പുറത്ത് മഴ ശമിച്ചിരുന്നു…
മുറ്റത്തെ ബോഗൈന്‍ വില്ലകളിലെ പൂക്കള്‍ കാറ്റില്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു. ടൈല്‍ പാകിയ മുറ്റത്തെ ജലം അപ്രത്യക്ഷമായിരുന്നു. മഴ പെയ്ത സന്തോഷം കൊണ്ടാവണം തൊടിയില്‍ രണ്ട് മയിലുകള്‍ പീലി വിടര്‍ത്തി നില്‍ക്കുന്നുണ്ട്.
രാജൂ കസേരയെടുത്ത് മുറ്റത്തേക്കിട്ടു. അല്‍പ്പനേരം പുറത്തിരിക്കാം. എത്രനേരമാണ് വീടിനുള്ളിലിങ്ങനെ… ഇന്നലെ വിനിത വിളിച്ചിരുന്നു. അവള്‍ക്ക് ഏതോ എം.എന്‍.സിയില്‍ ജോലിയായത്രെ. ആ വാര്‍ത്ത പറയാനാണവള്‍ വിളിച്ചത്. ചെന്നൈയിലെ എഞ്ചിനീയറിംഗ്‌കോളേജിലെ ഹോസ്റ്റലിലാണവള്‍ താമസിച്ചിരുന്നത്. ദീതു മോളുടെ കൂടെ… നാല് കൊല്ലം… രണ്ടാളും ബി.ടെക്കിന് ഒരേ ക്ലാസ്സിലായിരുന്നു. ഉറ്റസുഹൃത്തുക്കള്‍.. വിനിത കണ്ണൂര്‍ക്കാരിയാണ്. പറിച്ചു നടാന്‍ പറ്റാത്ത സൗഹൃദമായിരുന്നു അവരുടേത്…
സമയം ആറു മണിയോടടുക്കുന്നു. പക്ഷികള്‍ ചേക്കേറാന്‍ ധൃതികൂട്ടുന്നുണ്ട്. ഈറനണിഞ്ഞ സന്ധ്യ.. പാലേക്കാവില്‍ നിന്നും ശംഖനാദം മുഴങ്ങി…
ഇരുട്ട് പരക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടിനുള്ളിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് മുറ്റത്ത് കാത്തുനില്‍ക്കുന്ന മൂന്ന് കാട്ടുകോഴികളെ കണ്ടത്. അവ രാജൂവിനെ തന്നെ ഉറ്റുനോക്കുകയാണ്. അപ്പോഴാണ് അവയ്ക്ക് അരികൊടുത്തില്ലെന്ന കാര്യം അയാള്‍ക്കോര്‍മ്മ വന്നത്. ദിവസവും രാവിലെയും വൈകുന്നേരവും അരിമണികള്‍ എറിഞ്ഞുകൊടുക്കാറുണ്ട്. പതിവ് തെറ്റിയതു കൊണ്ടാവണം അവ പ്രതീക്ഷയോടെ നില്‍ക്കുന്നത്! അയാള്‍ അകത്ത് പോയി അരിപ്പാത്രത്തില്‍ നിന്നും ഒരു പിടി അരിയെടുത്ത് മുറ്റത്തേക്കിട്ടു. സന്തോഷത്തോടെ അതുകൊത്തിത്തിന്ന് അവര്‍ യാത്രയായി…. ഇനി നാളെ രാവിലെ… അവ എവിടേക്കാണോ പോകുന്നതെന്നൊന്നും അയാള്‍ ശ്രദ്ധിച്ചിട്ടില്ല… ഇതുവരെ…
അകത്ത് ലലിത സന്ധ്യാകീര്‍ത്തനങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയിരിക്കുന്നു. കൊളുത്തിവെച്ച നിലവിളക്കിന്റെ മുമ്പില്‍ കുളിച്ച് ഭസ്മക്കുറിയിട്ട് ചമ്രം പടിഞ്ഞിരുന്ന് കീര്‍ത്തനം ചൊല്ലുന്ന അവളെ അയാള്‍ ഒരു നിമിഷം നോക്കിനിന്നു…
