കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള പ്രൊവിന്‍ഷ്യല്‍ കോടതി. കോടതി മുറിക്ക് മുന്നില്‍ വാതിലിനരികില്‍ നില്‍ക്കുകയായിരുന്ന വില്യം ചാള്‍സ് ഹോപ്കിന്‍സണ്‍ എന്ന പോലീസ് ഓഫീസറുടെയരികിലേക്ക് ഭായി മേവാസിംഗ് ഉറച്ച കാല്‍വയ്പ്പുകളോടെ നടന്നു ചെന്നു. മുന്‍പ് ഇന്ത്യന്‍ പോലീസ് സര്‍വീസിലായിരുന്ന വില്യം ഹോപ്കിന്‍സണ്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ ഓഫീസറായാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്.
അടുത്തു ചെന്ന ഭായി മേവാ സിംഗ് കോട്ടിനുള്ളില്‍ നിന്ന് രണ്ട് റിവോള്‍വറുകള്‍ പുറത്തെടുത്തു. ഇരുകൈകളിലുമായി ആ റിവോള്‍വറുകള്‍ നീട്ടിപ്പിടിച്ച് വില്യം ഹോപ്കിന്‍സന്നു നേരേ അഞ്ച് തവണ വെടിയുതിര്‍ത്തു. ആളുകളും പോലീസുകാരും ഓടിക്കൂടിയപ്പോഴേക്കും വില്യം ഹോപ്കിന്‍സണ്‍ കാലപുരി പൂകിയിരുന്നു. ആയുധം ഉപേക്ഷിച്ച് കീഴടങ്ങാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്ന ഭായി മേവാസിംഗ് തന്നെ അറസ്റ്റ് ചെയ്ത പോലീസുകാരോട് പറഞ്ഞു.
‘ഞാനാണ് വെടിയുതിര്‍ത്തത്, ഞാന്‍ സ്റ്റേഷനിലേക്ക് വരുന്നു’ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വിചാരണയാണ് നടന്നത്. പൂര്‍ണ്ണമായും കുറ്റം സ്വയം ഏറ്റെടുത്ത ഭായി മേവാസിംഗ് തനിക്കായി സാക്ഷിവിസ്താരമോ എതിര്‍ വിസ്താരമോ വേണ്ടന്ന് സര്‍ക്കാര്‍ നിയമിച്ചു കൊടുത്ത തന്റെ വക്കീലിനോട് പറഞ്ഞു.
അദ്ദേഹം കോടതിയില്‍ പറഞ്ഞു.
”ആരോടും വിദ്വേഷം ഉണ്ടാകരുതെന്നാണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത്. മിസ്റ്റര്‍ ഹോപ്കിന്‍സണോടും എനിക്ക് ദേഷ്യമില്ല. പക്ഷേ അയാള്‍ ഒരു ദയാരഹിതനായ പീഡകനായിരുന്നു. ഒരു ശിഖനെന്ന നിലയില്‍ എനിക്കത് വെറുതേ നോക്കിനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മിസ്റ്റര്‍ ഹോപ്കിന്‍സണിന്റെ കൊലപാതകത്തിനും അതുവഴി സ്വയം ബലിദാനത്തിനും ഞാന്‍ തീരുമാനിച്ചത്. ഒരു കുഞ്ഞ് അമ്മക്കരികിലേക്കെന്ന പോലെ ഞാനിതാ കഴുമരത്തിലേക്ക് നടക്കാന്‍ കാത്തിരിക്കുന്നു.”
1915 ജനുവരി 11-ാം തീയതി, നിറഞ്ഞ പുഞ്ചിരിയോടെ ഭായി മേവാസിംഗ് ന്യൂ വെസ്റ്റ്മിനിസ്റ്റര്‍ ജയിലിനുള്ളിലെ കഴുമരത്തിലേക്ക് നടന്നു. കഴുമരത്തിനെ ചുംബിച്ച ശേഷം വരണമാല്യം പോലെ കൊലക്കയര്‍ കഴുത്തിലണിഞ്ഞു.
എന്താണ് വില്യം ചാള്‍സ് ഹോപ്കിന്‍സണ്‍ എന്ന ഉദ്യോഗസ്ഥനെ കൊന്നുകളയാന്‍ ഭായി മേവാസിംഗിനെ പ്രേരിപ്പിച്ചത്?
വിപ്ലവം… ഗദ്ദര്‍
ഗദ്ദര്‍ എന്നത് വിപ്ലവം എന്നര്‍ത്ഥം വരുന്ന ഒരു പഞ്ചാബി വാക്കാണ്.
1903 മുതല്‍ കാനഡയിലേയും അമേരിക്കയിലേയും വന്‍ തോട്ടങ്ങളിലേക്കും മരം മുറിക്കല്‍ വ്യവസായങ്ങളിലേക്കും ജോലിക്കെത്തിയ ഇന്ത്യക്കാരില്‍ പലരും അവിടെ തന്നെ സ്ഥിരതാമസമാക്കി. ഇവരില്‍ ബഹുഭൂരിപക്ഷവും സിഖുകാര്‍ ആയിരുന്നു. കൊടിയ വംശീയ വിദ്വേഷമാണ് അവര്‍ക്ക് അനുഭവിക്കേണ്ടി വന്നത്. കാനഡയില്‍ നിന്ന് അവരെ കൂട്ടത്തോടെ നാടുകടത്താന്‍ പോലും അധികൃതര്‍ പദ്ധതികള്‍ ഉണ്ടാക്കി.
ആ സമയത്താണ് ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്.
ഗദ്ദര്‍ പാര്‍ട്ടി അതിലൊന്നായിരുന്നു. അമേരിക്കയില്‍ താമസിച്ച് പ്രവര്‍ത്തിച്ചിരുന്ന ലാലാ ഹര്‍ദയാല്‍, താരക്‌നാഥ് ദാസ് തുടങ്ങിയ വിപ്ലവകാരികളുടെ ആശയങ്ങള്‍ കാനഡയിലെ ഇന്ത്യന്‍ വംശജരിലും മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കാനുള്ള ദാഹം വളര്‍ത്തി. ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്ന് വിരമിച്ച സൈനികരെ ഉപയോഗിച്ച് ഒരു സായുധ വിപ്ലവമായിരുന്നു ഗദ്ദര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സച്ചിന്‍ സന്യാലിനെപ്പോലെയുള്ള വിപ്ലവകാരികള്‍ പഞ്ചാബില്‍ സഞ്ചരിച്ച് സ്ഥിതി വിലയിരുത്തി. റാഷ് ബിഹാരി ബോസും അമേരിക്കയിലെത്തി ഗദ്ദര്‍ പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്നു.
കൊമഗാട്ടാ മാരു അഥവാ ഗുരു നാനാക് കപ്പല്‍
ഈ സമയത്താണ് കാനഡയിലെ സിഖുകാരില്‍ കൊടിയ അമര്‍ഷത്തിനു കാരണമായ കൊമഗാട്ടാ മാരു കപ്പല്‍ സംഭവം നടക്കുന്നത്. നാനൂറോളം ഇന്ത്യാക്കാരുമായി കാനഡയിലേക്ക് കുടിയേറ്റം നടത്താന്‍ കൊല്‍ക്കൊത്തയില്‍ നിന്ന് യാത്രപുറപ്പെട്ട കപ്പലായിരുന്നു കൊമഗാട്ട മാരു. ഇവരില്‍ ഭൂരിഭാഗവും സിഖുകാര്‍ തന്നെയായിരുന്നു. കാനഡയില്‍ അന്ന് ചെല്ലുന്നവരെയെല്ലാം കുടിയേറ്റം നടത്താന്‍ അനുവദിക്കുന്ന സമയമായിരുന്നു. കൃഷി ചെയ്യാന്‍ സൗജന്യമായി സ്ഥലവും മറ്റ് സൗകര്യങ്ങളും എല്ലാം കുടിയേറാന്‍ തയ്യാറായ വെള്ളക്കാര്‍ക്ക് ലഭിച്ചു പോന്നു.
