കണ്‍മിഴിച്ചിങ്ങു നാം വാഴുന്നകാലത്തു
കണ്‍മുന്നില്‍ കാണുന്നതെല്ലാം
സത്യമല്ലെന്നതറിയുവാന്‍ കണ്ണുകള്‍
തെല്ലൊന്നടച്ചു വയ്‌ക്കേണം
കാതുകള്‍ രണ്ടും തുറന്നിരുന്നീടവേ
കേട്ടു സുഖിച്ചവയെല്ലാം
അത്രമേല്‍ സൗഖ്യമരുളുന്നതല്ലെന്നു
കേട്ടിടാം കാലങ്ങള്‍പോകെ
തൊട്ടുതലോടിയ കൈകള്‍ ചിലതിലോ
കാരമുള്ളായിരുന്നെന്ന്
ഏറുന്ന നീറലായ് ഒട്ടുംനിനയ്ക്കാത്ത
നേരത്തു നാമറിഞ്ഞിടും
പൂവല്ലിപോലെ പുണര്‍ന്ന കരങ്ങളില്‍
ഏറെയും തുടലെന്നറിയാന്‍
വാരിയെല്ലൊന്നായൊടിഞ്ഞുനുറുങ്ങണം
വേറിടാനാവതിന്‍മുമ്പേ
മൂര്‍ദ്ധാവില്‍വച്ച കരങ്ങള്‍ പലതുമേ
തല്ലിയമര്‍ത്തും വളര്‍ച്ച !
തോളോടുചേര്‍ന്നു നടന്നവരാലെ നാം
തോറ്റുപോയീടും ചിലപ്പോള്‍
ബന്ധുരമെന്നോര്‍ത്തു പാലിച്ച ബന്ധങ്ങള്‍
ബന്ധനമായും ഭവിക്കും
പുഞ്ചിരിപ്പൂവുകളൊട്ടും നിനക്കാതെ
വഞ്ചനതന്‍ കനലാകും
കൂടെയുണ്ടെന്നു നടിച്ചുനടന്നവര്‍
കൂടെയില്ലെന്നൊരാ സത്യം
കൂറുമാറിച്ചേര്‍ന്നു കല്ലെറിയുമ്പൊഴേ
നോവാല്‍ തിരിച്ചറിഞ്ഞീടൂ
കാര്യസാദ്ധ്യത്തിനായോടിയണഞ്ഞവര്‍
കാര്യങ്ങള്‍ നേടിക്കഴിഞ്ഞാല്‍
കാശിനുകൊള്ളരുതാത്തവനെന്നൊരു
കള്ളപ്രമാണം ചമയ്ക്കും
നേരുംനെറിവുമില്ലാത്തൊരു കാലത്തു
നേര്‍വഴിപോകുവോന്‍ മൂഢന്‍.
ആരെച്ചതിച്ചും സ്തുതിച്ചും സകൗശലം
കാലംകഴിപ്പോന്‍ സമര്‍ത്ഥന്‍
കാലം കലികാല വൈഭവമീവിധം
കാണിച്ചു മുന്നേറിടുമ്പോള്‍
കണ്ടറിഞ്ഞീടാനരുതാത്ത ജന്മങ്ങള്‍
കൊണ്ടറിഞ്ഞീടേണമെല്ലാം!