അന്തര്‍ബോധത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത ഭാരതത്തിന്റെ ശാസ്ത്രമായ ആയുര്‍വേദത്തിന് പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളതെന്ന് നിരീക്ഷണ ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. വലിയൊരു സമുദ്രമാണ് ആയുര്‍വേദം. ആത്രേയാദി മഹര്‍ഷിമാരാണ് ആയുര്‍വേദത്തിന്റെ ഓരോ പ്രത്യേകശാഖകളെ അധികരിച്ച് ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചത്. എട്ടംഗങ്ങളാണ് ആയുര്‍വേദത്തിനുള്ളത്.
കായചികിത്സയാണ് ഒരംഗം. കഴുത്തിന് കീഴോട്ടുള്ള ശരീരഭാഗത്തിന്റെ ചികിത്സയാണ് ഇത്. പനി മുതല്‍ പക്ഷവാതമടക്കം ശരീരത്തെ ബാധിക്കുന്ന എല്ലാ രോഗങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇതിനെയാണ് ആധുനിക വൈദ്യശാസ്ത്രജ്ഞന്മാര്‍ ‘ജനറല്‍ മെഡിസിന്‍’ എന്നു പറയുന്നത്.
ബാലചികിത്സയാണ് രണ്ടാമത്തെ അംഗം. മുതിര്‍ന്നവരുടെ ചികിത്സയും ബാലന്മാരുടെ ചികിത്സയും ഒന്നല്ല. രോഗങ്ങള്‍ക്കു തന്നെ മാറ്റമുണ്ട്. ‘കൗമാരഭൃത്യം എന്നു പറയുന്ന ഈ വിഭാഗത്തിനെ ആധുനിക വൈദ്യശാസ്ത്രം ‘പീഡിയാട്രിക്‌സ്’ എന്ന ചികിത്സവിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗ്രഹചികിത്സയാണ് മൂന്നാമത്തേത്. ഗ്രഹബാധ മിക്കവാറും മാനസികമാണ്. ശാന്തികര്‍മ്മങ്ങള്‍, ബലികര്‍മ്മങ്ങള്‍, ഹോമാദികള്‍ എന്നീ ചികിത്സാവിധികള്‍ കൊണ്ട് മനസ്സിന്റെ രോഗത്തെ ഇല്ലാതാക്കുന്ന ചികിത്സയാണ് ഭൂതവിദ്യ. ആധുനിക വൈദ്യശാസ്ത്രം ഇതിനെ ‘സൈക്യാട്രിക്കല്‍ ട്രീറ്റ്‌മെന്റ് എന്നു പറയുന്നു.
കഴുത്തിനു മേല്‍പ്പോട്ടുള്ള ഭാഗത്തിന്റെ ചികിത്സയാണ് ഊര്‍ദ്ധ്വാംഗ ചികിത്സ. നേത്ര രോഗചികിത്സയും കര്‍ണ്ണരോഗചികിത്സയും നാഡീരോഗചികിത്സയും നിര്‍വ്വഹിക്കാന്‍ ആയുര്‍വേദത്തിന് ഒരു വിഭാഗം തന്നെയുണ്ട്. ‘ഇ.എന്‍.ടി’ എന്നും ‘ഒഫ്താല്‍മോളജി’ എന്നുമുള്ള രണ്ട് ചികിത്സാവിഭാഗങ്ങളില്‍ആധുനിക വൈദ്യശാസ്ത്രം ഇതിനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ശല്യചികിത്സയാണ് മറ്റൊരു അംഗം. പലതരത്തിലുള്ള പുല്ല്, മരക്കഷണങ്ങള്‍, കല്ല്, പൊടി, ലോഹ കഷണങ്ങള്‍, മണ്ണ്, അസ്ഥി, രോമങ്ങള്‍, നഖങ്ങള്‍ മുതലായവ ശരീരത്തില്‍ ഏതെങ്കിലും കാരണവശാല്‍ അകപ്പെട്ടുപോയാല്‍ അവയെ പുറത്തെടുക്കാനും മറ്റുമുള്ള പ്രത്യേക ചികിത്സകളെ പ്രതിപാദിക്കുന്ന വിഭാഗത്തെയാണ് ശല്യതന്ത്രം എന്നു പറയുന്നത്.
വിഷവൈദ്യചികിത്സാവിഭാഗത്തെയാണ് അഗദതന്ത്രം എന്നു പറയുന്നത്. വിവിധതരം സര്‍പ്പങ്ങള്‍, വിഷപ്രാണികള്‍, എലി, പേപ്പട്ടി മുതലായവ കടിച്ചുണ്ടാകുന്ന മാരകങ്ങളായ ചികിത്സയെയും ഇതില്‍ പ്രതിപാദിക്കുന്നു. ‘ടോക്‌സിക്കോളജി’ എന്ന് ആധുനിക വൈദ്യശാസ്ത്രം ഇതിനെ പറയുന്നു.
