ഭാരതം ഇന്നുനേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികള്‍ തീവ്രഇടതുപക്ഷക്കാരായ അര്‍ബ്ബന്‍ നക്‌സലുകളില്‍ നിന്നും തീവ്രഇസ്ലാമിസ്റ്റുകളില്‍ നിന്നുമാണ്. ആശയാടിസ്ഥാനത്തില്‍ വിപരീതധ്രുവങ്ങളിലുള്ള ഇവരുടെ സംയോജനം അതിശയകരമാണെങ്കിലും, ലക്ഷ്യത്തിന്റെ സമവായത്തില്‍ ഇവര്‍ ഒരുമിക്കുകയാണ്. ഇരുപതാംനൂറ്റാണ്ടുമുതല്‍ ഈ രണ്ടുകൂട്ടരുടേയും ലക്ഷ്യം ഭാരതത്തിന്റെ ശിഥിലീകരണമാണ്. ഇവര്‍ക്ക് ദേശീയത അനുവദിക്കാനാകാത്ത അപരാധമാണ്. പകരം ഒരുകൂട്ടര്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഏകാധിപത്യമെന്ന പേരില്‍ വിദേശാഭിനിവേശവും മറ്റൊരു കൂട്ടര്‍ ഈ അധിനിവേശം മതത്തിന്റെപേരിലും അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നു. ഇസ്ലാമിക തീവ്രവാദികള്‍ നിലവിലില്ലാത്ത ഖലീഫയുടെ ഏകാധിപത്യം ലോകമെമ്പാടും വ്യാപിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ഈ രണ്ടുലക്ഷ്യങ്ങളും സഫലീകരിക്കണമെങ്കില്‍ ദേശീയത ദുര്‍ബ്ബലപ്പെടണം; തന്മൂലം രാഷ്ട്രം ശിഥിലീകരിക്കപ്പെടണം. അപ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നതു പോലെ ഇവര്‍ക്ക് ഇവരുടെ ലക്ഷ്യംനേടാം. അതുകൊണ്ടാണ് അവര്‍ കൂട്ടുകൂടിയിരിക്കുന്നത്.
ചരിത്രത്തിലെ തെളിവുകള്‍
ഇവരുടെ ഇന്നത്തെ പരിപാടിയിലും ലക്ഷ്യസമവായത്തിലും എന്തെങ്കിലും പുതുമയുണ്ടോ? ഇല്ലെന്നുതന്നെ പറയണം. സ്വാതന്ത്ര്യാനന്തരവേളയില്‍ ഹൈദരാബാദില്‍ കണ്ടത് അതുതന്നെയാണ്. നിസാമിന് സ്വതന്ത്രഭരണാധികാരിയായി തുടരുവാനായിരുന്നു താല്പര്യം. കാസിംറാസ്‌വി എന്ന യു.പിക്കാരന്‍ ഹൈദരാബാദില്‍ ഇത്തേഹാദുള്‍ മുസ്സല്‍മീന്‍ എന്ന ഒരുസംഘടനയുണ്ടാക്കി നിസാമിന്റെ മേധാവിത്വത്തില്‍ ഒരു ഇസ്ലാമിക രാഷ്ട്രം സൃഷ്ടിച്ച് പതുക്കെ ദക്ഷിണഭാരതവും പിന്നീട് ഈ ഉപഭൂഖണ്ഡമാകെയും നിസാമിന്റെ ഭരണത്തില്‍ ഇസ്ലാമികവല്‍ക്കരിക്കാനാണ് സ്വപ്‌നംകണ്ടിരുന്നത്. റാസ്‌വിയുടെ സ്വാധീനത്തിലായിരുന്നു നിസാമും അയാളുടെ പ്രധാനമന്ത്രിയായിരുന്ന ലെയ്ക്അലിയും. റാസ്‌വി ഒന്നരലക്ഷത്തിലധികം വരുന്ന ഒരു സായുധസേന രൂപീകരിച്ചിരുന്നു. റസാക്കേര്‍സ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഹൈദരാബാദ് നഗരത്തിലെ ഹിന്ദുക്കളെ കൊല്ലുകയും കൊള്ളയടിക്കുകയുമായിരുന്നു ഇവരുടെ പരിപാടി. നിരവധി ഹിന്ദുകുടുംബങ്ങള്‍ നഗരത്തില്‍നിന്നും പലായനംചെയ്തു. ഇവരുടെ വീടുകളും സ്വത്തുക്കളും മുസ്ലീങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്ത് നിസാം തന്റെ വര്‍ഗ്ഗീയമുഖം വെളിപ്പെടുത്തി. റസാക്കേര്‍സിന് ഹൈദരാബാദിന്റെ അതിര്‍ത്തിപ്രദേശങ്ങളിലും ഈ കൊള്ളയും കൊലയും നടത്താന്‍ പരിപാടിയുണ്ടായിരുന്നു. അതിന് അവര്‍ക്ക് കമ്മ്യൂണിസ്റ്റ് കലാപകാരികളുടെ സഹായവുംകിട്ടി. അങ്ങിനെ നിര്‍ണ്ണായക ഘട്ടത്തില്‍ പുരോഗമനവാദികളെന്ന് സ്വയം അഭിമാനിക്കുന്ന സഖാക്കള്‍ മതതീവ്രവാദികളുടെ കൂട്ടാളികളായി. ഹൈദരാബാദിന്റെ മോചനത്തിനും ഇന്ത്യന്‍ യൂണിയനിലേക്കുള്ള ലയനത്തിനും ശേഷവും ഈ സഖാക്കള്‍ കലാപം തുടരുകയായിരുന്നു. കാരണം റസാക്കേര്‍സിന്റെ ആയുധശേഖരം ഇവരുടെ കയ്യിലായിരുന്നു. ഇവര്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയുണ്ടായിരുന്നു എന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍. പക്ഷെ ഭൂമിശാസ്ത്രപരമായി ഭാരതത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഹൈദരാബാദിനെ സോവിയറ്റുകള്‍ നയിക്കുന്ന കോമിന്റേണിനോ, സ്വന്തം അസ്തിത്വത്തിനുവേണ്ടി പോരാടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ക്കോ രക്ഷിക്കുവാന്‍ ആയില്ല. അതുകൊണ്ട് അഗസ്ത്യമഹര്‍ഷിയുടെ ആമാശയത്തിലകപ്പെട്ട വാതാപി എന്ന രാക്ഷസബാലന്റെ ഗതിയായി സഖാക്കളുടേത്.
ഏഷ്യയിലെ മറ്റ് ഉദാഹരണങ്ങള്‍
തങ്ങളുടെ ആദര്‍ശങ്ങള്‍ക്കു വിരുദ്ധമായി, പ്രതിലോമകാരികളായ കലാപകാരികളുമായി കൂട്ടുചേരുന്ന കമ്മ്യൂണിസ്റ്റ് സ്വഭാവത്തിന് ഭാരതത്തിനുപുറത്തും നിരവധി ഉദാഹരണങ്ങള്‍ കാണാം. ചക്രവര്‍ത്തി ഷായുടെ ഭരണത്തില്‍ ഇറാന്‍ ജനാധിപത്യരാഷ്ട്രമായിരുന്നില്ലെങ്കിലും മതമൗലികരാഷ്ട്രമായിരുന്നില്ല. മതമേധാവി ആയത്തുള്ള ഖൊമേനി 1979ല്‍ കലാപം അഴിച്ചു വിട്ടപ്പോള്‍, അതിലും സഖാക്കള്‍ പങ്കാളികളായി. ഇറാനിലെ സഖാക്കള്‍ സോവിയറ്റ് റഷ്യയുടെ അഥവാ കോമിന്റേണ്‍ സംഘടനയുടെ സ്വാധീനത്തിലായിരുന്നു. ഇറാന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള മധ്യഏഷ്യന്റിപ്പബ്ലിക്കുകളിലും അഫ്ഗാനിസ്ഥാനിലും കമ്മ്യൂണിസ്റ്റ് ഭരണമായിരുന്നു. ഇസ്ലാമിസ്റ്റുകള്‍ ഷാചക്രവര്‍ത്തിയെ പുറത്താക്കിയപ്പോള്‍ ഒരു ചെറിയ ഇടവേളയിലെന്നോണം സഖാക്കള്‍ക്ക് ഭരണം കയ്യാളാന്‍ അവസരംകിട്ടി. താമസംവിനാ ഖൊമേനി സഖാക്കളെ പുറത്താക്കി. മാത്രമല്ല ഇതിന്റെ തുടര്‍ച്ചയെന്നോണം സഖാക്കള്‍ക്ക് മധ്യഏഷ്യന്‍ റിപ്പബ്ലിക്കുകള്‍ മാത്രമല്ല ബള്‍ക്കാന്‍ രാജ്യങ്ങളും അഫ്ഘാനിസ്ഥാനും നഷ്ടപ്പെട്ടു. വെളുക്കാന്‍തേച്ചത് പാണ്ടായ ഈ അനുഭവം എന്തുകൊണ്ട് ഇവര്‍ ഓര്‍ക്കുന്നില്ല? അതോ ഓര്‍മ്മയുണ്ടെങ്കിലും പഠിച്ചതേപാടൂ എന്നുപറയുന്നതുപോലെ ഇവരുടെ സൈദ്ധാന്തികമായ പിഴവാണോ ഇതും?
റഷ്യന്‍ വിപ്ലവത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ പ്രതിലോമ ശക്തികളുമായി കൂട്ടുചേരലും സമയത്ത് കാലുവാരി പങ്കാളികളെ ചതിക്കുന്നതും കമ്മ്യൂണിസ്റ്റ് സംഘടനയുടെ നയമായിരുന്നു എന്നു മനസ്സിലാക്കാം. സാര്‍ ചക്രവര്‍ത്തി തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മ്മാണസഭയോട് ഉത്തരവാദിത്തമുള്ള മന്ത്രിസഭക്ക് അധികാരം കൈമാറി, 1917 ജനുവരിയില്‍ തന്നെയുദ്ധമുന്നണിയിലേക്ക് പോയിരുന്നു. പ്രധാനമന്ത്രി കെറെന്‍സ്‌കിയായിരുന്നു. റഷ്യന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഇദ്ദേഹത്തിന്റെ കക്ഷിക്കായിരുന്നു. സോവിയറ്റുകള്‍ രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു. എന്നിരുന്നാലും, ചക്രവര്‍ത്തിസ്ഥാനം ഒഴിഞ്ഞപ്പോള്‍, നാവിക കലാപത്തിന്റെ മറവില്‍ ട്രോട്‌സ്‌കി അധികാരം പിടിച്ചെടുത്തു. കെറന്‍സ്‌കി റഷ്യയില്‍ നിന്നും പലായനം ചെയ്തു. ഈ ഭരണമാറ്റത്തേയാണ് മഹത്തായ ബോള്‍ഷെവിക് റെവലൂഷന്‍ എന്ന് പുകഴ്ത്തുന്നത്. ട്രോട്‌സ്‌കിയെ സ്റ്റാലിന്‍ പുറത്താക്കുക മാത്രമല്ല പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്തു. ആദര്‍ശമെന്തായാലും ഇതാണവരുടെ അടവുനയം. ലോകം ഈ നയം മാത്രമേ അനുഭവിച്ചറിഞ്ഞിട്ടുള്ളൂ.
യൂറോപ്പിലെ അനുഭവം
ഗ്രേറ്റ്ബ്രിട്ടനില്‍മാത്രം ഇവരുടെനയം ഫലിച്ചില്ല. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ബ്രിട്ടീഷ് ശാഖക്ക് ജനങ്ങളുടെ പ്രീതി സമ്പാദിക്കുവാനായില്ല. അവരുടെ നിയന്ത്രണത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ശാഖക്കും ജനപ്രീതി നേടാനായില്ല. കാരണം പാതി ഇന്ത്യന്‍വംശജനും ബ്രിട്ടീഷ്പൗരനുമായിരുന്ന റെജ്‌നിപാള്‍ ദത്ത് ആയിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ, ജനറല്‍സെക്രട്ടറി. തലപ്പത്ത് വെള്ളക്കാരനെ പ്രതിഷ്ഠിച്ച് ഭാരതീയ ദേശീയതയോടുള്ള തങ്ങളുടെ അവജ്ഞ ഈ പാര്‍ട്ടി പ്രത്യക്ഷത്തില്‍ ഭാരതീയരെ ബോധ്യപ്പെടുത്തി. തുടര്‍ന്നുണ്ടായ അവരുടെ നീക്കങ്ങളും കൊളോണിയല്‍ സര്‍ക്കാറിനുള്ള പിന്തുണയും ഈ പാര്‍ട്ടിയെ ജനങ്ങളില്‍നിന്നും ഒറ്റപ്പെടുത്തി. ഗ്രേറ്റ്ബ്രിട്ടണ്‍, 1648 -49ലെ ആഭ്യന്തരയുദ്ധത്തില്‍, പൊതുസഭയുടെ (ഒീൗലെ ീള രീാാീി)െ ആധിപത്യം രാജഭരണത്തിന്റെമേല്‍ സ്ഥാപിച്ചെടുത്തു. ചാള്‍സ് രാജാവ് ഒലിവര്‍ക്രോംവെല്‍ നയിച്ചിരുന്ന പൊതുസഭയുടെ സൈന്യത്തോട് ഏറ്റുമുട്ടി പരാജയപ്പെട്ട് കീഴടങ്ങി. 1649ല്‍ വധശിക്ഷക്കു വിധേയനായി. 1688ല്‍ ബില്‍ ഓഫ് റൈറ്റ്‌സ് (അവകാശനിയമം) പാസ്സാക്കി, രാജാവ് കേവലം ആലങ്കാരികവും പക്ഷേ ദേശീയപ്രതീകവുമായി. കാരണം രാജാവാണ് ആംഗ്ലിക്കന്‍ സഭയുടെ തലവന്‍. അതുകൊണ്ട് പൊതുജനം ലൗകികവും ആദ്ധ്യാത്മികവുമായ ശക്തിയുടെ ഉറവിടമായി രാജാവിനെ കാണുന്നു. ആദരിക്കുന്നു. ഇതിനെ മറികടക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാധിച്ചില്ല. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയെ തങ്ങളാലാവുംവിധം ഉപദ്രവിച്ച സോവിയറ്റ്പാര്‍ട്ടിക്ക് നാസിപ്പടയെ ചെറുക്കുവാന്‍ ഇതേസഭയുടെ സഹായത്തിനായി അഭ്യര്‍ത്ഥിക്കേണ്ടിവന്നു. കാരണം റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌സഭ റഷ്യക്കാരന്റെ ദേശീയതയുടെ പ്രതീകമാണ്. ആ വിശ്വാസം മാത്രമാണ് അവരെ യൂറല്‍ പര്‍വ്വതനിരകളുടെ ഇരുവശത്തും, രണ്ടു ഭൂഖണ്ഡങ്ങളിലുമായി പരന്നുകിടക്കുന്ന രാജ്യവുമായി ബന്ധിപ്പിക്കുന്നതും. ദേശീയതയെ തള്ളിപ്പറഞ്ഞ സോവിയറ്റുകള്‍ ആ വികാരത്തിനു കീഴടങ്ങുകയാണുണ്ടായത്.
ഭാരതത്തിലെ രാഷ്ട്രീയം
ഡോക്ടര്‍ കെ.എം. മുന്‍ഷി കോണ്‍ഗ്രസ്സിന്റെ പഴയകാലനേതാക്കളില്‍ ഒരാളായിരുന്നു. ഇദ്ദേഹം ബോംബെ പ്രസിഡന്‍സിയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. ആ കാലഘട്ടത്തില്‍ ബോംബെ നഗരത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒരു നിര്‍ണ്ണായകശക്തിയായിരുന്നു. മിന്നല്‍ പണിമുടക്കുകള്‍കൊണ്ട് ഇവര്‍ നഗരത്തെത്തന്നെ നിശ്ചലമാക്കുകയായിരുന്നു. പണിമുടക്കില്‍നിന്നു വിട്ടുനില്‍ക്കുന്ന തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും പതിവായിരുന്നു. സര്‍ക്കാര്‍ ഇവരുടെ ഭീഷണി നേരിടുവാന്‍ ചാവ്‌ളുകളില്‍ (തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍) പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. നിയമംലംഘിക്കുന്നവര്‍ക്കെതിരെ നടപടികളും തുടങ്ങി. എസ്.എ.ഡാങ്കെയുടെ അനുയായി ആയിരുന്ന എ.കെ. ഘോഷ് എന്ന സമരനായകന്‍ ഒളിവില്‍പോയി. ഒരു ഇടനിലക്കാരന്‍ മുഖേന ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിക്കുവാന്‍ അനുവാദംതേടി. രാത്രി 9 മണിമുതല്‍ പിറ്റേന്ന ്‌രാവിലെ 7-30 വരെ തന്നെ സന്ദര്‍ശിക്കുവാന്‍ അനുവദിക്കുകയും ഈസമയത്ത് അറസ്റ്റുണ്ടാകില്ല എന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. ഘോഷ് ആവശ്യപ്പെട്ടത് പോലീസിനെ ഉപയോഗിച്ച് സമരം നേരിടുന്നത് ബ്രിട്ടീഷ് സര്‍ക്കാറിനു പ്രയോജനപ്പെടുമെന്നും, നമ്മുടെ ലക്ഷ്യമായ സ്വാതന്ത്ര്യത്തിന് ഉപകരിക്കില്ല എന്നും അതുകൊണ്ട് ചാവ്‌ളുകളില്‍ പോലീസിനെ നിയോഗിക്കരുത് എന്നുമായിരുന്നു. മുന്‍ഷി തനിക്കത് സമ്മതമാണെന്നും പക്ഷെ ഹിംസാത്മകമായ ഒരു പരിപാടിയും ഉണ്ടാകില്ല എന്ന് ഉറപ്പുതരണം എന്നും മറുപടികൊടുത്തു. ഘോഷ് പറഞ്ഞത് താനൊരു സത്യസന്ധനായ വിപ്ലവകാരിയാണെന്നും ഏതുസമയത്ത് എതു വിധമുള്ള സമരമുറ സ്വീകരിക്കണമെന്നത് തന്റെമാത്രം തീരുമാനമായിരിക്കുമെന്നുമായിരുന്നു. താനൊരു ഗാന്ധിയനായ ഭരണാധികാരിയായതുകൊണ്ട് സമരങ്ങളെ എപ്പോള്‍ എങ്ങനെ നേരിടണമെന്നത് തന്റെമാത്രം തീരുമാനമായിരിക്കുമെന്ന് മുന്‍ഷിയും പ്രതികരിച്ചു. മാത്രമല്ല താനൊരു കെറന്‍സ്‌കി ആകില്ലാ എന്നുകൂടി കൂട്ടിച്ചേര്‍ത്തു. കാരണം കെറന്‍സ്‌കി, കമ്മ്യൂണിസ്റ്റുകാരെ ഭയന്ന് ഓടിപ്പോകുകയാണുണ്ടായത്.
അര്‍ബ്ബന്‍ നക്‌സലുകളുടേയും തീവ്ര ഇസ്ലാമിസ്റ്റുകളുടേയും സംഗമം പഴയചരിത്രത്തിന്റെ ആവര്‍ത്തനമാണ്. കാരണം രണ്ടുകൂട്ടര്‍ക്കും രാഷ്ട്രത്തിനതീതമായി ഒരുസാമുദായിക, രാഷ്ട്രീയചിന്തയുടേയും, സംഘടനകളുടേയും അധീനത സ്വീകാര്യമാണ്. ജനനംകൊണ്ട് ഭാരതീയരാണെങ്കിലും ഈ രണ്ടു വിഭാഗങ്ങളും ചിന്താപരമായി ഭാരതീയരല്ല. അതുകൊണ്ട് വിദേശരാജ്യങ്ങളുടെ അധിനിവേശവും അവര്‍ക്ക് സ്വീകാര്യമാണ്. 1962-ല്‍ ചൈന ഭാരതത്തിന്റെ 32,000 ചതുരശ്ര കിലോമീറ്റര്‍ പിടിച്ചടക്കിയപ്പോള്‍ സ്ഥലംനഷ്ടപ്പെട്ടെങ്കിലും, അത്രയും സ്ഥലത്ത് കമ്മ്യൂണിസ്റ്റ് ഭരണം വന്നല്ലോ എന്ന് സമാധാനിച്ച ഒരു കമ്മ്യൂണിസ്റ്റ് ആചാര്യനും ഉണ്ടായിരുന്നു.
ബ്രിട്ടീഷുകാരുടേയോ, അമേരിക്കക്കാരുടേയോ സാമ്രാജ്യത്വവാദത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വവാദമെന്ന് പറഞ്ഞത് സര്‍ദാര്‍ പട്ടേലായിരുന്നു. മരണപ്പെടുന്നതിനു മുന്നേ 17-11-1950ന് പട്ടേല്‍ നെഹ്രുവിന് അയച്ച കത്തില്‍ കമ്മ്യൂണിസ്റ്റു ചൈനയുടെ സാമ്രാജ്യത്വമോഹം സൂചിപ്പിച്ചിരുന്നു. തിബത്തിനുമേല്‍ ചൈനയുടെ പരമാധികാരം അംഗീകരിക്കരുതെന്നും ആ വിഷയമടക്കം ചര്‍ച്ചചെയ്യുവാന്‍ മന്ത്രിസഭ കൂടണമെന്നും സര്‍ദാര്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രത്തിന്റെ ദുര്‍ഭാഗ്യമെന്നു പറയട്ടെ പട്ടേല്‍ ഒരു മാസത്തിനുള്ളില്‍ മരണപ്പെട്ടു. നെഹ്രുവിന്റെ കമ്മ്യൂണിസ്റ്റുചൈന വിധേയത്വത്തിനു കടിഞ്ഞാണിടാന്‍ ആരുമില്ലാതായി. അതായിരിക്കാം കമ്മ്യൂണിസ്റ്റ് സാമ്രാജ്യവാദമെന്നൊരു പ്രയോഗം ഭാരതീയ രാഷ്ട്രീയശബ്ദകോശത്തില്‍നിന്നും അപ്രത്യക്ഷമാകുവാനൊരു കാരണം. ചങ്ക്‌പൊട്ടുമാറ് അമേരിക്കന്‍ സാമ്രാജ്യത്വവാദത്തിനെതിരെ മുദ്രാവാക്യം മുഴക്കുവാന്‍ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് അനുഭാവികള്‍ യഥേഷ്ടം ഉള്ളതുകൊണ്ട് ചൈനയുടേയും പഴയസോവിയറ്റ് റഷ്യയുടേയും സാമ്രാജ്യവിപുലീകരണം നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നില്ല.
കേരളത്തില്‍ ഇന്നു കാണപ്പെടുന്ന കമ്മ്യൂണിസ്റ്റ്-ജിഹാദി കൂട്ടുകെട്ടിന്റെ വേരുകള്‍ ലോകചരിത്രത്തിലും ഭാരതചരിത്രത്തിലും ആഴ്ന്നു കിടപ്പുണ്ടെന്നാണ് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നത്. സ്വന്തം താല്പര്യ സംരക്ഷണത്തിന് വേണ്ടി ദേശീയതയെയും സംസ്‌കാരത്തെയും തകര്‍ക്കേണ്ടത് ഇരുകൂട്ടരുടെയും ആവശ്യമാണ്. അതുകൊണ്ടാണ് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇവര്‍ ഒരേ നിലപാടു സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാളയത്തിലകപ്പെട്ട ഈശ്വരവിശ്വാസികളായ ഹിന്ദുക്കള്‍ ഈ വസ്തുതകള്‍ തിരിച്ചറിഞ്ഞ് അടിമത്തത്തില്‍ നിന്നു പുറത്തുവരാന്‍ തയ്യാറായാല്‍ അതോടെ ജനങ്ങള്‍ക്കിടയില്‍ ഇവര്‍ക്കുള്ള സ്വാധീനം കുറയുകയും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് ഇക്കൂട്ടര്‍ എടുത്തെറിയപ്പെടുകയും ചെയ്യും.