രാഷ്ട്രീയ സ്വയംസേവക സംഘം നൂറ്റാണ്ടിലേക്ക് എത്താന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ 80 വര്‍ഷക്കാലമായി സംഘത്തോടൊപ്പം സഞ്ചരിച്ച് സംഘമായി മാറിയ ആര്‍. ഹരി ഇഹലോകവാസം വെടിഞ്ഞിരിക്കുകയാണ്. സംഘ സിദ്ധാന്തങ്ങള്‍ സാധാരണക്കാര്‍ മനസ്സിലാക്കിയത് സംഘത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ആദ്യകാല പ്രചാരകന്മാരിലൂടെയാണ്. അത്തരം പ്രചാരക പരമ്പരയിലെ ഉജ്ജ്വലമായ ഒരു മാതൃകയാണ് കഴിഞ്ഞ ഒക്ടോബര്‍ 29ന് ഇഹലോകവാസം വെടിഞ്ഞ ആര്‍.ഹരി. രാഷ്ട്രവൈഭവത്തിന് ആധാരം ഹിന്ദുത്വ ദേശീയതയാണ് എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തന വഴിയിലേക്ക് എത്തിയ ആദ്യകാല പ്രചാരകനായിരുന്നു ഹരിയേട്ടന്‍. ഏതൊരു പ്രസ്ഥാനത്തിന്റെയും വിജയത്തിന് പ്രത്യയശാസ്ത്ര സംബന്ധമായ കൃത്യതയും വ്യക്തതയും അനിവാര്യമാണ്. സംഘസ്ഥാപകനായ ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ സംഘ സിദ്ധാന്തങ്ങളുടെ ആള്‍രൂപം ആയിരുന്നു എങ്കിലും ആ സിദ്ധാന്തങ്ങളെ വ്യാഖ്യാനിച്ച് ലോകത്തിന് ബോധ്യപ്പെടുത്തിയത് ദ്വിതീയ സര്‍സംഘചാലയിരുന്ന ഗുരുജി ഗോള്‍വല്‍ക്കര്‍ ആയിരുന്നു. ഗുരുജിയുമായുള്ള അടുത്ത സഹവാസം ഹരിയേട്ടനെ സംഘ സിദ്ധാന്തങ്ങളുടെ പ്രമുഖ വ്യാഖ്യാതാക്കളില്‍ ഒരാളാക്കിമാറ്റി എന്നു പറയാം. പത്താംതരത്തില്‍ പഠിക്കുമ്പോള്‍ കൊച്ചി മഹാരാജാവിന്റെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ച പ്രതിഭാധനനായ വിദ്യാര്‍ത്ഥി കേവലം 13 വയസ്സുള്ളപ്പോള്‍ സംഘപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനാവുകയും സംഘ സിദ്ധാന്തങ്ങളുടെ പ്രമുഖ വ്യാഖ്യാതാവായി മാറുകയും ചെയ്തത് പില്‍ക്കാല ചരിത്രം. അപാരമായ മേധാശക്തിക്കുടമയായിരുന്ന ഹരിയേട്ടന് നിരവധി ഭാരതീയ ഭാഷകള്‍ക്കു പുറമെ ഇംഗ്ലീഷും അയത്‌നലളിതമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടു കൂടിയാവാം സംഘത്തിന്റെ ആഗോള പ്രവര്‍ത്തനത്തിന്റെ മുഖമായ വിശ്വ വിഭാഗിന്റെ പ്രവര്‍ത്തന കാര്യങ്ങള്‍ ശ്രദ്ധിക്കാനും ഇടക്കാലത്ത് ഹരിയേട്ടന്‍ നിയുക്തനായത്.
