യുദ്ധമല്ല, സമാധാനമാണ് ഭാരതത്തിന്റെ നയം – വി. മുരളീധരന്‍
കോഴിക്കോട്: ഭാരതത്തിന്റെ നയം യുദ്ധമല്ല, സമാധാനമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തില്‍ സര്‍ഗ്ഗപ്രതിഭാപുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ സവിശേഷത ആദ്ധ്യാത്മികതയുടെ വേരോട്ടമാണ്. ആ സനാതന പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് ഇപ്പോഴുള്ളത്. ലോകത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഭാരതീയ ചിന്തയ്ക്കു സാധിക്കും. സനാതന ധര്‍മ്മം എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്. അതുകൊണ്ടാണ് ആഫ്രിക്കന്‍ രാജ്യങ്ങളെയും ജി20യില്‍ ഉള്‍പ്പെടുത്താന്‍ ഭാരതം മുന്‍കൈയെടുത്തത്. പല വിദേശരാജ്യങ്ങളിലും തലയെടുപ്പുള്ള ക്ഷേത്രങ്ങള്‍ യാഥാര്‍ത്ഥ്യമായി വരികയാണ്. അദ്ദേഹം തുടര്‍ന്നു.
നവരാത്രി സര്‍ഗ്ഗോത്സവത്തോടനുബന്ധിച്ചുള്ള രണ്ടാമത് നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരമാണ് കേന്ദ്രമന്ത്രി വി. മുരളീധരനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്ന് പിന്നണി ഗായകന്‍ ജി.വേണുഗോപാലിന് സമ്മാനിച്ചത്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് നവരാത്രി സര്‍ഗ്ഗ പ്രതിഭാ പുരസ്‌കാരം.
നവരാത്രി സര്‍ഗ്ഗോത്സവ സമിതി അദ്ധ്യക്ഷ വിധുബാല ചടങ്ങില്‍ അദ്ധ്യക്ഷയായി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗായകന്‍ ജി. വേണുഗോപാല്‍, കാവാലം ശശികുമാര്‍, ഡോ.എന്‍.ആര്‍.മധു, ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ആയിരം വൃക്ഷത്തൈകള്‍ നടുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന രണ്ടാംക്ലാസുകാരി കുമാരി ദേവിക ദീപകിന് വി. മുരളീധരന്‍ പത്ത് വൃക്ഷത്തൈകള്‍ സമ്മാനിച്ചു.
