ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടുള്ള മറുപടി പ്രസംഗത്തോടൊപ്പം ‘ജനാധിപത്യത്തിന്റെ പ്രതിസന്ധി’ എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ ‘ലോകത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപതികള്‍ ട്രംപും, മോദിയുമാണെന്ന്’ അങ്ങ് പറയുകയുണ്ടായല്ലോ?
അങ്ങയോട് ഞാനൊന്നു ചോദിച്ചോട്ടെ? ലോകത്തിലെ സ്വേച്ഛാധിപതികളുടെ പട്ടിക അങ്ങ് അവിടെ നിരത്തിയപ്പോള്‍ ചൈനയുടെ പ്രസിഡന്റ്, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ചെയര്‍മാന്‍ ഓഫ് ദി സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍, പാരമൗണ്ട് ലീഡര്‍ എന്നീ പദവികള്‍ കൈയ്യടക്കി വാഴുന്ന ജീന്‍ പിന്‍ങ്ങിനെ സ്വേച്ഛാധികാരികളുടെ പട്ടികയില്‍പ്പെടുത്താതെ അങ്ങ് വിട്ടുകളഞ്ഞത് എന്തുകൊണ്ടാണ്? ഉത്തരകൊറിയയെ അടക്കി വാഴുന്ന കീം ജോങ് ഉന്നിനെയും സ്വേച്ഛാധിപതികളുടെ കൂട്ടത്തില്‍ അങ്ങ് ഉള്‍പ്പെടുത്തിക്കണ്ടില്ല.
ബഹുമാനപ്പെട്ട സച്ചിദാനന്ദന്‍ മാസ്റ്റര്‍ ഒന്നു മനസ്സിലാക്കണം. മോദിയെയും ട്രംപിനെയും അവരുടെ രാജ്യത്തെ ജനങ്ങള്‍ വോട്ടു ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യരീതിയില്‍ ഈ ഉന്നതസ്ഥാനത്തേക്ക് തിരഞ്ഞെടുത്തവരാണ്. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും രാജ്യത്തോടും ലോകത്തോടും കൂടുതല്‍ പ്രതിബദ്ധതയുമുണ്ടാകും.
എന്നാല്‍ ചൈനയിലെയും ഉത്തരകൊറിയയിലെയും ഭരണാധികാരികള്‍ അവിടത്തെ ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ല. ആ രാജ്യത്തെ ജനങ്ങള്‍ക്ക് സമ്മതിദാനവകാശത്തിലൂടെ ഇവരെ ഒരിക്കലും മാറ്റാനൊരവസരം കിട്ടുകയുമില്ല. അതേസമയം അമേരിക്കയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് അവര്‍ക്കുള്ള അവസരം വരുമ്പോള്‍ ട്രംപിനെയും മോദിയെയും തങ്ങളുടെ അധികാരമുപയോഗിച്ച് മാറ്റാനാകും. ട്രംപോ, ട്രംപിന്റെ രാഷ്ട്രീയ പാര്‍ട്ടിയോ വിചാരിച്ചാല്‍ പോലും ഇനി ഒരു തവണയില്‍ കൂടുതല്‍ അദ്ദേഹത്തിന് പ്രസിഡന്റാകാനുമാകില്ല. ഇങ്ങനെയൊരു ജനാധിപത്യ വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ട് രാജ്യം ഭരിക്കുന്നവര്‍ എങ്ങനെ സ്വേച്ഛാധിപതികളാകും? മാത്രമല്ല, പ്രതിപക്ഷ കക്ഷികള്‍ക്ക് ഇവരുടെ നയങ്ങളെ പാര്‍ലമെന്റിനകത്തും പുറത്തും ചോ ദ്യംചെയ്യാനും എതിര്‍ക്കാനും പ്രതിഷേധിക്കാനുമാകും. ഒപ്പം ജനങ്ങള്‍ക്കും. അതേസമയം ഉത്തരകൊറിയയുടെയും ചൈനയുടെയും പ്രസിഡന്റുമാര്‍ക്കെതിരെ അനങ്ങാനാകുമോ? അധികാര മുഷ്‌ക്കോടെ ആജീവനാന്തം രാജ്യഭരണം കയ്യടക്കുന്നവരെ ലോകത്തിലെ സ്വേച്ഛാധിപതികളുടെ പട്ടികയില്‍ നിന്നും അങ്ങ് ഒഴിവാക്കി അവിടെ സംസാരിച്ചത് ശരിയാണോ?
ഇവര്‍ നാലുപേരും കൈക്കൊള്ളുന്ന തീരുമാനങ്ങളും നിലപാടുകളും ജനാധിപത്യപരമായി പരിശോധിച്ചാല്‍ സാമാന്യബോധമുള്ളവര്‍ക്ക് ഇവരില്‍ ആരാണ് സ്വേച്ഛാധികാരികളെന്ന് മനസ്സിലാക്കാനാകും. അങ്ങയുടെ വാക്ചാതുര്യവും പ്രശസ്തി യും ഉപയോഗിച്ച് യാഥാര്‍ത്ഥ്യ ബോദ്ധ്യമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ഒരപേക്ഷയുണ്ട്.
ഇ-മെയില്‍
എം.ജോണ്‍സണ്‍ റോച്ച്
ചൊവ്വര പി.ഒ.
Comments