Monday, December 11, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം

നെല്ലിന്റെ പിറന്നാള്‍

അജിത്കുമാര്‍ എസ്.

Print Edition: 20 October 2023

എങ്ങുനിന്നോ ഒരു കൊയ്ത്ത്പാട്ട് ഒഴുകി വരുന്നു. സുവര്‍ണമായ ഗതകാല സ്മരണയുടെ നിലവിളി പോലെ പാടവും പത്തായവും ഒരുപോലെ നിറഞ്ഞു കവിഞ്ഞ ഭൂതകാലം ഇന്ന് നമ്മെ നോക്കി പല്ലിളിക്കുന്നു. അന്യസംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനമുണ്ടായാല്‍, ലോറി സമരമുണ്ടായാല്‍, ഇന്ധനവില കൂടിയാല്‍ നമ്മുടെ അരിക്കലത്തില്‍ തിളയ്ക്കുന്നത് അരിയല്ല, അമ്മയുടെ മനസ്സാണ്.

നെല്ല് നമുക്ക് കേവലമൊരു ധാന്യമല്ല. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്. കന്നിമാസത്തിലെ മകം നാളാണ് നെല്ലിന്റെ പിറന്നാള്‍ ആയി കൊണ്ടാടുന്നത്. കന്നി മാസത്തില്‍ നെല്‍കൃഷി ഇറക്കുന്ന സമയമായതുകൊണ്ടാകാം ‘മകം പിറന്ന മങ്ക’ പിറന്നാള്‍ ആഘോഷിക്കുന്നത്. 2004 ‘അന്താരാഷ്ട്ര നെല്ല് വര്‍ഷ’ മായി ഐക്യരാഷ്ട്ര സഭ ആചരിച്ചു. ‘ഒറൈസ സ്റ്റൈവ’ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ധാന്യവിളകളുടെ രാജാവിന് ഒറൈസോണ്‍ എന്ന് പേരിട്ടത് അരിസ്റ്റോട്ടിലാണ്.

നെല്ലിന്റെ ജന്മദേശം എവിടെയാണെന്നത് ഇന്നും തര്‍ക്കവിഷയമായി തുടരുന്നു. ആഫ്രിക്ക എന്നാണ് പൊതുവെ അംഗീകരിച്ച് സിലബസുകളില്‍ കാണുന്നത്. എന്നാല്‍ ബിസി 400ല്‍ മാത്രമാണ് പൗരസ്ത്യദേശങ്ങളിലും ആഫ്രിക്കയിലും നെല്‍കൃഷി വ്യാപകമായിട്ടുള്ളത്. ലോക ജനസംഖ്യയുടെ പകുതിയിലേറെ ആളുകളുടെ മുഖ്യാഹാരമായ നെല്ലിനെ കുറിച്ച് ആദ്യ പരാമര്‍ശങ്ങള്‍ കാണുന്നത് യജുര്‍വേദത്തിലാണ്. വേദങ്ങളില്‍ ‘വ്രീഹി’ എന്ന് അറിയപ്പെടുന്ന വിളയാണ് നെല്ല്. ഹിമാലയസാനുക്കളില്‍ പാര്‍വതീ ദേവിയാണ് ഈ വിള ആദ്യമായി നട്ടത് എന്ന ഐതിഹ്യം ഭാരതത്തില്‍ വ്യാപകമാണ്. ക്രിസ്തുവിന് മുമ്പുള്ള കാലഘട്ടത്തെ കുറിച്ചുള്ള ബൈബിളിലോ ഈജിപ്തിലെ പുരാതന ലിഖിതങ്ങളിലോ യൂറോപ്പിലോ നെല്ലിനെ കുറിച്ച് പരാമര്‍ശമുള്ളതായി കാണുന്നില്ല. ഏഷ്യയില്‍ ബിസി 5000ന് മുമ്പും തായ്‌ലാന്റില്‍ ബിസി 4000 മുതലും പിന്നീട് ബിസി 330 കാലഘട്ടത്തില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ലോകത്തെ പല ഭാഗങ്ങളിലും നെല്‍കൃഷി വ്യാപകമായി എന്ന് കരുതപ്പെടുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഹസ്തിനപുരിയില്‍ നടന്ന ഖനനത്തില്‍ കണ്ടെത്തിയ ബിസി 1000-750 കാലഘട്ടത്തിലെ നെല്‍ക്കതിരുകളെയാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നെല്ലിന്റെ സാമ്പിളുകളായി കണക്കാക്കിയിട്ടുള്ളത്.

