വയംസേവകരുടെ ഹൃദയങ്ങളില്‍ ആദര്‍ശാഗ്നി ജ്വലിപ്പിച്ചിട്ടാണ് ഹരിയേട്ടന്‍ യാത്രയായത്. ഒപ്പം എന്നന്നേക്കും സമാജത്തിനു മാര്‍ഗ്ഗദര്‍ശിയാകുന്ന ഒട്ടേറെ ഗ്രന്ഥങ്ങളും നമുക്കു നല്‍കി.

നാല്‍പ്പതു വര്‍ഷത്തെ അടുപ്പവും ബന്ധവുമാണ് എനിക്ക് ഹരിയേട്ടനുമായുള്ളത്. 1983ലാണ് അദ്ദേഹത്തെ ഞാനാദ്യമായി കാണുന്നത്. ചെങ്ങന്നൂരില്‍ നടന്ന പ്രചാരകന്മാരുടെ പ്രാന്തീയ ബൈഠക്കിനുശേഷം പല അധികാരിമാരും ശാഖകള്‍ സന്ദര്‍ശിക്കുവാന്‍ വേണ്ടി പലയിടങ്ങളിലും പോയകൂട്ടത്തില്‍ എന്റെ മാതൃശാഖയായ കുളനടയിലെ ഞെട്ടൂര്‍ സായംശാഖയില്‍ എത്തിയ അധികാരി ഹരിയേട്ടനായിരുന്നു. ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായിരുന്ന സി.വേണുവിനൊപ്പമായിരുന്നു അദ്ദേഹമെത്തിയത്.

ഹരിയേട്ടനെക്കുറിച്ച് ഒരു മുന്‍ പരിചയവും ഞങ്ങളുടെ ശാഖയിലുള്ളവര്‍ക്കുണ്ടായിരുന്നില്ല. എല്ലാവരെയും അര്‍ദ്ധമണ്ഡലയിലിരുത്തി ഒരു കസേരയിലിരുന്നാണ് അദ്ദേഹം സംസാരിച്ചതെന്നത് ഇപ്പോഴും വ്യക്തമായോര്‍ക്കുന്നു. വീണ്ടും രണ്ടുവര്‍ഷം കഴിഞ്ഞ് 1985-ല്‍ ഞാന്‍ പ്രചാരകനായതോടു കൂടി പ്രാന്ത പ്രചാരകനായ ഹരിയേട്ടന്റെ നേതൃത്വത്തിലും മേല്‍നോട്ടത്തിലുമായി എന്റെയും പ്രവര്‍ത്തനങ്ങളെല്ലാം. ഹരിയേട്ടനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്, അദ്ദേഹമൊരു കാര്യകര്‍ത്താവോ പ്രചാരകനോ മാത്രമായിരുന്നില്ല എന്നുള്ളതാണ്. ഇതു രണ്ടുമായിരിയ്ക്കുമ്പോള്‍ തന്നെ എത്രയോ ഉയര്‍ന്ന നിലവാരത്തില്‍ നിന്നുകൊണ്ട് കാര്യങ്ങളെ കാണുവാനും, പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുവാനും ദിശാബോധം നല്‍കുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

കണ്ണുണ്ടായാല്‍ പോരാ കാണണമെന്ന് സാധാരണയായി പറയാറുണ്ടല്ലോ. കാഴ്ചകള്‍ക്കപ്പുറത്തെ കാഴ്ചകള്‍ കാണുക എന്നും പറയാറുണ്ട്. ഓരോ കാര്യങ്ങളേയും കണ്ണുതുറന്നു കാണുവാനും അപഗ്രഥിയ്ക്കുവാനും ഹരിയേട്ടനുള്ള കഴിവ് അനന്യമായിരുന്നു, അപാരമായിരുന്നു. തന്റെ തെളിച്ചമുള്ള ബുദ്ധിയുടെ സ്‌കാനറില്‍ എല്ലാം വേര്‍തിരിച്ചു കാണുകയും പഠിയ്ക്കുകയും ചെയ്തിരുന്നു. ജീവിതാനുഭവങ്ങളില്‍ നിന്നും ആഴവും പരപ്പുമുള്ള വായനയില്‍ നിന്നും ലഭിച്ചതെല്ലാം തന്റെ കയ്യൊപ്പു ചാര്‍ത്തി തന്റേതായ ശൈലിയില്‍ അദ്ദേഹം മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു, ബൈഠക്കുകളിലും ബൗദ്ധിക്കുകളിലും മറ്റും നിറഞ്ഞു നിന്നിരുന്ന ഈ ഹരിയേട്ടന്‍ ടച്ച് വളരെ ഊര്‍ജ്ജദായകമായിരുന്നു. സ്വര്‍ണ്ണം ഉരുക്കി മൂശയിലേക്കൊഴിയ്ക്കുന്നതു പോലെയായിരുന്നു അദ്ദേഹത്തിന്റെ ബൗദ്ധിക്കുകള്‍. സ്വയംസേവകരെ ആദര്‍ശവാദത്തിന്റെ ഗിരിശൃംഗമേറ്റുന്നവയാകാം ചിലവ, മാറുന്ന കാലത്തിനനുസരിച്ചുള്ള മുന്നറിയിപ്പുകളും, ദൂരക്കാഴ്ചകളുമാകാം മറ്റു ചിലവ. കേരളത്തിന്റെ ഹൈന്ദവ മനസ്സിനെ സംഘാഭിമുഖമാക്കാന്‍ ഒട്ടൊന്നുമല്ല ഹരിയേട്ടന്റെ ബൈഠക്കുകളും, ബൗദ്ധിക്കുകളും സഹായിച്ചത്. എന്തിലുമേതിലും സംഘത്തെ കാണുക, അത് സംഘകാര്യവുമായി എങ്ങിനെ ബന്ധിപ്പിയ്ക്കാം എന്നു ചിന്തിക്കുക എന്നത് ഹരിയേട്ടന്റെ സഹജമായ ഒരു പ്രകൃതമായിരുന്നു. ശാഖയും കാര്യകര്‍ത്തൃ നിര്‍മ്മാണവും എന്നൊരു വിഷയത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിയ്‌ക്കെ പറഞ്ഞ ഉദാഹരണം ഇതിനുത്തമ ദൃഷ്ടാന്തമായിരുന്നു. പ്രാന്തകാര്യാലയമായ മാധവനിവാസിന്റെ നിര്‍മ്മാണം നടക്കുന്ന കാലം. കാര്യാലയം പണിയേണ്ട സ്ഥലത്ത് ഏഴോ എട്ടോ തെങ്ങുകളുള്ളത് മുറിച്ചു മാറ്റണമായിരുന്നു. അതിനിടയിലാണ് പൂജനീയ ഗുരുജിയുടെ കേരള സന്ദര്‍ശനം. പുതിയ കാര്യാലയം പണിയുന്ന സ്ഥലം ഗുരുജിയെ കാണിച്ചു. സ്ഥലത്തൊന്നു കണ്ണോടിച്ച ശേഷം, ആ തെങ്ങുകളെന്തു ചെയ്യുമെന്നദ്ദേഹം ചോദിച്ചു. അതു മുറിച്ചു മാറ്റാനാണുദ്ദേശ്യമെന്ന് മറുപടി പറഞ്ഞു. തെങ്ങ് കല്പവൃക്ഷമാണെന്നും അതു മുറിച്ചു മാറ്റരുതെന്നും, പകരം മാറ്റി സ്ഥാപിക്കണമെന്നും ഗുരുജി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കാര്യാലയം പണി തുടങ്ങിയ സമയത്ത് വലിയ ചാലുകള്‍ കീറി നാലുവശത്തും വടമിട്ടു കെട്ടി വലിച്ചു കൊണ്ട് ഓരോ തെങ്ങിനെയും ഇന്ന് കാര്യാലയത്തിനു ചേര്‍ന്നുള്ള വിദ്യാനികേതന്റെ വലതു ഭാഗത്തായി വച്ചു പിടിപ്പിച്ചു. അവ വേരോട്ടം കിട്ടി നന്നായി വളര്‍ന്നു തുടങ്ങാന്‍ ഏതാനും മാസങ്ങള്‍ വേണ്ടിവന്നു. ഇപ്പോള്‍ ആ തെങ്ങുകളെ കണ്ടാല്‍ താഴെയും മേലെയും ഒരുപോലെയുള്ള വണ്ണവും ഇടഭാഗത്ത് മെലിഞ്ഞിരിയ്ക്കുന്നതും കാണാം. പുതിയ സ്ഥലത്ത് വേരോട്ടം കിട്ടാന്‍ താമസമെടുത്തതു കൊണ്ടാണ് ആ മെലിച്ചിലുണ്ടായത്. സ്വയംസേവകര്‍ക്ക് നിത്യശാഖ ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണെന്നും ആ പ്രക്രിയയില്‍ നിന്ന് ഇടയ്ക്ക് മാറി നിന്നാല്‍ സ്വയംസേവകത്വത്തെ അതു ബാധിയ്ക്കാനിടയുണ്ടെന്നും ഈ തെങ്ങിന്റെ ഉദാഹരണം ചൂണ്ടിക്കാണ്ടി ഹരിയേട്ടന്‍ സമര്‍ത്ഥിയ്ക്കുകയുണ്ടായി. എത്രപേര്‍ ആ തെങ്ങുകളെ കാര്യാലയ നിര്‍മ്മാണത്തിനു മുമ്പും പിമ്പും കണ്ടിട്ടുണ്ടാകും? എത്ര പേര്‍ ഈ മെലിച്ചില്‍ ശ്രദ്ധിച്ചിട്ടുണ്ടാകും?

ഇത്തരത്തിലുള്ള ജീവസ്സുള്ള സ്വന്തം ചിന്തയിലുദിച്ച നിരവധി ഉദാഹരണങ്ങളുമായാണ് ഹരിയേട്ടന്‍ ആരോടും സംവദിയ്ക്കുന്നത്. അതാണ് ഹരിയേട്ടന്‍ ടച്ച്, അതുകൊണ്ടാണ് മനസ്സിലെന്നും പച്ചയായി നില്‍ക്കുന്നത്.