ജരാചികിത്സയും വൃഷചികിത്സയുമാണ് മറ്റ് രണ്ട് അംഗങ്ങള്‍. ദേഹം ചുക്കിച്ചുളിഞ്ഞ് വരുന്നതിന് ജര എന്നുപറയുന്നു. ആരോഗ്യം, ബുദ്ധി എന്നിവ വീണ്ടെടുത്ത് ആയുസ്സിനെ നിലനിര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ചികിത്സാവിഭാഗമാണ് ജരാചികിത്സ അഥവാ രസായനതന്ത്രം. ഇതിനെ ‘റിജുവനേറ്റിക് ട്രീറ്റ്‌മെന്റ്’ അല്ലെങ്കില്‍ ‘ജെറിയാട്രിക്‌സ്’ എന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. അതുപോലെ വൃഷചികിത്സ അഥവാ വാജീകരണതന്ത്രം എന്നത് ബീജപുഷ്ടിയും ശുക്ലതുഷ്ടിയും വരുത്തുവാനുള്ള ഔഷധങ്ങളെയും ചികിത്സാപ്രയോഗങ്ങളെയും പ്രതിപാദിക്കുന്ന വിഭാഗമാണ്. ഇതിനെ ആധുനിക വൈദ്യശാസ്ത്രപ്രകാരം ‘ആഫ്‌റോഡിസിയാക് ട്രീറ്റ്‌മെന്റ്’ എന്നു പറയുന്നു.
ഇങ്ങനെ കായചികിത്സ മുതല്‍ വൃഷചികിത്സവരെയുള്ള എട്ട് ചികിത്സാവിഭാഗങ്ങളെയാണ് ആയുര്‍വേദത്തില്‍ അഷ്ടാംഗങ്ങള്‍ എന്നു പറയുന്നത്. ഓരോ വിഭാഗത്തെക്കുറിച്ചും ലക്ഷക്കണക്കിന് ശ്ലോകങ്ങള്‍, അസംഖ്യം മഹര്‍ഷിമാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഗ്രന്ഥങ്ങളെയെല്ലാം സൂക്ഷ്മമായി പരിശോധിച്ച് സത്തുമാത്രമെടുത്ത് നിര്‍മ്മിച്ചിട്ടുള്ള ഗ്രന്ഥമാണ് അഷ്ഠാംഗ സംഗ്രഹം. രണ്ടായിരത്തോളം സംവത്സരങ്ങള്‍ക്കുമുമ്പ് വാഗ്ഭടാചാര്യര്‍ നിര്‍മ്മിച്ചതാണിത്. അത് വിപുലമെന്ന് തോന്നുകയാല്‍ കുറെക്കൂടി കുറുക്കി അഷ്ടാംഗഹൃദയവും വാഗ്ഭടാചാര്യര്‍ തന്നെ നിര്‍മ്മിച്ചു. വേദം പോലെ മനഃപാഠമായി പഠിച്ചുവയ്‌ക്കേണ്ട ഗ്രന്ഥമായി അഷ്ടാംഗഹൃദയം ഇന്നും നിലനില്‍ക്കുന്നു. നൂറ്റിയിരുപത് അധ്യായങ്ങളിലായി എഴായിരത്തിമുന്നൂറ്റി എണ്‍പത്തിയഞ്ച് ശ്ലോകങ്ങള്‍ കൊണ്ട് ആയുര്‍വേദസംബന്ധികളായ സര്‍വ്വവിഷയങ്ങളും അതില്‍ അടുക്കിവച്ചിരിക്കുന്നു. ആറുസ്ഥാനങ്ങളുള്ള അഷ്ടാംഗഹൃദയം നിഷ്‌കൃഷ്ടമായി പഠിച്ചും പഠിപ്പിച്ചും എട്ട് ചികിത്സാ വിഭാഗത്തിലും വിദഗ്ദ്ധരായ വൈദ്യന്മാരാണ് നമ്മുടെ അഷ്ടവൈദ്യന്മാര്‍.
ആയുര്‍വേദത്തിന്റെ അഭിമാനസ്തംഭങ്ങളാണ് കേരളത്തിലെ അഷ്ടവൈദ്യകുടുംബങ്ങള്‍. പരമ്പരാഗതമായ ശാസ്ത്രജ്ഞാനം കൊണ്ടും അതിനിപുണമായ പ്രയോഗചാതുരി കൊണ്ടും അമാനുഷപ്രഭവന്മാരായ അഷ്ടവൈദ്യപ്രമുഖന്മാരുടെ ചരിത്രം ഇവിടെ ഇതിഹാസതുല്യമായി നിലനില്‍ക്കുന്നു. കേരളസൃഷ്ടിക്കുശേഷം പരശുരാമനാണ് അഷ്ടവൈദ്യകുടുംബങ്ങളെ തിരഞ്ഞെടുത്ത് ചികിത്സയ്ക്കായി നിയോഗിച്ചത് എന്നാണ് ഐതിഹ്യം പറയുന്നത്. പരശുരാമന്‍ കേരളീയ ബ്രാഹ്‌മണരെ 36 ഗ്രാമക്കാരായി വിഭജിച്ചു. ഇവരെ ഭരണസൗകര്യത്തിനായി വീണ്ടും 18 സംഘങ്ങളായി തിരിച്ചു. ഈ സംഘങ്ങളില്‍ പ്രധാന വൈദ്യന്മാരായി 18 കുടുംബങ്ങളെ നിയമിച്ചു. ഇങ്ങനെ ചികിത്സയ്ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ട വൈദ്യന്മാരുടെ കുടുംബാംഗങ്ങളാണ് അഷ്ടവൈദ്യകുടുംബങ്ങളായിത്തീര്‍ന്നത്. ഈ വൈദ്യന്മാര്‍ സംഘത്തിലെ മറ്റ് വൈദ്യന്മാരുടെ തലവന്മാര്‍ അഥവാ മൂപ്പന്മാര്‍ ആയിരുന്നു. ഈ ‘മൂപ്പന്‍’ എന്ന പദമാണ് പിന്നീട് ‘മൂസ്സ്’ എന്നായി മാറിയത് എന്ന് മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ‘കേരളം’ എന്ന ചരിത്രകാവ്യത്തില്‍ പ്രതിവാദിക്കുന്നുണ്ട്.