നെല്ലിന്റെ പിറന്നാള്‍ കേരളത്തിന്റെ പല ഭാഗത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. നെപ്രന്നാള്‍, നെല്ലാണ്ട്, നെല്ലൂസം, നെന്‍മയം എന്നിങ്ങനെ. അന്റാര്‍ട്ടിക്ക ഒഴികെ ലോകമെല്ലാം കീഴടക്കിയ ഈ വിള കേരളത്തില്‍ ആദ്യമെത്തിയത് വഞ്ചിനാട്ടിലും പിന്നെ വയനാട്ടിലുമാണെന്നാണ് നിഗമനം. വയനാട്ടിലെ പരമ്പരാഗത കര്‍ഷകര്‍ പാലോട്ട് തറവാട് കേന്ദ്രീകരിച്ച് ഇന്ന് നടത്തുന്ന പിറന്നാള്‍ ആഘോഷങ്ങളിലേക്ക് ചുരുങ്ങിപ്പോയി നെല്‍പ്പിറന്നാള്‍ എന്നത് ഖേദകരമാണ്. ഒരു മുറത്തില്‍ നാക്കിലയില്‍ അരിയും പൂവും പ്രസാദവുമായി നിലവിളക്കേന്തി പാടത്തെത്തി, വരമ്പത്ത് കാത്തുനില്‍ക്കുന്ന കാരണവര്‍ തേങ്ങ ഉടച്ച് തെളിനീര്‍ നെല്‍ക്കതിരിലേക്ക് വീഴ്ത്തും. പൂജിച്ച് മുറിച്ചെടുത്ത ഏഴ് പാല്‍ക്കതിരുകള്‍ നാക്കിലയില്‍ മടക്കി തലയില്‍ വെച്ച് നിശ്ശബ്ദമായി മടങ്ങും. ചാണകം മെഴുകിയ കളത്തില്‍ രണ്ടെണ്ണം വെച്ച് ബാക്കി തറവാടിനുള്ളില്‍ പ്രത്യേക സ്ഥാനങ്ങളില്‍ വെച്ച ശേഷം വൈകിട്ടോടെ അവ ഉമ്മറകഴുക്കോലില്‍ കെട്ടിത്തൂക്കിയിടും. കൊയ്ത്ത് കഴിഞ്ഞേ അവ അഴിച്ചു മാറ്റൂ. അന്നേദിവസം എത്തിയ ഏവര്‍ക്കും കുത്തരി സദ്യയും വിളമ്പും.

കന്യാകുമാരിയിലെ നാഞ്ചിനാട്ടില്‍ വെള്ളാളര്‍ കര്‍ഷക സമൂഹം ഈ മകം നാളില്‍ നെല്ല് കുത്തല്‍, നെല്ല് പുഴുങ്ങല്‍, വയല്‍ ഉഴല്‍, കൊടുക്കല്‍ വാങ്ങല്‍ എന്നിവയൊന്നും ചെയ്തിരുന്നില്ല. നെല്ലിന്റെ പിറന്നാള്‍ മധ്യകേരളത്തിലും കുട്ടനാട്ടിലും ആചരിക്കുന്നത് മറ്റൊരു തരത്തിലാണ്. ജന്മിയും കര്‍ഷകനും ഒരേ തോണിയില്‍ കയറി പൂജിച്ച നെന്മണികള്‍ പരസ്പരം കൈമാറും. അലങ്കരിച്ച നെന്‍മണികളെ ഈ വഞ്ചിയില്‍ സഞ്ചരിച്ച് ദേശം കാണിക്കും. അഴിപൂജ, കലംകരി തുടങ്ങിയ ആചാരങ്ങളും അനുഷ്ഠിക്കും. ദക്ഷിണ കേരളത്തിലാണെങ്കില്‍ പാടത്ത് കൊഴിഞ്ഞുവീണ നെന്മണി എട്ടു ദിക്കുകളില്‍ നിന്നും ശേഖരിച്ച് ആര്‍പ്പുവിളികളോടെ എണ്ണയും താളിയും തേച്ച് കുളിപ്പിച്ച് വെയിലില്‍ ഉണക്കി ചന്ദനവും ഭസ്മവും തേച്ച് കാഞ്ഞിരയിലയില്‍ പൊതിഞ്ഞ് പത്തായത്തില്‍ സൂക്ഷിക്കുന്ന രീതിയിലാണ് പിറന്നാളാഘോഷം.