വസുധൈവ കുടുംബകം എന്നതാണല്ലൊ ഭാരതീയ ചിന്തയും ദര്‍ശനവും. താന്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രദേശത്തെ ജനതയെ ഹരിയേട്ടന്‍ തന്റെ കുടുംബാംഗങ്ങളായാണ് കണ്ടിരുന്നത്. എത്രയോ കുടുംബങ്ങള്‍ അവരുടെ കുടുംബങ്ങളിലെ ഓരോ നല്ല കാര്യങ്ങള്‍ക്കും ഹരിയേട്ടനെ ക്ഷണിയ്ക്കുമായിരുന്നു. പ്രചാരക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എത്തിപ്പെടാന്‍ പറ്റില്ലെങ്കില്‍ കൃത്യമായി അവര്‍ക്ക് കത്തയയ്ക്കുമായിരുന്നു. ആ സ്ഥലത്ത് പിന്നീടെത്തിപ്പെടുമ്പോള്‍ അത്തരം വീടുകളിലെത്താന്‍ സമയം കണ്ടെത്തുകയും ചെയ്യുമായിരുന്നു. മുഴുവന്‍ കേരളവും വ്യാപിച്ചു കിടന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പിന്നീടത് മുഴുവന്‍ ഭാരതമായി മാറി. വിശ്വവിഭാഗിന്റെ ചുമതല വന്നതോടെ മുഴുവന്‍ വിശ്വത്തിലേക്കും ബന്ധുത്വം പടര്‍ന്നൊഴുകി. ഉത്തര ഭാരതത്തിലെ പല വീടുകളിലും ഹരിയേട്ടനോടൊപ്പം ഞാന്‍ പോയിട്ടുണ്ട്. സംസാര ഭാഷമാത്രം മാറുന്നു. ഹൃദയ ഭാഷ ഒന്നുതന്നെ. കേരളത്തിലെ ഓരോ പ്രവര്‍ത്തകര്‍ക്കും കിട്ടിയ അതേ വാത്സല്യവും കരുതലും അവിടെയും കാണാമായിരുന്നു. അതുകൊണ്ടാണ് പലര്‍ക്കും ഹരിയേട്ടന്‍ അച്ഛനോ, മുത്തച്ഛനോ, മൂത്ത സഹോദരനോ, കണ്‍കണ്ട ദൈവമോ ഒക്കെയായത്.

ഒരിയ്ക്കല്‍ പരിചയപ്പെട്ടവരുടെ മുഴുവന്‍ വിവരങ്ങളും ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ മെമ്മറിയുടെ ഉടമയായിരുന്നു ഹരിയേട്ടന്‍. ബൈഠക്കിലും മറ്റും പരിചയം നടക്കുമ്പോള്‍ ഒരാള്‍ അയാളുടെ സ്ഥലമേതാണെന്നു പറയുമ്പോള്‍, അവിടേക്കുള്ള വഴിയും ഊടുവഴിയുമെല്ലാം പറഞ്ഞ് മിക്കവാറും അയാളുടെ അടുത്തു താമസിയ്ക്കുന്ന സ്വയംസേവകന്റെ വീടുവരെ ഹരിയേട്ടന്‍ പറയുമായിരുന്നു. ഗൂഗിള്‍ മേപ്പ് കണ്ടു പിടിയ്ക്കുന്നതിനുമെത്രയോ കൊല്ലം മുമ്പേ അദ്ദേഹത്തിന്റെ ഓര്‍മ്മ ശക്തി ആ വഴികള്‍ താണ്ടിയിരുന്നു.

എത്രയോ വീടുകളിലേക്ക് അവരുടെ വീട്ടിലെ അച്ഛന്റെയോ അമ്മയുടെയോ മക്കളുടെയോ പിറന്നാളിന് ഹരിയേട്ടന്‍ കത്തയയ്ക്കുമായിരുന്നു. പിറന്നാള്‍ ദിവസം കിട്ടത്തക്ക നിലയ്ക്കാണ് കത്തയയ്ക്കുക. പലര്‍ക്കും കത്തുകിട്ടുമ്പോഴാണ് ഇന്നു തന്റെ പിറന്നാളാണെന്ന കാര്യം തന്നെ ഓര്‍മ്മ വരിക. ആയിരക്കണക്കിനാളുകളുടെ ജന്മനക്ഷത്രം ഓര്‍മ്മ വയ്ക്കുവാനും, കൃത്യമായി ആ ദിവസം കത്തുകളയയ്ക്കുവാനും സാധാരണ വ്യക്തികള്‍ക്കു കഴിയില്ലെന്നതു തീര്‍ച്ചയാണ്.

