ആത്മീയതയുടെ ഉത്തുംഗതയില്‍ വിരാജിച്ചുകൊണ്ട് ലോകത്തെ ധാര്‍മ്മികമായി കീഴടക്കിയ മഹാനുഭാവന്‍ സംപൂജ്യ വിവേകാനന്ദ സ്വാമികള്‍, ഭാരതമാതാവിന് സമര്‍പ്പിച്ച നിവേദ്യമാണ് ‘ഭഗിനി നിവേദിത’. നിവേദിത ‘ലോകമാതാവാണ്’ എന്നു രവീന്ദ്രനാഥ ടാഗോര്‍ പറയുന്നതും അവരുടെ സമര്‍പ്പിത ജീവിതത്തെ വരച്ചു കാണിക്കുന്നതാണ്. മാര്‍ഗരറ്റ് നോബിള്‍ (നിവേദിത) ആദ്യമായി ആരംഭിച്ച വിദ്യാലയം ലണ്ടനിലെ വിംബിള്‍ഡണ്‍ നഗരത്തിന്റെ ഹൃദയഭാഗത്തായിരുന്നു. ഭാരതത്തിലേക്ക് അവര്‍ വന്നപ്പോഴും ആ വിദ്യാലയ നടത്തിപ്പിന്റെ കാര്യത്തില്‍ അവര്‍ ശ്രദ്ധാലുവായിരുന്നു. ഇന്നും വിംബിള്‍ഡണ്‍ നഗരത്തില്‍ ആ വിദ്യാലയം വലിയൊരു കോളേജായി നിലനില്‍ക്കുന്നു. ‘റിച്ചാര്‍ഡ്‌സ് ലോഡ്ജ് കോളേജ്’ വിംബിള്‍ഡണിലെ വനിത കോളേജാണ്. ആ കോളേജില്‍ സിസ്റ്റര്‍ നിവേദിതയുടെ 6:2 അടി ഉയരമുള്ള വെങ്കലപ്രതിമ കല്‍ക്കത്തയിലേക്ക് ദൃഷ്ടിയായി അനാവരണം ചെയ്യുകയാണ്. സിസ്റ്റര്‍ നിവേദിത സെലിബ്രേഷന്‍ കമ്മറ്റിയാണ് ഇത് സ്ഥാപിക്കുന്നത്.
അയര്‍ലണ്ടിലെ ടയറണ്‍ പട്ടണത്തിലാണ് അവര്‍ ജനിച്ചത്. അവരുടെ പിതാമഹനായ റവ. ജോണ്‍ നോബിള്‍ ഒരു പള്ളിയിലെ വികാരിയായിരുന്നു. സിസ്റ്റര്‍ നിവേദിതയുടെ ആദ്യ പേര് മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്നായിരുന്നു. മാര്‍ഗരറ്റിന്റെ പിതാവായ സാമുവല്‍ റിച്ച് മൗണ്ടും ഒരു പുരോഹിതന്റെ ജോലി തന്നെയാണ് സ്വീകരിച്ചത്. മേരി ഇസ്‌ബെല്‍ ഹാമില്‍ട്ടണ്‍ ആണ് മാതാവ്. 1867 ഒക്ടോബര്‍ 28-ാം തീയതിയാണ് മാര്‍ഗരറ്റ് ജനിച്ചത്. മാര്‍ഗരറ്റ് ഗര്‍ഭത്തിലായിരിക്കുമ്പോള്‍ തന്നെ ശിശു അപകടമൊന്നും കൂടാതെ ജനിക്കുകയാണെങ്കില്‍ ഈശ്വര കാര്യത്തിനുവേണ്ടി സമര്‍പ്പിക്കുന്നതാണെന്ന് അമ്മയായ ഇസ്‌ബെല്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിച്ചിരുന്നു. അതുകൊണ്ട് മാര്‍ഗരറ്റ് ജനനത്തിനു മുന്‍പുതന്നെ ഈശ്വരനില്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മൂന്നു മക്കളില്‍ അച്ഛന്റെ പ്രിയപ്പെട്ട മകളായിരുന്നു മാര്‍ഗരറ്റ്. അച്ഛന്റെ ഉപാസനാ സമ്പ്രദായവും ഭക്തിനിറഞ്ഞ പ്രസംഗങ്ങളും മാര്‍ഗരറ്റിന്റെ ഹൃദയത്തെ അത്യധികം