‘ഹാര്‍വസ്റ്റ് ഹോം’ എന്ന ഒരു ചൈനീസ് നാടോടി കഥയുണ്ട്. നെല്‍ക്കതിരില്‍ പണ്ട് പാല്‍ ഉറച്ചിട്ടില്ലായിരുന്നു. മനുഷ്യരുടെ ദാരിദ്ര്യം കണ്ട് ക്വന്‍ഇന്‍ എന്ന ദേവത വയലിലെത്തി മുലചുരത്തി കതിര്‍ നിറച്ചു. ഞെക്കിപ്പിഴിഞ്ഞ കാരണത്താല്‍ പാലിനോടൊപ്പം രക്തവും വന്നതിനാലാണ് ചുവന്ന നെല്ലും വെള്ള നെല്ലും ഉണ്ടായത്. ഭാരതത്തില്‍ സമൃദ്ധിയുടെ പര്യായമായ ലക്ഷ്മീദേവിയുമായി ബന്ധപ്പെട്ടാണ് കഥകള്‍ പ്രചരിക്കുന്നത്.

നെല്ലിന്റെ പിറന്നാളിനെ കുറിച്ച് വിവരിക്കുമ്പോള്‍ പൊതുവായ ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കാതെ നിര്‍വാഹമില്ല. അന്റാര്‍ട്ടിക്ക ഒഴികെ ലോകമെമ്പാടും വളര്‍ന്ന ഈ വിള ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമാണെന്നത് നിസ്തര്‍ക്കമാണ്. സമുദ്ര നിരപ്പില്‍ നിന്ന് 3000ത്തോളം ഉയരമുള്ള നേപ്പാളിലെ പ്രദേശങ്ങളിലും സമുദ്രനിരപ്പില്‍ നിന്ന് മൂന്ന് മീറ്ററോളം താഴെയുള്ള കുട്ടനാട്ടിലും നെല്ല് വളരുന്നു. 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആണ് അനുയോജ്യമായ ഊഷ്മാവ്. നെല്ലിന്റെ താഴ്‌വര (ഡെന്‍ജോങ്) എന്ന് കീര്‍ത്തികേട്ട ഇടമാണ് സിക്കിം. ലോകത്ത് ഏറ്റവുമധികം നെല്ലുല്‍പാദിപ്പിക്കുന്ന ഭൂഖണ്ഡം ഏഷ്യയാണ്. ഉല്പാദനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളുള്ള രാജ്യങ്ങളാണ് യഥാക്രമം ചൈന, ഇന്ത്യ, ഇന്തോനേഷ്യ എന്ന വിവരം ഭാരതീയരായ നമുക്ക് അഭിമാനമാണ്. ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ അരികയറ്റുമതി ചെയ്യുന്ന പദവി നമ്മുടെ ഭാരതത്തിനാണ്. അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രമായ ഫിലിപ്പൈന്‍സിലെ മനിലയിലും ഇന്ത്യയിലെ കേന്ദ്ര നെല്ലുഗവേഷണ കേന്ദ്രമായ ഒഡീഷയിലെ കട്ടക്കിലും നെല്ലിനെക്കുറിച്ചുള്ള ഗവേഷണം കാര്യക്ഷമമായി നടന്നുവരുന്നു. ഇന്ത്യയില്‍ നെല്ലുല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പശ്ചിമബംഗാളും ഇന്ത്യയുടെ ധാന്യപ്പുര എന്ന് അറിയപ്പെടുന്ന പഞ്ചാബും മധ്യഇന്ത്യയുടെ നെല്‍പ്പാത്രം എന്ന് കീര്‍ത്തിക്കേട്ട ഛത്തീസ്ഗഡും അന്നപൂര്‍ണ എന്ന പേരിലും അറിയപ്പെടുന്ന ഇന്ത്യയുടെ നെല്ലറയായ ആന്ധ്രാപ്രദേശും വെളിപ്പെടുത്തുന്നത് ഈ ധാന്യവിളയുടെ ആഗോളസ്വീകാര്യത തന്നെ.
നമുക്ക് നെല്‍പ്പിറന്നാള്‍ ആഘോഷിക്കുന്ന നമ്മുടെ കേരളത്തിലേക്ക് തന്നെ മടങ്ങാം. മുത്തച്ഛനും മുത്തശ്ശിയും ചൊല്ലിത്തന്ന പഴഞ്ചൊല്ലിലും ശൈലിയിലും നെല്ലിനോളം പ്രാധാന്യം മറ്റെന്തിനെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്.