ഞാന്‍ കൊല്ലം ജില്ലാപ്രചാരകനായിരിക്കെ ഹരിയേട്ടന്‍ യാത്രയുടെ ഭാഗമായി അവിടെയെത്തി. കൊച്ചു കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന ആര്‍.കെ. മാര്‍ബിള്‍സ് എന്ന സ്ഥാപനത്തിലേക്കു ഞങ്ങള്‍ പോയി. മുന്‍ പ്രചാരക് രമേശ് അവിടെയുണ്ടായിരുന്നു. എത്രയാണിവിടുത്തെ ഫോണ്‍ നമ്പര്‍ എന്ന് ഹരിയേട്ടനാരാഞ്ഞു. 3832 എന്ന് രമേശന്‍ മറുപടി പറഞ്ഞു. ഉടന്‍തന്നെ ‘ഗജഗിരി’ എന്ന് ഹരിയേട്ടനും പറഞ്ഞു. ആ പറഞ്ഞതിന്റെ അര്‍ത്ഥമെന്തെന്നറിയാന്‍ എനിയ്ക്കു താല്പര്യം കൂടി. അപ്പോള്‍ അതുവരെ എനിയ്ക്കറിയാതിരുന്ന ഒരു കാര്യം ഹരിയേട്ടന്‍ പറഞ്ഞു തന്നു. പരല്‍പ്പേര് എന്ന പേരില്‍ പ്രസിദ്ധമായിരുന്ന ഒരു സൂത്രമാണിത്. ‘ക’ മുതല്‍ തുടങ്ങുന്ന വ്യഞ്ജനങ്ങള്‍ക്കും ‘അ’ മുതല്‍ തുടങ്ങുന്ന സ്വരാക്ഷരങ്ങള്‍ക്കും ഓരോ സംഖ്യ നിശ്ചയിച്ച് സംഖ്യകള്‍ക്ക് പേരും, പേരുകള്‍ക്ക് സംഖ്യയും നല്‍കുന്ന ഒരു രീതിയാണിത്. പണ്ടുകാലത്ത് നമ്മുടെ വിദ്യാലയങ്ങളില്‍ ഇതു പഠിപ്പിച്ചിരുന്നുവത്രെ. ഇതുപോലൊരനുഭവം പാലക്കാട് കാര്യാലയത്തില്‍ വച്ചും എനിയ്ക്കുണ്ടായി. ഹരിയേട്ടന്‍ കാര്യാലയത്തില്‍ വന്നപ്പോള്‍ കാര്യാലയ പ്രമുഖായ സി.ജി. മുരളിയോട് കാര്യാലയത്തിലെ ഫോണ്‍ നമ്പര്‍ എത്രയെന്നു ചോദിച്ചു. നമ്പര്‍ കേട്ടപാടെ ‘രാമാവയവം’ എന്നു ഹരിയേട്ടന്‍ പറഞ്ഞു. ഇത് പരല്‍പേര് പറഞ്ഞതാണെന്നെനിയ്ക്കു മനസ്സിലായി. അക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ഈ സംഖ്യയ്ക്ക് മറ്റൊരു പേരു വേണമെങ്കിലും നിര്‍മ്മിയ്ക്കാമെന്നും, രാമാവയവം എന്നു പറഞ്ഞതിന് പ്രത്യേക കാരണമുണ്ടെന്നും പറഞ്ഞു. അന്നത്തെ പാലക്കാട് വിഭാഗ് പ്രചാരക് എ.എം കൃഷ്‌ണേട്ടനായിരുന്നു. കൃഷ്‌ണേട്ടന്റെ അച്ഛന്റെ പേര് രാമേട്ടന്‍ എന്നായിരുന്നു. രാമേട്ടന്റെ മകന്‍ കൃഷ്‌ണേട്ടന്‍ ഉപയോഗിക്കുന്ന ഫോണ്‍. ഓര്‍ക്കാനെളുപ്പം. സംഖ്യാപരമായി ചേര്‍ന്നു വരികയും ചെയ്യും. ഇത്തരത്തില്‍ ഓര്‍ക്കുവാനുള്ള പല രീതികളും ഹരിയേട്ടന്‍ ഉപയോഗിച്ചതുകൊണ്ടാകാം കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും സാര്‍വത്രികമാകുന്നതിനും എത്രയോ മുന്നേ ഇത്തരത്തിലുള്ള ഓര്‍മ്മശക്തി കാത്തുസൂക്ഷിയ്ക്കുവാനായത്.