ആകര്‍ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ തന്റെ ജീവിതം ധാര്‍മ്മിക കാര്യത്തിനുള്ളതാണെന്ന ചിന്ത അവരില്‍ അങ്കുരിച്ചിരുന്നു. ആ കാലത്ത് ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയ ഒരു പുരോഹിതന്‍ മാര്‍ഗരറ്റിനെ പരിചയപ്പെട്ടപ്പോള്‍ പറഞ്ഞു: ”ഭാരത വര്‍ഷം നിന്നെ ഒരു ദിവസം വിളിക്കും.” മാര്‍ഗരറ്റ് വലുതാകുമ്പോള്‍ ക്രിസ്തുമത പ്രചരണാര്‍ത്ഥം ഭാരതത്തിലേക്ക് പോകും എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. എന്നാല്‍ ഭാരതവര്‍ഷം അവരെ വിളിച്ചു. ഉപാസകയായി. സമര്‍പ്പിക്കപ്പെട്ടവളായി. ഭാരതവര്‍ഷം എവിടെയായിരുന്നു എന്നുപോലും കുട്ടിക്കാലത്ത് അറിയാതിരുന്ന മാര്‍ഗരറ്റിന്റെ മനസ്സ് പാതിരിയുടെ പ്രവചനം കേട്ട് വിസ്മയം പൂണ്ടിരുന്നു.
1877ല്‍ മാര്‍ഗരറ്റിന്റെ അച്ഛന്‍ ശരീരം വെടിയുന്നതിനുമുമ്പ് ഭാര്യയോട് ഇങ്ങനെ പറഞ്ഞു: ‘മാര്‍ഗരറ്റിന്റെ ജീവിതത്തില്‍ വലിയൊരു ആഹ്വാനം വരാനിടയുണ്ട്. അന്ന് ഭവതി മകള്‍ക്കുവേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കണം.” മാര്‍ഗരറ്റിന്റെ ആനന്ദപൂര്‍ണ്ണമായ ജീവിതത്തിന് വിഷാദത്തിന്റെ നിഴല്‍ വീണു. അച്ഛന്റെ മരണശേഷം അമ്മയുടെ നാടായ അയര്‍ലണ്ടില്‍ തിരിച്ചു വന്നു. അമ്മയുടെ അച്ഛന്‍ വലിയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹവുമായുള്ള സംസര്‍ഗ്ഗവും സംവാദവും മാര്‍ഗരറ്റിന്റെ ജീവിതത്തില്‍ പതുക്കെ ദേശീയ ബോധം ഉണര്‍ത്തിയിരുന്നു. പില്‍ക്കാലത്ത്, ഭാരതത്തില്‍ വന്ന നിവേദിത, ആത്മീയ ജീവിതത്തോടൊപ്പം സ്വാതന്ത്യസമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചതും ഈ കാരണങ്ങള്‍കൊണ്ട് തന്നെയായിരിക്കണം. ബോര്‍ഡിംഗ് വിദ്യാഭ്യാസമായതിനാല്‍ അടുക്കും ചിട്ടയും ഒക്കെ പഠിപ്പിനോടൊപ്പം തന്നെ മാര്‍ഗരറ്റില്‍ സ്വാഭാവികമായി വന്നു ചേര്‍ന്നു. അതിബുദ്ധിയും മേധാശക്തിയും മാര്‍ഗരറ്റിന്റെ പ്രത്യേകതയായിരുന്നു. സാഹിത്യത്തിലും ആധുനിക ശാസ്ത്രത്തിലും അഭിരുചിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുപ്രസിദ്ധ ശാസ്ത്രജ്ഞനായ ജഗദീശ് ചന്ദ്രബോസിനെ അദ്ദേഹത്തിന്റെ ഗവേഷണങ്ങളില്‍ വേണ്ടത്ര സഹായിക്കുവാന്‍ മാര്‍ഗരറ്റിന് കഴിഞ്ഞിരുന്നു.
