ഉച്ചയ്ക്ക് ഊണ് കഴിഞ്ഞിരിക്കുമ്പോഴാണ് ഞാന്‍ ബാലാജി എന്ന് വിളിക്കുന്ന ബാലഗോവിന്ദേട്ടന്റെ വിളി വരുന്നത്.
അത് ഇടയ്ക്ക് പതിവാണ്. ഒരുപടി കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കും.
ഇന്നലെ വിചിത്രമായ ഒരു കാര്യമാണ് പറഞ്ഞത.് കടപ്പുറത്തെ സുഗതന്‍ ആകെ മൂഡ്ഔട്ട് ആണ്. ആരോടോ സനാതന ധര്‍മ്മ ചര്‍ച്ച. അത് കൈവിട്ട് ജാതി ചര്‍ച്ചയായി, ജാത്യധിക്ഷേപങ്ങളായി, നങ്ങേലിയായി, മനുസ്മൃതിയായി, ഈയം ഉരുക്കി ഒഴിക്കലായി.
ഞാന്‍ പറഞ്ഞു ‘അത് നന്നായി. സഹകരണബാങ്ക് കൊള്ള മറന്നല്ലോ. അതാണ് കാര്യം.’
ബാലാജി: ‘എന്നാലും ജാത്യധിക്ഷേപങ്ങള്‍, വിവേചനങ്ങള്‍ നടക്കുന്നില്ല എന്ന് പറയാവോ?’
‘ഒരിക്കലും ഇല്ല. ഇപ്പോള്‍ പ്രതിലോമ വിവേചനവും ഉണ്ട് എന്നത് മറക്കണ്ട. അത് കാര്യത്തിനും അകാര്യത്തിനും വര്‍ദ്ധിച്ചു വരുന്നുണ്ട്. അതില്‍ മതപരിവര്‍ത്തനക്കാര്‍, വിദേശികള്‍, മത വിരോധികള്‍, ഭാരതത്തെ വെട്ടി മുറിക്കാന്‍ നടക്കുന്ന ദേശവിരുദ്ധര്‍ തുടങ്ങി ഒരു വലിയ സംഘം ആളുകള്‍ മുതലെടുപ്പ് നടത്തുന്നുമുണ്ട്.’
‘വിഭജിച്ച് ഭരിക്കുക എന്നത് പണ്ടേയുള്ള പരിപാടിയാണ്. ജാതിരഹിത ഹൈന്ദവ സമാജത്തിന്റെ പൂര്‍ണ്ണ ഒരുമ, ഒത്തൊരുമ, യോജിപ്പ് മാത്രമേ ഒരു പോംവഴിയായുള്ളൂ. അല്ലെ?’
‘അതിനു തുരങ്കം വെക്കാനാണ് ഇടയ്ക്കിടയ്ക്ക് ചിലര്‍ വിവേചനകഥകള്‍ പൊക്കിക്കൊണ്ട് വരുന്നത്. ലോകത്ത് ഏതു രാജ്യത്തിലാണ് മനുഷ്യന്‍ മനുഷ്യനോട് വിവേചനം കാട്ടാത്തത്? ബ്രിട്ടീഷുകാര്‍ ഇന്നും ഹിന്ദു സമാജത്തെ കരി വാരിതേയ്ക്കാന്‍ ജാതീയത പൊക്കി ക്കൊണ്ട് വരും. എന്തിന് സതി പോലും എഴുന്നള്ളിച്ച് കൊണ്ട് വന്ന് അവഹേളിക്കും. ബ്രിട്ടനില്‍ ഇന്നും വേറെ തരത്തില്‍ ഉച്ചനീചത്വം നിലനില്‍ക്കുന്നുണ്ട്. അവിടത്തെ സര്‍ നെയിമുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാം ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ടായിരുന്നു പണ്ട്. മേസണ്‍, കാര്‍പ്പെന്റര്‍, മില്ലര്‍, സ്മിത്ത് എന്നിവ യഥാക്രമം പടവുകാരന്‍, ആശാരി, ആട്ടുകാരന്‍, കൊല്ലന്‍ എന്നൊക്കെ തന്നെയായിരുന്നല്ലോ. എന്തിന് ഷേക്‌സ്പിയര്‍ എന്നാല്‍ കൊട്ടാരത്തിലെ ‘കുന്തം കുലുക്കി’ തന്നെ. ഇപ്പോള്‍ സര്‍നെയിം അര്‍ത്ഥം ഗ്രഹിച്ച് ഒന്നും പറയാറില്ല, ധരിക്കാറില്ല എന്ന് മാത്രം. പക്ഷെ സൗഹൃദത്തിനും വിവാഹത്തിനുമൊക്കെ നോക്കുന്നില്ല എന്ന് പറയാനൊക്കില്ല.’
‘ഉവ്വോ അങ്ങനെയുണ്ടോ?’
‘ബാലാജിയ്ക്കറിയോ ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ എന്റെ ഓഫീസില്‍ ഒരു മൈക്ക് ചേംബര്‍ലൈന്‍ ഉണ്ടായിരുന്നു. ഒരു ഗ്രഹാം മില്ലറും ഉണ്ടായിരുന്നു. രണ്ടു പേരും എന്റെ സുഹൃത്തുക്കള്‍. എന്നാല്‍ ചേംബര്‍ലൈന്‍ (അയാളുടെ പൂര്‍വ്വികര്‍ കൊട്ടാരത്തിലെ ഏതോ ജോലിക്കാര്‍ – മുന്തിയ ജാതിക്കാരന്‍) മില്ലറെപ്പറ്റി ജാത്യധിക്ഷേപം നടത്തും. മില്ലര്‍ അങ്ങോട്ടും. രഹസ്യമായി എന്നോട് മാത്രം. ഇപ്പോള്‍ അവിടെ എന്നല്ല യൂറോപ്പില്‍ മുഴുവന്‍ കാസ്റ്റ് എന്ന് പറയില്ല. ക്ലാസ്സ് എന്നേ പറയൂ. വാസ്തവത്തില്‍ കാസ്റ്റ് പോര്‍ട്ടുഗീസ്, സ്പാനിഷ് വാക്കാണ്. കാസ്റ്റസ്, കാസ്റ്റ എന്നത്. ഇംഗ്‌ളീഷില്‍ അതിനെ കാസ്റ്റാക്കി മാറ്റി. ഇവിടെ ഉപയോഗിച്ച് അത് ഹിന്ദുക്കളുടെ ഇടയിലുള്ള ഒരു സിസ്റ്റം ആക്കി വ്യാഖ്യാനിച്ചു. കാസ്റ്റ തെക്കന്‍ യൂറോപ്പില്‍ വെള്ളക്കാരും ആഫ്രിക്കക്കാരും അറബികളും, ഭാരതീയര്‍, ചൈനക്കാര്‍ എന്നിവരുമായി വര്‍ണ്ണസങ്കരത്തിലൂടെ ജനിച്ച വര്‍ഗ്ഗമാണ്. കറുത്ത കണ്ണുള്ളവരും കുറിയവരും നിറം കുറഞ്ഞവരും ചുരുണ്ട തലമുടിയുള്ളവരും പല വിധത്തിലുണ്ട് കാസ്റ്റകള്‍. കഗോട്ട്, അഗോതെ, കാക്കയു, യിന്‍ഡോ, ലോബോ, മുളാറ്റോ, മെസ്റ്റിസോ എന്നിങ്ങനെ പല പേരിലും അവര്‍ അറിയപ്പെടുന്നു. അതില്‍ തൊട്ടു കൂടാത്തവരായി അന്നാട്ടുകാര്‍ ഗണിച്ചവരും ഉണ്ട്. ഇന്നും സ്പെയിനില്‍ തൊട്ടു കൂടാത്തവര്‍ ഉണ്ട് എന്ന് കേട്ടാല്‍ നമ്മള്‍ അതിശയിക്കും. ഫ്രാന്‍സില്‍ ഈയിടെ പുറത്തുവിട്ട വിവരപ്രകാരം 200 കഗോട്ടുകള്‍ മാത്രമേ ‘അവിടെ ഉള്ളൂ’ എന്ന് കേട്ടു. ഈ കാസ്റ്റാകള്‍ ഏറ്റവും താഴ്ന്ന ജോലികള്‍ ചെയ്യുന്നു. വേറിട്ട് ദൂരെ താമസിക്കുന്നു. വേഷം, ഭാഷ എന്നിവകൊണ്ട് വ്യത്യസ്തര്‍. കുട്ടയും മുറവും ഉണ്ടാക്കി ജീവിക്കുന്നു. വിദ്യാഭ്യാസമില്ല. കൂടിച്ചേരലില്ല. മറ്റുള്ളവര്‍ അവരുടെ കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ ഇവരെ സമ്മതിച്ചിരുന്നില്ല. ചരിത്രത്തില്‍ ഉടനീളം അവര്‍ യാതനകള്‍ അനുഭവിച്ചു. കുഷ്ഠരോഗികളും, ‘ഒടിയന്‍ കെട്ടുന്നവരും'(വിച്ച് ക്‌റാഫ്റ്റ്), അസ്പൃശ്യരായും ഗണിച്ചു. 13-ാം നൂറ്റാണ്ടിലെ രേഖകളില്‍ ഇവരെക്കുറിച്ച് യൂറോപ്പിലെ മധ്യകാലഘട്ടത്തിലെ താഴ്ന്ന ജാതിക്കാര്‍ എന്നാണ് എഴുതിയിരിക്കുന്നത്.’
ബാലാജി ഒന്ന് മുരടനക്കി എന്നിട്ട് പറഞ്ഞു.
‘ഈ കാസ്റ്റ കാര്യം കേട്ടിരുന്നെങ്കിലും ഇത്രയ്ക്ക് സാമ്യം ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നില്ല. വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ കേരളത്തിലെ ജാതികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ സമാനമായ ജാതികള്‍ യൂറോപ്പിലും ഉണ്ടെന്ന് ഒരിക്കലും എഴുതിയില്ല. ചരിത്രം പാടേ മറച്ചു വെച്ച് നമ്മുടെ നേരെ വന്ന് സനാതനധര്‍മ്മത്തിന്റെ വലിയ കുറ്റമായി പറയുന്നത് മതപരിവര്‍ത്തനത്തിന് വേണ്ടിയുള്ള അജണ്ടയാണ് അല്ലെ? ഈ ഡി.എം.കെ മന്ദബുദ്ധികള്‍ ഇതൊക്കെ അറിഞ്ഞിരുന്നെങ്കില്‍..! ‘
‘ശരിയാണ്. ഈ ബുദ്ധിഹീനര്‍ പണ്ടേ അവരുടെ അടിമകളാണ്. അല്ലെങ്കില്‍ ആര്യ-ദ്രാവിഡ കഥകള്‍ അപ്പാടെ വിഴുങ്ങില്ലല്ലോ. യൂറോപ്പില്‍ അവരുടെ എണ്ണം കുറഞ്ഞത്, ഒറ്റപ്പെടുത്തിയും പലവിധത്തില്‍ മലേറിയ, ഡെങ്കു എന്ന് കണക്കാക്കി നിര്‍മ്മാര്‍ജ്ജനം ചെയ്തും പിന്നീട് ബാക്കിയുള്ളവരെ സാമ്പത്തികമായി സഹായിച്ച് സമൂഹത്തില്‍ ഇടകലര്‍ത്തിയുമാണ്. സ്വാതന്ത്ര്യാനന്തര ഭാരതം അക്കാര്യത്തില്‍ യൂറോപ്പിനേക്കാള്‍ എത്രയോ ഭേദമാണ്. മനുഷ്യത്വം കാണിച്ചിട്ടുണ്ട്. യൂറോപ്യന്മാര്‍ തല തിരിച്ചു വിട്ടവരുടെ ജനുസ്സുകളാണ് ഇവിടെ നമ്മെ ഉന്മൂലനം ചെയ്യണം എന്ന് പറയുന്നത്.’
‘ശരിയാണ്. എന്നാലും ജാതികള്‍ പാടെ നിരോധിച്ച് സാമ്പത്തിക സംവരണം നല്‍കി സമൂഹത്തില്‍ നല്ല സ്ഥാനം ലഭിക്കുമ്പോള്‍ എല്ലാവരും തുല്യരാവും. പഴയ അനീതികള്‍ എല്ലാവരും മറക്കും. ഇല്ലേ?’
‘പക്ഷെ അതിന് സംവരണം ലഭിക്കുന്നവര്‍ ഒരിക്കലും മുന്നോട്ട് വരില്ല. കിട്ടുന്ന ആനുകൂല്യങ്ങള്‍ ആര് ഉപേക്ഷിക്കും? ഉച്ചനീചത്വം അനുഭവിക്കാത്ത മതന്യൂനപക്ഷങ്ങള്‍ സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറിയത് യഥാര്‍ത്ഥ സംവരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്. ലോകത്തില്‍ എല്ലാ പ്രദേശത്തും മനുഷ്യന്‍ മനുഷ്യനോട് അനീതി കാട്ടിയിരുന്നു. സൗത്ത് ആഫ്രിക്കയിലെ വര്‍ണ്ണ വിവേചനനിയമം ഈ അടുത്ത കാലത്തല്ലേ ഇല്ലാതായത്.
ഏഷ്യന്‍ വംശജരോട്, മാംഗളോയ്ഡ് വംശജരോട്, കറുത്ത, കളേര്‍ഡ് (ബ്രൗണ്‍) വംശജരോട്, സ്ത്രീകളോട്, നപുംസകങ്ങളോട്, ഭാഷാ ന്യൂനപക്ഷങ്ങളോട്, മതന്യൂനപക്ഷങ്ങളോട് എല്ലായിടത്തും വിവേചനങ്ങള്‍ നടക്കുന്നുണ്ട്. ഹിന്ദു സമാജത്തിന്റെ മാത്രം പ്രത്യേകതയല്ല വിവേചനം. മാത്രമല്ല അതില്‍ സനാതന ധര്‍മ്മത്തിനു ഒരു പങ്കുമില്ല. വര്‍ണ്ണാശ്രമധര്‍മ്മം പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഈ ഉണ്ണിത്താനെയും കുറുപ്പിനെയൊന്നും സനാതനധര്‍മ്മം സൃഷ്ടിച്ചതല്ലല്ലോ’
‘ഹ..ഹ..ഹ..’ ബാലാജി ചിരിച്ചു. ‘ശരിയാ മറ്റു സംസ്ഥാനങ്ങളില്‍ കണ്ടു വരുന്ന ഒരു ജാതിപ്പേരും ഇവിടെയില്ല, ഇവിടെയുള്ള ജാതിപ്പേരു കള്‍ മറ്റൊരു സംസ്ഥാനത്തും ഇല്ല. എല്ലാം ഓരോയിടത്തെ മനുഷ്യന്‍ ഓരോ അവസരത്തില്‍ സൃഷ്ടിച്ചെടുത്തതാണ്. മനുഷ്യന്റെ നന്മയും തിന്മയുമൊക്കെ അതിലുണ്ടാവും.’
‘മറ്റിടങ്ങളിലെ കാര്യങ്ങള്‍ പറയണ്ട. ഏറ്റവും മനുഷ്യത്വഹീനമായ അടിമക്കച്ചവടം ചെയ്തവരാണ് അറബികള്‍. അവര്‍ ഒരിക്കലും അടിമത്തം നിരോധിച്ചിട്ടില്ല. ഇന്നും ഐഎസ് ഭീകരര്‍ സ്ത്രീകളെ പിടിച്ചുകൊണ്ടു പോയി ലേലത്തില്‍ വില്‍ക്കുന്ന വാര്‍ത്ത വരുന്നുണ്ട്.
ഇപ്പോള്‍ അറേബ്യയിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് പരിപാടി അടിമത്തത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ്.
അമേരിക്ക അന്നാട്ടുകാരായ റെഡ് ഇന്ത്യന്‍സ് എന്ന് വിളിക്കുന്ന ദേശീയ അമേരിക്കന്‍സിനോട് ചെയ്തതും, അതുപോലെ ലാറ്റിനമേരിക്കയില്‍ പോര്‍ത്തുഗീസുകാരും സ്പാനിഷുകാരും ചെയ്തതും പറഞ്ഞറിയിക്കാനാവാത്ത ക്രൂരതകളാണ്. മലമ്പനി പരത്തി അവരെ കീടനാശിനികളടിച്ചിട്ടെന്ന പോലെ ഉന്മൂലനം ചെയ്തു.
കാനഡയാണ് ഈ പ്രവൃത്തി ഭംഗിയായി നിര്‍വ്വഹിച്ചത്. ഒരു ലക്ഷത്തി അമ്പതിനായിരം വരുന്ന അന്നാട്ടുകാരായ ആദിവാസി കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് നിര്‍ബന്ധമായി വേര്‍പെടുത്തി റോമന്‍ കത്തോലിക്കാ ബോര്‍ഡിങ് സ്‌കൂളുകളില്‍ ചേര്‍ത്തു. കനേഡിയന്‍ സമൂഹവുമായി കൂട്ടിക്കലര്‍ത്തല്‍ പദ്ധതി. വാസ്തവത്തില്‍ അവരെ മലേറിയ, ഡെങ്കു കൊതുകുകളെ പോലെ കണക്കാക്കി ഉന്മൂലനം ചെയ്യുകയായിരുന്നു. ഈ അടുത്ത കാലത്താണ് ആയിരക്കണക്കിന് കുട്ടികളുടെ അടയാളപ്പെടുത്താത്ത ശവക്കല്ലറകള്‍ കണ്ടെത്തിയത്. എല്ലാവരും രോഗവും പട്ടിണി മൂലവും മരിച്ചു എന്ന് പള്ളി പറഞ്ഞത് ആര്‍ക്കും സ്വീകാര്യമായില്ല. പഴയ കാര്യമാണെങ്കിലും, കാനഡയുടെ ചരിത്രത്തിലെ ‘അതിക്രൂരവും ലജ്ജാകരവുമായ സംഭവം’ എന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞെങ്കിലും, ഒരന്വേഷണത്തിനും ഉത്തരവിട്ടില്ല.’
ബാലാജി കുറച്ച് നേരം മൗനം ഭജിച്ചു എന്നിട്ട് പറഞ്ഞു ‘കോപ്പറേറ്റീവ് ബാങ്ക് നിക്ഷേപം പോലെ പോയോര്‍ക്ക് പോയി അല്ലെ?’
‘ഉം …ഇവിടെ പണമല്ല ജീവനാണ് പോയത്.’
‘അല്ല, പണം പോയി ആത്മഹത്യ ചെയ്യുന്നവരും ഉണ്ടല്ലോ?’
‘ഉണ്ട്. എന്തായാലും സുഗതനെ കാര്യങ്ങള്‍ ധരിപ്പിക്കൂ’
‘ഓ. കെ.’ എന്ന് പറഞ്ഞു ബാലാജി ഫോണ്‍ വെച്ചപ്പോള്‍
കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ പണം നഷ്ടപ്പെട്ട നിസ്സഹാരായ പാവങ്ങളെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ ദുഃഖിച്ചിരുന്നു.
ബാങ്ക് കൊള്ളക്കാരെക്കുറിച്ചും.