കേരളമാസകലം ദൈനംദിനം യാത്ര ചെയ്തിരുന്ന ഹരിയേട്ടന് അഖിലഭാരതീയ ചുമതല ലഭിച്ചതോടെ യാത്ര മുഴുവന്‍ ഭാരതത്തിലുമായി. വളരെ തിരക്കുള്ള ചില സാഹചര്യങ്ങളൊഴിച്ചാല്‍ സംഘ അധികാരിമാര്‍ ട്രെയിനിലാണ് കൂടുതലായും യാത്ര ചെയ്യുക. ഭാരതത്തിലെ മിക്കവാറും എല്ലാ ദീര്‍ഘദൂര തീവണ്ടികളിലും ഹരിയേട്ടന്‍ യാത്ര ചെയ്തിട്ടുണ്ടാകും. അത്തരമൊരു യാത്ര കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കായിരുന്നു. സംഘത്തിന്റെ രീതിയനുസരിച്ച് മുതിര്‍ന്ന അധികാരികള്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ പോകുന്ന ട്രെയിന്‍, എത്തുന്ന സമയം എന്നിവ യാത്രാ റൂട്ടിലുള്ള കാര്യാലയങ്ങളിലറിയിക്കാറുണ്ട്. അതുകൊണ്ട് ഓരോ പ്രധാന സ്റ്റേഷനുകളിലും സ്വയംസേവകര്‍ കൂട്ടായും ചിലപ്പോള്‍ കുടുംബസമേതവുമെത്തി ചായയും, ലഘുഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെ നല്‍കാറുണ്ട്. ഹരിയേട്ടന്‍ കൊച്ചിയില്‍ നിന്നു പുറപ്പെടുമ്പോള്‍ ബാഗുമാത്രമേ കയ്യില്‍ കരുതിയിരുന്നുള്ളൂ. ഓരോ സ്റ്റേഷനിലും ആളുകള്‍ കാണാന്‍ വരികയും ഭക്ഷണം നല്‍കുകയും ചെയ്യുന്നത് മറ്റുള്ളവരും കാണുന്നുണ്ടായിരുന്നു. രണ്ടര ദിവസത്തെ യാത്രയ്ക്കിടയില്‍ കൂടെയുള്ള യാത്രക്കാരുമായെല്ലാം സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഹരിയേട്ടനോടു പറഞ്ഞു, ഓരോ സ്റ്റേഷനിലും താങ്കളെ കാണുവാന്‍ ആളുകള്‍ വരുന്നു. ഭക്ഷണം തരുന്നു. ആദരവോടെ പെരുമാറുന്നു. ആര്‍.എസ്.എസ് ഒരു പാരല്‍ ഗവണ്‍മെന്റു തന്നെ രൂപീകരിച്ചിരിയ്ക്കുന്നുവല്ലൊ എന്ന്. ഉടന്‍ ഹരിയേട്ടന്റെ മറുപടി വന്നു. ഞങ്ങള്‍ പാരല്‍ ഗവണ്‍മെന്റല്ല വളരെ വലിയൊരു കുടുംബമാണ് ഉണ്ടാക്കിയത്. ഈ ഭാരതം മുഴുവന്‍ ഒരു കുടുംബമായാണ് ഞങ്ങള്‍ കാണുന്നത്. ആ മാന്യന്‍ പറഞ്ഞതുകേട്ട് വേണമെങ്കില്‍ ചിരിച്ചുകൊണ്ടിരിയ്ക്കാമായിരുന്നു. കാരണം ഒരു തരത്തില്‍ അദ്ദേഹം സംഘത്തെ പ്രശംസിയ്ക്കുകയാണു ചെയ്തത്. പക്ഷെ സംഘ നിഷ്ഠമായ ഹരിയേട്ടന്റെ മറുപടി ശ്രോതാക്കളിലെല്ലാം സംഘത്തെക്കുറിച്ചുള്ള ശ്രദ്ധയും ബഹുമാനവും പതിന്മടങ്ങ് വര്‍ദ്ധിയ്ക്കുവാന്‍ കാരണമായി.