കേരളത്തിലെ ആയുര്‍വേദചികിത്സയുടെ അടിസ്ഥാനഗ്രന്ഥങ്ങളായ അഷ്ടാംഗസംഗ്രഹവും അഷ്ടാംഗഹൃദയവും രചിച്ച വാഗ്ഭടന്റെ ശിഷ്യന്മാരാണ് അഷ്ടവൈദ്യന്മാര്‍. ഇവര്‍ ആയുര്‍വേദത്തിലെ എട്ട് അംഗങ്ങളും പഠിച്ചവരും അഷ്ടാംഗഹൃദയമെന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ചികിത്സിക്കുന്നവരുമാണ്. അന്നുണ്ടായിരുന്ന അഷ്ടവൈദ്യന്മാരുടെ 18 കുടുംബാംഗങ്ങള്‍ ഏതെല്ലാമാണെന്ന് ഇപ്പോഴറിയില്ല. പല കുടുംബങ്ങളും അന്യം നിന്നു പോയി. ചില കുടുംബങ്ങള്‍ മറ്റ് കുടുംബങ്ങളില്‍ ലയിച്ചു. ഇന്ന് നിലവിലുള്ള അഷ്ടവൈദ്യകുടുംബങ്ങള്‍ – വയസ്‌ക്കര, ചിരട്ട മണ്ണ്, എളയിടത്ത്, തൈക്കാട്ട്, ആലത്തിയൂര്‍, കുട്ടഞ്ചേരി, പുലാമന്തോള്‍, വൈദ്യമഠം എന്നിവയാണ്. മുമ്പുണ്ടായിരുന്ന 18 കുടുംബങ്ങളില്‍ പുലാമന്തോള്‍, ആലത്തിയൂര്‍, തൃശ്ശൂര്‍ തൈക്കാട്ട്, ചിരട്ടമണ്ണ്, എളയിടത്ത് തൈക്കാട്ട് വൈദ്യമഠം എന്നീ ആറു കുടുംബങ്ങളില്‍ മാത്രമേ ഇപ്പോള്‍ വൈദ്യവൃത്തിയുള്ളൂ.
ചടങ്ങുകള്‍ കൊണ്ടും സമ്പ്രദായം കൊണ്ടും അഷ്ടവൈദ്യന്മാര്‍ ഓത്തുള്ള നമ്പൂതിരിമാര്‍ തന്നെയാണ്. അവര്‍ പഠനം നടത്തുകയും രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും നാനാതരത്തിലുള്ള ആളുകളെ സ്പര്‍ശിക്കുകയും വേണ്ടി വന്നതിനാല്‍ അവര്‍ക്ക് ഒരു പതിത്വം മറ്റ് ബ്രാഹ്‌മണ സമൂഹങ്ങള്‍ കല്‍പ്പിച്ചു. എന്നാല്‍ ഈ കാലഘട്ടത്തില്‍ അഷ്ടവൈദ്യന്മാര്‍ക്കും മറ്റ് നമ്പൂതിരിമാര്‍ക്കും തമ്മില്‍ പറയത്തക്കതായി വ്യത്യാസമില്ല എന്നതാണ് അവസ്ഥ. എങ്കിലും ക്ഷേത്രസംബന്ധിയായ പല ക്രിയകള്‍ക്കും അവരെ കൂട്ടാറില്ല. എന്നാല്‍ വൈദ്യമഠം ഇതില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. വൈദ്യകാര്യങ്ങള്‍ക്കു വേണ്ടി യാഗശാലയില്‍ മറ്റ് നമ്പൂതിരിമാര്‍ക്കൊപ്പം പെരുമാറുന്നതിന് പ്രത്യേകിച്ച് നിശ്ചയിക്കപ്പെട്ടവരാണ് അവര്‍. യാഗശാലാ വൈദ്യന്‍ എന്നാണവര്‍ അറിയപ്പെടുന്നത്. പിന്നീട് അത് ചുരുങ്ങി വൈദ്യന്‍ എന്നായി. യാഗത്തിലെ വൈദ്യനാകയാല്‍ അവര്‍ക്ക് വേദപഠനം അനിവാര്യമായിരുന്നു. മറ്റ് ഏഴംഗങ്ങളിലെ പ്രവൃത്തിയും പ്രശസ്തിയും ഉള്ളതുകൊണ്ടാണ് അഷാടാംഗഹൃദയവൈദ്യന്മാര്‍ എന്ന നിലയ്ക്കും അവര്‍ അഷ്ടവൈദ്യന്മാരില്‍ ഉള്‍പ്പെടുന്നത്.
പ്രശസ്തരായ അഷ്ടവൈദ്യന്മാര്‍
പുലാമന്തോള്‍ മൂസ്സ്
പെരിന്തല്‍മണ്ണയിലെ പുലമന്തോളിലാണ് ഇവരുടെ ഇല്ലം. പഴയകാലത്ത് സാമൂതിരിയുടേയും വള്ളുവക്കോനാതിരിയുടേയും വൈദ്യന്മാരായിരുന്നു. വാഗ്ഭടാചാര്യര്‍ അവസാനദിവസങ്ങളില്‍ ഈ ഇല്ലത്താണ് കഴിച്ചുകൂട്ടിയതെന്ന് പറയപ്പെടുന്നു. രുദ്രനും ധന്വന്തരിയുമാണ് ഇവരുടെ പരദേവതകള്‍.