ഏതുകാര്യവും നല്ലപോലെ മനസ്സിലാക്കണമെന്നത് മാര്‍ഗരറ്റിന്റെ നിര്‍ബന്ധബുദ്ധിയായിരുന്നു. കൂര്‍മ്മബുദ്ധി, ചിന്താശീലം, മറ്റുള്ളവരോടുള്ള നിസ്വാര്‍ത്ഥ സ്‌നേഹം എന്നിവ സാധാരണനിലയില്‍ നിന്നും അവരെ ഉയര്‍ത്തി. ഉന്നത വിജയം നേടിയതിനു ശേഷം 1884ല്‍ അദ്ധ്യാപികയുടെ ജോലി സ്വീകരിച്ചു. പഠിക്കുന്ന കാലത്തു തന്നെ അദ്ധ്യാപികയാകണമെന്ന് അവര്‍ ആഗ്രഹിച്ചു. 1890ല്‍ മാര്‍ഗരറ്റ് വിംബിള്‍ഡണില്‍ മിസ്സിസ് ഡില്യൂ നടത്തിയിരുന്ന സ്‌കൂളില്‍ ചേര്‍ന്നു. അന്നു തുടങ്ങി അവരുടെ വാസസ്ഥാനം സ്ഥിരമായി വിംബിള്‍ഡണില്‍ ആയിത്തീര്‍ന്നു. സ്വന്തമായി ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തണമെന്ന അവരുടെ അടങ്ങാത്ത ആഗ്രഹം നിറവേറ്റിക്കൊണ്ട് വിംബിള്‍ഡണില്‍ തന്നെ സ്വന്തമായി വിദ്യാലയം ആരംഭിച്ചു. അപ്പോള്‍ മാര്‍ഗരറ്റിന്റെ വയസ്സ് 25. ആ കാലത്ത് സായം കാലങ്ങളില്‍ നിരവധി ക്ലബ്ബുകളിലും, സ്ഥാപനങ്ങളിലും ചര്‍ച്ചകളും സംവാദങ്ങളും ഒക്കെ നടത്തി പണ്ഡിതശ്രേണിയില്‍ അറിയപ്പെടുന്ന വ്യക്തിയായി മാര്‍ഗരറ്റ് വളര്‍ന്നു കഴിഞ്ഞിരുന്നു. ”സ്ത്രീ ശാക്തീകരണത്തില്‍ സകല വിഷയങ്ങളെക്കുറിച്ചും, പ്രശ്‌നങ്ങളെക്കുറിച്ചും, രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള എല്ലാ ആലോചനകളിലും മാര്‍ഗരറ്റ് നേതൃത്വം വഹിച്ചിരുന്നു. ബര്‍ണാഡ്ഷാ, ഹക്‌സിലി തുടങ്ങിയ പേരുകേട്ട എഴുത്തുകാരും, ശാസ്ത്രജ്ഞന്മാരും മാര്‍ഗരറ്റുമായി സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നത് ബൗദ്ധികലോകത്തിന് അത്ഭുതമായിരുന്നു. കുട്ടിക്കാലം മുതല്‍ താന്‍ കണ്ട് അനുഭവിച്ച മതപരമായ കാര്യങ്ങളില്‍ നൈസര്‍ഗ്ഗികമായ ഒരു വിശ്വാസവും താത്പര്യവും മാര്‍ഗരറ്റിന് ഉണ്ടായിരുന്നെങ്കിലും അറിവ് കൂടും തോറും വിചാര ബുദ്ധിയില്‍ മഥനം നടന്നുകൊണ്ടിരുന്നു. അതിന്റെ ഫലമായി പല സംശയങ്ങളും തലപൊക്കാന്‍ തുടങ്ങിയിരുന്നു. പള്ളി നല്‍കിയ ധാര്‍മ്മിക ശൈലിയും അനുഷ്ഠാനങ്ങളും ഒന്നും തന്നെ ചൈതന്യമില്ലാത്തവപോലെ അവര്‍ക്കു തോന്നിയിരുന്നു. ചിലപ്പോള്‍ പള്ളിയില്‍ പോകാതെ ചിന്താധാരയില്‍ മുഴുകിയിരുന്നു. ദാര്‍ശനിക ചിന്തകരുടെ പല പുസ്തകങ്ങള്‍ വായിച്ചിട്ടും തന്റെ കാഴ്ചപ്പാടുകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ധാര്‍മ്മികതയുടെ പൊരുള്‍ പറഞ്ഞുതരുവാന്‍ കെല്‍പ്പുള്ള ഒരൊറ്റ വ്യക്തിയെപ്പോലും ഭൂമിയില്‍ കാണുവാന്‍ കഴിയില്ലേ എന്ന ചോദ്യം അവരെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു.
