മിലന്‍ കുന്ദേരയ്ക്ക് നോബല്‍ സമ്മാനം കിട്ടിയിട്ടില്ല. എന്നിട്ടും അദ്ദേഹം നമ്മുടെ കൊച്ചു കേരളത്തില്‍ വരെ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് The unbearable Lightness of being (നിലനില്പിന്റെ അസഹ്യമായ ലാഘവത്വം എന്ന് വിവര്‍ത്തനം ചെയ്യാം.) മലയാളത്തിലേയ്ക്ക് ഈ കൃതി തര്‍ജ്ജമ ചെയ്തിരിക്കുന്നത് ശ്രീദേവി എസ്. കര്‍ത്തയാണ്. തര്‍ജ്ജമയ്ക്ക് നല്‍കിയിരിക്കുന്ന മലയാളം പേര് ‘ഉയിരടയാളങ്ങള്‍’ എന്നാണ്. കമ്മ്യൂണിസ്റ്റുകാര്‍ ശേഷിക്കുന്ന ലോകത്തിലെ ഒരേയൊരു ഭൂപ്രദേശമാണ് കേരളം. എന്നിട്ടും കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനായ കുന്ദേരയുടെ എഴുത്തിനു മലയാളികളെ സ്വാധീനിക്കാനായി. പല കമ്മ്യൂണിസ്റ്റ് ബുദ്ധിജീവി നാട്യക്കാരും ‘കഥയറിയാതെ’ കുന്ദേരയെ വാനോളം പുകഴ്ത്തുന്നതുകാണാം. മുകുന്ദന്റെ ‘കേശവന്റെ വിലാപങ്ങള്‍’ എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ നോവലിനേയും ജോണ്‍ എബ്രഹാമിന്റെ മാര്‍ക്‌സിസ്റ്റു വിരുദ്ധ സിനിമയായ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളേയും ഉള്ളടക്കം തിരിച്ചറിയാതെ പുകഴ്ത്തി കെണിയിലായവരാണല്ലോ ഇവിടത്തെ ഇടതുബുദ്ധിജീവികള്‍.
കുന്ദേരയുടെ യഥാര്‍ത്ഥ സത്ത ആധുനികതയുടേതാണ്. ഇന്നത്തെ ഉത്തരാധുനിക എഴുത്തുമായി അദ്ദേഹത്തിനു ബന്ധമൊന്നുമില്ല. എങ്കിലും കേരളത്തിലെ തലതിരിഞ്ഞ വായനാസമൂഹം ഇപ്പോഴും മിലന്റെ ആരാധകരായിത്തുടരുന്നു. സമഗ്രാധിപത്യത്തെ എതിര്‍ക്കുകയും അതിന്റെ പേരില്‍ ജന്മനാട്ടില്‍ നിന്ന് നാടുകടത്തപ്പെടുകയും ചെയ്യപ്പെട്ടു ഈ നോവലിസ്റ്റ് അതിന്റെ പേരില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും എന്നതില്‍ സംശയമില്ല. അധികാരം അതിന്റെ സവിശേഷമായ സ്വഭാവം മൂലം ഏതു സമയവും ഏകാധിപത്യത്തിലേക്കു നീങ്ങാം. ജനാധിപത്യം ഒരിക്കലും സമ്പൂര്‍ണ്ണമായി സുരക്ഷിതമല്ല. കാരണം ഭരണപ്രതിപക്ഷങ്ങള്‍ ഒത്തുചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുന്നതു ഇന്നു കേരളത്തില്‍ കാണുന്നതുപോലെ ലോകത്തു പലയിടങ്ങളിലും ഉള്ള ഒരു ദുഷിച്ച പ്രവണതയാണ്. ആ പ്രവണത ജനത്തിന് ജനാധിപത്യത്തോടുള്ള ആഭിമുഖ്യം ഇല്ലാതാക്കും. ക്രമേണ അഴിമതിരഹിതനും ശക്തനുമായ ഒരു സ്വേച്ഛാധിപതിയെ പിന്‍തുണയ്ക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പാകിസ്ഥാനിലുമെല്ലാം ജനാധിപത്യം അല്പായുസ്സാകുന്നത് ഇതുമൂലമാണ്. അഴിമതിയുണ്ട് എന്നത് സത്യമാണെങ്കിലും ജനാധിപത്യം കൈവിടുന്നത് അപകടകരമാണ്. കാരണം സമഗ്രാധിപത്യസമൂഹത്തില്‍ പുരോഗതിക്കുള്ള സാധ്യത തുലോം വിരളമാണ്. അവിടെ ബദലുകള്‍ക്കുള്ള സാധ്യതകള്‍ അടഞ്ഞുപോകുന്നു. ജനായത്ത ഭരണത്തില്‍ പ്രതീക്ഷകള്‍ക്ക് ഇടമുണ്ട്. ‘ഏകാധിപത്യ’ ത്തില്‍ അതില്ല.
കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെ വ്യക്തിയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നവയാണ് കുന്ദേരയുടെ കൃതികള്‍. “The unbearable lightness of Being’ ഉം വ്യക്തിയുടെ ആഭ്യന്തര ജീവിതത്തിന്റെ സമഗ്രതയാണ് വരച്ചുകാണിക്കുന്നത്. എന്നാല്‍ ‘പാപത്തിന്റെ ശമ്പളം മരണമാണ്’ എന്ന ബിംബ്ലിക്കല്‍ സങ്കല്പം, അതിന്റെ ആത്മീയ പ്രഭാവം ഈ കൃതിയിലുണ്ട്. ഇതിലെ പ്രധാന കഥാപാത്രമായ തോമസ് (Tomas) വിടനായ ഒരു ഡോക്ടറാണ്. സ്ത്രീയില്‍ നിന്നു സ്ത്രീയിലേയ്ക്ക് നിരന്തരം സഞ്ചരിക്കുന്ന അയാള്‍ക്കു പക്ഷേ തന്റെ ചെയ്തികളുടെ തിന്മ വെളിവായതിനുശേഷം ഭാര്യയും സാത്വിക പ്രകൃതിയുമായ തെരേസയുമായി (Tereza) ശാന്തവും സ്വച്ഛവുമായ ഒരു ജീവിതം ലഭിക്കുന്നില്ല. വാഴ്‌സപാക്ട് സഖ്യശക്തികള്‍ ചെക്കോസ്ലോവാക്യയിലെ പ്രാഗ് വസന്തത്തിലേയ്ക്ക് അതിക്രമിച്ചു കയറിയതിനെതുടര്‍ന്ന് ഗ്രാമത്തിലേയ്ക്ക് പിന്‍വാങ്ങുന്ന ഡോക്ടറും ഭാര്യയും ഒരു അപകടത്തില്‍ കൊല്ലപ്പെടുകയാണുണ്ടാവുന്നത്.
തോമസിനെയും തേരേസയേയും കൂടാതെ രണ്ടു പ്രധാന കഥാപാത്രങ്ങള്‍ കൂടി നോവലിലുണ്ട്. അത് തോമസിന്റെ മിസ്ട്രസ് ആയ സബിനയും (Sabina) അവളുടെ കാമുകനായ കോളേജ് അധ്യാപകന്‍ ഫ്രാന്‍സുമാണ് (Franz).. ഫ്രാന്‍സിന്റെ ഭാര്യയായ മേരിക്ലോഡ് (Marie Claude)) തെരേസയുടെ അമ്മ തുടങ്ങി ചില അപ്രധാന കഥാപാത്രങ്ങളുമുണ്ട്. നോവലില്‍ ഈ കഥാപാത്രങ്ങളെക്കാള്‍ പ്രാധാന്യം തെരേസയ്ക്കുവേണ്ടി തോമസ് വാങ്ങുന്ന നായ കരീനിനിനുണ്ട്. ടോള്‍സ്റ്റോയിയുടെ അന്നാകരീനിന നോവല്‍ വായിച്ചതില്‍ നിന്നാണ് തേരേസ തന്റെ പെണ്‍പട്ടിക്ക് കരീനിന്‍ (Marie Claude) എന്ന പുരുഷപ്പേരു നല്‍കുന്നത്. പുരുഷ സര്‍വ്വനാമങ്ങളുപയോഗിച്ചാണ് തെരേസ തന്റെ പെണ്‍പട്ടിയെ സംബോധന ചെയ്യുന്നത്.”Happiness is the longing for repitition” (സന്തോഷം എന്നത് ആവര്‍ത്തനത്തിനു വേണ്ടിയുള്ള ആഗ്രഹമാണ്.) എന്ന തന്റെ തത്വചിന്ത നോവലിസ്റ്റ് അവതരിപ്പിക്കുന്നത് ഈ നായയെകുറിച്ചു പറയുമ്പോഴാണ്. ക്യാന്‍സര്‍ ബാധിച്ച് മരിച്ചുപോകുന്ന നായ തെരേസയുടെ ഏകാന്ത നിമിഷങ്ങളിലെ കൂട്ടുകാരിയായിരുന്നു. പരസ്ത്രീകളില്‍ അഭയം തേടിയിരുന്ന തന്റെ ഭര്‍ത്താവിനേക്കാളും നായയെ അവള്‍ സ്‌നേഹിച്ചിരുന്നതായി തെരേസ തിരിച്ചറിയുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ഒക്‌ടോബര്‍ 1-07)വി. ഷിനിലാല്‍ എന്നയാള്‍ ‘വരാല്‍’ എന്ന പേരിലെഴുതിയിരിക്കുന്ന കഥ മിലന്‍ കുന്ദേരയുടെ ‘”Identity” എന്ന നേവലില്‍ നിന്നുള്ള ‘Two people in love alone, isolated from the world, that’s beautiful’ എന്ന ഉദ്ധരണിയുടെയും ‘Love is the long, for the half of ourselves we have lost’ എന്ന “The unbearable lightness of being’ ലെ ഉദ്ധരണിയും പകര്‍ത്തിയെഴുത്തു മാത്രമാണ്. അല്ലാതെ കഥയെന്നു പറയാനായി ഒരു ‘കഥയില്ലായ്മ’ പോലും ഈ ചെറുകഥയിലില്ല. രണ്ടാമത്തെ ഉദ്ധരണിയുടെ യഥാര്‍ത്ഥ അവകാശി ഗ്രീക്കു നാടകകൃത്തായ അരിസ്റ്റോഫെനീസ് (Aristophanes) ആണ്. മനുഷ്യന് ആദ്യം നാലു കയ്യും നാല് കാലും ഉണ്ടായിരുന്നെന്നും ആ മനുഷ്യനെ രണ്ടായി പകുത്തത് സീയൂസ് (Zeus) ആണെന്നുമാണ് നാടകകൃത്തിന്റെ അഭിപ്രായം. ഒരു പകുതി മറ്റേ പകുതിയെ അന്വേഷിച്ചു പോകുന്നതാണത്രേ പ്രണയം. പ്ലേറ്റോയുടെ സിംപോസിയത്തില്‍ അരിസ്റ്റോഫെനീസിനെ കുറിച്ചു പറയുന്ന ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ സങ്കല്പത്തെയാണ് മിലന്‍ കുന്ദേര ആവര്‍ത്തിക്കുന്നത്. അതിനെ ഷിനിലാല്‍ എന്ന കഥാകൃത്ത് വീണ്ടും എടുത്തെഴുതുന്നു. ഈ രണ്ട് ഉദ്ധരണികളല്ലാതെ കഥയില്‍ കഴമ്പൊന്നുമില്ല.
മാതൃഭൂമിയില്‍ ചുള്ളിക്കാടിന്റെ കവിത കവി വീണ്ടും താളം കണ്ടെത്തുന്നതിന്റെ ലക്ഷണമാണെന്നു പറയാം. ആദ്യകാലത്തെ കുറെ നല്ല കവിതകള്‍ക്കു ശേഷം വളരെക്കാലമായി ചുള്ളിക്കാടിന്റെ കവിതകള്‍ വായനയെ ത്രസിപ്പിക്കുന്ന അനുഭവങ്ങളൊന്നും പകരുന്നുണ്ടായിരുന്നില്ല. പ്രതിഭ വറ്റി കവി ശുഷ്‌ക്കമാനസനായിപ്പോയി എന്ന് സംശയിച്ചിരുന്നപ്പോഴാണ് ‘സൂര്യനും തോണിയും ഞാനും’ എന്ന കവിത മാതൃഭൂമിയുടെ താളുകളെ സമ്പന്നമാക്കുന്നത്. കാലം, ചരിത്രം, സ്മരണകള്‍, കവിയുടെ പഴയ ഇടങ്ങള്‍ എല്ലാം കവിതയില്‍ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു. എടുത്തെഴുതാന്‍ പോന്ന വരികളൊന്നുമില്ലെങ്കിലും മൊത്തത്തില്‍ കവിത പകരുന്ന ഭാവ പ്രപഞ്ചം വിശാലവും സൂക്ഷ്മവുമാണ്. വളരെ കാലത്തിനുശേഷം ഒരു നല്ല കവിത വായിച്ചതിന്റെ സംതൃപ്തി മനസ്സിലുണ്ടാവുന്നു.
കേരളത്തില്‍ വൃദ്ധന്മാരുടെ എണ്ണം കൂടുന്നതായി എസ്.ഹനീഫറാവുത്തര്‍ കലാകൗമുദിയില്‍ പരിഭവിക്കുന്നു. (സപ്തം. 24- ഒക്‌ടോ.7) അറുപത് കഴിഞ്ഞവരെ ക്കൊണ്ട് കേരളം പൊറുതിമുട്ടിയത്രേ! അറുപതു കഴിഞ്ഞവരൊക്കെ പ്രയോജനമില്ലാത്തവരും രാഷ്ട്രത്തിനുഭാരമായിട്ടുള്ളവരുമാണെന്ന ധാരണ ശുദ്ധ അബദ്ധമാണ്. ലോകത്തിലെ പ്രശസ്തരായ പല എഴുത്തുകാരും അവരുടെ മാസ്റ്റര്‍പീസുകള്‍ രചിച്ചത് അറുപതിനുശേഷമാണ്. ഇന്ത്യന്‍ സിനിമയില്‍ മിനിമം ഗ്യാരന്റിയുള്ള മോഹന്‍ലാല്‍, മമ്മൂട്ടി, രജനി, ചിരഞ്ജീവി തുടങ്ങി എത്രയോ നടന്മാര്‍ അറുപതു കഴിഞ്ഞവരാണ്. അതില്‍ത്തന്നെ മമ്മൂട്ടിയും രജനിയും ചിരഞ്ജീവിയുമൊക്കെ എഴുപതു കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ഇന്ദിരാഗാന്ധിക്കുശേഷം കണ്ട ഏറ്റവും ഊര്‍ജ്ജസ്വലനായ പ്രധാനമന്ത്രി നരേന്ദ്രമോദിയോളം കര്‍മ്മശേഷിയുള്ള യുവരാഷ്ട്രീയക്കാര്‍ ആരെങ്കിലും ഇന്ന് ഇന്ത്യയിലുണ്ടോ? അദ്ദേഹവും എഴുപതു കഴിഞ്ഞിരിക്കുകയല്ലേ? അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഏതൊരു യുവാവിനേക്കാളും സാഹസികമായി ഇടപെട്ട ഡൊനോള്‍ഡ് ട്രമ്പും എഴുപതു കഴിഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു. ഉദ്ദേശ്യം നല്ലതല്ലെങ്കിലും തൊണ്ണൂറുകഴിഞ്ഞ ഗ്രോവാസുവിന്റെ സമരവീര്യം ഇന്നത്തെ യുവാക്കള്‍ക്കാര്‍ക്കെങ്കിലും ഉണ്ടോ? തൊണ്ണൂറിന്റെ പടിവാതില്‍ക്കല്‍ നിന്നപ്പോഴായിരുന്നല്ലോ ഇടതുപക്ഷ പാര്‍ട്ടിക്കാരുടെ അഴിമതിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ പടനയിച്ചത്. ഇന്ന് മുച്ചൂടും അഴിമതിയായിട്ടും ചെറുവിരല്‍ അനക്കാന്‍ ഏതെങ്കിലും ചെറുപ്പക്കാരനായ ഇടതുപക്ഷക്കാരന്‍ തയ്യാറാകുന്നുണ്ടോ?
വൃദ്ധജനസംഖ്യ കൂടുന്നു എന്നു കരുതി ആ സമൂഹം പിറകോട്ടു പോകുന്നുവെന്നു പറയുന്നതൊക്കെ കഥയറിയാതെ ആട്ടം കാണുന്നതാണ്. ജപ്പാനും ആസ്‌ട്രേലിയയും ഫിന്‍ലാന്റും ഒക്കെ ആയുര്‍ദൈര്‍ഘ്യത്തിലും വൃദ്ധജനസംഖ്യയിലും കേരളത്തേക്കാള്‍ എത്രയോ മുകളിലാണ്. അതുകൊണ്ട് അവരുടെ സമ്പദ്‌വ്യവസ്ഥകള്‍ക്ക് എന്തെങ്കിലും തകരാറ് സംഭവിക്കുന്നുണ്ടോ? യുവാക്കാള്‍ കൂടുതലാണെന്നു കരുതി ഒരു സമാന വ്യവസ്ഥയും മുന്നോട്ടു നീങ്ങില്ല. ഇന്ത്യയുടെ വളര്‍ച്ച മനുഷ്യവിഭവശേഷികൊണ്ടാണെന്നും യുവജനങ്ങള്‍ കൂടുതല്‍ ആയതുകൊണ്ടാണെന്നുമൊക്കെ ചിലര്‍ പ്രചരിപ്പിക്കുന്നതിനു പിറകില്‍ ഒരു ഗൂഢോദ്ദേശ്യമുണ്ട്. ജനസംഖ്യനിയന്ത്രണ നിയമത്തെ ചെറുക്കുക എന്ന ഉദ്ദേശ്യമേ ഇക്കൂട്ടര്‍ക്കുള്ളൂ.
പട്ടാളത്തില്‍ ചേരാന്‍ ആളെകിട്ടില്ല എന്ന് ഒരു കൂട്ടര്‍ പ്രചരിപ്പിക്കുന്നു. വെറും 4.38 കോടി ജനസംഖ്യ മാത്രമുള്ള ഉക്രൈന്‍ ഇന്ത്യയെക്കാള്‍ പ്രതിശീര്‍ഷവരുമാനത്തില്‍ പല മടങ്ങ് മുകളിലായിരുന്നിട്ടും 14.34 കോടി ജനസംഖ്യയുള്ള റഷ്യയെ തടഞ്ഞ് നിര്‍ത്തുന്നില്ലേ? അവിടെ പട്ടാളത്തില്‍ ചേരാന്‍ ആളില്ലാതെ വരുന്നില്ല. വെറും 59 ലക്ഷം മാത്രം ജനസംഖ്യയുള്ള സിംഗപ്പൂരിനുപോലും പട്ടാളമുണ്ട്. പിന്നെയാണ് 145 കോടിയുള്ള ഇന്ത്യക്ക്. ഇന്ത്യയുടേയും കേരളത്തിന്റേയുമൊക്കെ പ്രശ്‌നം വൃദ്ധരുടെ എണ്ണം കൂടുന്നതൊന്നുമല്ല ജനസംഖ്യ കൂടുന്നതു തന്നെയാണ്. ജനപ്പെരുപ്പം നിയന്ത്രിച്ചില്ലെങ്കില്‍ എത്ര വലിയ സാമ്പത്തിക വിദഗ്ദ്ധര്‍ ഭരിച്ചാലും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാന്‍ കഴിയില്ലതന്നെ. ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളില്‍ ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെയത്ര ജനസംഖ്യപോലുമില്ലെന്നും നാം ഓര്‍ക്കണം.