കുട്ടഞ്ചേരി മൂസ്സ്
കൊച്ചിയിലെ രാജകുടുംബവൈദ്യന്മാരായിരുന്നു ഇവര്‍. തുലാമാസത്തിലെ തിരുവോണത്തിന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവനായ സംഗമേശ്വരന് പുത്തരി നിവേദ്യത്തിനു ശേഷം പിറ്റേ ദിവസത്തെ മുക്കുടി നിവേദ്യത്തിനുള്ള മരുന്ന് തയ്യാറാക്കിക്കൊടുക്കേണ്ട ചുമതല കുട്ടഞ്ചേരി മൂസ്സിനാണ്. നെല്ലുവായ് ധന്വന്തരി മൂര്‍ത്തി ഇവരുടെ പരദേവതയാണ്. തൃശ്ശൂര്‍ വടക്കാഞ്ചേരിക്കടുത്ത് കുമാരനെല്ലൂരിലാണ് ഇവരുടെ ഗൃഹം. ഇപ്പോള്‍ വൈദ്യവൃത്തിയില്‍ പ്രാവീണ്യമുള്ള ആരും ഈ തറവാട്ടില്‍ ഇല്ല.
പഴനെല്ലിപ്പുറത്ത് തൈക്കാട്ട് മൂസ്സ്
പട്ടാമ്പിയിലെ പള്ളിപ്പുറം പഴനെല്ലിപ്പുറത്തായിരുന്നു ഇവരുടെ ഇല്ലം. കൊച്ചിയില്‍ ശക്തന്‍ തമ്പുരാന്റെ ഭരണകാലത്ത് കൊട്ടാരം വൈദ്യന്മാരായിരുന്നു ഇവര്‍.
വയസ്‌ക്കര മൂസ്സ്
വയസ്സ്‌ക്കര മൂസ്സിന്റെ ഇല്ലം കോട്ടയം ജില്ലയിലാണ്. തെക്കുംകൂര്‍ രാജാവിന്റെ കൊട്ടാരം വൈദ്യന്മാരായിരുന്നു ഇവര്‍.
ചിരട്ടമണ്ണ് മൂസ്സ്
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തായിരുന്നു ചിരട്ടമണ്ണ് കുടുംബം താമസിച്ചിരുന്നത്. ടിപ്പുവിന്റെ ആക്രമണത്തെ തുടര്‍ന്ന് തിരുവിതാംകൂറിലേക്ക് പോയി. കുറെക്കാലം ചേര്‍ത്തലയില്‍ താമസിച്ചു. പിന്നീട് തിരുവിതാകൂര്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയത്തിനടുത്ത് ഒളശ്ശയില്‍ സ്ഥിരതാമസമാക്കി.
എളയിടത്ത് തൈക്കാട്ട് മൂസ്സ്
തൃശ്ശൂര്‍ ജില്ലയിലെ തൈക്കാട്ടുശ്ശേരിയിലാണു ഇവരുടെ താമസം. അമൃത കലശ/ചക്ര/ജജകാ/ശാഖാധാരിണിയായ ദുര്‍ഗ്ഗാഭഗവതിയാണ് ഇവരുടെ പരദേവത.
ആലത്തിയൂര്‍ നമ്പി
ഐതീഹ്യകഥകളില്‍ ഏറ്റവും പ്രതിപാദിക്കപ്പെട്ട അഷ്ടവൈദ്യകുടുംബമാണ് ആലത്തിയൂര്‍ നമ്പിയുടേത്. ദേവവൈദ്യന്മാരായിരുന്ന അശ്വനീദേവകള്‍ നമ്പിയെ പരീക്ഷിച്ചു തൃപ്തരായി ഗ്രന്ഥം നല്‍കിയെന്നും അത് വാങ്ങിയത് ഇടതുകൈകൊണ്ടാകയാല്‍ ആലത്തിയൂര്‍ നമ്പിമാര്‍ ഇടതുകൈകൊണ്ട് നല്‍കുന്ന ഔഷധത്തിനും കുറിപ്പടിയ്ക്കും തേപ്പിക്കുന്ന എണ്ണയ്ക്കും ഫലമേറുമെന്നും പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ആലത്തിയൂരാണ് ഇവരുടെ പൗരാണിക ഗൃഹം. ഇവരുടെ പിന്മുറക്കാര്‍ ഇപ്പോള്‍ തൃശ്ശൂരിനടുത്ത് ചൂണ്ടലിലാണ് താമസിക്കുന്നത്.
വെള്ളടമൂസ്സ്
ഇളങ്കുന്നപ്പുഴയില്‍ എടിയാക്കാല്‍ മൂസ്സ് എന്നും ചാലക്കുടിയില്‍ ഉഭയൂര്‍ മൂസ്സെന്നും വെള്ളട ഇല്ലക്കാര്‍ക്ക് രണ്ട് ശാഖകള്‍ ഉണ്ടായിരുന്നു. എടിയാക്കല്‍ കുടുംബം നാമാവശേഷമായി. ചാലക്കുടിയിലുണ്ടായിരുന്ന ശാഖ ചേര്‍ത്തലയ്ക്കടുത്ത് മരുത്തോര്‍ വട്ടത്തിലേക്ക് താമസം മാറ്റി. പിന്നീട് അവര്‍ വെള്ളട എന്ന ഇല്ലപ്പേര് സ്വീകരിച്ചു. വൈക്കത്തപ്പന് മുക്കുടി ഉണ്ടാക്കുന്നത് ഈ കുടുംബമാണ്.
വൈദ്യമഠം നമ്പൂതിരി
മേഴത്തൂരാണ് ഇവരുടെ ഇല്ലം. അഷ്ടവൈദ്യകുടുംബങ്ങളില്‍പ്പെടുന്ന കാരത്തോള്‍ തമ്പിയുടെ പരമ്പരയില്‍പ്പെട്ടവരാണ് ഇവര്‍ എന്ന് കരുതപ്പെടുന്നു.