അയാള്‍ അസ്വസ്ഥനായി ഹാളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു… വ്യഥിത ചിന്തകള്‍ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു…
”നാളെ ദീതുമോള്‍ പോയിട്ട് ഒരു വര്‍ഷം തികയുകയാണ്…” ഭക്ഷണം കഴിക്കുമ്പോള്‍ ലലിത പറഞ്ഞു. അത് പറയുമ്പോള്‍ അവളുടെ സ്വരം ഇടറിയിരുന്നു. അയാള്‍ മൗനം പൂണ്ടതേയുള്ളൂ. വാക്കുകളൊന്നും പുറത്തു വരുന്നില്ല. ”എല്ലാം വിധിയാണ്.” ലലിത ആരോടെന്നില്ലാതെ പറഞ്ഞു. അയാളില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു…
ഭൂതകാല സ്മരണകള്‍ അയാളുടെ മനസ്സിലേക്കോടിയെത്തുകയായിരുന്നു. ഇരുപത്തിരണ്ട് വര്‍ഷം മുമ്പാണ് അയാള്‍ ലലിതയുടെ കഴുത്തില്‍ താലികെട്ടിയത്. ചെന്നൈയില്‍ പേരുകേട്ട കമ്പനിയായ വോള്‍ട്ടാസില്‍ ജോലിയില്‍ കയറിയിട്ട് രണ്ട് വര്‍ഷം തികയുന്നതേയുള്ളൂ. വിവാഹം കഴിഞ്ഞ് അവര്‍ ചെന്നൈയിലേക്ക് താമസം മാറ്റി… പിന്നീട് മുംബൈ… കല്‍ക്കത്ത… ദല്‍ഹി… തുടങ്ങിയ നഗരങ്ങളിലേക്ക് സ്ഥലം മാറ്റം…. എല്ലാസ്ഥലങ്ങളിലേക്കും ലലിത അയാളോടൊപ്പം നിഴല്‍ പോലെ അനുഗമിച്ചു.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അവരുടെ ദാമ്പത്യവല്ലരി പൂവണിഞ്ഞില്ല. അവര്‍ പോകാത്ത ക്ഷേത്രങ്ങളില്ല. കഴിക്കാത്ത വഴിപാടുകളില്ല. എല്ലാ തിങ്കളാഴ്ചകളിലും ഉപവാസമനുഷ്ഠിച്ചു. ഗുരുവായൂരിലും ചോറ്റാനിക്കരയിലും ദര്‍ശനം നടത്തി. കാണാത്ത ഡോക്ടര്‍മാരില്ല… വിദഗ്ദ്ധ പരിശോധനക്ക് രണ്ടാളും വിധേയരായി… യാതൊരു പ്രശ്‌നവുമില്ലെന്ന് അവര്‍ വിധിയെഴുതി.
വിരസമായ ദിനരാത്രങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. അയാളുടെ തലയില്‍ അവിടവിടെയായി നരകയറിയ രോമങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി… താന്‍ വയസ്സനാവാന്‍ തുടങ്ങുന്നു. അയാള്‍ ആ യാഥാര്‍ത്ഥ്യം ഞെട്ടലോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയായിരുന്നു!
ആയിടയ്ക്കാണ് അയാള്‍ക്ക് ഇന്‍ഡോറിലേക്ക് ഒരു ട്രെയിനിങ്ങിന് പോകാന്‍ ഉത്തരവ് ലഭിച്ചത്. രണ്ടുമാസത്തെ പരിശീലനം. അതുകഴിഞ്ഞാല്‍ റീജ്യനല്‍ മാനേജര്‍ എന്ന സ്ഥാനത്തേക്ക് പ്രമോഷന്‍. ”ഞാനും വരുന്നുണ്ട്…” ലലിത ശാഠ്യം പിടിച്ചു. ”വേണ്ട. ലലീ… താമസിക്കാനൊക്കെ ബുദ്ധിമുട്ടാണ്. ഞാന്‍ കമ്പനിവക ഹോസ്റ്റലിലായിരിക്കും താമസിക്കുന്നത്.”