ഗുരുവിന്റെ ആവിര്‍ഭാവം
ഈ ശുഭമുഹൂര്‍ത്തത്തിലാണ് ”സമയമാകുമ്പോള്‍ ഗുരു വരും” എന്ന ഋഷിവചനം മാര്‍ഗരറ്റിന്റെ ജീവിതത്തില്‍ സംഭവിക്കുന്നത്. 1895 നവംബര്‍ മാസത്തിലെ ഒരു ഞായറാഴ്ച ലണ്ടന്‍ നഗരത്തിന്റെ പരിഷ്‌കാര കേന്ദ്രത്തില്‍ ഒരു സത്കാരമുറിയില്‍ ”ഹിന്ദു യോഗി’യായ സ്വാമിയെ കാണുവാനും കേള്‍ക്കുവാനുമായി പതിനാറില്‍പരം ആളുകള്‍ മാത്രം ഇരിക്കുന്ന ഒരു സത്സംഗം. സ്വാമിജി എല്ലാവര്‍ക്കും അഭിമുഖമായിരിക്കുന്നു. കൃത്യസമത്ത് മാര്‍ഗരറ്റ് മുറിയിലേക്ക് പ്രവേശിക്കുന്നു. സന്യാസിയുടെ ശരീരം കാഷായ വസ്ത്രത്താല്‍ പൊതിഞ്ഞിരിക്കുന്നു. ആകൃതി അത്യുജ്ജ്വലവും, വീരത്വം വഴിഞ്ഞൊഴുകുന്നതും വ്യക്തിത്വം തുളുമ്പുന്ന നീണ്ട രണ്ടു കണ്ണുകളും. ശാന്തി കുടികൊള്ളുന്ന മുഖമണ്ഡലം, അനര്‍ഗ്ഗളമായി ഒഴുകുന്ന വാഗ്‌ധോരണി… മാര്‍ഗരറ്റിന് ഇതുവരെ അനുഭവപ്പെടാത്ത അനുഭൂതി ഉണ്ടായി. അധോമനസ്സില്‍ കലങ്ങിമറഞ്ഞിരുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിപൂര്‍ണ്ണ ഉത്തരം തെളിഞ്ഞുവരുന്നതായി അനുഭവപ്പെട്ടു. ഒരു ദിവസം പ്രഭാഷണ മധ്യേ സ്വാമിയുടെ ഒരാഹ്വാനമുണ്ടായി. വജ്ര ഗംഭീരമായ ധ്വനിയോടെ ”ഈ ലോകത്തിന് ഈശ്വരന്‍ ഉണ്ടെന്ന് വിളിച്ചു പറയാന്‍ തയ്യാറുള്ള ഇരുപത് പേരെങ്കിലും വേണം. എന്തിന് ഭയപ്പെടണം? ഈശ്വരന്‍ ഉണ്ടെന്നുള്ളത് സത്യമാണെങ്കില്‍ ഈ ലോകത്തില്‍ പിന്നെ നിങ്ങള്‍ക്ക് കൂടുതലായി എന്തു വേണം? അതല്ല സത്യമെങ്കില്‍ പിന്നെ നമ്മുടെ ജീവിതം കൊണ്ട് എന്തുഫലം?”
ഈ ആഹ്വാനമാണ് മാര്‍ഗരറ്റില്‍ നിന്നും നിവേദിതയിലേക്കുള്ള പരാവര്‍ത്തനത്തിന്റെ ആധാരം. ഇതു വിളിച്ചു പറയാന്‍ ആഴത്തിലുള്ള അറിവ് അനിവാര്യമായിരുന്നു. തന്നെ തന്നെ ഒരാദര്‍ശനത്തിനു സമര്‍പ്പിക്കുക അതികഠിനമായ ഒരു പരീക്ഷണമായിരുന്നു. അവസാനം ഉത്തരം കണ്ടെത്തി. ജീവിതം അനശ്വരമായ ഒരാദര്‍ശത്തിന് വേണ്ടി സമര്‍പ്പിച്ച് കരുത്തുറ്റതാക്കുക, സ്വാമിജിയുടെ മുന്നില്‍ എല്ലാം തുറന്ന് പറഞ്ഞ് പിന്നീടുള്ള കാലം മനസ്സ് അതിനനുസരിച്ച് പാകപ്പെടുത്തിക്കൊണ്ടേയിരുന്നു. സ്വാമിജി മാര്‍ഗരറ്റിനോട് പറഞ്ഞു: ”ഈ ലോകത്ത് സ്ത്രീയായാലും പുരുഷനായാലും മര്‍ദ്ദിതനും ചൂഷിതനുമാണ്. ഒരാദര്‍ശവുമില്ലാതെ അലയുകയാണ്. മര്‍ദ്ദിതരെ കാണുമ്പോള്‍ മനസ്സ് വേദനിക്കുകയാണ്. അവര്‍ക്ക് വേണ്ടിയാണ് ജീവിക്കേണ്ടത്. അവരെ കൈപിടിച്ചുയര്‍ത്തുകയായിരിക്കണം ജീവിത ലക്ഷ്യം. ഹ്രസ്വമായ ഈ ജീവിതം അതിനുവേണ്ടിയുള്ളതായിരിക്കണം. ഇത്രയും അറിഞ്ഞപ്പോള്‍ മാര്‍ഗരറ്റിന് തന്റെ ജീവിതാദര്‍ശം എന്താണെന്ന് ബോധ്യമായി, മനുഷ്യന്റെ മുന്നില്‍ അവനില്‍ കൂടികൊള്ളുന്ന ദിവ്യത്വത്തെ തുറന്നു കാണിച്ചു കൊടുക്കുകയും ആ ദിവ്യത്വത്തെ ജീവിതത്തില്‍ ഓരോ ഘട്ടത്തിലും മാര്‍ഗ്ഗദര്‍ശകമായി കണ്ടു പ്രവര്‍ത്തിക്കുവാന്‍ അവനെ ശക്തനാക്കിത്തീര്‍ക്കുകയും ചെയ്യുകയും എന്നതാണ് ആ ആദര്‍ശം. നിങ്ങളുടെ ഉള്ളില്‍ ജഗത്തിനെ മുഴുവന്‍ ഇളക്കിമറിക്കാന്‍ തക്കവണ്ണം കെല്‍പുള്ള ഒരു ശക്തി കുടികൊള്ളുന്നുണ്ട്. സാവധാനത്തില്‍ ഇനിയും പലതും വന്നു ചേരുകയും ചെയ്യും. ധൈര്യം തുളുമ്പുന്ന വാക്കുകളാണ് നമുക്കിന്നാവശ്യം. അതിനേക്കാള്‍ കൂടുതല്‍ ധൈര്യത്തോടു കൂടി പ്രവര്‍ത്തിക്കുകയും. എന്റെ നാട്ടിലെ സ്ത്രീജനങ്ങളുടെ നന്മക്കായി ഞാന്‍ ചില പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അവ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലേക്ക് നിങ്ങള്‍ക്ക് എന്നെ വളരെയധികം സഹായിക്കാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം.” ഭാരതസ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി തന്റെ ജീവിതം ബലിയര്‍പ്പിക്കേണ്ടി വരുമെന്ന് മാര്‍ഗരറ്റിന് കൃത്യമായി ബോധ്യമായി. സ്വാമിജിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകുവാന്‍ ദൃഢ നിശ്ചയം ചെയ്തുവെന്ന് അവര്‍ സ്വാമിജിയെ നേരിട്ടറിയിച്ചു. വിംബിള്‍ഡണില്‍ വേദാന്ത സമിതി രൂപീകരിച്ച് ആദ്യകാല പ്രവര്‍ത്തനം ആരംഭിച്ചു. ഇങ്ങനെ ഇംഗ്ലണ്ടില്‍ വെച്ചു തന്നെ മാര്‍ഗരറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
ഭാരതത്തിലേക്കു വരുവാന്‍ തിടുക്കം കൂട്ടിയപ്പോള്‍ ഇവിടുത്തെ കാലാവസ്ഥ, പാശ്ചാത്യ രീതിയില്‍ ജീവിക്കുവാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ പറഞ്ഞ് മാര്‍ഗരറ്റിനെ സ്വാമിജി നിരുത്സാഹപ്പെടുത്തി. നിങ്ങള്‍ ഇങ്ങോട്ട് പുറപ്പെടാതെ ഇംഗ്ലണ്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഞങ്ങള്‍ക്കുവേണ്ടി വളരെയധികം പ്രവര്‍ത്തിക്കുവാന്‍ കഴിയും. എന്നാല്‍ മാര്‍ഗരറ്റിന് ഈ അഭിപ്രായം ഇഷ്ടപ്പെട്ടില്ല. മാര്‍ഗരറ്റിന്റെ ഉത്ക്കടമായ ആഗ്രഹം കണ്ടു സ്വാമിജി ഒടുവില്‍ ഭാരതത്തിലേക്കു വരുവാന്‍ അനുമതി നല്‍കി. ”കര്‍മ്മ പ്രവാഹത്തില്‍ മുഴുകുന്നതിന് മുന്‍പ് നല്ലതുപോലെ ഒന്നു ചിന്തിച്ചു നോക്കണം. കര്‍മ്മാവസാനത്തില്‍ നിങ്ങള്‍ ചെയ്തതെല്ലാം നിഷ്ഫലമായി കലാശിക്കുകയോ, അഥവാ അതിനിടയില്‍ തന്നെ ഏതെങ്കിലും സമയത്ത് ഈ പ്രവര്‍ത്തനത്തോട് മടുപ്പു തോന്നുകയോ ചെയ്താല്‍ ഞാനിതാ വാക്കു തരുന്നു. ഞാന്‍ മരണം വരെ ഭവതിയുടെ കൂടെ നിലകൊള്ളുന്നതായിരിക്കും. നിങ്ങള്‍ ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിച്ചാലും ശരി, ഇല്ലെങ്കിലും ശരി വേദാന്ത ധര്‍മ്മം പാടെ ഉപേക്ഷിച്ചാലും ശരി, അതിനെ മുറുകെ പിടിച്ചാലും ശരി.”
മാര്‍ഗരറ്റ് നിറഞ്ഞ മനസ്സോടെയും അമ്മയേയും കുടുംബത്തെയും ബന്ധുമിത്രാദികളേയും സഹപാഠികളേയും ഒക്കെ ഉപേക്ഷിച്ച് വേര്‍പാടിന്റെ കണ്ണുനീര്‍ പൊതിഞ്ഞും ആനന്ദത്തോടെ ”മോംബാസ്” കപ്പലില്‍ ഇംഗ്ലണ്ടില്‍ നിന്നും തനിക്ക് അജ്ഞാതമായ ഒരു രാജ്യത്തെ ലക്ഷ്യമാക്കി യാത്ര ചെയ്തു.
ഭാരതമാതാവിന്റെ വിരിമാറില്‍
1898 ജനുവരി 28-ാം തിയ്യതി മദ്രാസ് വഴി കല്‍ക്കത്താ തുറമുഖത്തെത്തിയ മാര്‍ഗരറ്റിനെ വിവേകാനന്ദ സ്വാമികള്‍ സ്വീകരിച്ചു. അദ്ദേഹത്തെ കണ്ടതോടെ അവര്‍ക്ക് വലിയ ആശ്വാസമായി. തികച്ചും അപരിചിതമായ ഈ നാട്ടില്‍ സ്വാമിജിയെ മാത്രമേ അവര്‍ക്കു പരിചയമുണ്ടായിരു ന്നുള്ളൂ. 1898 മാര്‍ച്ച് ഇരുപത്തഞ്ചാം തീയതി സ്വാമിജി മാര്‍ഗരറ്റിന് ബ്രഹ്‌മചര്യ ദീക്ഷ നല്‍കി. ദീക്ഷാ സമയത്ത് മാര്‍ഗരറ്റിന് ”ഭഗിനി നിവേദിത” എന്ന പേര് നല്‍കി. മാര്‍ഗരറ്റിന് ഇത് രണ്ടാം ജന്മമാണ്. അവര്‍ എന്നെന്നേക്കുമായി ഭഗവത് പാദാരവിന്ദങ്ങളില്‍ നിവേദിക്കപ്പെട്ടു! ആനന്ദത്തിന്റെ, അനുഭൂതിയുടെ, ഒരു സൂര്യോദയം!
1898ല്‍ നവംബര്‍ 13ന് ആദ്യമായി നിവേദിത വിദ്യാലയം ആരംഭിച്ചു. മാതൃദേവി തന്നെ ഉത്ഘാടനം ചെയ്തു. നവംബര്‍ 14 തിങ്കളാഴ്ച ക്ലാസ് ആരംഭിച്ചു. തൂവലും ചായവും ഉപയോഗിച്ച് ചിത്രങ്ങള്‍ വരക്കല്‍, ചെറു തുണികള്‍ തുന്നിച്ചേര്‍ത്ത് തയ്യല്‍ പഠിപ്പിക്കല്‍, മണ്ണുകൊണ്ട് പലതരം പാവകള്‍ ഉണ്ടാക്കല്‍ എന്നിവയായിരുന്നു പ്രാരംഭ ക്ലാസ്സുകള്‍. ‘രാമകൃഷ്ണമിഷന്‍ സിസ്റ്റര്‍ നിവേദിത ഗേള്‍സ് സ്‌കൂള്‍’ എന്ന് അതിനെ നാമകരണം ചെയ്തു. പൊതു രംഗത്തും സ്ത്രീകളുടെ ഉന്നമനത്തിനും ഒക്കെയായി സമയം കണ്ടെത്തി. സേവന പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും സ്‌നേഹവും ആദരവും ഏറ്റു വാങ്ങി. സ്ത്രീകളില്‍ മാതൃഹൃദയത്തിന്റെ വാത്സല്യവും പവിത്രത, കോമളത, മാധുര്യം എന്നിവക്കൊപ്പം സ്വാധീനത, തേജസ്സ്, സ്വാശ്രയശീലം എന്നിവയും പ്രകാശിപ്പിക്കാന്‍ സ്വാമിജി ആശീര്‍വദിച്ചിരുന്നു. ”താന്‍ ഏറ്റെടുത്ത പ്രതിജ്ഞ നിറവേറ്റുന്നതിന് വേണ്ടി ജീവനെപ്പോലും ബലികഴിക്കുക എന്നതാണ് നമ്മുടെ ആദര്‍ശം. അതിന്റെ ഫലപ്രാപ്തിയെപ്പറ്റി വ്യാകുലപ്പെടലല്ല, ദൃഢചിത്തയാകൂ, ധനത്തിന്റെയോ മറ്റു വല്ലതിന്റെയോ അടിമയാകരുത്. ഇത്രയും ചെയ്യാന്‍ കഴിഞ്ഞാല്‍ തന്നെ വിജയം നമ്മുടെതായി.” നിവേദിതക്ക് കര്‍മ്മ ഭൂമിയില്‍ ഒരു വീരാംഗനയെപ്പോലെ പൊരുതി മുന്നേറാനുള്ള ഉത്തേജനം നല്‍കി സ്വാമിജി.
1902 ജൂലൈ രണ്ടാം തിയ്യതി സ്വാമിജിയെ അവസാനമായി നിവേദിത കണ്ടു. അന്നു സ്വാമിജി പറഞ്ഞു: ”ഞാന്‍ ദേഹത്യാഗം ചെയ്യുവാന്‍ തയ്യാറായിരിക്കുകയാണ്.” അത്യന്തം വേദനയോടെയാണ് നിവേദിത ആ വചനം ശ്രവിച്ചത്. 1902 ജൂലൈ നാലിന് സ്വാമിജി ദേഹത്യാഗം ചെയ്തു. മഹാസമാധിയില്‍ ലയിക്കുകയും ചെയ്തു. ഗുരു ആഗ്രഹിച്ച പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാന്‍ തീരുമാനിച്ച് നിവേദിത കര്‍മ്മപഥത്തില്‍ വീണ്ടും മുഴുകി. രാമകൃഷ്ണമിഷന്റെ പ്രവര്‍ത്തനം രാഷ്ട്രീയമുക്തമായതിനാല്‍ നിവേദിതയുടെ രാഷ്ട്രീയ മണ്ഡലത്തിലുള്ള ഇടപെടല്‍ ബേലൂര്‍ മഠത്തിന് അസ്വാരസ്യം സൃഷ്ടിച്ചു. തല്‍ഫലമായി നിവേദിതക്ക് ബേലൂര്‍ മഠത്തിന്റെ അംഗത്വം, മിഷന്റെ പ്രവര്‍ത്തനം എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. ഇതോടെ നിവേദിത സ്വാതന്ത്ര്യത്തിന്റെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സക്രിയമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെട്ടു പ്രവര്‍ത്തിച്ചു. ഭാരതത്തിന്റെ ഭാവി പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീ ജനങ്ങളിലാണെന്ന് അവര്‍ എപ്പോഴും പറഞ്ഞിരുന്നു. ”ഭാരതീയരായ നമ്മള്‍ ഇരുപത്തിനാല് മണിക്കൂറില്‍ വെറും പത്തു മിനിട്ടു നേരം ആസേതുഹിമാലയം വരെയുള്ളവര്‍ ഒരുമിച്ചു നിന്നാല്‍ ഭാരതം സടകുടഞ്ഞെഴുന്നേല്‍ക്കും എന്നവര്‍ ആഹ്വാനം ചെയ്തു. ഭാരതത്തിനുവേണ്ടി സ്വതന്ത്ര ദേശീയ പതാകക്കു രൂപകല്പന നല്‍കി. നാല്‍പത്തിനാലു വര്‍ഷത്തെ ഹ്രസ്വ ജീവിതം. തന്റെ പൂര്‍ണ്ണ സ്വത്തുക്കളും രാമകൃഷ്ണ മിഷനെ ഏല്പിച്ചു. സ്ത്രീ സമൂഹത്തിന് സേവനം ചെയ്യാന്‍ ഇതുപയോഗിക്കാന്‍ വില്‍പ്പത്രം തയ്യാറാക്കി. 1911 ഒക്ടോബര്‍ പതിമൂന്നാം തീയതി വെള്ളിയാഴ്ച സുപ്രഭാതത്തില്‍ ‘വഞ്ചി മുങ്ങുകയാണ്. എന്നാല്‍ ഞാന്‍ സൂര്യോദയം കാണും’ എന്നു പറഞ്ഞുകൊണ്ട് അനശ്വരമായ പരമസത്തയില്‍ എന്നെന്നേക്കുമായി ആ മഹതി ലയിച്ചു. ”രാമകൃഷ്ണ- വിവേകാനന്ദ – ഗതപ്രാണയായ” ആ സാധികയുടെ വ്രതം സഫലമായി.
(കടപ്പാട്: കുട്ടികളുടെ നിവേദിത)
നിവേദിത തൊഴില്‍ പരിശീലന കേന്ദ്രം
ഭഗനി നിവേദിതയുടെ അനശ്വര ജീവിതത്തെ, വര്‍ത്തമാന സമൂഹത്തെ പരിചയപ്പെടുത്തുകയും, സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സഹോദരിമാരെ കൈപിടിച്ചുയര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് – കോഴിക്കോട്ടെ ‘നിവേദിത തൊഴില്‍ പരിശീലന സേവാകേന്ദ്രം.’ 1985ല്‍ ആരംഭിച്ച ഈ പ്രസ്ഥാനം 38 വര്‍ഷം പിന്നിടുമ്പോള്‍ മുപ്പതിനായിരത്തില്‍പരം സഹോദരിമാരെ സേവാ ഭാവത്തില്‍ കൈത്തൊഴില്‍ പരിശീലിപ്പിച്ച് സ്വയം പ്രാപ്തരാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മലയോരമേഖലയിലും, കടലോരമേഖലയിലും, നഗരകേന്ദ്രത്തിലും തുടങ്ങി സര്‍വ്വ സ്പര്‍ശിയായി ‘നിവേദിത’ പ്രവര്‍ത്തിക്കുകയാണ്. സമൂഹത്തിന്റെ സര്‍വ്വാദരവും ഏറ്റുവാങ്ങിക്കൊണ്ട് ഈ പ്രവര്‍ത്തനം അഭംഗുരം നടക്കുകയാണ്.
(നിവേദിത തൊഴില്‍ പരിശീലന സേവാ കേന്ദ്രത്തിന്റെ ഡയറക്ടറാണ് ലേഖകന്‍)