ലോക വന്‍ശക്തിയായ അമേരിക്കയോട് ചേര്‍ന്നു കിടക്കുന്ന കാനഡ ദശകങ്ങളായി ഭാരതവിരുദ്ധരുടെ പറുദീസയാണ്. മുന്‍ ഭാരത സര്‍ക്കാരുകള്‍ പലവട്ടം കാനഡയോട് ഇക്കാര്യം പരാതിപ്പെടുക ഉണ്ടായെങ്കിലും അവര്‍ ചെവിക്കൊള്ളുക ഉണ്ടായില്ല. അതിനു പ്രധാന കാരണം കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ ചില പ്രത്യേക സാഹചര്യങ്ങളാണ്. പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദികളെ ഭാരതം അടിച്ചമര്‍ത്തിയപ്പോള്‍ ഭീകരവാദികളില്‍ പലരും കുടിയേറിയത് കാനഡയിലേക്കായിരുന്നു. സ്വതന്ത്ര ചിന്താഗതികളെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും എടുക്കുന്ന നിലപാടുകളുടെ മറപറ്റി എത്തുന്ന കുടിയേറ്റക്കാര്‍ അവിടെങ്ങളില്‍ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ ചെറുതല്ല. വിഘടനവാദികളെ താലോലിക്കുന്ന കാനഡയ്ക്കും ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നതിന്റെ സൂചനയാണ് ഈ അടുത്ത കാലത്ത് ഭാരത-കാനഡ ബന്ധത്തിലുണ്ടായ വിള്ളല്‍. ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് കാനഡയുടെ മണ്ണില്‍ സൈ്വര്യ വിഹാരം നടത്തിക്കൊണ്ടിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കഴിഞ്ഞ ജൂണ്‍ 18ന് അജ്ഞാതരായ ഒരു സംഘം ഗുരുദ്വാരയില്‍ കയറി കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന കാനഡ ഈ അടുത്തു നടന്ന ഏ 20 ഉച്ചകോടി കഴിഞ്ഞ ഉടനെ നിജ്ജാര്‍ വധത്തിനു പിന്നില്‍ ഭാരതമാണെന്ന് ആരോപിച്ചുകൊണ്ട് ഭാരത നയതന്ത്രപ്രതിനിധിയെ പുറത്താക്കി. ഇതിനോട് ഭാരതം പ്രതികരിച്ചത് കാനഡയും മറ്റ് ലോക രാഷ്ട്രങ്ങളും ഒട്ടും പ്രതീക്ഷിക്കാത്ത വിധമായിരുന്നു. കനേഡിയന്‍ നയതന്ത്രപ്രതിനിധിയെ ഭാരതം പുറത്താക്കുകയും കാനഡയില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഭാരതത്തിലേക്കുള്ള വിസ താത്കാലികമായി നിര്‍ത്തലാക്കുകയും ചെയ്തിരിക്കുകയാണ്. അമേരിക്കയും ഇംഗ്ലണ്ടും യൂറോപ്യന്‍ യൂണിയനുമടക്കം ഒരു രാജ്യവും കാനഡയെ പിന്‍തുണയ്ക്കാന്‍ മുന്നോട്ടു വന്നില്ല എന്നത് വര്‍ത്തമാനകാല ലോകക്രമത്തില്‍ ഭാരതത്തിന്റെ ശക്തിയെയാണ് വിളിച്ചറിയിക്കുന്നത്.
പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദികളെ അടിച്ചമര്‍ത്തിയ ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാറി’ന് പ്രതികാരമായി 1985 ല്‍ എയര്‍ ഇന്ത്യ വിമാനമായ കനിഷ്‌ക്കയില്‍ ബോംബു വച്ച് 331 യാത്രികരുടെ ജീവനെടുക്കാന്‍ കാരണക്കാരനായ തല്‍വീന്ദര്‍ സിംഗ് പാര്‍മറിന് അഭയം നല്‍കിയ രാജ്യമാണ് കാനഡ. ഇന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയായിരുന്നു അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി. തല്‍വീന്ദറിനെ ഭാരതത്തിന് കൈമാറാന്‍ കാനഡ അന്ന് തയ്യാറായില്ല. ബാബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ എന്ന സിഖ് ഭീകര സംഘടനയുടെ തലവനായിരുന്നു തല്‍ വീന്ദര്‍സിംഗ് പാര്‍മര്‍. ആഗോള ശക്തികള്‍ക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട അന്നത്തെ ഭാരതത്തിന് കാനഡക്കെതിരെ ഒരു ചെറുവിരലനക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല. തൊണ്ണൂറുകളുടെ അവസാനം ഭാരതത്തില്‍ ഖാലിസ്ഥാന്‍ വാദം അവസാനിച്ചുവെങ്കിലും കാനഡയിലേക്ക് കുടിയേറിയ സിഖ്കാരിലൂടെ അവിടെ അത് പച്ച പിടിച്ചു. കാനഡയുടെ ജനസംഖ്യയില്‍ സിഖുകാര്‍ രണ്ടു ശതമാനം മാത്രമാണ് ഉള്ളതെങ്കിലും അവിടുത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യം മുതലാക്കി അവര്‍ വലിയ വിലപേശല്‍ ശക്തിയായി മാറിയിരിക്കുകയാണ്. 