എന്നാല്‍ ഇന്ത്യന്‍ വംശജര്‍ക്ക് ആ സൗകര്യങ്ങള്‍ നല്‍കാന്‍ വംശീയ വിദ്വേഷികളായ കനേഡിയന്‍ അധികൃതര്‍ സമ്മതിച്ചില്ല. അവര്‍ കാനഡയുടെ ബ്രിട്ടീഷ് കൊളംബിയ തീരത്തുനിന്ന് കൊമഗാട്ടമാരുവിനെ യുദ്ധക്കപ്പലുകള്‍ ഉപയോഗിച്ച് തള്ളിമാറ്റി. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ദുരിതയാത്ര കഴിഞ്ഞ് തിരികെ കൊല്‍ക്കൊത്തയില്‍ എത്തിയപ്പോള്‍ കപ്പലിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. അറസ്റ്റ് ചെയ്യുന്നതിനിടെ നടന്ന സംഘര്‍ഷത്തില്‍ പോലീസ് വെടിയുതിര്‍ക്കുകയും പത്തൊന്‍പത് യാത്രക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇത് പഞ്ചാബിലും കാനഡയിലുമുള്ള സിഖ് വംശജരില്‍ കൊടിയ അമര്‍ഷമാണുണ്ടാക്കിയത്. കാനഡയില്‍ അപ്പോള്‍ത്തന്നെ സ്ഥിരതാമസമാക്കിയവരുടെ ബന്ധുക്കളായിരുന്നു കൊമഗാട്ട മാരുവില്‍ കൂടുതലും ഉണ്ടായിരുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റേയും ബ്രിട്ടീഷ് അധികൃതരുടെയും മനുഷ്യത്വമില്ലായ്മയും വംശീയതയും സിഖുകാരില്‍ കടുത്ത വിദ്വേഷം പടര്‍ത്തി. കാനഡയില്‍ ഗദ്ദര്‍ പ്രസ്ഥാനം വേരുപിടിക്കാന്‍ ഇതും സഹായകമായി.
ഇങ്ങനെ ഗദ്ദര്‍ പ്രസ്ഥാനം വേരുപിടിച്ച സമയത്താണ് അതിനെ ഇല്ലാതാക്കാന്‍ ഇന്ത്യയിലെ ബ്രിട്ടീഷ് പോലീസ് സര്‍വീസില്‍ നിന്ന് വില്യം ചാള്‍സ് ഹോപ്കിന്‍സണ്‍ കാനഡയിലെത്തുന്നത്. രഹസ്യപ്പോലീസുകാരനായ അയാള്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ എന്ന തസ്തികയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഒറ്റുകാര്‍
കൊമഗാട്ടാ മാരു സംഭവത്തിനു ശേഷം ഗദ്ദര്‍ പ്രവര്‍ത്തനങ്ങള്‍ വലിയതോതില്‍ നടക്കാന്‍ തുടങ്ങി. അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടി ഗദ്ദര്‍ വിപ്ലവകാരികള്‍ പല ആവിക്കപ്പലുകളിലായി പസഫിക് സമുദ്രം വഴി ഇന്ത്യയിലേക്ക് തിരിച്ചു തുടങ്ങിയിരുന്നു. ഇതിനിടെ കാനഡയിലെ സിഖുകാരില്‍ കുറച്ചാള്‍ക്കാരെ വില്യം ചാള്‍സ് ഹോപ്കിന്‍സണ്‍ തന്റെ ഒറ്റുകാരായി വളര്‍ത്തിയെടുത്തു.
അതോടെ വാന്‍കൂവറിലെ സിഖ് സമൂഹത്തില്‍ ആശങ്കകള്‍ ഉടലെടുത്തു. ഹോപ്കിന്‍സണ്‍ ഒന്നിലധികം ഒറ്റുകാരെ സിഖ് സമൂഹത്തില്‍ നിന്ന് തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്ന് എല്ലാവര്‍ക്കും മനസ്സിലായിരുന്നു. കനേഡിയന്‍ പോലീസിന്റേയും അധികൃതരുടേയും സഹായത്തോടെ ഹോപ്കിന്‍സണ്‍ തന്റെ വരുതിക്ക് വരാത്തവരെ അന്യായമായി പീഡിപ്പിക്കാനും തുടങ്ങി. കള്ളക്കേസുകള്‍ ചുമത്താനും കേസുകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒറ്റുകാരായി കൂടണമെന്ന് നിര്‍ബന്ധിക്കാനും തുടങ്ങി. ഗദ്ദര്‍ പാര്‍ട്ടി അംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തുകള്‍ അയക്കാനും പലരേയും വകവരുത്താനും ശ്രമമുണ്ടായി. ഇതിനെല്ലാം കനേഡിയന്‍ അധികൃതരും കൂട്ടുനിന്നു. ഒറ്റുകാരാവുന്നവര്‍ക്ക് കനേഡിയന്‍ അധികൃതരില്‍ നിന്ന് പലവിധ ആനുകൂല്യങ്ങളും ലഭിച്ചു.
1914 ഓഗസ്റ്റ് 31-ാം തീയതി. ഹോപ്കിന്‍സന്റെ ഒരു ഒറ്റുകാരനായ ഹര്‍നാം സിംഗിനെ റെയില്‍വേ പാതക്കരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു ഒറ്റുകാരനായ അര്‍ജ്ജുന്‍ സിംഗിനെ കഴുത്തില്‍ വെടിയുണ്ട തറച്ച് കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. അതോടെ ഒറ്റുന്നവര്‍ കൊല്ലപ്പെടും എന്നൊരു ഭീതി ഉണ്ടായി. വില്യം ഹോപ്കിന്‍സണ്‍ അതിനോട് പ്രതികരിച്ചത് ക്രൂരമായ നിലയിലാണ്.
1914 സെപ്റ്റംബര്‍ അഞ്ചിന് ഖല്‍സാ ദിവാന്‍ സൊസൈറ്റിയുടെ പ്രസിഡന്റും വാങ്കൂവറിലെ ഇന്ത്യന്‍ സമൂഹത്തിലെ സര്‍വ്വസമ്മതനായ നേതാവുമായ ഭായി ഭാഗ് സിംഗ് ബിക്കിവിനിനേയും ഭായി ബാറ്റന്‍ സിംഗിനേയും വില്യം ഹോപ്കിന്‍സണിന്റെ ശിങ്കിടിയായ ബേലാ സിംഗ് ഗുരുദ്വാരയില്‍ കയറി വെടിവച്ചു കൊലപ്പെടുത്തി. ഗുരുദ്വാരയില്‍ പൂജ നടക്കുന്നതിനിടെ കയറിച്ചെന്ന് പോയിന്റ് ബ്‌ളാങ്കിലാണ് ഇരുവരേയും ബേലാസിംഗ് വെടിവച്ച് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന്റെ വിചാരണ നടക്കുന്നതിനിടെ സാക്ഷി പറയാനാണ് വില്യം ഹോപ്കിന്‍സണ്‍ കോടതിയില്‍ എത്തിയത്. ബേലാ സിംഗ് സ്വയരക്ഷയ്ക്ക് വെടിവച്ചെന്നായിരുന്നു വില്യം ഹോപ്കിന്‍സണ്‍ കള്ളസാക്ഷി പറഞ്ഞത്.
എന്താണ് വില്യം ചാള്‍സ് ഹോപ്കിന്‍സണ്‍ എന്ന ഉദ്യോഗസ്ഥനെ കൊന്നുകളയാന്‍ ഭായി മേവാസിംഗിനെ പ്രേരിപ്പിച്ചത് എന്നായിരുന്നു ചോദ്യം. കാരണം ഇതാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരേയും സാമ്രാജ്യത്വത്തിനെതിരേയും ഉയര്‍ന്ന് വന്ന സ്വദേശാഭിമാനം ഒറ്റുകാരെക്കൊണ്ട് ഇല്ലാതാക്കാനും വീരന്മാരായ സിഖ് സമൂഹത്തെ ഭീതിപ്പെടുത്താനും സാമ്രാജ്യത്വത്തിന്റെ കൈയ്യാളായ വില്യം ഹോപ്കിന്‍സണും കനേഡിയന്‍ സര്‍ക്കാരും ശ്രമിച്ചു. ഗുരുദ്വാരയില്‍ കയറി അവിടത്തെ പ്രബന്ധകനെ അയാളുടെ കൈയ്യാളുകള്‍ കൊലപ്പെടുത്തി. അതാണ് രണ്ട് റിവോള്‍വറുമായി കോടതിവരാന്തയിലെത്തി വില്യം ഹോപ്കിന്‍സനെതിരേ വെടിയുതിര്‍ക്കാന്‍ ഭായി മേവാസിംഗിനെ പ്രേരിപ്പിച്ചത്.
കാനഡയിലെ ശിഖരുടെ ചരിത്രം അന്നുമുതലേ അങ്ങനെയാണ്. ഒരു വശത്ത് സ്വദേശാഭിമാനികളായ ധീരന്മാരുടെയും മറുവശത്ത് ഒറ്റുകാരുടെയും കഥകള്‍. ഒരു ചാര സിനിമയില്‍ എന്ന പോലെ സ്‌തോഭജനകമായ സംഭവങ്ങള്‍.
കാനഡ ഇന്ന് ലോകമനുഷ്യാവകാശനിയമങ്ങളുടെ അപ്പോസ്തലന്‍ ഒക്കെയായി നടിക്കുന്നുണ്ടെങ്കിലും അവിടെ ഒളിഞ്ഞും തെളിഞ്ഞും നടന്നിട്ടുള്ള ക്രൂരതകളുടെ എണ്ണമെടുത്താല്‍ മറ്റേതൊരു രാജ്യത്തേയും കവച്ചുവയ്ക്കും. തദ്ദേശീയജനതയെ വംശഹത്യ ചെയ്‌തെത്തിയ വെള്ളക്കാരായ കുടിയേറ്റക്കാര്‍ പിന്നീട് അവരുടെ സംസ്‌കാരം പോലും തുടച്ചുനീക്കാന്‍ കഴിഞ്ഞ പതിറ്റാണ്ടുകളുടെ ഒടുവില്‍പ്പോലും ശ്രമിച്ചതിന്റെ തെളിവുകള്‍ നിരവധിയാണ്. 2004ല്‍ പോലും അവിടത്തെ തദ്ദേശീയ ജനതയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന വംശീയ-ലൈംഗിക പീഡനങ്ങളെപ്പറ്റി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അവിടെ കുടിയേറിയ ഇന്ത്യന്‍ വംശജരോട് ഇന്നും ഭരണകൂടത്തിന്റെ നിലപാട് വംശീയത നിറഞ്ഞതാണ്.
ഈ വംശീയ അജണ്ടകളുടെ ഭാഗമായാണ് കാനഡയിലെ ഇന്ത്യന്‍ സമൂഹത്തില്‍ ഒറ്റുകാരെ വളര്‍ത്തിയെടുത്തത്. ഗദ്ദര്‍ പാര്‍ട്ടിയുടെ ഭാഗമായ ധീരദേശാഭിമാനികള്‍ ഒറ്റുകാരില്‍ പലരേയും അതിലുപരി വില്യം ഹോപ്കിന്‍സണിനെപ്പോലെയുള്ള രഹസ്യപ്പോലീസുകാരേയും വകവരുത്തിയതോടെ അതിനൊരു അറുതി വന്നതാണ്.
കാനഡയിലും അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലുമുള്ള സിഖുകാരും ഗുരുദ്വാരകളും ദേശാഭിമാനികളായ സിഖുകാരുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. 1970കള്‍ വരെ ഇന്ത്യയോട് വളരെയടുത്ത സിഖ് സമൂഹമാണ് അവിടെയുണ്ടായിരുന്നത്. ഗദ്ദരി ബാബകള്‍ (ചെറുപ്പത്തില്‍ ഗദ്ദര്‍ പാര്‍ട്ടി നേതാക്കളായിരുന്ന അപ്പൂപ്പന്മാര്‍) സിഖുകാരുടെയും മറ്റ് ഭാരതീയരുടെയും ഇടയില്‍ വിളക്കുകളായി ജീവിച്ചു.
കഥ തുടരുന്നത് ന്യൂദല്‍ഹിയിലാണ്
1 അക്ബര്‍ റോഡ്, ന്യൂദല്‍ഹി
ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നില്‍ക്കുന്ന ലോക് കല്യാണ്‍ മാര്‍ഗിനോട് ചേര്‍ന്ന പാതയാണ് അക്ബര്‍ റോഡ്. പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് ഒരു മിനിറ്റു പോലും വേണ്ട ഒന്നാം നമ്പര്‍ അക്ബര്‍ റോഡിലെ മാളികയിലെത്താന്‍. നെഹ്രു കുടുംബത്തിന്റെ അധീനതയിലുള്ള ഈ വസതി ഇന്ന് ഇന്ദിരാഗാന്ധി ട്രസ്റ്റിന്റെ ആസ്ഥാനമാണ്. 1970 കളില്‍ ഈ വസതിയായിരുന്നു ഇന്ത്യയിലെ ഉപജാപകങ്ങളുടെ ആസ്ഥാനം.
മഹാറാണിയായ ഇന്ദിരാഗാന്ധിയുടെ ഇളയമകന്‍ മുപ്പതു വയസ്സ് പോലും തികയാത്ത സഞ്ജയ് ഗാന്ധിയായിരുന്നു അവിടത്തെ അധികാരകേന്ദ്രവും മഹാരാജാവും. കമല്‍നാഥിനെപ്പോലെയുള്ള സര്‍വസൈന്യാധിപര്‍. ജഗദീശ് ടൈറ്റ്‌ലറെപ്പോലെയുള്ള കൈയ്യാളുകള്‍…
ഒപ്പം മഹാമന്ത്രിമാരായി പഞ്ചാബ് മുഖ്യമന്ത്രി സെയില്‍സിംഗ്, ഹരിയാന മുഖ്യമന്ത്രി സി.എം ബന്‍സി ലാല്‍, സിവില്‍ സര്‍വീസിലേയും പോലീസ് സര്‍വീസിലേയും വിശ്വസ്തര്‍ എന്നിവരടങ്ങുന്ന ഉപജാപകവൃന്ദം. അവരായിരുന്നു എഴുപതുകളിലും എണ്‍പതുകളിലും ഇന്ത്യയെന്ന മഹായന്ത്രത്തെ നിയന്ത്രിച്ചിരുന്നത്.
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും അതിന്റെ കിരാതനടപടികളിലും ഈ അക്ബര്‍ റോഡ് ഗ്യാംഗിനുണ്ടായിരുന്ന പങ്ക് പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ.
അടിയന്തിരാവസ്ഥയ്ക്ക് മുന്‍പ് 1971 ലെ അഞ്ചാം പഞ്ചാബ് നിയമസഭ പ്രകാശ് സിംഗ് ബാദലിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ അകാലിദളിനെ പിന്തുണച്ച് ജനസംഘം ഭരണപക്ഷത്തുണ്ടായിരുന്നു. സിഖുകാരുടെ പാര്‍ട്ടിയായ അകാലിദളും പഞ്ചാബില്‍ ഏകദേശം പകുതിയോളം വരുന്ന സിഖുകാരല്ലാത്ത ഹിന്ദുക്കള്‍ പിന്തുണച്ചിരുന്ന പാര്‍ട്ടിയായ ജനസംഘവും തമ്മിലുള്ള കൂട്ടുമുന്നണിയെ കോണ്‍ഗ്രസ് സംശയദൃഷ്ടിയോടെയാണ് കണ്ടിരുന്നത്. 71 ലെ പഞ്ചാബ് ഗവണ്‍മെന്റ് ഒരു കൊല്ലത്തിനകം പൊളിഞ്ഞു. 1972ലെ തിരഞ്ഞെടുപ്പില്‍ സിഖ് മത പുരോഹിതന്‍ (ഗ്യാനി) ആയ സെയില്‍ സിംഗിനെ മുന്നില്‍ നിര്‍ത്തിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വോട്ടു തേടിയത്. സെയില്‍സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയായ ഉടനേ പഞ്ചാബിലെ ഗുരുദ്വാരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 577 കിലോമീറ്ററുള്ള ഗുരുഗോബിന്ദ് സിംഗ് പാത ഉദ്ഘാടനം ചെയ്യുകയാണ് സെയില്‍സിംഗ് ചെയ്തത്. അകാലിദള്‍ അല്ല, സിഖ്കാരുടെ ഏറ്റവും വലിയ നേതാവ് താനാണെന്ന് വരുത്തുകയായിരുന്നു സെയില്‍സിംഗിന്റെ ആവശ്യം.
(തുടരും)