കോഴിക്കോട്: ഭാരതീയ സംസ്‌കൃതിയും തത്വചിന്തയും ജീവിതരീതിയും ലോകത്തിന്റെ അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സമിതി അംഗം ഡോ. സദാനന്ദ ദാമോദര്‍ സപ്രേ പറഞ്ഞു. കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ ‘ഹിന്ദുത്വത്തിന്റെ ആഗോളീകരണവും സംഘപ്രസ്ഥാനങ്ങളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ സംസ്‌കൃതി ലോകത്തെ ഒന്നിപ്പിക്കും. ഭാരതീയ സംഗീതം, യോഗ, വേദം, ആയുര്‍വേദം, ഭഗവദ്ഗീത എന്നിവ ഇന്ന് ലോകരാജ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ സേവാ മനോഭാവം ലോകത്തിന് തന്നെ മാതൃകയാണ്. അറിവിന് പേറ്റന്റ് നിശ്ചയിക്കാത്ത പാരമ്പര്യമാണ് ഭാരതത്തിന്റേത്. നിരവധി സംസ്‌കൃത സര്‍വ്വകലാശാലകള്‍ ഭാരതത്തിന് പുറത്തുണ്ട്. ഹൈന്ദവ സംസ്‌കാരത്തിന്റെ മഹത്തായ സവിശേഷതകളെ, ദൈനംദിന ജീവിത വ്യവഹാരങ്ങളിലൂടെ ജീവിതത്തില്‍ പകര്‍ത്തിയവരാണ് വിദേശരാജ്യങ്ങളില്‍ ഭാരത സംസ്‌കൃതിയുടെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറിയത്. എല്ലാം ഒന്നിന്റെ വിവിധ ആവിഷ്‌ക്കാരങ്ങളാണെന്ന സത്യം അവര്‍ ലോകജനതയെ ബോധിപ്പിച്ചു. വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിങ്ങനെ ലോകജനതയെ രണ്ടായി വിഭജിക്കുന്ന സെമറ്റിക് മത സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഭാരതത്തിന്റെ സങ്കല്‍പ്പം. ക്രൈസ്തവ പൂര്‍വ്വമതങ്ങള്‍ക്ക് ഭാരതീയ മതങ്ങളുമായി സാമ്യതകളുണ്ട്.
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ സമ്മേളനങ്ങള്‍ ഇത് ശരിവെക്കുന്നുണ്ട്. ഹിന്ദുദര്‍ശനത്തിന് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് പിന്നില്‍ നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പതോളം രാജ്യങ്ങളില്‍ ഹിന്ദു സ്വയംസേവക സംഘം ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ലോകം ഹിന്ദുത്വത്തിന്റെ പ്രഭാവം അംഗീകരിച്ചുവരികയാണ് അദ്ദേഹം പറഞ്ഞു.
സംഘപ്രവര്‍ത്തകരെ ജിഹാദികള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഭയമാണെന്നും ഈ ഭയമാണ് സംഘത്തെ അവര്‍ വിമര്‍ശിക്കുന്നതിന് കാരണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച റിട്ട. ഡിവൈഎസ്പി പി.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇവരുടെ ദുഷ്ടലക്ഷ്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് സംഘമാണ്. സംഘപ്രവര്‍ത്തകരുടെ അര്‍പ്പണ മനോഭാവം, ധൈര്യം, സംഘ ആശയങ്ങളോടുള്ള ഭക്തി ഇതെല്ലാം അങ്ങേയറ്റം ശ്ലാഘനീയമാണ്. 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ വാദിയായും പ്രതിയായും സംഘപ്രവര്‍ത്തകര്‍ മുന്നിലെത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും അപമാനവും പരിഹാസവും സംഘപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്; പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ ശാഖയില്‍ പോവുന്നതിനും കുറി തൊടുന്നതിനു പോലും തടസ്സമുണ്ടായി. സംഘപ്രവര്‍ത്തകരുടെ ഉള്ളിലുള്ള ക്ഷാത്രവീര്യത്തെ താന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി അദ്ധ്യക്ഷന്‍ പി.എന്‍. ദേവദാസ്, വി.എം. മോഹനന്‍, കെ.സുകേഷ് രാജ എന്നിവര്‍ സംസാരിച്ചു. വേദവ്യാസ വിദ്യാലയം പ്രിന്‍സിപ്പാള്‍ എം. ജ്യോതീശന്‍ ഗീതം ആലപിച്ചു.