ഞായറാഴ്ചയായിരുന്നു.
അച്ഛനുമമ്മയും
പണിക്കുപോയൊരു
ദിവസത്തിന്റെ
നടുപൊള്ളുന്ന
നട്ടുച്ചയായിരുന്നു.
തൊടിയിലെ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍
ഏട്ടത്തിയെ കുഴിച്ചിട്ട
മണ്‍കൂനയില്‍
കണ്ണുനട്ടു
ഉമ്മറത്തിരിക്കുകയായിരുന്നു.
അച്ഛനുമമ്മയും
പണിക്കുപോകുന്ന
ഞായറാഴ്ചകളില്‍
ഏട്ടത്തിക്കൊപ്പം
മുറ്റത്തു
കളിച്ചുകൊണ്ടിരിക്കുമ്പോളാണ്
ആദ്യമായി അവര്‍ വന്നത്.
‘മിഠായി വാങ്ങി വന്നോളൂ’
എന്നു പറഞ്ഞ് അവര്‍
കവിളിലുമ്മവെച്ചിരുന്നു.
ഉമ്മ തീരും മുന്നേ
അന്നു ഞാന്‍ കടയിലേക്കോടിയിരുന്നു.
തിരിച്ചു വരുന്നേരം
ചായ്പ്പിലെ പുല്ലുപായയില്‍
കമിഴ്ന്നു കിടന്നു കരഞ്ഞ ഏട്ടത്തിയുടെ
ഇച്ചീച്ചിയിലൂടെ ചോരയൊലിക്കുന്നുണ്ടായിരുന്നു.
എന്തിനാണു കരയുന്നതെന്നു
പലതവണ ചോദിച്ചിട്ടും
ഏടത്തിയൊന്നും പറയാതെ ഉച്ചത്തിലുച്ചത്തില്‍
കരഞ്ഞുകൊണ്ടേയിരുന്നു.
അങ്ങിനെയാണ്
ഞാന്‍ ചോദ്യങ്ങള്‍
നിറുത്തിയത്.
ഞായറാഴ്ചകള്‍
മാത്രമല്ല
പിന്നീട് ശനിയാഴ്ചകള്‍ക്കും
നട്ടുച്ചകളുണ്ടായി.
തിങ്കളിനും
ചൊവ്വക്കും
ബുധനും
വ്യാഴത്തിനുമൊക്കെ
രാത്രികളുമുണ്ടായി.
രാത്രികളുടെ
ഓടാമ്പലുകള്‍ നീക്കി,
ഏടത്തി എന്നേയും കടന്ന് മഞ്ഞിലേക്കും
മഴയിലേക്കും പോയി.
തിരിച്ചുവന്ന്
അതേ
കമിഴ്ന്നു കിടപ്പും കരച്ചിലും.
ഇച്ചീച്ചിയിലെ
ചോരയും,
പിന്നേപ്പിന്നേ
ചോര വരാതായി…
കരച്ചിലു വരാതായി..
അമ്മയുമച്ഛനും എല്ലാ
ഞായറാഴ്ചകളിലും പണിക്കുപോയി.
തിരിച്ചു വരുമ്പോള്‍
അവര്‍ കൈനിറയേ
കപ്പയും മീനും
കൊണ്ടുവന്നു.
നല്ല വീടുണ്ടാക്കാനുള്ള
ആശകളും കൊണ്ടുവന്നു.
കുളിക്കുമ്പോള്‍
അമ്മ ഇടയ്‌ക്കെന്നെ വിളിക്കും.
പുറത്തെ ചേറ് ഉരച്ചു കഴുകിക്കൊടുക്കാന്‍.
ഇത്രയും ചേറെവിടുന്നാണമ്മേ
എന്നു ഞാന്‍ ചോദിക്കും.
അമ്മ ദീര്‍ഘമായൊരു നിശ്വാസം വിടും.
ശനിയാഴ്ചക്കു ശേഷം
ഞായറാഴ്ച വന്നു.
ഞങ്ങളിപ്പോള്‍
പണ്ടത്തേപ്പോലെ
കളിക്കാറില്ല.
ഏട്ടത്തി
ഒന്നും പറയാറില്ല.
നട്ടുച്ചക്ക് അവര്‍ വന്നു.
അതിലൊരാളെന്നെ
ഉമ്മവെച്ചു.
അച്ഛനുമമ്മയും വെക്കുന്ന തരത്തിലുള്ള
ഉമ്മയായിരുന്നില്ല അത്.
ഏട്ടത്തി ഓടിവന്ന് അയാളെ പിടിച്ചുവലിച്ചു.
മറ്റൊരാള്‍ ഏട്ടത്തിക്ക്
രണ്ടു രൂപ കൊടുത്ത്
മിഠായി വാങ്ങിവരാന്‍ പറഞ്ഞു.
ഞാനല്ലെ എന്നും മിഠായി വാങ്ങിവന്നിരുന്നതെന്ന്
പറയാന്‍ തുടങ്ങുമ്പോളേക്കും
എന്റെ ചുണ്ടുകള്‍
അയാളുടെ
പല്ലുകള്‍ക്കിടയിലായി.
അയാളത് കടിച്ചുപൊട്ടിച്ചു.
എനിക്ക് നീറ്റി.
മറ്റൊരാള്‍ ഏട്ടത്തിയൊടെന്തോ പറഞ്ഞു.
അവള്‍ രണ്ടു രൂപയുമായി മുഖം കുനിച്ച് പുറത്തേക്കു പോയി.
മുറ്റത്തെ കൃഷ്ണതുളസിക്കടുത്തു വെച്ച് അവളെന്നെ തിരിഞ്ഞു നോക്കി.
അതിലൊരാള്‍
ഏട്ടത്തിയെ വഴക്കു പറഞ്ഞു.
അവള്‍ മുഖം താഴ്ത്തി ഇറങ്ങിപ്പോയി.
അവരെന്നെ ചായ്പിലേക്കു കൊണ്ടുപോയി.
കുഞ്ഞു പാവാട
വലിച്ചഴിക്കെ,
കുടുക്കു പൊട്ടിയപ്പോളെനിക്ക്
കരച്ചിലു വന്നു.
കരഞ്ഞപ്പോള്‍
അവരെന്നെ അടിച്ചു.
പാവാടക്ക് പിറകെ
ജട്ടിയുമഴിച്ചു.
തുളയുള്ള ജട്ടിയില്‍
ചൂണ്ടു വിരലിട്ട്
ചൂഴറ്റിയെറിഞ്ഞ്
അതിലൊരാള്‍ പൊട്ടിച്ചിരിച്ചു.
നല്ലൊരു ജട്ടി വാങ്ങിത്തരാന്‍
എത്രകാലമായി പറയുന്നെന്ന്
ഞാനപ്പോള്‍ സങ്കടപ്പെട്ടു.
ഉടുതുണിയില്ലാതെ എനിക്കുമേലൊരാള്‍
കമിഴ്ന്നു കിടന്നപ്പോള്‍
എന്റെ ഇച്ചീച്ചി പൊള്ളി.
അമ്മേയെന്നുച്ചത്തില്‍ കരഞ്ഞപ്പോള്‍
‘ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്നവര്‍ പറഞ്ഞു’.
അന്നു മുതലാണ്
എന്റെ കരച്ചിലിന്
ഒച്ചയില്ലാതായത്.
കടയില്‍ നിന്നുവന്ന
ഏട്ടത്തിയെ അതിലൊരാള്‍
അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
അവളുടെ കൈയിലെ
കടലമിഠായി
ഉമ്മറക്കോലായയില്‍ വീണു.
അമ്മയുമച്ഛനും
കയറിവന്ന
വൈകുന്നേരത്തിന്റെ
ഉമ്മറത്ത്
ചോരയൊലിക്കുന്ന
രണ്ട് ഇച്ചീച്ചികളായി
ഞങ്ങളിരുന്നു.
പിറ്റേന്ന് പള്ളിക്കൂടത്തിലെ
മൂത്രപ്പുരയില്‍
‘ശൂശു’വെക്കാന്‍ നേരം
പതിവില്ലാതെ
ഏട്ടത്തിയും കൂടെ വന്നു.
ഇച്ചീച്ചി വല്ലാതെ നീറിയപ്പോള്‍
ഏട്ടത്തിയെന്റെ
പുറം തലോടി.
അമ്മയേക്കാളുമാഴത്തില്‍
ഉമ്മവച്ചു.
ഏട്ടത്തി
കരഞ്ഞില്ല.
ഞായര്‍
തിങ്കള്‍
ചൊവ്വ
ബുധന്‍
എന്നിങ്ങനെ
പല ടൈം ടേബിളുകള്‍.
കടലമിഠായിക്കു തന്നിരുന്ന
രണ്ടു രൂപ
ചുരുങ്ങി നാരങ്ങാമിഠായിയിലെത്തി.
വിയര്‍പ്പില്‍ കുതിര്‍ന്ന
നാരങ്ങാമിഠായി കൈവെള്ളയില്‍
ചുവന്ന ചായമടിച്ച
മധുരിച്ചൊരു നട്ടുച്ചയ്ക്കു
ഏട്ടത്തി,
അമ്മയുടെ
സാരിത്തുഞ്ചത്ത്
ചായ്പ്പിലെ കഴുക്കോലിലാടി.
അവളുടെ ഇച്ചീച്ചി തോര്‍ന്നിറ്റിയ
ഇത്തിരി മൂത്രം
നിലത്തു പുള്ളികുത്തി.
പോലീസു വന്നാണഴിച്ചു കിടത്തിയത്.
അമ്മ ബോധംകെട്ടു വീണു.
അച്ഛന്‍ നിശബ്ദനായി
തൂമ്പ ചാരിവെച്ചതുപോലെ
മുറ്റത്തേക്കോണിലിരുന്നു.
ഓടിക്കൂടിയ ആള്‍ക്കൂട്ടത്തിലും അവരുണ്ടായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞെത്തിയ
ഏട്ടത്തിയുടെ
തലയ്ക്കല്‍
ചന്ദനത്തിരി കുത്തിനിര്‍ത്തിയത്
അവരിലൊരാളായിരുന്നു.
കുഴിയെടുത്തതും
പന്തലുകെട്ടിയതും
അവര്‍തന്നെയായിരുന്നു.
പന്തലഴിച്ചു.
അമ്മയുമച്ഛനും
പണിക്കുപോയി.
ശനിയും
ഞായറും
പിന്നേയുമുണ്ടായി.
തിങ്കളിനും
ചൊവ്വയ്ക്കും
രാത്രികളുണ്ടായി.
ബുധനും
വ്യാഴത്തിനും
പാതിരകളുണ്ടായി.
ഞായറാഴ്ചയായിരുന്നു.
അച്ഛനുമമ്മയും
പണിക്കുപോയൊരു
ദിവസത്തിന്റെ
നടുപൊള്ളുന്ന
നട്ടുച്ചയായിരുന്നു.
തൊടിയിലെ വാഴക്കൂട്ടങ്ങള്‍ക്കുചുവട്ടില്‍
ഏട്ടത്തിയെ കുഴിച്ചിട്ട
മണ്‍കൂനയില്‍
കണ്ണുംനട്ടു
ഉമ്മറത്തിരിക്കുകയായിരുന്നു.
അവര്‍ വന്നു.
അയയിലായിട്ടിരുന്ന
അമ്മയുടെ സാരിയുമെടുത്തു
അവര്‍ ഉമ്മറത്തു കയറി.
കഴുത്തില്‍ കുരുക്കു മുറുക്കുമ്പോള്‍
അതിലൊരാള്‍
പറഞ്ഞു.
എനിക്കൊന്നൂടെ വേണം.
കുരുക്ക് ഊരി
അവരെന്നെ
നിലത്തുകിടത്തി.
ഒന്നാമന്‍
രണ്ടാമന്‍
മൂന്നാമന്‍…
ഇച്ചീച്ചി നീറി
ഞാനൊന്നു പിടച്ചു.
കഴുത്തില്‍ സാരിക്കുരുക്കിട്ട്
അതേ കഴുക്കോലില്‍
ഇച്ചിച്ചി തോര്‍ന്ന്
കാലിലൂടെ
മൂത്രമൊഴുകുന്നത്
ഞാനറിഞ്ഞു.
കഴുത്തിനു താഴെ
ഒന്നുമില്ലാത്തതുപോലെ…
പിന്നേ കഴുത്തിനു മീതേയും ഒന്നുമില്ലാത്തതുപോലെ…
മരിച്ചവര്‍ എല്ലാം കാണുന്നു.
തലക്കല്‍
ചന്ദനത്തിരി
കുത്തിവെക്കാന്‍
ഇക്കുറിയുമവര്‍ വന്നു.
തെക്കേത്തൊടിയിലെ
ഏട്ടത്തിക്കരികില്‍
കുഴിവെട്ടിയതുമവര്‍തന്നെ.
അച്ഛനെ ആശ്വസിപ്പിച്ചതും
അമ്മയെ ആവശ്യത്തിലുമേറെ
ചേര്‍ത്തു പിടിച്ചതുമവരുതന്നെ…
അമ്മേ…
ഇച്ചീച്ചിയിലൂടെ
വന്നതുകൊണ്ടാവുമോ
നമ്മളൊക്കെ ഇത്രക്ക്
ഇച്ചീച്ചിയായിപ്പോയത്?
(വാളയാറില്‍ രണ്ട് പിഞ്ചുകുട്ടികളെ പീഡിപ്പിച്ച് കൊന്ന
സംഭവത്തില്‍ കവി ധര്‍മ്മരാജ് മടപ്പള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ച വൈറലായ കവിത)