”നമുക്ക് പുറത്ത് റൂമെടുത്തു താമസിക്കാം രാജ്വേട്ടാ…” അവള്‍ വാശിപിടിച്ചു. ”പറ്റില്ല ലലീ… അവിടുത്തെ ജീവിതം നിനക്ക് ബുദ്ധിമുട്ടാവും. തത്കാലം വടക്കാഞ്ചേരിയില്‍ അച്ഛന്റെയും അമ്മയുടെയും അടുത്ത് നില്‍ക്ക്… അവര്‍ക്കും സന്തോഷമാവും… രണ്ടുമാസമെന്നു പറയുന്നതൊക്കെ പെട്ടെന്ന് കഴിഞ്ഞുപോകും….”
മനഃമില്ലാ മനസ്സോടെയാണ് അവള്‍ സമ്മതം മൂളിയത്. ”ഒന്നോ രണ്ടോ ദിവസം ലീവ് കിട്ടുമ്പോള്‍ ഞാന്‍ വരാം… ബി ചിയര്‍ഫുള്‍…” അയാള്‍ ആശ്വസിപ്പിച്ചു.
ട്രെയിനിങ് പിരീഡ് തിരക്കേറിയതായിരുന്നു. ബഹുരാഷ്ട്ര കമ്പനികളിലൊന്നായിരുന്നു അയാള്‍ ജോലി ചെയ്യുന്ന കമ്പനി. പല രാജ്യങ്ങളില്‍ നിന്നും കമ്പനി ഡയറക്ടര്‍മാര്‍ വന്ന് ക്ലാസ്സെടുത്തു. ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിന്റെ നൂതന തന്ത്രങ്ങള്‍ അവര്‍ പറഞ്ഞു തന്നു. സബോര്‍ഡിനേറ്റ് ജീവനക്കാര്‍ക്ക് പരിശീലനം കൊടുക്കേണ്ടതിന്റെ ബാലപാഠങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കോണ്‍ഫ്രന്‍സുകള്‍ ചിലപ്പോള്‍ രാത്രി പത്തും പതിനൊന്നും മണിവരെ നീണ്ടു… ആധുനിക സംവിധാനങ്ങളുള്ള ഹോട്ടലുകളില്‍ താമസവും ഭക്ഷണവും…
ഓണത്തിന് ഒരു ദിവസം അവധിയുണ്ട്. പിറ്റെ ദിവസം ഞായറാഴ്ച.. അയാള്‍ സുപ്പീരിയേഴ്‌സിന്റെ സമ്മതം വാങ്ങി വടക്കാഞ്ചേരിയിലേക്ക് തിരിച്ചു.
ഒരു ദിവസം… ഒരു ദിവസം മാത്രം വടക്കാഞ്ചേരിയില്‍ താമസിച്ചു. തിരുവോണത്തിന് ഊണ്‍ കഴിക്കാന്‍ ഷൊര്‍ണ്ണൂരിലുള്ള അമ്മയുടെ അടുത്തെത്തി. അന്ന് രാത്രി തന്നെ ഇന്‍ഡോറിലേക്ക് വണ്ടി കയറി.
രാണ്ടാഴ്ച കഴിഞ്ഞിരിക്കണം. ട്രെയിനിങ്ങ് പന്ത്രണ്ട് ദിവസം കൂടി ബാക്കിയുണ്ട്. അന്ന് ധാരാളം ജോലിയുണ്ടായിരുന്നു. രാത്രി റൂമിലെത്തിയപ്പോഴെക്കും പതിനൊന്നു മണി.. ധൃതിയില്‍ കുളിയും ഭക്ഷണവും കഴിഞ്ഞ് കിടക്കയിലേക്ക് വീണു… ലൈറ്റ് ഓഫ് ചെയ്തു… ഉറക്കം കണ്ണുകളെ തഴുകുന്നതിനിടക്കാണ് മൊബൈല്‍ കരഞ്ഞത്. ആരായിരിക്കും ഈ അസമയത്ത്… നോക്കിയപ്പോള്‍ ലലിത… അയാളൊന്ന് ഞെട്ടി… ”എന്താ ലലീ ഈ അസമയത്ത്? അച്ഛനെന്തെങ്കിലും?” അവള്‍ പൊട്ടിച്ചിരിച്ചു… ആഹ്ലാദത്തിന്റെ അലകളുള്ള ചിരി… അയാള്‍ അത്ഭുതപ്പെട്ടു….
”അതേയ്… പിന്നെ… ഒരു ഗുഡ്‌ന്യൂസുണ്ട്, രാജ്വേട്ടാ…
”എന്ത് ഗുഡ്‌ന്യൂസ്…? ഈ പാതിരാക്ക്….”
അയാള്‍ക്ക് ശുണ്ഠിവന്നു….
”അത്… പിന്നെ… നമുക്ക് ഒരു അതിഥി വരാന്‍ പോകുന്നു. വീണ്ടും ആഹ്ലാദം നിറഞ്ഞ ചിരി… സുദീര്‍ഘമായ ആറ് വര്‍ഷങ്ങള്‍ക്കുശേഷം. അയാള്‍ക്കു വിശ്വസിക്കാനായില്ല.
”റിയലീ… ലലീ? റിയലീ…” ”പിന്നല്ലാതെ. ഞാനും അച്ഛനും കൂടി ഇന്ന് ഡോക്ടര്‍ ജിബീഷിനെ കാണാന്‍ പോയിരുന്നു. എ കണ്‍ഫോംഡ് ന്യൂസ്…” അയാള്‍ക്ക് അപ്പോള്‍ തന്നെ നാട്ടിലേക്ക് പോകണമെന്ന് തോന്നി. എത്രയും പെട്ടെന്ന് ലലിയുടെ അടുത്തെത്തണം. വഴിപാടുകളെല്ലാം കഴിക്കണം.
ട്രെയിനിങ്ങിന്റെ ശേഷിച്ച ദിവസങ്ങള്‍ അയാള്‍ക്ക് വിരസമായി തോന്നി. ലലിയെക്കുറിച്ചും വരാന്‍ പോകുന്ന അതിഥിയെക്കുറിച്ചും നിരവധി സ്വപ്നങ്ങള്‍ മെനഞ്ഞെടുക്കുകയായിരുന്നു. വാലിഡെക്ടറി ഫങ്ങ്ഷനില്‍ അയാള്‍ യാന്ത്രികമായി പങ്കെടുത്തെന്ന് വരുത്തി. കൂട്ടുകാര്‍ക്കെല്ലാം അദ്ഭുതമായിരുന്നു… ”വാട്ട് ഹാപ്പന്‍ഡ് ടു യൂ രാജൂ? ദീസ് ആര്‍ ദ ചിയര്‍ഫുള്‍ മൂമെന്റ്‌സ്. പ്ലീസ് ബി ഹാപ്പി…” അവരുടെയെല്ലാം നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് അയാള്‍ ഒരു പാട്ട്പാടിയത്. എ ഫേര്‍വെല്‍ സോങ്ങ്. എല്ലാവരും കയ്യടിച്ചു.
ട്രെയിനിങ്ങ് കഴിഞ്ഞതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവരെല്ലാം റീജ്യനല്‍ മാനേജര്‍ പദവിയില്‍ നിയമിക്കപ്പെട്ടു. ഭാഗ്യത്തിന് രാജൂവിന് ചെന്നൈയില്‍ തന്നെ പോസ്റ്റിങ്ങ് കിട്ടി… അയാള്‍ക്ക് ആശ്വാസമായി. ഇനി ഓഫീസില്‍ തന്നെയിരുന്ന് ജോലി ചെയ്യാം. വല്ലപ്പോഴും ഇന്‍സ്‌പെക്ഷനു പോകുന്നതൊഴിച്ചാല്‍.
ലലിയുടെ ഡെലിവറി വീട്ടില്‍ വെച്ചുതന്നെ മതിയെന്ന് അവളുടെ അച്ഛനുമമ്മയും പറഞ്ഞു. നാട്ടുവൈദ്യവും ആധുനിക ആയുര്‍വ്വേദ ശാസ്ത്രവിധികളുമാണ് ആരോഗ്യത്തിന് നല്ലതെന്ന് അവര്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക് സമ്മതിക്കേണ്ടിവന്നു. അര്‍ദ്ധമനസ്സോടെയാണ് അയാള്‍ ചെന്നൈയിലേക്ക് മടങ്ങിയത്.
ആറ് വര്‍ഷത്തിനുശേഷം അവരുടെ ദാമ്പത്യവല്ലരി പൂത്ത് തളിര്‍ക്കുകയായിരുന്നു. ദീതുമോള്‍ അവരുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നതോടെ അവരുടെ ദിവസങ്ങളില്‍ ആഹ്ലാദത്തിന്റെ പൂത്തിരികള്‍ വിടര്‍ന്നു. അവരുടെ സ്വപ്നങ്ങള്‍ ആയിരം വര്‍ണ്ണശലാകകളായി അവര്‍ക്കു ചുറ്റും പറന്നു. പ്രകൃതിയിലെ എല്ലാവസ്തുക്കള്‍ക്കും അഭൗമമായ സൗന്ദര്യമുള്ളതായി അയാള്‍ക്ക് തോന്നി.
ദീതുമോള്‍ക്ക് നാല് വയസ്സുള്ളപ്പോള്‍ അവളെ ചെന്നൈയില്‍ തന്നെ വീടിനടുത്തുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. അവള്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്…. ഒരു ദിവസം… ഓഫീസില്‍ നിന്നും വന്നപ്പോള്‍…. ലലിയുടെ മുഖം മ്ലാനമായിരിക്കുന്നു. സാധാരണ നിറഞ്ഞ പുഞ്ചിരിയുമായി നില്‍ക്കാറുള്ള അവള്‍ അന്ന്… അയാള്‍ക്കൊന്നും മനസ്സിലായില്ല… രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍… ”പിന്നെ… രാജ്വേട്ടാ… ഞാന്‍….” അവള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി….
”വെരിഗുഡ്…. ദീതുമോള്‍ക്കൊരു കളികൂട്ടുകാരന്‍ വരുമല്ലൊ…” ആഹ്ലാദത്തോടെ അയാള്‍ പറഞ്ഞു.
പക്ഷെ. അവളൊന്നും പറഞ്ഞില്ല… പിറ്റെദിവസം രാജൂ ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍…
”രാജ്വേട്ടാ… നമുക്ക് ആശുപത്രിയിലൊന്ന് പോകാം…”
”അതിനെന്താ വിരോധം? പോകാമല്ലൊ… പോകണം”
അയാള്‍ സംശയലേശമെന്യേ പറഞ്ഞു. കാറിലിരിക്കുമ്പോള്‍ അവള്‍ മൗനം ഭഞ്ജിച്ചു..
”രാജ്വേട്ടാ… നമുക്ക് നമ്മുടെ ദീതു മോള്‍ മാത്രം മതി…” അയാള്‍ ഞെട്ടിപ്പോയി… ”ലലീ… വാട്ട് ഡൂ യൂ മീന്‍..”? അയാളുടെ സ്വരം ഗൗരവം പൂണ്ടിരുന്നു… അവള്‍ വീണ്ടും മൗനത്തിന്റെ കയത്തിലേക്ക് വഴുതി വീഴുകയായിരുന്നു.
പിന്നീടുള്ള ദിവസങ്ങള്‍. മൗനം അവര്‍ക്കിടയില്‍ ഒരു കനത്ത കന്‍മതില്‍ തീര്‍ക്കുകയായിരുന്നു. അവസാനം… അവര്‍ ഒരു ദൃഢ പ്രതിജ്ഞയെടുത്തു. ഇനിയുള്ള അവരുടെ ജീവിതം മുഴുവന്‍ ദീതുമേള്‍ക്കുവേണ്ടി മാത്രമുളളതാണ്. അവളുടെ സന്തോഷം മാത്രമാണ് അവരുടെ ജീവിതലക്ഷ്യം.
അതോടെ അവര്‍ക്കിടയിലെ മൗനത്തിന്റെ കന്‍മതില്‍ ഉരകിയൊലിച്ചു പോയി.
ആ വീട്ടില്‍ വീണ്ടും പൊട്ടിച്ചിരികളുടെ അലകളുയര്‍ന്നു. അയാളുടെയും ലലിയുടെയും സ്‌നേഹവാത്സല്യങ്ങള്‍ ആവോളം നുകര്‍ന്നുകൊണ്ട് ദീതുമോള്‍ വളര്‍ന്നുവന്നു. പ്ലസ്ടൂവിന് ശേഷം ചെന്നൈയിലെ പേരുകേട്ട ഒരു എഞ്ചിനീയറിങ്ങ് കോളേജില്‍ ദീതുമോള്‍ ബി.ടെക്കിന് ചേര്‍ന്നു. തൃശ്ശൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ മകള്‍ വിനിതയായിരുന്നു അവളുടെ കൂട്ടുകാരി. രണ്ടുപേരും ഹോസ്റ്റലില്‍ ഒരേ മുറിയിലായിരുന്നു താമസം.
നാല് വര്‍ഷം എത്ര പെട്ടെന്നാണ് കടന്നുപോയത്. ഫൈനല്‍ പരീക്ഷയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ദീതുമോള്‍ ക്ഷീണിച്ചുപോയിരുന്നു. കഠിനമായ അധ്വാനവും ഹോസ്റ്റല്‍ ലൈഫും പരീക്ഷാ ടെന്‍ഷനും അവളെ തളര്‍ത്തിയതാവാമെന്ന് അവര്‍ കരുതി. പക്ഷെ… അവളുടെ ക്ഷീണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. അപ്പോളോ ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ അവളെ പരിശോധിച്ചു… ഒട്ടനേകം ടെസ്റ്റുകള്‍.. ലബോറട്ടറി പരിശോധനകള്‍. ദീര്‍ഘനാളത്തെ ആശുപത്രി വാസം.
അവസാനം ഡോക്ടര്‍മാര്‍ വിധിയെഴുതി. മാരകമായ ആ രോഗം അവളെ ആക്രമിച്ചു കഴിഞ്ഞിരിക്കുന്നു!
ആഹ്ലാദത്തിന്റെയും പൊട്ടിച്ചിരികളുടെയും നര്‍മ്മങ്ങളുടെയും വിളനിലമായിരുന്ന അവരുടെ വീട് മൗനത്തിന്റെ കൂടാരമായി മാറി… അവിടെയെങ്ങും ശ്മശാന മൂകത പരന്നു.
തനിക്കെന്തോ ഗുരുതരമായ രോഗം ബാധിച്ചിട്ടുണ്ടെന്ന് ഇതിനകം ദീതുമോള്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. പക്ഷെ… അവളൊന്നും ചോദിച്ചില്ല. പുറത്ത് കാട്ടിയില്ല. സുദീര്‍ഘമായ മൗനതീരങ്ങളിലൂടെ സഞ്ചരിക്കാനാണ് അവള്‍ ഇഷ്ടപ്പെട്ടതെന്ന് തോന്നുന്നു… നീണ്ട മൗനംമാത്രം ആ വീട്ടില്‍ തങ്ങിനിന്നു.
ക്ഷീണം വര്‍ദ്ധിക്കുമ്പോള്‍ നാലോ അഞ്ചോ ദിവസം ഹോസ്പിറ്റല്‍ വാസം… നൂതന ചികിത്സാവിധികള്‍… ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍… വീണ്ടും വീട്ടില്‍ വിശ്രമം.
ഇതിനിടയിലാണ് അയാള്‍ക്ക് വീണ്ടും പ്രമോഷന്‍ കിട്ടിയത്… ചെന്നൈ… കര്‍ണ്ണാടക… ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സ്റ്റേറ്റുകള്‍ ഉള്‍പ്പെടുന്ന സോണിന്റെ മാനേജര്‍… റിട്ടയര്‍ ചെയ്യാന്‍ ഇനി ഒരു മാസം മാത്രം.
അന്ന് രാവിലെ ദീതുമോള്‍ പതിവിലധികം ഉന്മേഷവതിയായി കാണപ്പെട്ടു. രാവിലെ അവളൊറ്റക്ക് നടന്ന് ഹോസ്പിറ്റല്‍ കാന്റീനില്‍ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വന്നു… ആ കണ്ണുകളില്‍ അഭൗമമായ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടതായി അ വര്‍ക്ക് തോന്നി.
