♠ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ എറണാകുളം ജില്ലയിലെ പന്ത്രണ്ടു വയസ്സുകാരന്‍ വീട് വിട്ടിറങ്ങുകയും അവസാനം കര്‍ണാടകത്തില്‍ നിന്നും കണ്ടുകിട്ടുകയും ചെയ്തു.
♠ സദാ സമയം മൊബൈലില്‍ ഗെയിം കളിക്കുന്നതിന് അമ്മ വഴക്കു പറഞ്ഞത് കാരണം ആത്മഹത്യക്കു ശ്രമിച്ച ആലപ്പുഴ സ്വദേശിയായ ബാലന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയും വിദഗ്ധ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.
♠മൊബൈല്‍ കടയില്‍ നിന്നും ഫോണ്‍ മോഷ്ടിച്ച തിരുവനന്തപുരം സ്വദേശിയായ പതിനാലു വയസ്സുകാരനെ കൗണ്‍സിലിംഗിന് വിധേയനാക്കി രക്ഷകര്‍ത്താക്കളോടൊപ്പം പറഞ്ഞുവിട്ടു.
♠ സുഹൃത്തുക്കളോടൊപ്പം ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനുവേണ്ടി പിതാവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച കൊല്ലം ജില്ലയിലെ പതിനഞ്ചു വയസ്സുകാരനെ കൗണ്‍സിലിംഗിന് വിധേയനാക്കി.
(*കടപ്പാട്: വിവിധ പത്രവാര്‍ത്തകള്‍)
നമ്മുടെ സംസ്ഥാനത്തു മൊബൈല്‍ ഫോണുകള്‍ അഥവാ സ്മാര്‍ട്ട് ഫോണുകള്‍ വരുത്തിവെക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ സര്‍വസാധാരണമാണ്. ഈ വാര്‍ത്തകളില്‍ കുട്ടികളാണ് നിറഞ്ഞു നില്കുന്നതെങ്കിലും, മുതിര്‍ന്നവരുടെ അവസ്ഥയും ഇതുപോലെയൊക്കെയാണ്. മൊബൈല്‍ ഫോണുകള്‍ക്ക് അടിമകളായി ജീവിക്കുന്നവരാണ് ഇന്ന് നമ്മുടെ ചുറ്റും. ആത്മാര്‍ത്ഥ സൗഹൃദം ഇന്ന് എല്ലാവര്‍ക്കും അവരവരുടെ മൊബൈല്‍ ഫോണുകളോട് മാത്രമാണ്. മൊബൈല്‍ ഫോണ്‍ ഇല്ലാതെ, വിശേഷിച്ചു ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാതെ അല്‍പനേരം ഇരിക്കുവാന്‍ സാധിക്കാതെ വരുന്ന സാഹചര്യം ആലോചിക്കുവാനെ വയ്യ എന്ന നിലയിലേക്ക് പോയിരിക്കുന്നു കാര്യങ്ങള്‍. ഇടയ്ക്കിടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാതെ ഇരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും സംജാതമായിരിക്കുന്നത്.
ആശയവിനിമയത്തിലെ വിപ്ലവം
ആശയവിനിമയ പ്രക്രിയയിലും സംവിധാനങ്ങളിലും വിവിധ മാറ്റങ്ങള്‍ സംഭവിച്ചതായി കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും. അതില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ടെലിഫോണുകള്‍ വന്ന ശേഷം ട്രങ്ക് കോളുകള്‍ ബുക്ക് ചെയ്ത് മണിക്കൂറുകളോളം കാത്തിരുന്ന ഒരു തലമുറയും എസ്ടിഡി/ഐഎസ്ഡി ബൂത്തുകളില്‍ വരി നിന്ന് ഫോണ്‍ വിളിച്ച തലമുറയും, ഒരു രൂപയ്ക്കു കോയിന്‍ ഫോണുകളില്‍ ഒരു മിനിറ്റ് സംസാരിച്ച തലമുറയും, സെക്കന്‍ഡുകള്‍ പണമായിരുന്ന സമയത്തു ആദ്യ കാല മൊബൈല്‍ ഫോണുകള്‍ പിശുക്കി ഉപയോഗിച്ചിരുന്ന തലമുറയും ഇന്ന് സ്മാര്‍ട്ട് ഫോണുകളുടെ സുഖലോലുപതയില്‍ പരസ്പരം കണ്ടു ആശയവിനിമയം സുഗമമായി നടത്തുന്നു. ഇന്നത്തെ തലമുറ സ്മാര്‍ട്‌ഫോണുകളുടെ ലോകത്തു ജനിക്കുകയും അതില്‍ ജീവിക്കുകയും ചെയ്യുന്നു എന്നത് മാത്രമാണ് വ്യത്യാസം. ആശയവിനിമയത്തിലെ ഈ സ്മാര്‍ട്ട് ഫോണ്‍ വിപ്ലവം നമ്മുടെ ഒക്കെ ജീവിതത്തെ ചിന്തിക്കുവാന്‍ സാധിക്കാത്ത രീതിയില്‍ മാറ്റിമറിച്ചിരിക്കുകയാണ്. കോവിഡും അതിനു ശേഷവും സ്മാര്‍ട്‌ഫോണുകള്‍ കൂടുതല്‍ ജനകീയമാകുകയും ഒരു വീട്ടില്‍ ചുരുങ്ങിയത് ഒരു സ്മാര്‍ട്ട് ഫോണെങ്കിലും ഉള്ള ഒരു സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തടസ്സമില്ലാതെ നടക്കുവാന്‍ ആണ് ഇങ്ങനെ വീടുകളില്‍ സ്മാര്‍ട്ട് ഫോണ്‍ വിപ്ലവം സംഭവിച്ചത്.
വിപ്ലവം വില്ലനോ
സ്മാര്‍ട്‌ഫോണ്‍ വിപ്ലവത്തിന്റെ ഗുണദോഷങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഗുണദോഷസമ്മിശ്രമാണ് ഈ വിപ്ലവം എന്ന് പറയാതെ വയ്യ. ഒട്ടനവധി ഗുണങ്ങള്‍ ഒരുവശത്തും അതുപോലെതന്നെ ദോഷങ്ങള്‍ മറുവശത്തും ഉള്ള ഒരു സാഹചര്യത്തില്‍ ഉത്തരവാദിത്തപരമായ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗ സംസ്‌കാരം ആണ് നിലവില്‍ നമുക്ക് ആവശ്യം. മുഖത്ത് നോക്കി സംസാരിക്കുവാന്‍ സാധിക്കാത്ത / സമയം ലഭിക്കാത്ത ഒരു സമൂഹത്തെയാണ് നാം ഇന്ന് ചുറ്റും കാണുന്നത്. വെറ്റിലയില്‍ ചുണ്ണാമ്പു തേയ്ക്കുന്ന തരത്തില്‍ സദാസമയവും നമ്മുടെ ഫോണുകളെ നാം തോണ്ടിക്കൊണ്ടിരിക്കുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ പോലും ആശയവിനിമയം ഫാമിലി ഗ്രൂപ്പുകളില്‍ ഒതുക്കുന്ന സാഹചര്യം നിര്‍ഭാഗ്യവശാല്‍ ഇന്ന് പലയിടത്തും ഉണ്ട്. മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും കുടുംബപ്രശ്‌നങ്ങളും ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറി വരികയാണ്. സാഹചര്യങ്ങള്‍ മനസ്സിലാക്കി അവ ഫലപ്രദമായി തരണം ചെയ്യുവാന്‍ നാം ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. ഇവിടെയാണ് ഉത്തരവാദിത്തപരമായ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗ സംസ്‌കാരം സൃഷ്ടിക്കേണ്ട ആവശ്യവും. ഈ സംസ്‌കാരം നാം നമ്മളില്‍ നിന്നും ആരംഭിച്ചു നമ്മുടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കേണ്ടതായിട്ടുണ്ട്.
കാക്കാം കുരുന്നുകളെയും കുടുംബങ്ങളെയും
കോവിഡ് വ്യാപനത്തോടെ പഠനം മൊബൈല്‍ ഫോണുകളില്‍ മാത്രമായി ചുരുങ്ങുകയും കുട്ടികള്‍ക്ക് ഫോണുകള്‍ കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കുവാന്‍ സാധിക്കുന്ന സാഹചര്യം വീടുകളില്‍ ഉണ്ടാകുകയും ചെയ്തു. ഓണ്‍ലൈന്‍ ക്‌ളാസ്സുകളില്‍ ഇരിക്കുമ്പോള്‍ പോലും സമാന്തരമായി കളികളിലും, സൗഹൃദ സംഭാഷണങ്ങളിലും ഏര്‍പ്പെടുവാനും യുട്യൂബിലും മറ്റും വീഡിയോകള്‍ കാണുവാനും കുട്ടികള്‍ ആരംഭിച്ചു. ഈ സാഹചര്യം ഇന്നും തുടരുന്നു. ഇന്ന് പഠനത്തേക്കാള്‍ കൂടുതല്‍ കളികള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും സാവധാനം അവര്‍ അതിന് അടിമകളായിരിക്കുകയുമാണ്. ഒരു നേരമ്പോക്കിനുവേണ്ടി അല്ലെങ്കില്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആണ് ഓണ്‍ലൈനില്‍ ലഭ്യമായ വിവിധ കളികള്‍ കളിക്കുവാന്‍ തുടങ്ങുന്നത്. ഇവ കളിക്കുന്നതിലൂടെ കുട്ടികളുടെ മാനസികനിലയിലും സാമൂഹിക ഇടപെടലുകളിലും അടിമുടി മാറ്റം സംഭവിക്കും. അക്രമ സ്വഭാവം ഉള്ള കളികളില്‍ ഏര്‍പ്പെടുന്നത് മൂലം കുട്ടികളുടെ ചിന്തകള്‍ മോശമായി സ്വാധീനിക്കപ്പെടുന്നു. ഇതിലൂടെ ദേഷ്യവും വാശിയും വൈരാഗ്യബുദ്ധിയും വര്‍ധിക്കുന്നു. ചെറിയ വിഷമങ്ങളോ പരാജയങ്ങളോ പോലും സഹിക്കുവാന്‍ സാധിക്കാത്ത അവസ്ഥകള്‍ ഉണ്ടാകുന്നു. ഇതോടൊപ്പം പഠനത്തിനുള്ള ശ്രദ്ധ കുറയുന്നു. വിവിധ തരത്തിലുള്ള നവമാധ്യമങ്ങളില്‍ അറിയാതെ തന്നെ നിത്യവും ഒരുപാടു സമയം ചിലവഴിക്കപ്പെടുന്നു. ചാറ്റിങ്ങിലൂടെ പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടുകയും ചൂഷണങ്ങളില്‍ പെടുകയും ചെയ്യുന്ന സാഹചര്യവും ഏറിവരികയാണ്. ആരോഗ്യസംബന്ധമായ പ്രശ്ങ്ങള്‍ ഏറെയും കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണം ഉണ്ടാകുകയും ചെയുന്നു. നേരമ്പോക്കില്‍ നിന്നും അഡിക്ഷനിലേക്കു മാറുമ്പോള്‍ ഒട്ടനവധി മാറ്റങ്ങള്‍ കുട്ടികളില്‍ പ്രകടമാകും. ഈ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് കേരള പോലീസ് വിശദീകരിക്കുന്നത് നമുക്ക് നോക്കാം.
♠ ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാന്‍ തുടങ്ങുക.
♠ ഗെയിം കളിക്കാനുള്ള വ്യഗ്രത എപ്പോഴും കാണിക്കുക.
♠ കളിക്കേണ്ട എന്നു തീരുമാനിച്ചാലും അതിനു സാധിക്കാത്ത അവസ്ഥ.
♠ ഗെയിം നിര്‍ത്താന്‍ മറ്റാരെങ്കിലും ആവശ്യപ്പെടുമ്പോള്‍ ദേഷ്യം തോന്നുക.
♠ മുന്‍പുണ്ടായിരുന്ന ഹോബികളില്‍ പോലും മനംമടുപ്പ്.
♠ മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ.
♠ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴോ കൂട്ടുകാരുമായി വഴക്കിടുമ്പോഴോ മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഗെയിം തെരഞ്ഞെടുക്കുക.
ഇത്തരം സാഹചര്യങ്ങള്‍ മാതാപിതാക്കളും അധ്യാപകരും നിരീക്ഷിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമാണ്. കുട്ടികളില്‍ ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിദഗ്ധ സഹായം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
♠ ഫോണ്‍ ഉപയോഗത്തിലും രക്ഷകര്‍ത്താക്കള്‍ മികച്ച മാതൃകകളാകുക.
♠ കുട്ടികളുടെ ഫോണ്‍ ഉപയോഗത്തെ നിരീക്ഷിക്കുക.
♠ കുട്ടികളോടൊപ്പം സംസാരിക്കുവാനും കളിക്കുവാനും സമയം കണ്ടെത്തുക.
♠എല്ലാ ദിവസവും വീടുകളില്‍ അല്‍പനേരം കുടുംബസമേതം ഒരുമിച്ചിരുന്നു അന്നന്നത്തെ കാര്യങ്ങള്‍ പങ്കുവയ്ക്കുക.
♠ ഓണ്‍ലൈന്‍ ഗെയിമുകളില്‍ കുട്ടികള്‍ അധികനേരം ചിലവഴിക്കുന്നില്ലെന്നു ഉറപ്പുവരുത്തുക.
♠ മൊബൈല്‍ ഫോണ്‍/ഇന്റര്‍നെറ്റ് എന്നിവയുടെ ഉപയോഗത്തിന് സമയപരിധികള്‍ വീട്ടിലെ ഏവര്‍ക്കും നിശ്ചയിക്കുകയും അവ പാലിക്കുകയും ചെയ്യുക.
സഹായ സംവിധാനങ്ങള്‍
കുട്ടികളുടെ മൊബൈല്‍ അഡിക്ഷന്‍ ഒരുപരിധി വരെ കൗണ്‍സിലിംഗിലൂടെ പരിഹരിക്കാവുന്നതാണ്. ഒട്ടനവധി സഹായക സംവിധാനങ്ങള്‍ ഇന്ന് നമ്മുടെ സംസ്ഥാനത്തു ലഭ്യമാണ്. സര്‍ക്കാര്‍ തലത്തിലും സന്നദ്ധ സംഘടനകളും കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരുടെ സേവനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദിശ – 1056, ചൈല്‍ഡ്‌ലൈന്‍ നമ്പറായ 1098, കേരള പൊലീസിന്റെ ‘ചിരി’ പദ്ധതിയുടെ നമ്പറായ 9497900200 എന്നിവയില്‍ വിളിച്ചാല്‍ സൗജന്യ കൗണ്‍സിലിംഗ് ലഭ്യമാണ്. കൗണ്‍സിലിംഗിനോടൊപ്പം രക്ഷകര്‍ത്താക്കളും സുഹൃത്തുക്കളും മികച്ച പിന്തുണ കൂടി നല്‍കിയാല്‍ മൊബൈല്‍ അഡിക്ഷനില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ സാധിക്കും.
വലയില്‍ വീഴാതെ വളരാം
ഇരുപതില്‍ പരം വര്‍ഷമായി ബാലാവകാശസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗരക്ഷിക, കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി സംസ്ഥാനവ്യാപകമായി ‘വലയില്‍ വീഴാതെ വളരാം’ എന്ന പേരില്‍ മൊബൈല്‍ ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗത്തെ സംബന്ധിച്ച് ബോധവത്കരണ പ്രവര്‍ത്തനം സംഘടിപ്പിച്ചുവരികയാണ്. സ്‌കൂളുകളിലും, കോളേജുകളിലും, ക്ലബ്ബുകളിലും, റെസിഡന്റ്‌സ് അസോസിയേഷനുകളിലും നടത്തിവരുന്ന ഈ ബോധവത്കരണ പ്രവര്‍ത്തനത്തിലൂടെ ഉത്തരവാദിത്തപരമായ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗസംസ്‌കാരം സൃഷ്ടിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലയിലെ ബാലഗോകുലം / സൗരക്ഷിക ഭാരവാഹികളെ സമീപിക്കാവുന്നതാണ്.
ഉത്തരവാദിത്തം എല്ലാവര്‍ക്കും
ഉത്തരവാദിത്തപരമായ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗ സംസ്‌കാരം എന്ന് പറയുമ്പോള്‍ അത് കുട്ടികള്‍ക്കുവേണ്ടി മാത്രമല്ല ഉദ്ദേശിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഏവര്‍ക്കും അത് ബാധകമാക്കണം. ഫോണ്‍ ഉപയോഗത്തില്‍ എല്ലാവരും നല്ല മാതൃകകള്‍ ആയിത്തീരേണ്ടതുണ്ട്. നമ്മളെ നിയന്ത്രിക്കുന്നതിന് പകരം നാം നിയന്ത്രിക്കുന്നതാകണം നമ്മുടെ മൊബൈല്‍ ഫോണുകള്‍. ബന്ധങ്ങള്‍ക്ക് പ്രാധാന്യം നഷ്ടമാകുന്ന ഈ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ബന്ധങ്ങളേക്കാള്‍ കൂടുതല്‍ ഓഫ്‌ലൈന്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. ഓണ്‍ലൈനിലെ ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും പകരം ഓഫ്‌ലൈന്‍ ജീവിതത്തിലെ സൗഹൃദങ്ങള്‍ക്കും മനുഷ്യത്വത്തിനും പ്രാധാന്യം നല്‍കാം. അതെ, നമുക്ക് തലകളുയര്‍ത്തി സഹജീവികളെ നോക്കാം, ചിരിക്കാം, സഹായിക്കാം.
(സൗരക്ഷിക കേരളയുടെ സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍)