”അവര്‍ പെരിയോര്‍… എല്ലാം തെരിഞ്ചോര്‍…” (രമണ മഹര്‍ഷി).
”ശ്രീനാരായണഗുരു ജ്ഞാനിയല്ല; ജ്ഞാനമാണ്…” (സ്വാമി നിത്യാനന്ദ).
വിശ്വമാനവികതയുടെ പ്രവാചകനും ഏകലോകത്തിന്റെ വക്താവുമായ ശ്രീനാരായണഗുരുവിന്റെ മഹനീയ ജീവിതം കേരള നവോത്ഥാന ചരിത്രം കൂടിയാണ്. ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് ഇന്നു ലോകം കടന്നുപോകുന്നത്. കേരളം ഇന്നു കാണുംവിധം സാംസ്‌കാരിക പുരോഗതി കൈവരിച്ചതില്‍ നിരവധി നവോത്ഥാന പ്രസ്ഥാനങ്ങളുടെ കര്‍മ്മശേഷി വിനിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ മുഖ്യസ്രോതസ്സും പ്രഭവസ്ഥാനവും ശ്രീനാരായണഗുരുവാണ്.
മലയാളിയുടെ സാംസ്‌കാരിക സ്വത്വബോധത്തിന്റെ അതിരുകള്‍ വിപുലീകരിച്ച്, മാലിന്യങ്ങള്‍ ദൂരീകരിച്ച ദാര്‍ശനികനാണ് ഗുരുദേവന്‍. മഹാത്മാക്കള്‍ കാലഘട്ടത്തിന്റെ സ്രഷ്ടാക്കള്‍ എന്നു വിശേഷിപ്പിക്കപ്പെടുമ്പോള്‍ ശ്രീനാരായണ ഗുരു കാലഘട്ടത്തെ സൃഷ്ടിച്ച മഹാത്മാവായിരുന്നു.
തനിക്ക് ചുറ്റും അതിദാരുണമായി മനുഷ്യവിരുദ്ധ, മൃഗതുല്യരായി ജീവിക്കുന്ന ഒരു സമൂഹത്തെ സമശീര്‍ഷതയിലേക്ക് ഉയര്‍ത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യനു മനുഷ്യന്‍ അശുദ്ധ വസ്തുവായി കരുതിയ ഒരു സാമൂഹ്യ വ്യവസ്ഥ ഇവിടെ ഉണ്ടായിരുന്നു. ആ സാഹചര്യത്തില്‍ സന്യാസിയെന്ന നിലയില്‍ ആത്മജ്ഞാനത്തിലൂടെ ബ്രഹ്‌മപദത്തിലേക്ക് ഉയര്‍ന്നുപോകാന്‍ ഗുരു ആഗ്രഹിച്ചില്ല; തനിക്കു ചുറ്റുമുള്ള ”തന്നാല്‍ കരേറേണ്ടവരെത്രപേരോ… താഴത്തു പാഴ്‌ച്ചേറിലമര്‍ന്നിരിക്കെ; താനൊറ്റയില്‍ ബ്രഹ്‌മപദം കൊതിക്കും, തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം” എന്നായിരുന്നില്ല അദ്ദേഹത്തിന്റെ മനോഭാവം.
തന്റെ ചുറ്റും ചളിക്കുണ്ടില്‍ വീണുകിടക്കുന്നവരെ കൈപിടിച്ചുയര്‍ത്താനാണ് ഗുരു ശ്രമിച്ചത്.
ഗുരുദേവന്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപ്രാധാന്യം നല്‍കി ജാതിവ്യവസ്ഥക്കും മദ്യത്തിനും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ശക്തമായി പോരാടി. ജാതിഭേദത്തെ നിര്‍മൂലം നശിപ്പിക്കുവാന്‍ പര്യാപ്തമായ ഒരു തത്വശാസ്ത്രത്തെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഭാരതത്തിന്റെ മഹത്തായ അദ്വൈതസിദ്ധാന്തം ഗുരുദേവന്‍ കണ്ടെത്തിയത്.
ലോകത്തിന് ഭാരതം നല്‍കിയ വിലപ്പെട്ട ദര്‍ശനമാണ് അദ്വൈതം.