കതിരിന്‍മേല്‍ വളം വയ്ക്കുക, നെല്ലില്‍ പതിരും ചൊല്ലില്‍ പിഴവും, മേടം തെറ്റിയാല്‍ മോടന്‍ തെറ്റി, നെല്ലിനോടുകൂടി പുല്ലും വളരും, ആര്യന്‍ വിതച്ചാല്‍ ഞവരകിളിക്കുമോ, പുത്തരിയില്‍ കല്ല്, വിരിപ്പ് നട്ടുണങ്ങണം, മുണ്ടകന്‍ നട്ടു മുടങ്ങണം എന്നിങ്ങനെ എത്രയോ ശൈലികളാണ് ഇന്നും കാറ്റിലൂയലാടുന്നത്.
ഒരു കാലത്ത് എണ്‍പതോളം നാടന്‍ നെല്‍വിത്തുകള്‍ നമ്മള്‍ കൃഷി ചെയ്തിരുന്നു. കൊച്ചുവിത്ത്, വെളുത്തവട്ടന്‍, കരവാള, ചുവന്ന വട്ടന്‍, പറമ്പുവട്ടന്‍, കറുത്തമോടന്‍, ചുവന്ന മോടന്‍, കട്ടമോടന്‍, അരിമോടന്‍ എന്നിവ അവയില്‍ ചിലത് മാത്രം. എന്നാല്‍ അത്യുല്‍പാദനശേഷിയുള്ള അന്നപൂര്‍ണ, ജയ, അരുണ, ഹ്രസ്വ, രോഹിണി, ത്രിവേണി, കാര്‍ത്തിക, രമണി, ജ്യോതി, സ്വര്‍ണപ്രഭ, ഹര്‍ഷ, മനുപ്രിയ, വര്‍ഷ, ഐശ്വര്യ, വര്‍ണ, ഓണം, ചിങ്ങം, രേവതി തുടങ്ങിയവയുടെ വരവോടെ നാടന്‍ ഇനങ്ങള്‍ അപ്രത്യക്ഷമായി. രസകരമായ കാര്യം ഇവയില്‍ ബഹുഭൂരിപക്ഷവും സ്ത്രീ നാമധാരികളാണ് എന്നുള്ളതാണ്. നെല്ലിനെ മകം പിറന്ന മങ്കയായി കണക്കാക്കുന്നതില്‍ ഒരു തെറ്റുമില്ല. സുഗന്ധ ഇനങ്ങളായ ജീരകശാല, ഗന്ധകശാല, കയ്മ, കസ്തൂരി, ചോമല, രസഗദം, ചെന്നെല്ല്, വേലുമ്പാല, സുഗന്ധമതി എന്നിവയും ഔഷധ ഇനങ്ങളായ ഞവര, എരുമക്കാരി, കുഞ്ഞിനെല്ല്, ചെന്നെല്ല്, കറുത്ത ചന്വാവാ എന്നിവയും വയലേലകളില്‍ ഇടംപിടിച്ചിരിക്കുന്നു. ഇവയില്‍ ഞവര ഭൗമസൂചികയില്‍ ഇടംപിടിച്ച കേരളത്തിലെ തനത് ഔഷധ നെല്ലിനമാണ്. മലബാറിലെ കൈപ്പാടും വയനാട്ടിലെ ജീരകശാലയും ഭൗമസൂചികാപട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പറയുന്ന അറുപത് ദിവസം മൂപ്പുള്ള നെല്ലിനമായ ഷഷ്ടിക ഇന്ന് സൗത്തി എന്ന പേരിലും കൃഷി ചെയ്യുന്നു. നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ബസ്മതിയും അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത ഐആര്‍എട്ട് എന്ന ‘അത്ഭുത നെല്ലും’ അപൂര്‍വ്വമായെങ്കിലും വിളപ്പട്ടികയില്‍ ഉണ്ട്. ഉപ്പിന്റെ അംശമുള്ള ഇടങ്ങളില്‍ കൃഷിചെയ്യുന്ന ‘ഏഴോളം’ നെല്ലിനം കേരള കാര്‍ഷിക സര്‍വകലാശാലയാണ് വികസിപ്പിച്ചത്. മുമ്പ് സൂചിപ്പിച്ചവയ്ക്ക് പുറമെ പാലക്കാട് മട്ട, പൊക്കാളി അരി, വയനാട് ഗന്ധകശാല എന്നീ ഇനങ്ങളും ഭൗമസൂചിക പദവി ലഭിച്ച നമ്മുടെ നെല്ലിനങ്ങളാണ്.

അരിയില്‍ 80% അന്നജവും തവിടില്‍ തയാമിന്‍, വിറ്റാമിന്‍ ബി1 എന്നിവയും അടങ്ങിയിരിക്കുന്നു എന്ന കേവല പുസ്തകജ്ഞാനം കൊണ്ട് മാത്രമല്ല 2008 ആഗസ്റ്റ് 11ന് കേരളത്തിലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം പാസാക്കിയത്. കേരളത്തിന്റെ നെല്ലറ, കേരളത്തിന്റെ നെല്‍ക്കിണ്ണം എന്നെല്ലാം ഖ്യാതിനേടിയ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന പാലക്കാടിനേയും രണ്ടാം സ്ഥാനമുള്ള ആലപ്പുഴയേയും തിരുവിതാംകൂറിന്റെ നെല്ലറയായ നാഞ്ചിനാടിനേയും ഉള്‍പ്പെടെ സംരക്ഷിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് കൂടിയാണ്. കേരളത്തില്‍ നിലവിലുള്ള നാല് നെല്ല് ഗവേഷണകേന്ദ്രങ്ങളായ പാലക്കാട്ടെ പട്ടാമ്പിയും എറണാകുളത്തെ വൈറ്റിലയും ആലപ്പുഴയിലെ കായംകുളം, മങ്കൊമ്പ് എന്നിവയും ഈ ലക്ഷ്യപൂര്‍ത്തീകരണത്തിന് മുതല്‍ക്കൂട്ടായി വര്‍ത്തിക്കുന്നു. 1965 ജനുവരി 1ന് രൂപീകൃതമായ കൃഷികര്‍ഷകമന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക വിലനിര്‍ണയ കമ്മീഷന്‍ നെല്ലിന്റെ താങ്ങുവില ശുപാര്‍ശ ചെയ്ത് നിശ്ചയിക്കുന്നതും ഈ മേഖലയില്‍ നിന്ന് നെല്‍ കര്‍ഷകര്‍ അന്യം നിന്ന് പോകാതിരിക്കാനാണ്.

കാറ്റ് വഴി സ്വയം പരാഗണം നടത്തുന്ന ഈ സസ്യം നമുക്ക് അന്യമായിക്കൂടാ. കന്നിക്കൃഷിയായ മെയ്-ജൂണ്‍ മാസത്തെ വിരിപ്പും രണ്ടാംവിളയായ സപ്തംബര്‍ – ഒക്‌ടോബര്‍ മാസത്തെ മുണ്ടകനും ഗ്രീഷ്മ കാലവിളയായ ഡിസംബര്‍ – ജനുവരിയിലെ മൂന്നാം വിള പുഞ്ചയും ഇനിയും നമ്മുടെ വയലുകളെ വര്‍ഷം മുഴുവന്‍ ഹരിതാഭമാക്കണം. വയനാട്ടിലെ ആദിവാസി ജീവിതവും ഗോത്ര കാര്‍ഷിക സംസ്‌കൃതിയും ഇതിവൃത്തമാക്കിയ പി. വത്സലയുടെ ആദ്യനോവലായ ‘നെല്ല്’ രാമുകാര്യാട്ട് സംവിധാനം ചെയ്ത് സിനിമയാക്കിയപ്പോള്‍ വയലാര്‍ രചിച്ച് ലതാമങ്കേഷ്‌കര്‍ ആലപിച്ച ‘കദളി കണ്‍കദളി ചെങ്കദളി പൂ വേണോ’ എന്ന ഗാനം നമ്മുടെ കതിരുകളെ ഇനിയും തഴുകണം. ഇല്ലം നിറ (ആദ്യം കൊയ്ത് കൊണ്ടുവരുന്ന കതിര്‍കുല പൂജയ്ക്ക് ശേഷം പത്തായത്തില്‍ സ്ഥാപിക്കുന്ന ചടങ്ങ്), ഉച്ചാറല്‍ (കുംഭമാസം വരുന്നതിന് മൂന്ന് ദിവസം മുമ്പ് പച്ച മുളയിലകള്‍ ചേര്‍ത്ത് വെച്ച് പത്തായം ഭദ്രമായി അടച്ച് ഭൂമി പുഷ്പിണിയാകുന്ന മകം നാളില്‍ പത്തായം വീണ്ടും തുറന്നടയ്ക്കുന്ന ചടങ്ങ്). കതിരുവേല (ഓലമെടഞ്ഞുണ്ടാക്കിയ കൂടകള്‍ നെല്‍ക്കതിര്‍ കൊണ്ട് അലങ്കരിച്ച് മുളയില്‍ തൂക്കി പാട്ടുപാടി കൈകോര്‍ത്ത് താളം ചവിട്ടുന്ന ചടങ്ങ്), കതിരുകളെ (നെല്‍ക്കതിര്‍ കൊണ്ട് കാളയുടെ മാതൃകയുണ്ടാക്കി കെട്ടുകാഴ്ചയായി വാദ്യമേളത്തോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ്) എന്നിങ്ങനെ നമ്മുടെ നെല്ലുമായി ബന്ധപ്പെട്ട ഉത്സവങ്ങളെല്ലാം പരമ്പരാഗത പ്രൗഢിയോടെ ഇനിയും കൊണ്ടാടപ്പെടണം.

2018ല്‍ നെല്ലിന്റെ പിറന്നാള്‍ ദിനത്തിന് പുതിയ മുഖം നല്‍കാന്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളെ പാടത്തേക്കിറക്കാന്‍ കൃഷി-വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതിക്കുമുകളില്‍ കോവിഡ് ഒരു അശനിപാതമായി ഭവിച്ചു. ഉഴവുകാളകള്‍ അറവുശാലകളിലേക്കും നെല്‍വയലുകള്‍ നാണ്യവിളത്തോട്ടങ്ങളിലേക്കും വഴിമാറുമ്പോള്‍ നാം ഒന്ന് വിസ്മരിക്കരുത്. അന്നമാണ്… വിശക്കുന്ന മക്കളുടെ പശിവയറുകള്‍ കൊണ്ട് കാലം നമ്മോട് കണക്ക് ചോദിക്കും.

 

Share1TweetSendShare

Related Posts

ഇന്നത്തെ ഗാസ നാളത്തെ കേരളം

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

ഖിലാഫത്തും ദേശീയതയും നേര്‍ക്കുനേര്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies