കോഴിക്കോട്: സമാജരഥം മുന്നോട്ടുനീങ്ങണമെങ്കില്‍ സ്ത്രീ സംവരണമല്ല, മറിച്ച് സ്ത്രീ ശാക്തീകരണമാണ് വേണ്ടതെന്ന് രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനീലാ സോവനി പറഞ്ഞു. കേസരി വാരിക സംഘടിപ്പിക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീയുടെ ഉള്ളിലുള്ള ശക്തി ഉണര്‍ത്തിയെടുത്താണ് സ്ത്രീ ശാക്തീകരണം നടത്തേണ്ടത്. സ്ത്രീ-പുരുഷ തുല്യത, ലിംഗ സമത്വം ഇവയൊക്കെ വിദേശ ആശയങ്ങളാണ്. അതിനുപകരം പരസ്പര സഹകരണവും സഹവര്‍ത്തിത്വവുമാണ് വേണ്ടത്.
സ്ത്രീകളെ ശാക്തീകരിക്കാന്‍ ഡോ. ഹെഡ്‌ഗേവാറിന്റെ നിര്‍ദ്ദേശമനുസരിച്ച്, 1936ല്‍ ലക്ഷ്മീ ഭായ് കേല്‍ക്കര്‍ തുടങ്ങിയതാണ് രാഷ്ട്ര സേവികാസമിതി എന്ന സംഘടന. സ്വാതന്ത്ര്യസമരത്തില്‍ സ്ത്രീ പങ്കാളിത്തം ഉണ്ടായെങ്കിലും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സ്ത്രീക്ക് അര്‍ഹമായ പങ്കാളിത്തം നല്‍കിയില്ല. ലോക്‌സഭയിലെ ഇപ്പോഴത്തെ 81 വനിതാ എം.പി.മാരില്‍ മിക്കവരും ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുടെ കുടുംബക്കാരാണ്. 33% സംവരണം വഴി ഇനി വരുന്ന 181 എം.പിമാരില്‍ കഴിവുള്ള മികച്ച വനിതകള്‍ എത്താന്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണം.
സ്ത്രീ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി എന്‍ജിഒകള്‍ ഉണ്ടെങ്കിലും ആരും സ്ത്രീകളെ സമാജ നിര്‍മ്മാണത്തിലും രാഷ്ട്ര നിര്‍മ്മാണത്തിലും പങ്കാളികളാക്കുന്നില്ല. രാഷ്ട്ര നിര്‍മ്മാണ ഭാവനയോടെ മുന്നോട്ടു പോകുന്ന ഏക മഹിളാ സംഘടന രാഷ്ട്ര സേവികാ സമിതിയാണ്. മൗസിജി സ്ത്രീ ശാക്തീകരണമാണ് സേവികാ സമിതിയിലൂടെ നടപ്പിലാക്കിയത്. പുരുഷന്‍ കൂടെ നടന്നാലും ജാഗ്രതയോടെ ഇരുന്നാലും സ്ത്രീ സുരക്ഷിതയാവില്ല, സ്ത്രീക്ക് സ്വയം ഉള്ളില്‍ നിന്ന് തന്നെ ശക്തിയുണ്ടാവണം. ഭാരത വിഭജനകാലത്തും പ്രകൃതിദുരന്ത സമയങ്ങളിലും കൊറോണ, ഭൂകമ്പം തുടങ്ങിയ വിപദ് സന്ധികളിലും സേവികാ സമിതി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. സ്ത്രീയും പുരുഷനും ഒന്നിച്ച് ഭാരതത്തെ മുന്നോട്ട് നയിക്കണം. ഈ പ്രവര്‍ത്തനത്തില്‍ സേവികാ സമിതിയും ഒപ്പം ചേരണം. സുനീലാ സോവനി തുടര്‍ന്നു.
കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.പ്രിയ ചടങ്ങില്‍ അദ്ധ്യക്ഷയായി. സേവികാ സമിതി കോഴിക്കോട് ജില്ലാ കാര്യവാഹിക കര്‍ണ്ണികാ സുന്ദര്‍ സ്വാഗതവും മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത് നന്ദിയും പറഞ്ഞു.