ആലത്തിയൂര്‍ നമ്പിയും അശ്വനിദേവതകളും എന്നും ക്ഷേത്രദര്‍ശനത്തിനു പോകവേ ആലിന്‍ കൊമ്പത്തിരുന്ന് രണ്ട് കിളികള്‍ ‘കോരുക്ക് കോരുക്ക്’ എന്ന് ശബ്ദിക്കുന്നത് ആലത്തിയൂര്‍ നമ്പി ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു ദിവസം ആ പക്ഷികള്‍ അപ്രകാരം ശബ്ദമുണ്ടാക്കിയപ്പോള്‍ തിരിഞ്ഞുനിന്ന് അവയെ നോക്കി അദ്ദേഹം ഇങ്ങനെ പറഞ്ഞു:
”കാലേ ഹിതമിതഭോജീ കൃതചംക്രമണംഃ
ക്രമേണ വാമശയഃ
അവിധൃത മൂത്രപുരീഷഃ സ്ത്രീഷ്ടയതാദ്മ
ചയോ നരഃ സോരുക്ക്ഃ”
ഇതു പറഞ്ഞ് ക്ഷേത്രദര്‍ശനം നടത്തി അദ്ദേഹം ഇല്ലത്തേക്ക് മടങ്ങി. പിന്നീട് ആ പക്ഷികളെ ആരും കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ഉണ്ടായിട്ടില്ല. പക്ഷികളുമായി സംവദിച്ച ആ മഹാപുരുഷന്‍ ആലത്തിയൂര്‍ നമ്പി ആയിരുന്നു. അശ്വനിദേവകള്‍ക്ക് വൈദ്യം പഠിപ്പിച്ചുകൊടുത്ത സാക്ഷാല്‍ ആലത്തിയൂര്‍ നമ്പി. ‘കോരുക്ക്’ എന്ന ശബ്ദത്തിന് ‘അരുക്ക്’ (രോഗമില്ലാത്തവനാര് എന്നാണ് അര്‍ത്ഥം). പക്ഷികളുടെ ചോദ്യത്തിന് നമ്പിയുടെ മറുപടി: വേണ്ട സമയത്ത് ഹിതമായും മിതമായും ഭക്ഷിക്കുന്നവനും ഊണിന് ശേഷം കുറച്ച് നടക്കുകയും ഇടതുവശം ചരിഞ്ഞ് കിടക്കുകയും ചെയ്യുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ടുന്ന സമയത്ത് വിസര്‍ജ്ജിക്കുന്നവനും സ്ത്രീപുരുഷസംയോഗത്തില്‍ നല്ല സംയമനം പാലിക്കുന്നവനും ആരോ ആ മനുഷ്യന്‍ അരോഗിയായിരിക്കും. ആലത്തിയൂര്‍ നമ്പിയുടെ ഈ മറുപടി അവര്‍ക്ക് ബോധിച്ചതിനാലാകാം പിന്നീട് അവരെ കാണാതായത്.
ഈ സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം, തങ്ങളെ വൈദ്യശാസ്ത്രം പഠിപ്പിക്കണമെന്ന് അപേക്ഷിച്ച് രണ്ട് ബ്രാഹ്‌മണകുമാരന്മാര്‍ ഇല്ലത്ത് വന്നു. അദ്ദേഹം സമ്മതം മൂളി. മഹാവികൃതികളാണ് ആ ബാലന്മാര്‍. എങ്കിലും പഠനകാര്യങ്ങളില്‍ അസാമാന്യ വൈഭവം പ്രകടിപ്പിച്ചതുകൊണ്ട് നമ്പിക്ക് അവരെ കാര്യമായിരുന്നു. ഒരു ദിവസം ഗുരുനാഥനില്ലാതിരുന്ന സമയം ഈ ബ്രാഹ്‌മണകുമാരന്മാര്‍ അവിടെയുണ്ടായിരുന്ന പഠിപ്പുരമാളികയ്ക്ക് തീവെച്ച്, അത് ഭസ്മാവശേഷമാക്കി. നമ്പി തിരിച്ചുവന്നപ്പോള്‍ സംഗതി മനസ്സിലാക്കിയെങ്കിലും അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. അതുപോലെ നമ്പിയുടെ അച്ഛന്റെ ശ്രാദ്ധദിനത്തില്‍ ബലിയ്ക്ക് കുളിക്കാനായി അദ്ദേഹം പോയനേരത്ത് ഈ ശിഷ്യന്മാര്‍ കവ്യം (ബലികര്‍മ്മത്തിനായി വയ്ക്കുന്ന നിവേദ്യ ചോറ്), ആ സമയത്ത് അവിടെ വന്ന ചില നായാടികള്‍ക്ക് കൊടുത്തു. നമ്പി ഇത് മനസ്സിലാക്കിയെങ്കിലും ബ്രാഹ്‌മണകുമാരന്മാരോട് ഇതിനെക്കുറിച്ചൊന്നും ചോദിച്ചില്ല.