”പുണര്‍ന്നു പെറുമെല്ലാമൊരിനം…”. ജാതിയെന്നതിനെ ഗുരു എത്ര ലളിതമായും സുന്ദരമായുമാണ് വ്യാഖ്യാനിച്ചത്. ”മനുഷ്യാണാം മനുഷ്യത്വം” അതാണ് ഗുരുവിന്റെ ജാതി. വര്‍ഗരഹിത സമൂഹമായിരുന്നില്ല, മറിച്ച് ജാതി രഹിത സമൂഹമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ബുദ്ധന്റെ രാജകീയ സ്ഥാനമഹത്വമോ, ശ്രീ ശങ്കരാചാര്യരുടെ കുലമഹിമയോ ഗുരുദേവനുണ്ടായിരുന്നില്ല. ഗുരുവിന്റെ മഹത്വം കര്‍മ്മത്തിലായിരുന്നു. ഗുരു സിദ്ധാന്തത്തെയും പ്രയോഗത്തെയും സമന്വയിപ്പിച്ചു, പ്രവൃത്തിയില്ലാത്ത ആശയങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നു ഗുരു ഗ്രഹിച്ചിരുന്നു. ”കര്‍മ്മനിരതനായ ജ്ഞാനി” എന്നാണ് ഒരു പാശ്ചാത്യചിന്തകന്‍ ഗുരുവിനെ വിശേഷിപ്പിച്ചത്.
”മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി”; മതങ്ങള്‍ക്കുമേലെയാണ് ഗുരു മനുഷ്യനെ പ്രതിഷ്ഠിച്ചത്…
ബുദ്ധന്‍ ധര്‍മ്മതലത്തിലും ശങ്കരാചാര്യര്‍ വൈജ്ഞാനിക തലത്തിലും അദ്വൈതം ദര്‍ശിച്ചപ്പോള്‍ ഗുരു ജാതി നിരാസത്തിലൂടെ അദ്വൈതം പ്രായോഗികമാക്കി. ”ജാതിഭേദം മതദ്വേഷം; ഏതുമില്ലാതെ സര്‍വ്വരും; സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത്.” സമത്വസുന്ദരമായ ഒരു മാതൃകാസ്ഥാനമാണ് ഗുരു വിഭാവന ചെയ്തത്.
1888 ല്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയശേഷം ഗുരു നല്‍കിയ സന്ദേശം ഇന്നും കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. ഒരു നവീകരണബോധം ഗുരു ചരിത്രത്തിലേക്ക് കടത്തിവിടുകയായിരുന്നു. ബുദ്ധിപരമായ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുക.
ശ്രീനാരായണഗുരു ഒരു ബഹുമുഖ പ്രതിഭയായിരുന്നു. ബഹുമുഖത്വമുള്ള പ്രതിഭകളെ അവരുടെ എല്ലാമുഖങ്ങളും മുന്‍നിര്‍ത്തി ആദരിക്കുവാനോ അംഗീകരിക്കുവാനോ നമ്മുടെ സമൂഹം വൈമുഖ്യം കാണിക്കുന്നു.
കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും അടിയുറപ്പുള്ള രൂപകങ്ങളിലൊന്നാണ് ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ. ജനങ്ങളെ ആത്മബോധമുള്ളവരാക്കാനാണ് ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത്.
”ആരു നീയെന്നു കേള്‍ക്കേണ്ട; നേര് മെയ് തന്നെ ചൊല്‍കിലാം.” (ജാതി ലക്ഷണം)
ഗുരുദേവനെ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്ന് കരുതുന്നവര്‍ ഒട്ടേറെ പേരുണ്ട്. അത് മഹാത്മാഗാന്ധി ഒരു വക്കീലാണെന്നു പറയുന്നതു പോലെയാണ്. വെറും വേഷധാരികളായ സന്യാസിമാരില്‍ നിന്നും നാമധാരികളായ ഗുരുക്കന്മാരില്‍ നിന്നും ഗുരു വിഭിന്നനായിരുന്നു. ഗുരു ആരില്‍ നിന്നും സന്യാസം സ്വീകരിക്കുകയോ കാഷായവസ്ത്രം ധരിക്കുകയോ ദീക്ഷ വളര്‍ത്തുകയോ രുദ്രാക്ഷം ധരിക്കുകയോ ചെയ്തിരുന്നില്ല; പൂര്‍വ്വാശ്രമനാമം പോലും മാറ്റിയിരുന്നില്ല. ഗുരുവിനെ ആഴത്തില്‍ പഠിക്കുവാന്‍ ഗുരുവിന്റെ കര്‍മ്മജീവിതവും വിലപ്പെട്ട കൃതികളും പഠിക്കണം. ഗുരു കര്‍മ്മ മാര്‍ഗ്ഗേന ചില ദാര്‍ശനിക സത്യങ്ങള്‍ നമുക്കു വെളിപ്പെടുത്തി തന്നിട്ടുണ്ട്. മുഖ്യമായും ക്ഷേത്രപ്രതിഷ്ഠകള്‍; ഇവ ഗാന്ധിജിയുടെ ഉപ്പ് സത്യഗ്രഹം; ദണ്ഡിയാത്ര എന്നിവ പോലെ പ്രതീകാത്മകമായ സാമൂഹ്യവിപ്ലവത്തിന്റെ മുന്നൊരുക്കമായിരുന്നു.
ക്ഷേത്രങ്ങളും ക്ഷേത്രപ്രതിഷ്ഠകളും ഗുരുവിന്റെ നവോത്ഥാനത്തിന്റെ നാഴികക്കല്ലായിരുന്നു. ഒട്ടേറെ ക്ഷേത്ര പ്രതിഷ്ഠകള്‍ക്കു ശേഷം ഗുരു ഈശ്വരനെന്ന പരമസത്യത്തിലേക്ക് നമ്മെ ഉയര്‍ത്തുകയായിരുന്നു. വിഗ്രഹങ്ങളൊഴിവാക്കി കണ്ണാടിയും നിലവിളക്കും ഓങ്കാര മന്ത്രവും സദ്‌വചനങ്ങളും ഗുരുപ്രതീകമാക്കി. ഒടുവില്‍ ക്ഷേത്രമില്ലാത്ത, പ്രതിഷ്ഠയില്ലാത്ത, പൂജയും നിവേദ്യവുമില്ലാത്ത, കരിയും കരിമരുന്നുമില്ലാത്ത അദ്വൈതാശ്രമവും ശാരദാമഠവും സ്ഥാപിച്ചു.
ഒടുവില്‍ ഇനി ദേവാലയങ്ങള്‍ മതി, ഇനി വിദ്യാലയങ്ങള്‍ സ്ഥാപിക്കുക എന്നു ഗുരു പറഞ്ഞു. ക്ഷേത്ര പ്രതിഷ്ഠയിലൂടെ കര്‍മ്മം കൊണ്ട് ആര്‍ക്കും ബ്രാഹ്‌മണ്യം നേടാമെന്നു ചരിത്രത്തെ സാക്ഷിയായി ഗുരു വെളിപ്പെടുത്തി. ഗുരുദേവന്‍ ഒരേസമയം വിഗ്രഹ പ്രതിഷ്ഠായോഗിയും വിഗ്രഹഭഞ്ജകനുമായിരുന്നു. ഒട്ടേറെ പേര്‍ അന്ധവിശ്വാസവും അനാചാരങ്ങളുമായി യക്ഷി, മാടന്‍, കരിങ്കാളി എന്നീ ദുര്‍ദേവത വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു. ഗുരു അതൊക്കെ പിഴുതുമാറ്റുകയുണ്ടായി.
‘സംഘടിക്കുക, ശക്തരാകുക’ എന്ന ആഹ്വാനത്തിലൂടെ ഗൃഹസ്ഥാശ്രമികളായ സേവന താല്പരരായ യുവാക്കളെ സംഘടിപ്പിച്ച് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം (എസ്.എന്‍.ഡി.പി.) രൂപീകരിച്ചു.
ഗുരുവിന്റെ എല്ലാ കര്‍മ്മങ്ങളും ധര്‍മ്മത്തിലധിഷ്ഠിതമായിരുന്നു. ഗുരുവിന്റെ ആധ്യാത്മിക ചിന്തകളും ശാസ്ത്രവിജ്ഞാനവും ഉള്‍പ്പെട്ട 64 ഓളം കൃതികള്‍ മലയാള സാഹിത്യത്തിലെ അപൂര്‍വ്വ രചനകളായി ഇന്നും കാലിക പ്രസക്തിയോടെ നിലനില്‍ക്കുന്നു. ശ്രീനാരായണ ഗുരുവിന് മലയാള സാഹിത്യത്തില്‍ എന്തെങ്കിലും സ്ഥാനമുണ്ടോ എന്നു ചോദിക്കുന്നവരുണ്ടാവാം. ചരിത്രം പരിശോധിച്ചാല്‍ ഗുരുവിന്റെ കൃതികളോടൊപ്പം ചേര്‍ത്തുവെക്കാവുന്ന കൃതികള്‍ മലയാളത്തില്‍ അപൂര്‍വ്വമാണ്.
മറ്റൊരു വസ്തുത, അവര്‍ണ്ണ കവികള്‍ക്കു ഗുരുദേവനിലൂടെയാണ് മലയാള സാഹിത്യത്തിന്റെ പടിപ്പുര സുഗമമായി കയറാനായത്. സവര്‍ണ്ണരുടെ ഗുരുവല്ല; അവര്‍ണ്ണരുടെ ഗുരുവല്ല, അവര്‍ണ്ണനീയമായ ഗുരുവാണ് ശ്രീനാരായണഗുരു.
ഗുരുവിന്റെ ‘ആത്മോപദേശ ശതകം’ എന്ന ദാര്‍ശനിക കൃതിയെ ഡോ.സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ചത് ‘മലയാളിയുടെ ഭഗവദ്ഗീത’ എന്നായിരുന്നു.
ഈ കൃതിയിലെ ചില വരികളും ‘ഹിഗ്‌ബോസോണ്‍’ എന്ന ‘ദൈവകണവും’ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു ശാസ്ത്രജ്ഞന്മാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. 100 വര്‍ഷം മുമ്പ് ഗുരുദേവന്‍ രചിച്ച ദാര്‍ശനിക കൃതികളില്‍ ആധുനിക ഭൗതികത്തിലെ ആപേക്ഷികതാസിദ്ധാന്തം, ക്വാണ്ടം സിദ്ധാന്തം എന്നിവ അന്തര്‍ലീനമായി കിടപ്പുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്.
ആത്മോപദേശകവും ദര്‍ശനമാലയും അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ പാഠ്യവിഷയമാണ്. പാരീസിലെ ലോക പ്രശസ്ത സെര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടര്‍ നടരാജഗുരു ട്രിപ്പിള്‍ ഓണേഴ്‌സ് ഡിലിറ്റ് ബിരുദം നേടിയത് ആത്മോപദേശ ശതകത്തിലെ ഏതാനും ശ്ലോകങ്ങളെ പറ്റിയുള്ള ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചിട്ടാണ്.
ശാസ്ത്രലോകം അന്വേഷിക്കുന്ന ‘ഒളിക്കപ്പെട്ട പ്രപഞ്ചം’ ദര്‍ശനമാലയില്‍ ഗുരു വിവരിക്കുന്നുണ്ട്.കപിലനെ പോലെയോ കണാദനെപോലെയൊ ബാദരായണനെപ്പോലെയോ തനിമയുള്ള ഒരു സ്വതന്ത്രദര്‍ശനം നല്‍കാനുള്ള ഉള്‍ക്കരുത്ത് നാരായണ ഗുരുവിനുള്ളതായി ഗുരു നിത്യചൈതന്യയതി രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഗുരു, അധഃകൃതരുടെ ഉന്നമനത്തിനായി ചെയ്ത കാര്യങ്ങള്‍ ഗാന്ധിജിയോളം പ്രാധാന്യമുള്ളതാണെന്ന് റൊമെയിന്‍ റോളണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്തെന്നറിഞ്ഞാല്‍ മറ്റൊന്നും അറിയേണ്ട എന്ന അറിവാണ് ഗുരു തന്റെ ദാര്‍ശനിക കൃതികളില്‍ ദൃശ്യമാക്കുന്നത്. ബ്രഹ്‌മത്തെക്കുറിച്ച് പറയേണ്ടിടത്ത് വേദഭാഷയിലും (സംസ്‌കൃതത്തിലും) ജാതിയെക്കുറിച്ച് പറയേണ്ടിടത്ത് പച്ചമലയാളത്തിലുമാണ് എഴുതിയിട്ടുള്ളത്.
ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മതങ്ങള്‍ തമ്മിലുള്ള സംവാദം എന്ന ആശയം ഉയര്‍ന്നത് ഗുരുദേവന്റെ അദ്വൈതാശ്രമത്തില്‍ നിന്നാണ്. ‘പല മത സാരവുമേകം’ എന്നതാണ് മതങ്ങളെക്കുറിച്ചുള്ള ഗുരുവിന്റെ കാഴ്ചപ്പാട്. വാദിക്കുവാനും ജയിക്കുവാനുമല്ല മതം.
കേരളം മാത്രമാണ് ഭാരതത്തില്‍ ഇന്നും അയിത്തം പരസ്യമായി ആചരിക്കപ്പെടാത്ത സംസ്ഥാനമെന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് നിയോഗിച്ച ഇളയപെരുമാള്‍ കമ്മറ്റി ചൂണ്ടിക്കാട്ടിയെങ്കില്‍ അതിന്റെ കാരണഭൂതരില്‍ അഗ്രിമസ്ഥാനത്ത് ഗുരുദേവന്‍ തന്നെയാണ്.
ഗാന്ധിജി നമുക്ക് നേടിത്തന്നത് രാഷ്ട്രീയ സ്വാതന്ത്ര്യമായിരുന്നെങ്കില്‍ ഗുരു മനുഷ്യന്റെ സര്‍വ്വതോന്മുഖമായ സ്വാതന്ത്ര്യമാണ് ലക്ഷ്യം വെച്ചത്. ഗുരുവിന്റെ കര്‍മ്മപഥത്തെ ചരിത്രകാരന്മാര്‍ ഒരു ത്രികോണത്തില്‍ ഒതുക്കുന്നു. 1) ദൈവത്തിന്റെ ഏകത, 2) മതത്തിന്റെ ഏകത, 3) ജാതിയുടെ ഏകത, ഈ ജ്യാമിതി നമുക്കു മനസ്സിലാക്കുവാന്‍ ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്നു ഗുരു വിശദീകരിക്കുകയായിരുന്നു.
പുഴയില്‍ നിന്നെടുത്ത ഒരു ശില പുഴക്കരയിലെ മറ്റൊരു ശിലയോടു ചേര്‍ത്തുവെച്ചു അദ്ദേഹം ആത്മ പ്രകാശധാരയില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തി. മന്വന്തരങ്ങള്‍ക്കുമപ്പുറമുള്ള ഒരു സംസ്‌കാരത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ ഗുരു ലഘൂകരിക്കുകയായിരുന്നു.
നൂറ്റാണ്ടിലേറെ കാലം കടന്നുപോയിട്ടും ഇന്നും ഗുരുവിനോടൊപ്പം ഉയരുവാന്‍ നമുക്കായില്ല. നാം അവരവരുടെ അറിവിന്റെയും താല്പര്യങ്ങളുടെയും തലത്തിലേക്കു ഇറക്കിക്കൊണ്ടുവന്ന് അവിടെ ഗുരുവിനെ പ്രതിഷ്ഠിക്കുന്നു. ആ ഉജ്ജ്വല പ്രകാശധാരയെ മണ്‍കുടത്തില്‍ അടച്ചുവെക്കുന്നു.
വൈലോപ്പിള്ളിയുടെ വരികള്‍ ചേര്‍ത്തു വായിക്കാം.
”മുച്ചൂടും മുന്നേറിയും നിന്നൊപ്പമെത്തീലല്ലോ
ആ ചൂണ്ടു വിരലോളം വളര്‍ന്നീലല്ലൊ നമ്മള്‍”
ഗുരു എന്നും നമുക്കു പ്രയോജന മൂല്യമായിത്തീരട്ടെ, ഒരിക്കലും വിപണന മൂല്യമായി മാറരുത്!