അയാള്‍ക്കും ലലിക്കും ആശ്വാസമായി…
”അച്ഛാ… റിട്ടയര്‍മെന്റിനുശേഷം നമുക്ക് ഇവിടെയുള്ളതെല്ലാം വിറ്റ് വടക്കാഞ്ചേരിയിലേക്ക് പോകാം. എനിക്കവിടെ താമസിക്കാന്‍ കൊതിതോന്നുന്നു… ഈ നഗരജീവിതം മടുത്തു…”
ദീതുമോള്‍ പറഞ്ഞു…
”പോകാമല്ലൊ… മോളെ. അതു തന്നെയാണ് ഞങ്ങളുടെയും പ്ലാന്‍…” അയാള്‍ സന്തോഷത്തോടെ പറഞ്ഞു.
വൈകുന്നേരം ഹോസ്പിറ്റലിലെത്തിയപ്പോഴെക്കും സ്ഥിതിഗതികള്‍ ആകെ മാറിയിരുന്നു. ലലി ബെഡ്ഡിനടുത്ത് തലയും താഴ്ത്തി ഇരിക്കുകയാണ്.
”കുട്ടിക്ക് ക്ഷീണം കൂടിക്കൂടിവരുന്നു…” അവള്‍ പറഞ്ഞു. ആ കണ്ണുകള്‍ അടഞ്ഞു കിടക്കുകയാണ്. വല്ലപ്പോഴും തുറക്കും… ഡോക്ടര്‍മാര്‍ ദീതുമോളെ ഐസിയുവിലേക്ക് മാറ്റി.
ചീഫ് ഡോക്ടര്‍ വന്ന് പരിശോധിച്ചതിനുശേഷം അവരുടെ മുഖത്തേക്ക് നോക്കി ദീര്‍ഘനേരം മൗനിയായി നിന്നു….
”പ്ലീസ്… ടെല്‍ അസ് ഡോക്ടര്‍… വാട്ട് ഈസ് ഹേര്‍ പ്രസന്റ് കണ്ടീഷന്‍…?” അക്ഷമയോടെ ലലിത ചോദിച്ചു.
ഡോക്ടര്‍ വീണ്ടും മൗനം.. അവസാനം അയാളുടെ പുറത്ത് തട്ടിക്കൊണ്ട് മെല്ലെ പറഞ്ഞു.
”ലെറ്റ് അസ് പ്രേ ഗോഡ്…”
അന്നുരാത്രി പന്ത്രണ്ട് മണിക്ക് ദീതുമോള്‍ അവരെ വിട്ടുപോയി….
അയാള്‍ വി.ആര്‍.എസ്. എടുത്ത് ചെന്നൈ നഗരത്തോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞു.
പക്ഷെ… ഗ്രാമത്തിലെ ശുദ്ധവായു ശ്വസിക്കാന്‍ ദീതുമോള്‍ അവരോടൊപ്പമുണ്ടായിരുന്നില്ല…!
”രാജ്വേട്ടാ… നാളെ രാവിലെ നമുക്ക് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ പോകണം. മോളുടെ ആത്മശാന്തിക്കുവേണ്ടി പ്രത്യേകം പൂജകള്‍ കഴിക്കണം…”
നീണ്ട മൗനത്തിനുശേഷം അയാള്‍ അവളുടെ നേര്‍ക്ക് ഒരു ചോദ്യമെറിഞ്ഞു…
”ലലി നിനക്ക് പശ്ചാത്താപമുണ്ടോ?”
വാചാലമാവാന്‍ മടിക്കുന്ന മൗനവുമായി അവള്‍ നിശ്ചലയായി നിന്നു… കണ്ണുകളില്‍ നിന്നും ഒരു കണ്ണീര്‍പുഴ അവളുടെ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു…
ആ മൗനതീരങ്ങളിലൂടെ മന്ദംമന്ദമുള്ള പദവിന്യാസങ്ങളോടെ അവിരിരുവരും മുന്നോട്ട് നടന്നു നീങ്ങി…
ഏതോ ശാന്തിമേഖല തേടി…