സംഘം ശൈശവാവസ്ഥയിലായിരുന്ന കാലത്തു തന്നെ സംഘ പ്രസ്ഥാനത്തില്‍ ചേരുകയും സംഘത്തോടൊപ്പം വളരുകയും ചെയ്ത വ്യക്തികളില്‍ ഒരാളായിരുന്നു ഹരിയേട്ടന്‍. അരക്ഷിതമായ ഒരു വഴിയെ സധൈര്യം തിരഞ്ഞെടുക്കാന്‍ ഹരിയേട്ടനെപ്പോലുള്ളവര്‍ അക്കാലത്ത് കാട്ടിയ മനസ്സാണ് ഇന്ന് സംഘ മഹാവൃക്ഷമായി ഭാരത മഹാരാഷ്ട്രത്തിന് തണലേകുന്നത്. ഗാന്ധി വധമെന്ന ആരോപണമുന്നയിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തെ ശൈശവത്തില്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ പോരാടി ജയില്‍വാസം വരെ വരിച്ച ഹരിയേട്ടനെപ്പോലുള്ള ആദ്യകാല പ്രവര്‍ത്തകരുടെ വിയര്‍പ്പില്‍ കുഴച്ചെടുത്ത് പണിഞ്ഞതാണ് ഇന്ന് കാണുന്ന സംഘമെന്ന മഹാസൗധം. ഭാരത ജനാധിപത്യത്തെ എന്നന്നേയ്ക്കുമായി ഉച്ചാടനം ചെയ്യാന്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെ ശ്രമിച്ചപ്പോള്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്തവരിലൊരാള്‍ എന്ന നിലയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട വ്യക്തിത്വങ്ങളിലൊരാളായിരുന്നു ആര്‍.ഹരി. വീടുകള്‍ ഒളിയിടങ്ങളാക്കി കൊണ്ട് അടിയന്തരാവസ്ഥാ പോരാട്ടം നയിക്കാന്‍ സംഘത്തിനായത് വീടുകളുമായി സംഘ പ്രവര്‍ത്തകര്‍ പുലര്‍ത്തിയ ആത്മീയ ബന്ധം ഒന്നുകൊണ്ടു മാത്രമായിരുന്നു. ഓരോ വീടിനേയും സംഘവീടാക്കി മാറ്റുന്ന രാസ വിദ്യ ഹരിയേട്ടനെപ്പോലുള്ള ആദ്യകാല പ്രചാരകന്മാരില്‍ നിന്നായിരുന്നു പില്‍ക്കാല സംഘ പ്രവര്‍ത്തകര്‍ പഠിച്ചത്.
കമ്മ്യൂണിസ്റ്റ് സ്വാധീനത്തിന്റെ നീരാളിപ്പിടുത്തത്തിലായിരുന്ന കേരളത്തിന്റെ മണ്ണില്‍ സംഘാശയം നട്ടുമുളപ്പിക്കുക എന്ന ദുഷ്‌ക്കരക്യത്യമായിരുന്നു ഹരിയേട്ടനെപ്പോലുള്ള ആദ്യകാല പ്രചാരകന്‍മാരുടെ മുന്നിലുയര്‍ന്ന ആദ്യ വെല്ലുവിളി. കമ്മ്യൂണിസമാണ് ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠവും ശാസ്ത്രീയവുമായ സാമൂഹ്യ രാഷ്ട്രീയ സിദ്ധാന്തം എന്ന വാദഗതിയെ തച്ചുതകര്‍ക്കുന്നതില്‍ ഹരിയേട്ടനെപ്പോലുള്ള മഹാമനീഷികള്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രതിയോഗികളോട് പരസ്യ വിമര്‍ശനങ്ങള്‍ക്ക് നില്‍ക്കാതെ സ്വയംസേവകരെ ബൗദ്ധികമായി ബലപ്പെടുത്തുക എന്ന സംഘ ശൈലി സൃഷ്ടിക്കുന്നതില്‍ ഹരിയേട്ടന് വലിയ പങ്കുണ്ട്. ആശയസംവാദത്തിന്റെ മാര്‍ഗ്ഗത്തില്‍ ജയിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ അക്കാലത്തെ കമ്മ്യൂണിസ്റ്റുകള്‍ ഹിംസയുടെ കൊടുവാളുമായി കൊലക്കളം തീര്‍ക്കാന്‍ ആരംഭിച്ചു. തൊണ്ണൂറുകളില്‍ ഇരു ഭാഗത്തുമായി നിരവധി പേര്‍ മരിച്ചുവീണപ്പോള്‍ അന്ന് കേരള പ്രാന്തപ്രചാരകായിരുന്ന ഹരിയേട്ടനും പി. പരമേശ്വര്‍ജിയും ചേര്‍ന്ന് സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തു. മുഖ്യമന്ത്രി നായനാരുമായി ദില്ലിയില്‍ വച്ച് സമാധാന ചര്‍ച്ച നടത്തുകയും ഉണ്ടായി. താത്കാലികമായെങ്കിലും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ ഇതുകൊണ്ടായി.
