കുട്ടിക്കാലത്തുതന്നെ വൈശാലിയുടെ ചെസ്സിനോടുളള താല്പര്യം അവളുടെ മാതാപിതാക്കളായ രമേശ് ബാബുവും നാഗലക്ഷ്മിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ പഠനത്തോടൊപ്പം ചെസ്സ് കളിക്കുന്നതിനുള്ള സൗകര്യവും അവള്‍ക്ക് അവര്‍ ഒരുക്കിക്കൊടുത്തു. മാത്രമല്ല കുട്ടികള്‍ക്കായുള്ള ചില പ്രാദേശിക മത്സരങ്ങളിലും വൈശാലിയെ പങ്കെടുപ്പിച്ചു. അത്തരം വേദികളിലെല്ലാം തന്നെ അവള്‍ മികച്ച പ്രകടനം പുറത്തെടുത്തു. കൂടുതല്‍ ശ്രദ്ധയും, പരിശീലനവും നല്‍കുകയാണെങ്കില്‍ വൈശാലിക്ക് മികച്ച വിജയങ്ങള്‍ ഇനിയും സ്വന്തമാക്കാന്‍ കഴിയുമെന്ന് പരിശീലകരും അഭിപ്രായപ്പെട്ടു. മാതാപിതാക്കള്‍ അവള്‍ക്ക് എന്തുതന്നെ ചെയ്തു കൊടുക്കാനും തയ്യാറായിരുന്നു. പക്ഷേ പുതിയൊരു പ്രശ്‌നം അവര്‍ക്കു മുന്നില്‍ ഉടലെടുത്തു. അത് മറ്റൊന്നുമായിരുന്നില്ല, പ്രാഗ് എന്ന് വിളിപ്പേരുള്ള അവളുടെ കുഞ്ഞനുജനായിരുന്നു.
ചേച്ചി ചെസ്സ് കളിക്കാന്‍ കരുക്കള്‍ ഒരുക്കുമ്പോള്‍ എവിടെയാണെങ്കിലും അവന്‍ ചെസ്സ് ബോര്‍ഡിന് അടുത്തേക്ക് ഓടിയെത്തും. പിന്നെ അവന് തോന്നും പോലെ കളിയും തുടങ്ങും. ആനയും കുതിരയും രാജാവുമെല്ലാം അവന്റെ ഇഷ്ടംപോലെ സഞ്ചരിക്കും. നിയമങ്ങളെല്ലാം കുഞ്ഞു പ്രാഗിന്റേതായിരുന്നു. ചേച്ചി എന്തുതന്നെ പറഞ്ഞാലും അനുജന്‍ കളി നിര്‍ത്തില്ല. എന്ത് പറയണമെന്നറിയാതെ മാതാപിതാക്കളും വിഷമിച്ചു. തീരെ ചെറിയ കുട്ടി ആയതുകൊണ്ട് തന്നെ വഴക്ക് പറയാനും, പേടിപ്പെടുത്താനും ചില പരിധികള്‍ ഉണ്ടല്ലോ. ഒടുവില്‍ അവര്‍ പരിഹാരം കണ്ടെത്തി!
കുട്ടികള്‍ കളിക്കുന്ന തരം ഒരു ചെറിയ ചെസ്സ് ബോര്‍ഡ് പ്രാഗിനും വാങ്ങി നല്‍കി പ്രശ്‌നം പരിഹരിച്ചു. പക്ഷേ ആ പരിഹാരം താല്‍ക്കാലികമായിരുന്നു. ആദ്യത്തെ കൗതുകം കഴിഞ്ഞതിനു ശേഷം കുഞ്ഞുപ്രാഗ് ചേച്ചിയുടെ ചെസ്സ് ബോര്‍ഡിന് അരികില്‍ വീണ്ടും ഇരിപ്പുറപ്പിച്ചു. പതിയെ പതിയെ ചേച്ചിയോടൊപ്പം കളിക്കാനും തുടങ്ങി. കരുക്കളും കളങ്ങളും നിയമങ്ങളും ക്ഷമാപൂര്‍വം ചേച്ചി അനുജന് പഠിപ്പിച്ചു കൊടുത്തു. കാലം കടന്നുപോകെ കളി കാര്യമായി. കരുക്കളെ കളിപ്പാട്ടമായി കണ്ട കുട്ടി ആ കളിയില്‍ കേമനായി. രാജ്യത്തിന്റെ അഭിമാനമായി. പ്രാഗ് എന്ന് വിളിപ്പേരുള്ള ആ കുട്ടിയെ ഇപ്പോള്‍ ലോകം അറിയുന്നത് രമേഷ് ബാബു പ്രഗ്‌നാനന്ദ എന്നാണ്!
ഇന്ത്യന്‍ കായിക രംഗത്തെ പുത്തന്‍ പ്രതീക്ഷ
കായികം എന്നാല്‍ ഇന്ത്യയ്ക്ക് എക്കാലവും അത് ക്രിക്കറ്റ് മാത്രമായിരുന്നു. (ഇന്ത്യയുടെ ദേശീയ കായിക ഇനം മറ്റൊന്നായിരുന്നെങ്കിലും) ഒളിമ്പിക്‌സ് വേദിയില്‍ ഉള്‍പ്പെടെ ഹോക്കി ടീം തുടര്‍ച്ചയായി സ്വര്‍ണം നേടിയിട്ടും അവസ്ഥ ഇതാണെങ്കില്‍ മറ്റു കായിക ഇനങ്ങളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. പക്ഷേ തമിഴ്‌നാട്ടുകാരനായ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതോടെ, ഇന്ത്യന്‍ കായിക രംഗത്ത് തന്നെ അതൊരു വഴിത്തിരിവായി. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് ശേഷം അധികം പേരുകള്‍ ഒന്നും ലോക ചെസ്സ് വേദിയില്‍ നമ്മുടേതായി ഉയര്‍ന്നു കണ്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, മറ്റൊരു തമിഴ്‌നാട്ടുകാരനായ (രസകരമായ ഒരു യാദൃച്ഛികത) രമേഷ് ബാബു പ്രഗ്‌നാനന്ദയിലൂടെ ലോക ചെസ്സ് വേദികളില്‍ വീണ്ടും ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയരുന്നു.
മാഗ്‌നസ് കാള്‍സന്‍ എന്ന ഇതിഹാസ താരത്തെ തോല്പിക്കുന്നതിലൂടെയാണ് പ്രഗ്‌നാനന്ദ മാധ്യമ ശ്രദ്ധയിലേക്ക് കടന്നു വരുന്നത്. ഒന്നും രണ്ടുമല്ല ആറുമാസത്തിനുള്ളില്‍ തുടര്‍ച്ചയായി മൂന്ന് തവണയാണ് പ്രഗ്‌നാനന്ദ കാള്‍സനെ പരാജയപ്പെടുത്തുന്നത്. പതിനൊന്ന് വര്‍ഷമായി ചെസ്സില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഇതിഹാസ താരമാണ് കാള്‍സന്‍. സാക്ഷാല്‍ വിശ്വനാഥന്‍ ആനന്ദിനെപ്പോലും തോല്‍പ്പിച്ച പ്രതിഭ. എതിരാളികളില്ലാതെ തുടര്‍ച്ചയായി വിജയങ്ങള്‍ പതിവായപ്പോള്‍, കുറച്ചു നാള്‍ കായിക രംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കാണിച്ച ആത്മവിശ്വാസത്തിന്റെ പേരാണ് മാഗ്‌നസ് കാള്‍സന്‍. അതേ കാള്‍സനെയാണ് തുടര്‍ പരാജയങ്ങള്‍ നല്‍കിക്കൊണ്ട് പ്രഗ്‌നാനന്ദ ഞെട്ടിച്ചത്.
രമേഷ് ബാബു പ്രഗ്‌നാനന്ദ എന്ന ഈ പതിനെട്ടുകാരന്റെ കരിയര്‍ നേട്ടങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അത് തുടങ്ങുന്നത് എട്ടാമത്തെ വയസ്സില്‍ അണ്ടര്‍ എയ്റ്റ് വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ടാണ്, തുടര്‍ന്ന് അണ്ടര്‍ ടെന്‍ വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ ഷിപ്പ് വിജയിക്കുകയും ചെയ്യുന്നു. പത്താം വയസ്സില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിയും, പന്ത്രണ്ടാം വയസ്സില്‍ ഗ്രാന്റ് മാസ്റ്റര്‍ പദവിയും തേടിയെത്തുന്നു (ഈ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തി). 2023 ചെസ്സ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച പ്രഗ്‌നാനന്ദ, വിശ്വനാഥന്‍ ആനന്ദിന് ശേഷം ആ നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനായി.
ഫൈനലില്‍ കാള്‍സനോട് തോറ്റുപോയെങ്കിലും, 2024 കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിലേക്കുള്ള യോഗ്യത ഉറപ്പാക്കി തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് പ്രഗ്‌നാനന്ദയുടെ മടക്കം.
എന്താണ് ഈ പ്രതിഭയുടെ വിജയരഹസ്യം? അത് അത്ഭുത ബാലനെന്നോ, ബുദ്ധിരാക്ഷസനെന്നോ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു കളയേണ്ടതാണോ? അല്ല, ഒരിക്കലുമല്ല.
പ്രഗ്‌നാനന്ദയുടെ പരിശീലകനും, ചെന്നൈയിലെ ഗുരുകുല്‍ ചെസ്സ് അക്കാദമിയുടെ സ്ഥാപകനുമായ ആര്‍. ബി.രമേഷിന്റെ വാക്കുകളില്‍ അതിനുള്ള ഉത്തരമുണ്ട്. കുട്ടികള്‍ക്ക് ചെസ്സിനോടുള്ള താല്പര്യം എത്രത്തോളമുണ്ടന്നറിയാന്‍ ആര്‍. ബി.രമേശ് അവര്‍ക്ക് ഒരു നിര്‍ദ്ദേശം നല്‍കി. ഒരു ദിവസം പരമാവധി ചെസ്സ് മത്സരങ്ങള്‍ കാണുവാന്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികളായ അവര്‍ക്ക് പത്തു മത്സരങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ദിവസം മുപ്പത് മത്സരങ്ങള്‍ വരെ പ്രഗ്‌നാനന്ദ കണ്ടിരുന്നു. വെറുതെ കാണുകയല്ല, അതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു.
കുട്ടിക്കാലത്ത് ചേച്ചിയുടെ ചെസ്സ് കളിയില്‍ താല്പര്യം തോന്നി കളിച്ചു തുടങ്ങിയ കുട്ടി, ഇന്ന് ഇന്ത്യയിലെ നിരവധി കുട്ടികള്‍ക്ക് ചെസ്സ് കളിക്കാനുള്ള ആവേശവും ആര്‍ജ്ജവവുമായി മാറി. അതിന് അവന് കരുത്തായത് നിരന്തരമായ പഠനവും അര്‍പ്പണമനോഭാവവും കഠിന പരിശ്രമവും മാത്രമാണ്.