പിന്നൊരിക്കല്‍ നമ്പി ഈ ശിഷ്യന്മാരോടൊത്ത് ഒരു രോഗിയെ കാണാനായി പോവുകയായിരുന്നു. മാര്‍ഗ്ഗമദ്ധ്യേ ഒരു നദിക്കു കുറുകെ കടക്കവേ ശിഷ്യന്മാര്‍ ഇരുവരും ചേര്‍ന്ന് ഗുരുവിനെ പാലത്തിനുമുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു. നദിയില്‍ നിന്നും കരയ്ക്കു കയറിയ അദ്ദേഹം ശിഷ്യന്മാരുടെ പ്രവൃത്തിയെക്കുറിച്ച് ഒരു വാക്കുപോലും ചോദിക്കാതെ യാത്ര തുടര്‍ന്നു.
നമ്പിയുടെ അടുത്ത് സ്ഥിരമായി ചികിത്സയ്ക്ക് എത്തുന്ന ഒരു രോഗി ഉണ്ടായിരുന്നു. തലവേദനയാണ് അയാളുടെ ദീനം. വേദന കലശലാകുമ്പോള്‍ നമ്പിയുടെ അടുത്തെത്തും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മരുന്നു സേവിച്ചാല്‍ ദീനം മാറും. എന്നാല്‍ അത് വിട്ടൊഴിയുകയുമില്ല. ഒരിക്കല്‍ അയാള്‍ വന്നപ്പോള്‍ നമ്പി അവിടെ ഉണ്ടായിരുന്നില്ല. രോഗിയുടെ ദൈന്യത കണ്ട ശിഷ്യന്മാരായ ആ രണ്ട് ബ്രാഹ്‌മണകുമാരന്മാര്‍, രോഗിയേയും കൂട്ടി, ചില പച്ചമരുന്നുകളുമായി അകത്തെ ഒരു മുറിയിലേക്ക് കയറിപ്പോയി. അകത്ത് കടന്ന ഉടനെ വാതിലടച്ച് സാക്ഷയിട്ടു.
നമ്പിയുടെ പുത്രന്മാരായ ഉണ്ണികള്‍ അകത്ത് എന്താണ് നടക്കുന്നത് എന്നറിയാന്‍ താക്കോല്‍ ദ്വാരത്തിലൂടെ ഒളിഞ്ഞുനോക്കി. അകത്ത് ബ്രാഹ്‌മണകുമാരന്മാര്‍ രോഗിയുടെ തലയില്‍ മരുന്ന് ലേപനം ചെയ്ത്, തലയുടെ തൊലി രോമത്തോടെ എടുത്തുമാറ്റി തലയോട്ടിയില്‍ പറ്റിയിരുന്ന ചെറു പുഴുക്കളെ നീക്കം ചെയ്തശേഷം തൊലി ഭദ്രമായി ഒട്ടിച്ചു പിടിപ്പിക്കുന്ന കാഴ്ച കണ്ടു. രോഗിയുടെ വേദന മാറി സുഖം പ്രാപിച്ചു. വാതില്‍ തുറന്ന് പുറത്തുകടന്ന ബ്രാഹ്‌മണകുമാരന്മാര്‍ ഉണ്ണികളെ കണ്ടിട്ട് ഇങ്ങനെ നോക്കിയാല്‍ കോങ്കണ്ണുണ്ടാകും എന്ന് പറഞ്ഞ് ഉള്ളം കയ്യില്‍ പറ്റിയിരുന്ന മരുന്ന് ഇല്ലത്തെ തൂണില്‍ തേച്ചുകളഞ്ഞു.
നമ്പി മടങ്ങിവന്നപ്പോള്‍ ഉണ്ണികള്‍ തലവേദനക്കാരന്‍ വന്നതു മുതല്‍ അവര്‍ കണ്ട സകലസംഗതികളും അദ്ദേഹത്തോടു പറഞ്ഞു. അന്ന് നമ്പി ആഹാരം കഴിക്കാനിരിക്കവേ, ശിഷ്യരായ ബ്രാഹ്‌മണകുമാരന്മാര്‍ നമ്പിയുടെ അടുത്തുചെന്ന് ‘ഞങ്ങള്‍ക്ക് ഇനി ഇവിടെ താമസിക്കാന്‍ നിര്‍വാഹമില്ല, പോകാനുള്ള സമയമായി, ഞങ്ങള്‍ ഇവിടെ താമസിച്ചു പഠിക്കുകയും അങ്ങേയ്ക്ക് പലവിധ ഉപദ്രവങ്ങളും ചെയ്യുകയുണ്ടായി. ഇതിനൊക്കെ തക്കതായ പ്രതിഫലം തരുന്നതിന് ഞങ്ങളുടെ കൈവശം ഒന്നുമില്ല. എങ്കിലും ഇതിരിക്കട്ടെ’ എന്നു പറഞ്ഞ് ഒരു ഗ്രന്ഥം നമ്പിയുടെ നേര്‍ക്ക് നീട്ടി. അദ്ദേഹം ആഹാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ ഇടതുകൈകൊണ്ടാണ് ഗ്രന്ഥം വാങ്ങിയത്. അപ്പോള്‍ ബ്രാഹ്‌മണകുമാരന്മാര്‍ പറഞ്ഞു: ‘ഒരു നിവൃത്തിയുമില്ലാതെ മുട്ടുന്ന സമയത്ത് ഈ ഗ്രന്ഥം അഴിച്ചുനോക്കിയാല്‍ അതില്‍ എന്തെങ്കിലും സമാധാനം കാണും. ഈ ഗ്രന്ഥം ഈ ഇല്ലത്തുളളവരല്ലാതെ മറ്റാരും കാണാനിടയാകരുത്’ എന്നും പറഞ്ഞ് യാത്രയായി. നമ്പി ഉണ്ടുകൊണ്ടിരുന്ന വലതുകൈ മടക്കിപ്പിടിച്ച്, ഗ്രന്ഥം പിടിച്ച ഇടതുകൈയുമായി അനുയാത്രയായി അവരുടെ പിന്നാലെ ചെന്നു. അവര്‍ പോകും മുമ്പ് നമ്പി ചോദിച്ചു: ”നിങ്ങള്‍ ആരാണ്, കേവലം മനുഷ്യര്‍ അല്ലെന്ന് തോന്നി.”
”ഞങ്ങള്‍ മനുഷ്യരല്ലെങ്കില്‍ പക്ഷികളോ ദേവതകളോ ആണെന്നു വിശ്വസിച്ചു കൊള്ളൂ” അവര്‍ മറുപടി നല്‍കി. ഇവിടെ വന്നത് എന്തിനെന്ന നമ്പിയുടെ ചോദ്യത്തിന് ആയുര്‍വേദത്തിന്റെ പ്രചാരത്തിന് എന്ന് ശിഷ്യര്‍ മറുപടി നല്‍കി. അപ്പോള്‍ പടിപ്പുരയ്ക്ക് തീ വെച്ചതും, നാടോടികള്‍ക്ക് ശ്രാദ്ധത്തിനു കരുതിയ കവ്യം നല്‍കിയതും തന്നെ പുഴയിലേക്ക് തള്ളിയിട്ടതിന്റെയുമൊക്കെ പുറകില്‍ എന്തൊക്കെയോ ഉണ്ടെന്ന് നമ്പിക്കു മനസ്സിലായി.
പടിപ്പുരയ്ക്ക് തീവെച്ചത് ഇല്ലത്തിന് അഗ്നിബാധയ്ക്കുള്ള ഒരു യോഗം ഉണ്ടായിരുന്നത് അങ്ങനെ പടിപ്പുര തീവെച്ച് തീര്‍ക്കാനാണെന്നും നായാടികളുടെ വേഷത്തില്‍ വന്നത് പിതൃക്കളാണെന്നും ശ്രാദ്ധത്തിനുള്ള സമയം അതിക്രമിച്ചതുകൊണ്ട് അവര്‍ ആ വേഷത്തില്‍ വന്നുവിളിച്ചതാണെന്നും പിതൃശാപം ഏല്‍ക്കാതിരിക്കാന്‍ കവ്യം എടുത്തു നല്‍കിയതാണെന്നും പറഞ്ഞു. ഗംഗ-യമുന-സരസ്വതി സാന്നിദ്ധ്യം നദിയില്‍ ഉണ്ടായിരുന്ന നേരത്താണ് തങ്ങള്‍ ഗുരുനാഥനെ നദിയിലേക്ക് തള്ളിയിട്ടതെന്നും ശിഷ്യന്മാര്‍ പറഞ്ഞപ്പോള്‍ അവര്‍ നിസ്സാരക്കാരല്ലെന്നും സാക്ഷാല്‍ അശ്വനിദേവകളാണ് അവരെന്നും ആലത്തിയൂര്‍ നമ്പിക്ക് മനസ്സിലായി. ആ ബ്രാഹ്‌മണകുമാരന്മാര്‍ ഉടനെ മുറ്റത്തിറങ്ങി. അവിടെയുള്ള ആല്‍ത്തറയില്‍ കയറുകയും അവിടെ വെച്ച് അദൃശ്യരായിത്തീരുകയും ചെയ്തു. മുന്‍പ് ആലിന്‍കൊമ്പത്തിരുന്ന് ‘കോരുക്ക്’ എന്ന് ചോദിച്ച പക്ഷികളും അശ്വനിദേവകള്‍ തന്നെയെന്ന് നമ്പിക്ക് ബോധ്യമായി. അശ്വനിദേവന്മാരുടെ സാന്നിദ്ധ്യവും അനുഗ്രഹവും ലഭിക്കയാലാണ് ആലത്തിയൂര്‍ നമ്പിമാര്‍ക്ക് ചികിത്സയില്‍ ഇത്രയും കൈപ്പുണ്യം ഉണ്ടായത്.
ആലത്തിയൂര്‍ നമ്പിമാരുടെ ഇല്ലത്തെ പിന്‍തലമുറകളിലും ശ്രേഷ്ഠന്മാരായ വൈദ്യന്മാരാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഐതിഹ്യങ്ങളിലും മറ്റും നിറഞ്ഞു നില്‍ക്കുന്ന ചരിത്രമായി മാറി ഈ കുടുംബത്തിന്റേത്. ‘നമ്പി’ എന്ന വാക്കിനുതന്നെ അര്‍ത്ഥം ശ്രേഷ്ഠന്‍ എന്നാണ്. ആ കൈപ്പുണ്യം കൊണ്ടുതന്നെയാണ് സര്‍പ്പരാജാവായ തക്ഷകന്‍ തന്റെ കഠിനമായ ഉദരരോഗശമനത്തിനായി ബ്രാഹ്‌മണരൂപം ധരിച്ച് ആലത്തിയൂര്‍ നമ്പിയുടെ മുന്‍പില്‍ ചികിത്സയ്ക്കു വന്നത്. തക്ഷകന് നമ്പി ഇടതുകൈകൊണ്ടാണ് മരുന്ന് വായില്‍ ഒഴിച്ച് നല്‍കിയത്. രോഗം ശമിച്ച് തക്ഷകന്‍ നമ്പിയെ അനുഗ്രഹിച്ചു. ആ ഇല്ലത്തുള്ളവര്‍ക്ക് ആര്‍ക്കും സര്‍പ്പദംശനമോ കോപമോ ഏല്‍ക്കുകയില്ലെന്ന് വരം നല്‍കി. നമ്പി ഇടതുകൈ കൊണ്ട് മരുന്നൊഴിച്ചു നല്‍കിയതുകൊണ്ടാണ് തനിക്ക് അസുഖം മാറിയത് എന്നതുകൊണ്ട് ഈ ഇല്ലത്തുള്ളവര്‍ ഇടതുകൈകൊണ്ട് നല്‍കുന്ന മരുന്നിന് കൂടുതല്‍ ഫലം ഉണ്ടാകും എന്നും പറഞ്ഞു.
ആലത്തിയൂര്‍ നമ്പിയെപ്പറ്റി മറ്റൊരു കഥയുണ്ട്. ഒരിക്കല്‍ ഒരു നമ്പൂതിരിക്ക് കുഷ്ഠ രോഗബാധയുണ്ടായി. അദ്ദേഹം നമ്പിയുടെ അടുത്ത് ചികിത്സയ്ക്ക് എത്തി. അദ്ദേഹം ചികിത്സ നിര്‍ദ്ദേശിച്ചത്. ‘ഒരു നാഴി പെരുമ്പാമ്പിന്റെ നെയ്യ് സേവിക്കാനാണ്.’ ഇതല്ലാതെ വേറെ വഴിയില്ല. ഞാനല്ലാതെ വേറെ ആരുവിചാരിച്ചാലും അത് ഭേദമാക്കാന്‍ സാധിക്കില്ല. നമ്പൂതിരിക്ക് ആകെ വിഷമമായി. പെരുമ്പാമ്പിന്റെ നെയ്യ് സേവിക്കുക എന്നത് ചിന്തിക്കാന്‍ കൂടി വയ്യ.
ആലത്തിയൂര്‍ നമ്പി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് മറ്റ് വൈദ്യന്മാരെ കണ്ടിട്ടും പ്രയോജനം ഒന്നുമില്ലെന്ന് മനസ്സിലാക്കിയ നമ്പൂതിരി ചമ്രവട്ടത്തപ്പന്റെ അടുക്കല്‍ എത്തി, ഭജിക്കാന്‍ തുടങ്ങി. അന്നുരാത്രി നമ്പൂതിരിക്ക് ഒരു സ്വപ്‌നദര്‍ശനമുണ്ടായി അതിങ്ങനെ ആയിരുന്നു ക്ഷേത്രത്തിനു കിഴക്കുഭാഗത്തെ പുഴയില്‍ കുളിക്കുമ്പോള്‍ പുഴയില്‍ നിന്ന് മൂന്ന് കൈക്കുമ്പിള്‍ ജലം എടുത്ത് സേവിച്ചാല്‍ നാല്പതുദിവസം കൊണ്ട് രോഗം ഭേദമാകും. അത് ചമ്രവട്ടത്തപ്പന്റെ ആജ്ഞ എന്നു കരുതി നമ്പൂതിരി അതാവര്‍ത്തിച്ചു.
രണ്ടു മാസത്തിനകം രോഗം മാറിയ നമ്പൂതിരി പെരുമ്പാമ്പിന്റെ നെയ്യ് സേവിക്കാതെ തന്നെ രോഗവിമുക്തമായ ശരീരം നമ്പിയെ കാണിക്കാന്‍ ഇല്ലത്ത് ചെന്ന് ചമ്രവട്ടത്തപ്പനെ ഭജിച്ച് അസുഖം ഭേദമായി എന്നു പറയുന്നതിനോടൊപ്പം നമ്പൂതിരി താന്‍ സ്വപ്‌നത്തില്‍ അശരീരി ശ്രവിച്ച കാര്യവും നമ്പിയോടു പറഞ്ഞു. നിജസ്ഥിതി ബോധ്യപ്പെടാന്‍ ആലത്തിയൂര്‍ നമ്പി നമ്പൂതിരിയോടൊപ്പം ചമ്രവട്ടം കടവിലെത്തി. അമ്പലക്കടവില്‍ നിന്ന് പുഴയിലൂടെ കുറച്ചുദൂരം മുന്നോട്ട് ചെന്നപ്പോള്‍ അവിടെ ഒരു വലിയ പെരുമ്പാമ്പ് ചത്തു ചീഞ്ഞ് അസ്ഥിപഞ്ജരമായി കിടക്കുന്നത് അവര്‍ കണ്ടു. താന്‍ പുഴവെള്ളം സേവിക്കുക വഴി പെരുമ്പാമ്പിന്റെ നെയ്യ് അകത്ത് ചെല്ലുകയും അതുവഴി രോഗം ഭേദമാവുകയും ചെയ്തതാണെന്ന് നമ്പൂതിരിക്ക് ബോധ്യമായി. ‘ലേലീതകീവസം’ കുഷ്ഠരോഗത്തിനും വാതരോഗത്തിനും ആയുര്‍വേദം വിധിച്ചിട്ടുള്ളതാണ്. ലേലീതകീവസം എന്നാല്‍ പെരുമ്പാമ്പിന്റെ നെയ്യാണ്. ഇന്ന് കേരളത്തില്‍ ആയുര്‍വേദ പൈതൃകം അതിന്റെ പാരമ്പര്യവും തനിമയും നിലനിര്‍ത്തിക്കൊണ്ട് ലോകപ്രശസ്തമായി മാറിയിരിക്കുന്നു എന്ന വസ്തുത നമ്മള്‍ മലയാളികള്‍ക്ക് അഭിമാനകരമാണ്. അഷ്ടവൈദ്യന്മാര്‍ക്കു പുറമെ മറ്റേനേകം സ്ഥാപനങ്ങളും വ്യക്തികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു.