ഹാങ്ചൂവിലെ കളിനിലങ്ങളില്‍ ഭാരതം പുതിയൊരു ചരിത്രം കുറിച്ചു. നൂറിന്റെ നിറവിലാറാടിയ കായികഭാരതത്തിന്റെ ആഹ്ലാദാഭിമാനങ്ങള്‍ വാനോളമുയര്‍ന്നു. ഏഷ്യന്‍ കായിക ഭൂമികയിലെ അഭിജാതരായ ചൈനീസ്-കൊറിയന്‍-ജാപ്പനീസ് അധീശത്വങ്ങള്‍ക്ക് വരുംകാല താക്കീതായി, ഭാരതത്തിന്റെ പ്രകടനം ഹാങ്ചൂവിലെ പോരാട്ടവേദികളില്‍ ജ്വലിച്ചു. കായിക കരുത്തിന്റെ ആകെ അളവുകോലാകുന്ന മെഡല്‍ പട്ടികയില്‍ ഇനിമേല്‍ വിനീതരാകാന്‍ മനസ്സില്ലായെന്ന വിളംബരമുയര്‍ത്തി, ദേശത്തിന്റെ വീരപുത്രന്മാരും ധീരാംഗനകളും ചൈനയിലെ ഗെയിംസ് വേദികളിലെമ്പാടുനിന്നും വിസ്മയവിജയങ്ങള്‍ കൊയ്‌തെടുത്ത്, ഭാരതത്തിന്റെ കായികവിഭവശേഷിയുടെ അനന്തസാധ്യതകള്‍ ലോകസമക്ഷം അവതരിപ്പിച്ചു. ‘ഇസ് ബാര്‍ സൗ പാര്‍’ എന്ന ടാഗ്‌ലൈന്‍ അന്വര്‍ത്ഥമാക്കി, നൂറ്റിയേഴ് മെഡലും കരസ്ഥമാക്കി, അഭിമാനത്തിന്റേയും ആവേശത്തിന്റേയും ആത്മസംതൃപ്തിയുടേയും നിറവിലാണ് ഭാരതത്തിന്റെ പൊന്‍താരകങ്ങള്‍ ചൈനയോട് വിട ചൊല്ലിയത്.
സംഘാടനത്തിലും ഉള്ളടക്കത്തിലും പങ്കാളിത്തത്തിലും പുതിയ റെക്കോഡുകള്‍ക്ക് സാക്ഷിയായ പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിലേക്ക്, എക്കാലത്തേയും വലിയ ഭാരത സംഘമെത്തിയത് നിറഞ്ഞ പ്രതീക്ഷയോടെയായിരുന്നു. ദേശത്തും വിദേശത്തുമായി ലഭ്യമായ കഠിനപരിശീലനങ്ങളാല്‍ സ്ഫുടപാകം വന്ന താരനിരയാണ് ഗെയിംസിന്റെ വിവിധ വേദികളില്‍ ഇത്തവണ പോരാട്ടമാരംഭിച്ചത്. ഭാരതത്തിന്റെ കായിക ചരിത്രത്തിലെ ഏറ്റവും മികച്ച തയ്യാറെടുപ്പുകള്‍ തന്നെയാണ് ഹാങ്ചൂവിനെ മുന്‍നിര്‍ത്തി രൂപപ്പെട്ടത്.
ഹാങ്ചൂവിലെ മത്സരത്തുടക്കം ഭാരതത്തെ സംബന്ധിച്ച് ഭാവാത്മകമായിരുന്നു. നാല്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അശ്വാഭ്യാസത്തില്‍ ഡ്രസ്സാജ് ഇനത്തില്‍ സുദീപ്തി ഹജേലയും, ഹൃദയ്-വിപുല്‍ വേദയും അനുഷ അഗര്‍വല്ലയും ചേര്‍ന്ന് ചൈനയേയും കൊറിയയേയും പിന്തള്ളി സ്വര്‍ണം തൊട്ടപ്പോള്‍ വരാനിരിക്കുന്ന വന്‍പുകളുടെ കുളമ്പടിയായി അത് മാറി. തുടര്‍ന്ന് വന്നത് ഷൂട്ടര്‍മാരുടെ മിന്നുന്ന പ്രകടനങ്ങളായിരുന്നു. പിസ്റ്റളിലും റൈഫിളിലും ഷോട്ട് ഗണ്ണിലും ഒരേ വൈഭവത്തോടെ ഭാരതം മുന്നേറി. ഇരു പിസ്റ്റള്‍-റൈഫിള്‍ വ്യക്തിഗത, ടീം ഇനങ്ങളില്‍ സ്വര്‍ണ്ണപ്പെയ്ത്താണ് തുടര്‍ന്നുണ്ടായത്. മൂന്നു വിഭാഗങ്ങളിലുമായി ഏഴ് സ്വര്‍ണ്ണപ്പതക്കങ്ങളാണ് ഭാരതത്തിന്റെ താരങ്ങള്‍ വെടിവെച്ചെടുത്തത്. ഒപ്പം ഒന്‍പത് വെള്ളിയും ആറ് വെങ്കലവും. ഏഴില്‍ നാലിലും പിന്തളളിയത് ഈയിനങ്ങളില്‍ ലോക ചാമ്പ്യന്മാരായ ചൈനയേയും. റൈഫിള്‍, പിസ്റ്റല്‍ വിഭാഗങ്ങളില്‍ ഐശ്വരി പ്രതാപ്‌സിങ്ങും, ഇഷസിങ്ങും ഈ രണ്ട് സ്വര്‍ണം ഉള്‍പ്പെടെ നാല് മെഡലുകള്‍ വീതം നേടിക്കൊണ്ട് മെഡല്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കി. ജക്കാര്‍ത്തയിലെ ഒന്‍പത് മെഡല്‍ ഇരുപത്തിരണ്ടായി ഉയര്‍ത്തി ഭാരതം ചരിത്രനേട്ടം കൊയ്തു.
അമ്പെയ്ത്തില്‍ ജക്കാര്‍ത്തയിലെ നിരാശയെ (രണ്ടുവെള്ളി മാത്രം) പഴങ്കഥയാക്കിയ പോരാട്ടമാണ് നടത്തിയത്. അടുത്തിടെ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലവുമായെത്തിയ ഭാരതത്തിന്റെ അമ്പെയ്ത്തുകാര്‍, ഹാങ്ചൂവില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു. കോമ്പൗണ്ട് ഇനത്തില്‍ ലക്ഷ്യത്തിലേക്ക് അമ്പ് പായിച്ച് അഞ്ച് സ്വര്‍ണമാണ് എയ്‌തെടുത്തത്. ഓജസ് പ്രവീണ്‍ ദേവ്തലും ജ്യോതിസുരേഖയും വ്യക്തിഗത സ്വര്‍ണം നേടി. അഭിഷേക് വര്‍മ, അതിഥി സാമി എന്നിവര്‍ക്കൊപ്പം ടീം, മിക്‌സഡ് ഇനങ്ങളിലെ സ്വര്‍ണനേട്ടത്തിലും ഓജസും സുരേഖയും പങ്കാളികളായി മൂന്ന് സ്വര്‍ണം വീതം നേടി. ഇരുവരും ഗെയിംസിന്റെ താരങ്ങളുമായി. ഹാങ്ചൂവില്‍ ഭാരതം തകര്‍ത്തെറിഞ്ഞത് ദക്ഷിണ കൊറിയയുടെ, അമ്പെയ്ത്തിലെ സമ്പൂര്‍ണ ആധിപത്യമായിരുന്നു.
ഭാരതത്തിന്റെ 655 അംഗസംഘം ചൈനയിലേക്ക്, പുറപ്പെടുമ്പോള്‍ എല്ലാവരുടേയും ശ്രദ്ധഭാരതത്തിന്റെ ‘പോസ്റ്റര്‍ ബോയ്’ നീരജ് ചോപ്രയുടെ നേതൃത്വത്തിലുള്ള അത്‌ലറ്റുകളിലായിരുന്നു. ജക്കാര്‍ത്തയില്‍ നേടിയ എട്ടു സ്വര്‍ണമടക്കം ഇരുപത് മെഡല്‍ നേട്ടം മെച്ചപ്പെടുത്തുകയെന്നതായിരുന്നു ഹാങ്ചൂവിലെ ലക്ഷ്യം. പ്രതീക്ഷിച്ച വിധം ട്രാക്കിലും ഫീല്‍ഡിലും ഭാരതതാരങ്ങള്‍ നിറഞ്ഞാടി. 3000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേസില്‍ അവിനാശ് സാബ്‌ളെ ഗെയിംസ് റെക്കോഡിട്ട് (8.19.50) സ്വര്‍ണം തൊട്ടു. 5000 മീറ്ററില്‍ പരുള്‍ ചൗധരി അസാധാരണമായ അവസാന കുതിപ്പിലൂടെ പൊന്നുറപ്പാക്കി. (15.475 മീ) തേജീന്ദര്‍ പാല്‍സിങ് ടൂര്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണമെറിഞ്ഞെടുത്ത് ജക്കാര്‍ത്ത ആവര്‍ത്തിച്ചു (20.36). അപ്രതീക്ഷിതമായൊരു പ്രകടനത്തിലൂടെ ജാവലിനില്‍ അന്നുറാണി 62.92 മീറ്റര്‍ പായിച്ച് സ്വര്‍ണപതക്കത്തില്‍ മുത്തമിട്ടു.
പിന്നാലെ, ഭാരതം കാത്തിരുന്ന പോരാട്ടം ബിഗ്‌ലോട്ടസ് സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയുടെ വിശാലതയില്‍ അരങ്ങേറി. പറഞ്ഞു വച്ചതുപോലെ 88.80ന്റെ ഒന്നാന്തരമൊരേറിലൂടെ നീരജ് സ്വര്‍ണമുറപ്പാക്കി. പക്ഷേ വിസ്മയകരമായതൊന്ന് കൂടി സംഭവിച്ചു. കിഷോര്‍കുമാര്‍ ജന എന്ന ഭാരതതാരം 87.54 മീറ്ററിലേക്ക് നീട്ടിയെറിഞ്ഞ് രണ്ടാംസ്ഥാനത്ത് നീരജിനോടുരുമ്മി നിന്നു. മൂന്നാമത്തെ ഏറില്‍ 86.77 മീറ്റര്‍ എറിഞ്ഞ ജന, ആദ്യറൗണ്ടില്‍ ലോകചാമ്പ്യനെ പിന്നിലുമാക്കിയിരുന്നു! ആറു സ്വര്‍ണ്ണമടക്കം ഇരുപത്തിയൊന്‍പത് മെഡലാണ് ഹാങ്ചുവിലെ സമ്പാദ്യം. വെള്ളി നേടിയ തേജസ്വിന്‍ യാദവ് (ഡെക്കാത്‌ലണ്‍ – 7666 പോയിന്റ്), ശ്രീശങ്കര്‍ (ലോംഗ്ജബ് -8.19 മീ), ആന്‍സി സോജന്‍ (ലോഹ്ജബ് 6.63 മീ), ഹര്‍മിയന്‍ ബെയിന്‍സ് (800 – 1500 മീ – 2.03.75, 4.12.74 സെക്കന്റ്), വിദ്യാരാംരാജ് (400 മീ ഹര്‍ഡില്‍ 55.43 സെ), ജോതിയാരാജി (100 മീ. ഹര്‍ഡില്‍സ് 12.91 സെ.) എന്നിവര്‍ ഭാരതത്തിന്റെ അത്‌ലറ്റിക്‌സ് ഭാവി ഭദ്രമെന്ന് തെളിയിച്ചു.
ഹാങ്ചൂവിലെ ഭാരതത്തിന്റെ ശ്രദ്ധേയ നേട്ടങ്ങളിലൊന്ന് ബാഡ്മിന്റണ്‍ ഡബിള്‍സില്‍ സ്വസ്തിക് സായ്‌രാജ് രെങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും നേടിയ സ്വര്‍ണമാണ്. ഏഷ്യന്‍ ഗെയിംസിലെ ആദ്യ ഭാരതീയ ബാഡ്മിന്റണ്‍ സ്വര്‍ണമാണിത്. ടീമിനത്തില്‍ ലഭിച്ച വെള്ളിയും എച്ച്.എസ്. പ്രണോയിയുടെ വ്യക്തിഗത വെങ്കലവും മികച്ച നേട്ടമായിത്തന്നെ കരുതണം.
സ്‌ക്വാഷില്‍ ടീമിനത്തില്‍ പാകിസ്ഥാനെ തകര്‍ത്തും മിക്‌സഡില്‍ ഹരീന്ദര്‍സിങ്ക് സന്ധുവും ദീപിക പള്ളിക്കലും ചേര്‍ന്ന് മലേഷ്യയെ കീഴ്‌പ്പെടുത്തിയും നേടിയ സ്വര്‍ണമുദ്രകള്‍ക്ക് തിളക്കമേറെയുണ്ട്. കാരണം പാകിസ്ഥാനും മലേഷ്യയും സ്‌ക്വാഷിലെ പരമ്പരാഗത ശക്തികളെന്നത് തന്നെ. ഏഴാം ഏഷ്യന്‍ ഗെയിംസ് കളിക്കുന്ന സൗരവ് ഘോഷാല്‍ നേടിയ വ്യക്തിഗത വെള്ളിക്ക് സ്വര്‍ണത്തിന്റെ മാറ്റുണ്ട്. സൗരവിന്റെ പത്താം ഏഷ്യന്‍ ഗെയിംസ് മെഡലാണിത്.
ടെന്നീസില്‍ പരിമിത പ്രതീക്ഷകളാണുണ്ടായിരുന്നത്. വ്യക്തിഗത-ടീം ഇനങ്ങളില്‍ ക്വാര്‍ട്ടര്‍ ഘട്ടത്തില്‍ ഭാരതത്തിന്റെ പോരാട്ടം അവസാനിച്ചിരുന്നു. എന്നാല്‍ രോഹന്‍ ബൊപ്പണ്ണയും റിതുജ ഭോണ്‍സ്‌ലെയും ചേര്‍ന്ന മിക്‌സഡ് സഖ്യം തായ്‌പെയ്താരങ്ങളെ കീഴ്‌പ്പെടുത്തി ടെന്നീസിലെ ഏക സ്വര്‍ണം ഭാരതത്തിന് നല്‍കി.
ഹോക്കിയിലും കബഡിയിലും നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള നിശ്ചയദാര്‍ഢ്യവുമായാണ് ഹാങ്ചൂവില്‍ ഭാരതം കളിതുടങ്ങിയത്. ജക്കാര്‍ത്തയില്‍ ജപ്പാന്‍ കൊണ്ടുപോയ കിരീടം സ്വന്തമാക്കാന്‍, ഗംഭീരമായ പ്രകടനത്തിലൂടെ ഹര്‍മന്‍പ്രീത് സിങ്ങിനും കൂട്ടര്‍ക്കും കഴിഞ്ഞു. കലാശക്കളിയില്‍ വീഴ്ത്തിയതും ജപ്പാനെത്തന്നെയായിരുന്നു. ആദ്യവട്ടമത്സരത്തില്‍ പാകിസ്ഥാനെ പത്ത് ഗോളിന് (10-2) വിരട്ടിവിട്ടതും ഓര്‍ത്തുവയ്ക്കാവുന്നതായി. ആറു കളികളിലായി എതിരാളികളുടെ വലയിലെത്തിച്ച 68 ഗോളിന്റെ പെരുമയും ഹോക്കിയില്‍ ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താകും. എന്നാല്‍ വനിതകള്‍ വെങ്കലത്തിലൊതുങ്ങിയത് വിജയങ്ങള്‍ക്കിടയിലെ തിരിച്ചടിയായി.
കബഡിയില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ആധിപത്യം തിരിച്ചുപിടിച്ചത് ശ്രദ്ധേയ നേട്ടമാണ്. പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഭാരതത്തിന്റെ പുരുഷന്മാര്‍ ഇറാനേയും വനിതകള്‍ തായ്‌പേയിയേയും ഫൈനലില്‍ കീഴ്‌പ്പെടുത്തിയത്. പുരുഷ-വനിതാ ക്രിക്കറ്റിലെ വിജയങ്ങള്‍ ഏകപക്ഷീയമായിരുന്നു. പങ്കെടുത്ത ടീമുകളെല്ലാം രണ്ടാം നിരക്കാരുമായാണ് ഹാങ്ചൂവിലെത്തിയത്.
ഹാങ്ചൂവില്‍ മികച്ച പ്രകടനം നടത്തിയ അമ്പെയ്ത്തിലേയും ഷൂട്ടിങ്ങിലേയും ബാഡ്മിന്റണിലേയും താരങ്ങള്‍ 2024 പാരീസ് ഒളിമ്പിക്‌സിലേക്കുള്ള കൈമുതലുകളാണ്. ബാഡ്മിന്റണില്‍ റെഡ്ഡി-ഷെട്ടി ജോടി ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ക്കിടയില്‍ തന്നെ ലോക ഒന്നാം നമ്പറായി അവരോധിക്കപ്പെടുകയുമുണ്ടായി. അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയോട് ചേര്‍ത്തുവയ്ക്കാന്‍ ചില താരങ്ങളുദയം ചെയ്തുവെന്നത് ശുഭോദര്‍ക്കമാണ്. പി.ടി.ഉഷയുടെ മുപ്പത്തിയൊമ്പതു വര്‍ഷം പഴക്കമുള്ള റെക്കോഡ് പുതുക്കിയ വിതു രാംരാജും മധ്യദൂര ഓട്ടത്തില്‍ ഹര്‍മിലന്‍സ് ബെയിന്‍സും ലോക വേദികളില്‍ ഭാരതത്തിന്റെ മിന്നും താരങ്ങളായി ഉയരുമെന്ന് പ്രതീക്ഷിക്കാം.
ഭാരതത്തെ സംബന്ധിച്ച് ഹാങ്ചൂ ഗെയിംസ് സവിശേഷതകള്‍ നിറഞ്ഞതാണ്. ജക്കാര്‍ത്തയില്‍ പതിനേഴ് ഇനങ്ങളിലാണ് മെഡല്‍ വന്നതെങ്കില്‍ ഇവിടെ അത് ഇരുപത്തിയൊന്നിനങ്ങളായി ഉയര്‍ന്നു. ഗോള്‍ഫ്, വേളര്‍ സ്‌കേറ്റിങ്ങ്, ചെസ്, വുഷു എന്നിവയില്‍ പുതുതായി മെഡലുണ്ടായി. ഏതാനും കൗമാര താരങ്ങളുടെ ഉയിര്‍പ്പും ഗെയിംസില്‍ കണ്ടു. സ്‌ക്വാഷിലും റോളര്‍ സ്‌കേറ്റിങ്ങിലും വെങ്കലം ലഭിച്ച അനഹ്രത്‌സിംഗിനും സന്‍ജന ബതുലയ്ക്കും പ്രായം പതിനഞ്ച് കടന്നിരുന്നില്ല. അമ്പെയ്ത്തില്‍ സ്വര്‍ണമണിഞ്ഞ അതിഥിസാമിയും പിസ്റ്റല്‍ ഷൂട്ടില്‍ സ്വര്‍ണം സ്വന്തമാക്കിയ പലക് ഗുലിയയും പതിനേഴിന്റെ നിറവിലാണ്. രണ്ടു സ്വര്‍ണമടക്കം നാലു മെഡലുകള്‍ വെടിവെച്ച് നേടിയ ഇഷസിങ്ങിന് പ്രായം പതിനെട്ട് മാത്രം. ഭാരതത്തിന്റെ കായികഭാവി ഇവരില്‍ ഭദ്രമാണെന്ന് പ്രതീക്ഷിക്കാം.
ഗുസ്തിയിലും ബോക്‌സിങ്ങിലും സ്വര്‍ണമുണ്ടായില്ലെങ്കിലും മെഡലുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. ക്രിക്കോ-റോമന്‍ ഗുസ്തിയില്‍ ചരിത്രത്തിലാദ്യമായൊരു മെഡല്‍ 86 കി.ഗ്രാം വിഭാഗത്തില്‍ വെങ്കലമായി സുനില്‍കുമാര്‍ നേടിയെടുത്തു. ബോക്‌സിങ്ങില്‍ സ്വര്‍ണ പ്രതീക്ഷകളായ ലവ്‌ലിനയ്ക്കും നികാത്സരിനും യഥാക്രമം വെള്ളിയിലും വെങ്കലത്തിലും ഒതുങ്ങേണ്ടിവന്നു. ബജ്‌റംഗ് പൂനിയ എന്ന ലോകനിലവാരമുള്ള ഗുസ്തിക്കാരന്‍ 65 കിലോ വിഭാഗത്തില്‍ പഴയ നിലവാരത്തിന്റെ നിഴല്‍മാത്രമായി മെഡല്‍ പട്ടികയില്‍ നിന്നും പുറത്തുപോയി.
ഹാങ്ചൂവില്‍ കൈവന്ന അസുലഭ നേട്ടം ഭാരതത്തിന്റെ കായിക വളര്‍ച്ചയുടെ സൂചകമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ കായിക മേഖലയിലുണ്ടായ ഉണര്‍വ്വ്, രൂപംകൊണ്ട പശ്ചാത്തല സംവിധാനങ്ങള്‍, വര്‍ദ്ധിച്ച പരിശീലനസൗകര്യങ്ങള്‍, ഉള്‍ക്കാഴ്ചയോടെയുള്ള കായിക മന്ത്രാലയത്തിന്റെ ഇടപെടലുകള്‍, കായിക വികസനത്തിനാവശ്യമായ ഫണ്ടുകളുടെ ഉദാരലഭ്യത, എല്ലാറ്റിനുമുപരി രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി കായിക പ്രതിഭകള്‍ക്ക് പകര്‍ന്നുനല്‍കുന്ന പ്രചോദനം – ഇതെല്ലാം ഒത്തു ചേര്‍ന്നപ്പോഴാണ് ഈ ചരിത്രനേട്ടം സാധ്യമായത്. കായിക ലോകത്ത് ഭാരതത്തെ ദുര്‍ബലരായി കണ്ടിരുന്നവര്‍ ആ കണ്ണാടി മാറ്റാന്‍ നിര്‍ബന്ധിതരാകുകയാണ്. ഹാങ്ചൂ വരാനിരിക്കുന്ന കുതിപ്പിന്റെ തുടക്കം മാത്രമാണെന്ന് ഈ വിജയങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്താം. പാരീസിലാകട്ടെ, ഇനിയും ഏറെ മുന്നേറാനുമുണ്ട്.