2021-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍പാര്‍ട്ടിക്ക് 152 സീറ്റുകള്‍ മാത്രമാണ് നേടനായത്. ഭൂരിപക്ഷത്തിന് 170 എം.പിമാര്‍ വേണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത ഖാലിസ്ഥാന്‍ വാദിയായി അറിയപ്പെടുന്ന ജഗ് മീത് സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.പി ട്രൂഡോയെ അധികാരത്തിലെത്താന്‍ സഹായിക്കുന്നത്. ഖാലിസ്ഥാന്‍ വാദികളോട് എന്നും മൃദുസമീപനം സ്വീകരിച്ചിരുന്ന കാനഡ ഇതോടെ ഖാലിസ്ഥാന്‍ മൗലികവാദത്തിന്റെ ശക്തികേന്ദ്രമായി മാറി. ഭാരത പാര്‍ലമെന്റ് പാസ്സാക്കിയ കാര്‍ഷിക ബില്‍ പരാജയപ്പെടുത്താന്‍ ദില്ലിയില്‍ അരങ്ങേറിയ കര്‍ഷക സമരത്തിന്റെ സാമ്പത്തിക സ്രോതസ് കാനഡയായത് അങ്ങിനെയാണ്. കര്‍ഷക സമരത്തിലെ ഭീകരവാദികളുടെ സാന്നിദ്ധ്യം ഭാരത രഹസ്യാന്വേഷണ വിഭാഗം അന്നേ സ്ഥിരീകരിച്ചിരുന്നതാണ്. ഇന്ന് ട്രൂഡോയുടെ മുതിര്‍ന്ന ഉപദേഷ്ടാവടക്കം കനേഡിയന്‍ സര്‍ക്കാരിലെ നിരവധി പ്രമുഖര്‍ ഖാലിസ്ഥാന്‍ വാദികളാണ്. സര്‍വ്വോപരി ചൈനയുടെയും പാകിസ്ഥാന്റെയും പിന്തുണയും ഇക്കൂട്ടര്‍ക്കുണ്ട്. ആഗോള ശക്തിയായി വളരുന്ന ഭാരതത്തിന്റെ മുന്നേറ്റത്തിന് ഏതുവിധേനയും തടയിടുക എന്ന ചൈനയുടെ പദ്ധതിയും നിലവിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലുണ്ട്. ഭാരതവിരുദ്ധ ശക്തികള്‍ ലോകത്തേത് പുലിമടയില്‍ ഒളിച്ചാലും അവരെ തകര്‍ക്കാനുള്ള കരുത്ത് ഇന്ന് ഭാരതത്തിനുണ്ട്. ബുദ്ധന്റെയും ഗാന്ധിജിയുടെയും മാത്രം മണ്ണല്ല ഭാരതം – അര്‍ജ്ജുനന്റെയും ചന്ദ്രഗുപ്ത മൗര്യന്റെയും കൂടിയാണെന്ന് ലോകമിന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരുക്കുന്നു. ശമമെങ്കില്‍ ശമവും ശഠനോട് ശാഠ്യവും എന്നതാണ് ഇന്നത്തെ ഭാരതത്തിന്റെ നയം.
ഭാരതത്തിന് പുറത്തെ ഏറ്റവും വലിയ സിഖ് സമൂഹമാണ് കാനഡയില്‍ ഉള്ളത് എന്നതുകൊണ്ട് അവരില്‍ ചിലരെ മുന്‍നിര്‍ത്തി ഭാരതത്തെ തകര്‍ത്തു കളയാമെന്ന് ഏതെങ്കിലും ശക്തികള്‍ വ്യാമോഹിക്കുന്നുണ്ടെങ്കില്‍ ഇത് പഴയ ഭാരതമല്ലെന്ന് അവരെ ഓര്‍മ്മിപ്പിക്കുവാന്‍ നാം ആഗ്രഹിക്കുകയാണ്. ഭാരതത്തിന് കാനഡയെ അല്ല കാനഡയ്ക്ക് ഭാരതത്തെയാണ് ഇന്ന് ആവശ്യമെന്ന് കനേഡിയന്‍ ഭരണകൂടം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഭാരതത്തെ പിണക്കാന്‍ അമേരിക്കയടക്കം ഒരു യൂറോപ്യന്‍ രാജ്യവും ഇന്ന് തയ്യാറല്ല. കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയുടെ വിടുവായത്തങ്ങളോട് ലോക ശക്തികള്‍ പുലര്‍ത്തിയ നിശബ്ദതയില്‍ നിന്ന് കാനഡയ്ക്ക് കാര്യങ്ങള്‍ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഭാരതവുമായി രമ്യതയിലെത്താന്‍ ആ രാജ്യം അതിവേഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെയും തുടര്‍ന്ന് സുഖ്ദുള്‍ സിങിന്റെയും കൊലയുടെ പിന്നില്‍ ആരെന്ന് കണ്ടുപിടിക്കേണ്ടത് കാനഡയുടെ ആവശ്യമാണ്. പാകിസ്ഥാനില്‍ കടന്നു കയറി ഒസാമബിന്‍ലാദനെ ചുട്ടുചാമ്പലാക്കി കടലില്‍ കലക്കാന്‍ അമേരിക്കക്ക് അവകാശമുണ്ടെങ്കില്‍ അതേ അവകാശം ഭാരതത്തിനുമുണ്ടെന്ന് എല്ലാ ഭാരതവിരുദ്ധ ശക്തികളും ഓര്‍ക്കുന്നത് നല്ലതാണ്.