അത്യന്തം സങ്കീര്‍ണ്ണങ്ങളായ വിഷയങ്ങളെപ്പോലും ഹരിയേട്ടന്‍ സഹജവും സരളവുമായ ഉദാഹരണങ്ങളില്‍ കൂടി കാര്യകര്‍ത്താക്കള്‍ക്കു മനസ്സിലാക്കിക്കൊടുക്കുമായിരുന്നു. ഒരു ഉദാഹരണം ഇവിടെ കുറിയ്ക്കട്ടെ. 1983-84 കാലഘട്ടത്തിലൊരിയ്ക്കല്‍ ചെങ്ങന്നൂരിലെ കിഴക്കേ നടയിലെ ശിവപാര്‍വ്വതി കല്യാണ മണ്ഡപത്തില്‍ ജില്ലയിലെ മണ്ഡലുപരി കാര്യകര്‍ത്താക്കന്മാരുടെ ബൈഠക്ക് നടക്കുകയായിരുന്നു. വിവിധക്ഷേത്ര സംഘടനകളോട് സംഘത്തിന്റെ സമീപനം എങ്ങിനെയായിരിയ്ക്കണം എന്ന വിഷയത്തില്‍ ഹരിയേട്ടന്‍ ബൈഠക്കെടുക്കുകയാണ്. ഒരു വിവാഹത്തിന്റെ ഉദാഹരണമാണ് അദ്ദേഹം അവിടെ പറഞ്ഞത്. വിവാഹം നടക്കുന്ന വീട്ടില്‍ പല കാര്യങ്ങളും ഒരേ സമയം ചെയ്യുവാനുണ്ടാകും. ചിലര്‍ക്ക് അതിഥികളെ സ്വീകരിക്കുവാനുള്ള ചുമതല, ചിലര്‍ക്ക് അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചുമതല, ചിലര്‍ക്ക് കതിര്‍ മണ്ഡപത്തിന്റെ മുന്നില്‍ വാദ്യങ്ങള്‍ വായിയ്ക്കുന്നതിന്റെ ചുമതല തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ക്ക് ചുമതലക്കാരെ നിശ്ചയിക്കും. അവരെല്ലാവരും അവരവര്‍ക്ക് നിശ്ചയിച്ച കാര്യങ്ങള്‍ വൃത്തിയായി ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ പോയാല്‍ അവനവനെ ഏല്പിച്ചകാര്യം തകരാറിലാകും. ഉദാഹരണത്തിന് പാചകം ചെയ്യേണ്ടയാള്‍ വാദ്യം കൊട്ടുന്നതു കേട്ട് ആസ്വദിച്ചു നിന്നാല്‍ അടുപ്പിലെ കറികള്‍ കരിഞ്ഞു പോകില്ലേ. അതുകൊണ്ട് അവനവനെ ഏല്പിച്ച ജോലികള്‍ കൃത്യമായി ചെയ്യുക എന്നു പറഞ്ഞ് ഹരിയേട്ടന്‍ വിഷയമവസാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍, ചോദ്യവുമായി ഒരാളെഴുന്നേറ്റു നിന്നു. അത് പ്രൊഫസ്സര്‍ രാജശേഖരന്‍ സാറായിരുന്നു. അന്നദ്ദേഹം ചെങ്ങന്നൂര്‍ ജില്ലാ ബൗദ്ധിക് പ്രമുഖ് എന്നുള്ള ചുമതല വഹിയ്ക്കുകയായിരുന്നു. ചോദ്യമിതായിരുന്നു, അടുക്കളയില്‍ പാചകം ചെയ്യുന്നയാളിന് നല്ല സംഗീത ബോധവുമുണ്ട്. കതിര്‍മണ്ഡപത്തിനു മുന്നില്‍ വായിക്കുന്നത് അവതാളമാണെന്നു നല്ല നിശ്ചയവുമുണ്ട്. അപ്പോള്‍ പാചകക്കാരന്‍ എന്തുചെയ്യണം? ചോദിച്ചത് രാജശേഖരന്‍ സാറായതുകൊണ്ടും, ജില്ലയില്‍ ചില്ലറ സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും ബൈഠക്കിലാകെ കൂട്ടച്ചിരിയായി. ഹരിയേട്ടനും ആസ്വദിച്ചു ചിരിച്ചു. തുടര്‍ന്ന് പാചകക്കാരന്‍ അടുക്കള ഉപേക്ഷിച്ച് പോകേണ്ടതില്ലെന്നും സമയവും സന്ദര്‍ഭവും നോക്കി കുടുംബത്തിലെ കാരണവരുടെയോ തീരുമാനമെടുക്കുന്നവരുടെയോ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മതിയെന്നും പറഞ്ഞ് ആ വിഷയമവസാനിപ്പിച്ചു. ആ ബൈഠക്കില്‍ പങ്കെടുത്തവര്‍ക്കാര്‍ക്കും വിവിധക്ഷേത്ര വിഷയങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഒരു സംശയവും ഉണ്ടാകുമെന്നു തോന്നുന്നില്ല.
പ്രചാരകന്മാരുടെ ഒരു ബൈഠക്ക് കൊച്ചി പ്രാന്തകാര്യാലയത്തില്‍ നടക്കുകയാണ്. ഏതാണ്ടെല്ലാ ജില്ലകളിലും സംഘര്‍ഷം നടക്കുന്നു. പലയിടത്തും കൊലപാതകങ്ങള്‍. പ്രവര്‍ത്തിക്കാനേറെ ദുഷ്‌ക്കരമായ സമയം. എന്നാല്‍ പ്രാന്തപ്രചാരകനെന്ന നിലയില്‍ ഹരിയേട്ടന്‍ കേരളമാസകലം യാത്ര ചെയ്യുകയായിരുന്നു. സുരക്ഷയ്ക്ക് ആരും കൂടെയുണ്ടാകിലല്ലോ. ഏതൊരു ജില്ലയില്‍ ചെന്നാലും ഒന്നോ രണ്ടോ കാര്യകര്‍ത്താക്കള്‍ കൂടെയുണ്ടാകും. എന്തു ധൈര്യത്തിലാണ് സംഘര്‍ഷപ്രദേശങ്ങളില്‍ ഹരിയേട്ടന്‍ യാത്ര ചെയ്യുന്നത് എന്നു ചോദിച്ചപ്പോള്‍ ഒരു ഗണഗീതത്തിലെ നാലു വരികളാണ് അദ്ദേഹം ചൊല്ലിയത്.

പഥിചിതറിക്കിടക്കുന്നൊരസ്ഥികള്‍
പതിയിരിപ്പൂ മരണമെന്നോതവേ
പതറിടാറുണ്ടു മാനസമെങ്കിലും
വെടിയുകില്ല ഞാനീവഴിത്താരയേ
അനുഗമിയ്ക്കില്ല മറ്റൊരു പാതയേ.
ഞരമ്പുകളിലേക്കും സിരകളിലേക്കും കോശങ്ങളിലേക്കുമെല്ലാം ഈ ഉത്തരം തുളച്ചു കയറി. എത്ര വലിയ പ്രതിസന്ധിയിലും മുന്നേറാന്‍ പിന്നീട് ഈ നാലു വരികള്‍ ധാരാളമായിത്തോന്നി.
ദീര്‍ഘകാലം നാഗ്പ്പൂര്‍ കാര്യാലയമായിരുന്നു ഹരിയേട്ടന്റെ കേന്ദ്രം. അവിടെ വച്ചാണ് ശ്രീ ഗുരുജി സമഗ്ര് തയ്യാറാക്കുന്നതും മറ്റും. നാഗ്പ്പൂര്‍ കാര്യാലയത്തെയാകെ ആനന്ദക്കമ്പോളമാക്കിയ നാളുകളായിരുന്നു അത്. എത്രമാത്രം ആഴവും പരപ്പും ഹരിയേട്ടന്റെ ചിന്തകള്‍ക്കുണ്ടോ അതിനു തത്തുല്യമായ നര്‍മ്മവും പ്രസരിപ്പും അദ്ദേഹത്തിനുണ്ടായിരുന്നു. നാഗ്പ്പൂര്‍ കാര്യാലയത്തിലെ അനൗപചാരിക വേളകള്‍ ചിരി മരുന്നിന്റെ മത്താപ്പുകള്‍ പൊട്ടിയ്ക്കുന്നതായിരുന്നു. പ്രത്യേകിച്ചും രാവിലത്തെയും വൈകുന്നേരത്തെയും ചായയുടെ സമയം. ഹരിയേട്ടന്റെ നര്‍മ്മം ആസ്വദിയ്ക്കുവാന്‍ കാര്യാലയത്തിലെ വളരെ പ്രായമേറിയ പ്രചാരകന്മാര്‍ വരെ എത്തുമായിരുന്നു. പൂജനീയ സര്‍സംഘചാലകായിരുന്ന മാ.സുദര്‍ശന്‍ജി കാര്യാലയത്തിലുള്ളപ്പോഴൊക്കെ ഈ ആനന്ദ സഭയില്‍ പങ്കാളിയാകുമായിരുന്നു. ഹരിയേട്ടനെപ്പോലെതന്നെ സുദര്‍ശന്‍ജിയും എല്ലാവരെയും പൊട്ടിച്ചിരിപ്പിയ്ക്കുമായിരുന്നു.

നാഗ്പ്പൂര്‍ കാര്യാലയത്തിലെ താമസത്തിനിടെ ഹരിയേട്ടന്‍ രോഗബാധിതനാവുകയുണ്ടായി. കാലത്ത് അഞ്ചേകാലിനുള്ള ഏകാത്മതാ സ്‌തോത്രത്തിനും തുടര്‍ന്നുള്ള ചായയ്ക്കും അദ്ദേഹത്തെ കാണാതെ വന്നപ്പോള്‍, കാര്യാലയപ്രമുഖ് ശ്രീ ഗിരീഷ് വടെ അദ്ദേഹത്തെ മുറിയില്‍ ചെന്നു നോക്കി. അപ്പോഴാണ് ബോധശൂന്യനായി കിടക്കുന്നത് കണ്ടത്. പൂജനീയ സര്‍സംഘചാലക് മാ. സുദര്‍ശന്‍ജി അന്ന് കാര്യാലയത്തിലുണ്ടായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് ഹരിയേട്ടനെ മാറ്റി. അന്നുതന്നെ തലയ്ക്ക് വലിയൊരു ഓപ്പറേഷനും ചെയ്തു. ബോധം തെളിഞ്ഞപ്പോഴേക്കും മലയാളമൊഴികെയുള്ള എല്ലാ ഭാഷകളും മറന്നു പോയിരുന്നു. ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും മറ്റു സംഘകാര്യകര്‍ത്താക്കന്മാര്‍ക്കും ആശയവിനിമയം ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. ആശുപത്രിയില്‍ ഒരു മലയാളി നേഴ്‌സുണ്ടായിരുന്നതുകൊണ്ട് കുറച്ചു സമയം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. അപ്പോഴേക്കും ഞാനും, കേരളത്തില്‍ നിന്നുള്ള മറ്റു ശിക്ഷകന്മാരും തൃതിയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിനുവേണ്ടി നാഗ്പ്പൂരിലെ രേശിംബാഗിലെത്തിച്ചേര്‍ന്നിരുന്നു. ഞാനായിരുന്നു ആ വര്‍ഷത്തെ തൃതീയ വര്‍ഷ വര്‍ഗ്ഗിന്റെ മുഖ്യശിക്ഷക്. മാ.ഭയ്യാജി ജോഷി അഖിലഭാരതീയ സഹസേവാപ്രമുഖും വര്‍ഗ്ഗിന്റെ പാലക് അധികാരിയുമായിരുന്നു. ഹരിയേട്ടന്റെ അസുഖത്തിന്റെ കാര്യവും മലയാളം മാത്രമേ ഓര്‍മ്മയുള്ളുവെന്ന കാര്യവുമെല്ലാം ഭയ്യാജി എന്നോടു പറഞ്ഞു. കേരളത്തില്‍ നിന്നുവന്ന ഏതെങ്കിലുമൊരു ശിക്ഷകനെ രണ്ടു ദിവസത്തേക്ക് ഹരിയേട്ടനൊപ്പം നില്‍ക്കുവാന്‍ അയയ്ക്കുവാനും പറഞ്ഞു. അതിന്‍ പ്രകാരം പയ്യന്നൂരില്‍ പ്രചാരകനായിരുന്ന സി. രവികുമാറിനെ ആശുപത്രിയിലേക്കയച്ചു. അടുത്ത ദിവസം ഹരിയേട്ടനെ കാര്യാലയത്തിലെത്തിച്ചു. വര്‍ഗ്ഗിന്റെ ഇടയില്‍ നിന്നും അല്പസമയമെടുത്ത് ഭയ്യാജിയുടെ അനുവാദത്തോടെ ഞാനും പ്രാന്തപ്രമുഖായി വന്ന എം. രാധാകൃഷ്ണനും കൂടി ഒരു ബൈക്കില്‍ മഹല്‍ കാര്യാലയത്തിലെത്തി ഹരിയേട്ടനെ കണ്ടു. ഞങ്ങളെ കണ്ടതോടെ അദ്ദേഹം വളരെ വികാരാധീനനായി. അതിനു മുമ്പോ ശേഷമോ ഹരിയേട്ടനെ ഞാനങ്ങിനെ കണ്ടിട്ടില്ല. എന്റെ കയ്യില്‍ അദ്ദേഹം മുറുകെ പിടിച്ചു. ഒരു പന്തുവീര്‍ക്കുന്നതുപോലെ അദ്ദേഹം വീര്‍ത്തുവരുന്നതു പോലെ തോന്നി. തലയിലെ സ്റ്റിച്ചുകള്‍ പൊട്ടിപോകുമോ എന്നുപോലും ഞാന്‍ ഭയന്നു. പെട്ടെന്നതൊരു കരച്ചിലായി മാറി. കണ്ണില്‍ നിന്നും ധാരയായി കണ്ണീരൊഴുകുവാന്‍ തുടങ്ങി. ക്രമേണ പഴയ സ്ഥിതിയിലേക്കെത്തി. അടുപ്പമുള്ളവരെ കണ്ടപ്പോള്‍ മനസ്സു വിങ്ങിപ്പോയതാണെന്നും, മലയാളമല്ലാതെ ഒന്നുമറിയില്ലെന്നും, എന്നും ജപിയ്ക്കുന്ന മൂലമന്ത്രം പോലും മറന്നുപോയെന്നും പറഞ്ഞു. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിയ്ക്കുവാന്‍ ശ്രമിച്ചു. സാധിച്ചാല്‍ വര്‍ഗ്ഗിന്റെ ഇടയ്ക്ക് കാര്യാലയത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗിന്റെ ഇടയില്‍ രണ്ടോ മൂന്നോ പ്രാവശ്യം കൂടി കാര്യാലയത്തിലെത്തി ഞാന്‍ ഹരിയേട്ടനെ കണ്ടിരുന്നു. ഒരു മാസം നീണ്ടു നിന്ന സംഘശിക്ഷാവര്‍ഗ്ഗ് കഴിഞ്ഞ് നാഗ്പ്പൂരിലെ മഹല്‍ കാര്യാലയത്തിലെത്തുമ്പോഴേക്കും ഹരിയേട്ടന്‍ വളരെ സന്തോഷവാനായിരിയ്ക്കുന്നതാണ് കണ്ടത്. മറന്നുപോയ ഭഗവദ്ഗീതയിലെ മുഴുവന്‍ ശ്ലോകങ്ങളും തിരിച്ചു കിട്ടി. മൂലമന്ത്രവും മറ്റുഭാഷകളുമെല്ലാം ഒരു മാസത്തെ അശ്രാന്തപരിശ്രമം കൊണ്ടു തിരിച്ചുപിടിച്ചു. അദ്ദേഹത്തിന്റെ ചിട്ടയും ശ്രദ്ധയുമാണ് പഴയ ജീവിതത്തിലേക്കു തിരികെ കൊണ്ടു വന്നത്. പിന്നീട് പ്രാന്തകാര്യാലയമായ മാധവ നിവാസില്‍ താമസിയ്ക്കുമ്പോഴും, കാര്യാലയത്തിലെ മുകളിലത്തെ ഹാളില്‍ നിത്യവും നടക്കുമായിരുന്നു. എത്ര സ്റ്റെപ്പ് നടന്നു എന്ന് എണ്ണമെടുത്ത് ഒരു ദിവസം എത്ര കിലോമീറ്റര്‍ നടന്നു എന്ന് പറയാറുണ്ടായിരുന്നു. നടക്കുന്ന സമയമൊക്കെ താങ്ങായുണ്ടായിരുന്ന ഊന്നുവടി നാലാമത്തെ സര്‍സംഘചാലകനായിരുന്ന പൂജനീയ രജൂഭയ്യ മരണം വരെ ഉപയോഗിച്ചിരുന്നതായിരുന്നു.

13-ാമത്തെ വയസ്സില്‍ സ്വയംസേവകനായി 93-ാമത്തെ വയസ്സില്‍ വിഷ്ണുപദം പ്രാപിച്ചു. 80 വര്‍ഷത്തെ സംഘ സപര്യ നെയ്യ് തീര്‍ന്നണഞ്ഞു പോകുന്ന ഒരു നെയ്ത്തിരി പോലെ അണഞ്ഞുപോയി. ആ തിരി ഇനി ലക്ഷോപലക്ഷം ഹൃദയങ്ങളില്‍ ജ്വലിയ്ക്കും. ഹരിയേട്ടന്റെ സംഘധ്യേയ തപസ്സ് നമുക്കെല്ലാം ചേര്‍ന്ന് മുന്നോട്ടു കൊണ്ടുപോകാം.

Share1TweetSendShare

Related Posts

അമ്മഭാരതത്തിന്റെ അമരത്വം

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies