മതേതരത്വമാണ് തങ്ങളുടെ വിശ്വാസപ്രമാണമെന്നും, ഏതുകാലത്തും അതിനുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അവകാശപ്പെടാത്ത മലയാള മാധ്യമങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. മാധ്യമത്തിന്റെ ഉടമസ്ഥത ആര്‍ക്കായിരുന്നാലും മതേതരത്വമാണ് ആപ്തവാക്യം. മതേതരത്വത്തിന്റെ കണ്ണിലൂടെയാണ് തങ്ങള്‍ വാര്‍ത്തകളെ മാത്രമല്ല, ലോകത്തെയും കാണുന്നതെന്ന് ബോധ്യപ്പെടുത്താനുള്ള ഒരവസരവും ഈ മാധ്യമങ്ങള്‍ പാഴാക്കാറില്ല. എന്താണ് മതേതരത്വമെന്നും, അത് പാലിക്കേണ്ട ആവശ്യകത എന്താണെന്നതിനെക്കുറിച്ചും സമൂഹത്തെ പഠിപ്പിക്കാനുള്ള വിശുദ്ധ ദൗത്യം നിരുപാധികം സ്വമേധയാ ഏറ്റെടുത്തിട്ടുള്ളവരാണ് തങ്ങളെന്നും, ഇതിനനുസൃതമായി രാഷ്ട്രീയ-ഭരണനേതൃത്വത്തെയും സാംസ്‌കാരിക രംഗത്തെയും നയിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള ഭാവം മലയാള മാധ്യമങ്ങളുടെ മുഖമുദ്രയാണ്. എന്നാല്‍ ഇത് വെറുമൊരു മുഖംമൂടിയാണെന്നും, കടുത്ത മതപക്ഷപാതമാണ് മലയാള മാധ്യമങ്ങളെ നയിക്കുന്നതെന്നും വ്യക്തമായിട്ടുള്ള സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ഇതിലൊന്നാണ് അന്തരിച്ച സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ അന്തിമോപചാര ചടങ്ങുകളെ മാധ്യമങ്ങള്‍ സമീപിച്ച രീതി. സാധാരണഗതിയില്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമായിരുന്നിട്ടും ‘മതേതര’ മാധ്യമങ്ങള്‍ ബോധപൂര്‍വം മറച്ചുവച്ചു.
മലയാള സിനിമയെ അതിന്റെ ചരിത്രപരവും പ്രമേയപരവും സൗന്ദര്യാത്മകവുമായ പരിമിതികളില്‍നിന്ന് മോചിപ്പിച്ച സംവിധായകനെന്ന നിലയ്ക്ക് കെ.ജി. ജോര്‍ജിന്റെ മരണത്തിന് മലയാള മാധ്യമങ്ങള്‍ അര്‍ഹമായ പ്രാധാന്യം നല്‍കുകയുണ്ടായി. ജോര്‍ജിന്റെ വ്യക്തിജീവിതത്തിലൂടെയും സിനിമാ ജീവിതത്തിലൂടെയും സഞ്ചരിച്ച് വായനക്കാര്‍ക്ക് അറിയാവുന്നതും അറിയാത്തതുമായ നിരവധി കാര്യങ്ങള്‍ വാര്‍ത്തകളിലൂടെയും അനുസ്മരണങ്ങളിലൂടെയും ഫീച്ചറുകളിലൂടെയുമൊക്കെ മാധ്യമങ്ങള്‍ നല്‍കി. ഇക്കാര്യത്തില്‍ പരസ്പരം ഒരു മത്സരംതന്നെ നടന്നു എന്നുപോലും പറയാവുന്നതാണ്. പക്ഷേ ഒരു കാര്യത്തില്‍ മാത്രം മൗനം പാലിച്ചു. എറണാകുളം രവിപുരം ശ്മശാനത്തില്‍ നടന്ന ജോര്‍ജിന്റെ സംസ്‌കാരചടങ്ങുകളെക്കുറിച്ച് ഈ മാധ്യമങ്ങള്‍ വിശദീകരിച്ചില്ല.

ക്രൈസ്തവ മതത്തില്‍ ജനിച്ച കെ.ജി. ജോര്‍ജിന്റെ സംസ്‌കാരം ആ മതത്തിന്റെ ആചാരപ്രകാരം ഏതെങ്കിലും പള്ളിയിലല്ല നടന്നത്. ഇതില്‍ തീര്‍ച്ചയായും ഒരു വാര്‍ത്തയുണ്ടായിരുന്നു. ”പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ ജോര്‍ജിന് താല്‍പ്പര്യമില്ലായിരുന്നു. ഇക്കാര്യം എന്നോട് എപ്പോഴും പറയുമായിരുന്നു. ഞങ്ങള്‍ ക്രൈസ്തവരായതിനാല്‍ നിരവധി ബന്ധുക്കള്‍ ഇതിനെതിരായിരുന്നിട്ടും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിറവേറ്റാനാണ് ഞാന്‍ ആഗ്രഹിച്ചത്” എന്ന് ജോര്‍ജിന്റ ഭാര്യ സെല്‍മ ജോര്‍ജ് വ്യക്തമായി പറഞ്ഞിട്ടും ഇതൊരു വാര്‍ത്തയാക്കാന്‍ മലയാള മാധ്യമങ്ങള്‍ താല്‍പ്പര്യം കാണിച്ചില്ല. ഭാര്യയുടെയും മക്കളുടെയും അസാന്നിധ്യത്തില്‍ ജോര്‍ജ് ‘വൃദ്ധസദന’ത്തില്‍ മരിക്കാനിടയായതും, മുന്‍കാലത്ത് ഭര്‍ത്താവായ ജോര്‍ജിനെക്കുറിച്ച് സെല്‍മ നടത്തിയ തുറന്നുപറച്ചിലും വാര്‍ത്തയും വിവാദവുമാക്കിയ മാധ്യമങ്ങള്‍ സെമിത്തേരിക്കു പകരം ജോര്‍ജിന്റെ ശവദാഹം പൊതുശ്മശാനത്തില്‍ നടത്തിയതിന്റെ വ്യതിരിക്തത കണ്ടില്ലെന്നു നടിച്ചു.
മാധ്യമങ്ങളുടെ ഈ മുഖംതിരിക്കലും നിശ്ശബ്ദതയും ഇവിടെയും അവസാനിച്ചില്ല. ജോര്‍ജിന്റെ ചിതാഭസ്മം മകള്‍ താര പെരിയാറില്‍ ഒഴുക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഒരു ഹിന്ദു പുരോഹിതന്റെ നിര്‍ദ്ദേശപ്രകാരം ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വന്നത്. സ്വാഭാവികമായും ജോര്‍ജിന്റെ അന്ത്യാഭിലാഷം അനുസരിച്ച് അമ്മയുടെ അനുവാദപ്രകാരമാണ് മകള്‍ ഇത് ചെയ്തതെന്ന് കരുതേണ്ടിയിരിക്കുന്നു. അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. തന്റെ ഭൗതികദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യേണ്ടെന്നു മാത്രമല്ല ജോര്‍ജ് പറഞ്ഞിട്ടുണ്ടാവുക. ശവദാഹം ഉള്‍പ്പെടെ ഹൈന്ദവമായ രീതിയില്‍ വേണം സംസ്‌കാരചടങ്ങുകളെന്ന് ജോര്‍ജ് നിര്‍ദ്ദേശിച്ചിട്ടുണ്ടാവാം, ആഗ്രഹിച്ചിട്ടുണ്ടാവാം. അക്കാര്യം ഭാര്യയോടും മക്കളോടും പറഞ്ഞിട്ടുമുണ്ടാവാം. തീര്‍ച്ചയായും ഇത് ഒരു വാര്‍ത്തയായിരുന്നു. പക്ഷേ ഇങ്ങനെയൊരു കാര്യം വായനക്കാര്‍ അറിയേണ്ടെന്ന് പല മലയാള മാധ്യമങ്ങളും തീരുമാനിച്ചു. ഇതില്‍ ഒരു മതപക്ഷപാതമുണ്ട്.
ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും അടിപ്പെട്ട് മതംമാറി കമല സുരയ്യയായി മാറിയ മലയാളത്തിന്റെ പ്രിയങ്കരിയായ കഥാകാരി മാധവിക്കുട്ടി പിന്നീട് താന്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞിരുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് തിരിച്ചുവരാനും പര്‍ദ്ദ ഉപേക്ഷിക്കാനും ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെടുകയും അത് വാര്‍ത്തയാവുകയും ചെയ്തതാണ്. പൂനെയിലെ മകന്റെ വീട്ടിലായിരുന്ന അന്ത്യകാലത്ത് ലളിതാ സഹസ്രനാമം കേള്‍ക്കാനും മറ്റും ഇഷ്ടപ്പെട്ടിരുന്ന മാധവിക്കുട്ടിയുടെ ഭൗതികദേഹം ഹൈന്ദവാചാരപ്രകാരം ദഹിപ്പിക്കാനായിരുന്നു ആലോചന. പൂനെയിലെ ശ്മശാനത്തില്‍ ഇതിനുള്ള ഏര്‍പ്പാടുകളും ചെയ്തിരുന്നു. എന്നാല്‍ ഇസ്ലാമിക മതമൗലികവാദികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചില ‘മതേതരന്മാരുടെ’ സഹായത്തോടെ തിരുവനന്തപുരം പാളയത്തെ ഒരു മസ്ജിദില്‍ കബറടക്കുകയാണുണ്ടായത്. മാധവിക്കുട്ടിയുടെ സ്വാതന്ത്ര്യത്തെ മാനിക്കാന്‍ മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമങ്ങള്‍ തയ്യാറായില്ല. മാധവിക്കുട്ടി പര്‍ദ്ദയില്‍നിന്ന് പുറത്തുവരരുതെന്ന് ഇസ്ലാമിക മതമൗലികവാദികളെക്കാള്‍ ആഗ്രഹിച്ചത് ഈ മാധ്യമങ്ങളാണ്.
മലയാളത്തിലെ വലിയ എഴുത്തുകാരില്‍ ഒരാളായിരുന്ന നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. താന്‍ മരിച്ചാല്‍ ദഹിപ്പിക്കണമെന്നും, ചിതാഭസ്മം നദിയിലൊഴുക്കണമെന്നുമാണ് പുനത്തില്‍ പറഞ്ഞിരുന്നത്. ഭാര്യയുടെ കുടുംബാംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അവര്‍ യോഗം ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനത്തിലിന്റെ ഭാര്യ വിവാഹമോചനം നേടി. ഹിന്ദുവായ ഒരാളുടെ ഭാര്യയായിരിക്കാന്‍ മുസ്ലിം വനിതയ്ക്ക് കഴിയില്ലെന്നു പറഞ്ഞായിരുന്നു ഇത്. ഇസ്ലാമായി ജനിച്ച ഹിന്ദുവാണ് താന്‍ എന്നതായിരുന്നു പുനത്തിലിന്റെ നിലപാട്. ഒരു അഭിമുഖത്തില്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. പക്ഷേ 2017 ല്‍ മരണശേഷം മതമൗലികവാദികള്‍ പുനത്തിലിനെ സ്വന്തമാക്കി! ആ എഴുത്തുകാരന്റെ അന്ത്യാഭിലാഷത്തിനു വിരുദ്ധമായി മസ്ജിദില്‍ കബറടക്കി. മതേതരത്വവും വ്യക്തി സ്വാതന്ത്ര്യവുമൊക്കെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാധ്യമവും ഈ അനീതി ചോദ്യം ചെയ്തില്ല. ഇവിടെയും മലയാള മാധ്യമങ്ങളുടെ മതപക്ഷപാതമാണ് വെളിപ്പെട്ടത്.
രണ്ട് സംഭവങ്ങളിലും മലയാള മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് പ്രകടമായിരുന്നു. മുസ്ലിമായി ജനിച്ചെങ്കിലും തനിക്ക് ഹിന്ദുധര്‍മത്തിലാണ് വിശ്വാസം എന്നു പറഞ്ഞതാണ് പുനത്തിലിനെ അനഭിമതനാക്കിയത്. ഹിന്ദുവായിരുന്ന മാധവിക്കുട്ടി മുസ്ലിമായതിനെ ആഘോഷമാക്കിയ മാധ്യമങ്ങള്‍ ആ മതം തന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ആ എഴുത്തുകാരി തിരിച്ചുവരാന്‍ തീരുമാനിച്ചപ്പോള്‍ നിശ്ശബ്ദത പാലിച്ചു. ഈ നിശ്ശബ്ദത ഭഞ്ജിക്കാന്‍ മലയാള മാധ്യമങ്ങള്‍ ഒരുക്കമല്ലെന്നതിന്റെ തെളിവാണ് കെ.ജി.ജോര്‍ജിന്റെ ചിതാഭസ്മ നിമജ്ജനം വാര്‍ത്തയാക്കാതിരുന്നത്. ഒരാളുടെ മരണത്തിലും ഈ മാധ്യമങ്ങള്‍ ഹിന്ദുവിരുദ്ധമായ മതപക്ഷപാതം പിന്തുടരുന്നു. കേരളത്തിലെ മതേതരത്വം വേഷംമാറിയ വര്‍ഗീയതയാണെന്ന് ആവര്‍ത്തിച്ച് സ്ഥിരീകരിക്കപ്പെടുകയാണ്.