ഹരിയേട്ടന്റെ പ്രഭാഷണങ്ങളിലൊന്നും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെയോ വ്യക്തികളെയോ വെല്ലുവിളിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നതായി കണ്ടിട്ടില്ല. എന്നാല്‍ സംഘ സിദ്ധാന്തങ്ങളെ ലളിതവും ജീവിതഗന്ധിയുമായ ഉദാഹരണങ്ങളിലൂടെ നര്‍മ്മ മധുരമായി പ്രവര്‍ത്തകന്റെ മനസ്സിലേക്ക് ആഴത്തില്‍ പതിപ്പിക്കുന്ന കലാവിദ്യ അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. വിവിധ ഭാഷകളിലായി അദ്ദേഹമെഴുതിയ അറുപതോളം ഗ്രന്ഥങ്ങളിലൂടെ ഹരിയേട്ടന്റെ ആത്മാവ് അനശ്വര സംവാദങ്ങള്‍ തുടരുക തന്നെ ചെയ്യും. 1991 മുതല്‍ അഖില ഭാരതീയ ചുമതലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ഹരിയേട്ടന്‍ സംഘത്തിന്റെ സൈദ്ധാന്തിക അടിത്തറ വിപുലപ്പെടുത്തുന്നതില്‍ വലിയ സംഭാവനകള്‍ നിര്‍വഹിക്കുകയുണ്ടായി. തന്റെ സാന്നിദ്ധ്യം കൊണ്ട് അഞ്ചു ഭൂഖണ്ഡങ്ങളിലെ ഹിന്ദു ദേശീയ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുത്തിരുന്നു. കൊറോണയുടെ പിടിയില്‍ ലോകം അമര്‍ന്നപ്പോള്‍ നിരവധി രാജ്യങ്ങളിലെ സ്വയംസേവകര്‍ക്ക് ഓണ്‍ലൈനായി ദിശാദര്‍ശനം നടത്താന്‍ ആജ്ഞാന വൃദ്ധന്‍ തയ്യാറായി. അഞ്ച് സര്‍സംഘചാലകന്‍മാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഹരിയേട്ടന്‍ സംഘ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഭീഷ്മപിതാമഹ തുല്യനായിരുന്നു. കേസരി വാരികയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രചോദനമേകിയിരുന്ന ഹരിയേട്ടന്‍ തന്റെ രചനകള്‍ എല്ലാം തന്നെ ആദ്യമായി പങ്കുവച്ചത് കേസരി വായനക്കാരുമായി ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ, ആറു പകലുകള്‍ നീണ്ട അഭിമുഖം കേസരിക്ക് അനുവദിച്ചത് അടുത്ത കാലത്താണ്. ചുമതലകളെല്ലാം ഒഴിഞ്ഞ വിശ്രമ കാലത്തും രോഗ കിടക്കയിലും അദ്ദേഹം നിരന്തരമായ ഗ്രന്ഥ രചനകളിലായിരുന്നു എന്നു പറയുമ്പോള്‍ ആ പ്രതിഭയുടെ തീഷ്ണത എത്രത്തോളമുണ്ടെന്ന് അനുമാനിക്കാന്‍ കഴിയും. സംഘ പഥത്തിലെ ആ നിസ്സംഗ സഞ്ചാരിയുടെ ഓര്‍മ്മകള്‍ ഇനി ഹരിചന്ദന ഗന്ധമായി നമ്മോടൊപ്പമുണ്ടാവും. ആ പാവനാത്മാവിന്റെ സ്മൃതികള്‍ക്കു മുന്നില്‍ കേസരി വാരികയുടെ ആദരാഞ്ജലികള്‍…!