”പെറ്റു വളര്‍ത്താന്‍ അമ്മമാരുവേണ്ടേ അപ്പൂ. എന്നാലല്ലേ ലോകം നിലനില്‍ക്കൂ.”
ശരിയാണ് മുത്തശ്ശി പറഞ്ഞ തെന്ന് എനിക്കും തോന്നി. മുത്തശ്ശിയുടെ അമ്മ മുത്തശ്ശിയെ പെറ്റു. മുത്തശ്ശി എന്റെ അമ്മയെ പെറ്റു. അമ്മ എന്നെ പെറ്റു.
മക്കളോട് അമ്മക്കുള്ള സ്‌നേഹം പോലെ വേറൊരാള്‍ക്കും ഉണ്ടാവില്ലെന്നാണ് മുത്തശ്ശി പറയുന്നത്. മനുഷ്യനായാലും മൃഗമായാലും പക്ഷികളായാലും. എന്തിനധികം, മൂര്‍ഖന്‍ പാമ്പായാലും.
‘ഏതമ്മക്കും അവനവന്റെ കുട്ടിക്കാണ് ഭംഗി കൂടുതല്‍. കൂടുതല്‍ ബുദ്ധിസാമര്‍ത്ഥ്യം. കരിക്കട്ട പോലെ കറുത്തിട്ടാണ് കാക്കക്കുട്ടി. എന്നാലോ, ‘കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്.’ പകരം അരയന്ന ത്തിന്റെ കുട്ടിയെ തരട്ടേ എന്നു ചോദിച്ചാല്‍ കാക്ക എന്തു പറയും അപ്പൂ, എനിക്കെന്റെ കുട്ടി മതി”
‘തള്ളോളം കൃപ മക്കള്‍ക്കു ണ്ടെങ്കില്‍ ആറ്റിലെ വെള്ളം മേല്‍പ്പോട്ട്.’
”എന്തെങ്കിലും ചെറിയ സഹായം ചെയ്തു കൊടുക്കാനല്ലേ ശാരദ അപ്പൂനെ വിളിക്ക്യാ. അപ്പൊ അപ്പു എന്താ ചെയ്യ്ാ? വിളിച്ചാ വിളികേള്‍ക്കില്ല്യ. നേരം വെളിച്ചായി ക്കഴിഞ്ഞാ അമ്മക്ക് എന്തെല്ലാം പണീണ്ട്? സമയാസമയത്തിന് ആഹാരണ്ടാക്കണം. വിളമ്പണം. പാത്രം കഴുകണം. തുണി അലക്കണം. അപ്പൂന് കണക്കു പറഞ്ഞു തരണം. അപ്പൂനെ സ്‌കൂളിലേക്കയക്കണം. ‘എന്റമ്മക്ക് നല്ല കഷ്ടാണ്; ഞാന്‍ സഹായിക്കട്ടെ’ എന്നു വിചാരിക്കില്ലല്ലോ അപ്പു?”
”അതു പിന്നെ മുത്തശ്ശീ”
”അതാ കാരണോമ്മാര് പറയണ്; അമ്മക്ക് മക്കളോട് അങ്ങട്ട് സ്‌നേഹ ണ്ടാവും. അത്രക്കങ്ങട് സ്‌നേഹം മക്കള്‍ക്ക് ഇങ്ങട് ഉണ്ടാവില്ല.”
”പൊഴേലെ വെള്ളം മേപ്പട്ട് ഒഴുകില്ല. ഉവ്വോ. കീഴ്പ്പട്ടല്ലെ ഒഴുകൂ?”
”അതെ മുത്തശ്ശീ.”
” ‘പത്തമ്മ ചമഞ്ഞാലും പെറ്റമ്മക്കൊക്കില്ലെ’ന്നാ പറയ്ാ”
‘പെറ്റോര്ക്ക് കുട്ടി; ഏറ്റ്യോര്ക്ക് തഴമ്പ്.’
”കൃഷ്ണനെ പെറ്റതാരാ? ദേവകി. ചോറും പാലും കൊടുത്തു വളര്‍ത്തിയത് യശോദ. എന്നിട്ടോ അപ്പൂ, എന്തേണ്ടായത്? വലുതായ പ്പോ കൃഷ്ണന്‍ പോയില്ലെ ദേവകീടെ അടുത്തേക്ക്.””